
ന്യൂഡൽഹി: ഒരേ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഭാര്യയും ഭർത്താവും തമ്മിലുള്ള ദാമ്പത്യതർക്കം ജോലിസ്ഥലത്തെ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോഷ് (POSH) നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനാകുമോ? ഈ നിയമവിഷയത്തിൽ വിശദമായ വാദം കേൾക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് തീരുമാനിച്ചു. ദാമ്പത്യതർക്കത്തിൽനിന്ന് ഉടലെടുത്ത നടപടികളെ, മറ്റൊരു ലക്ഷ്യത്തിനായി കൊണ്ടുവന്ന പോഷ് നിയമത്തിലെ വ്യവസ്ഥകൾ പ്രയോഗിക്കുന്നതിലേക്ക് വലിച്ചിഴയ്ക്കാനാകുമോ എന്ന കാര്യത്തിൽ വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് വ്യക്തമാക്കി.
2013-ലെ പോഷ് നിയമം ലക്ഷ്യമിടുന്നത് ജോലിസ്ഥലത്തെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പങ്കജ് ഭാട്ടിയ നിരീക്ഷിച്ചു. സഹപ്രവർത്തകയായ ഭാര്യ പോഷ് നിയമപ്രകാരം നൽകിയ പരാതിയെത്തുടർന്ന് തനിക്കെതിരെ പുറപ്പെടുവിച്ച വസ്തുതാന്വേഷണ റിപ്പോർട്ടും കുറ്റപത്രവും ചോദ്യംചെയ്ത് ഭർത്താവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു അലഹബാദ് ഹൈക്കോടതി. തുടർ ഉത്തരവുണ്ടാകുന്നതുവരെ ഹർജിക്കാരനെതിരായ അച്ചടക്കനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
2023 മാർച്ചിലായിരുന്നു ഇരുവരുടെയും വിവാഹം. ഒരേ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന ഇരുവരും വിവാഹത്തിനുശേഷം ഒരുമിച്ചാണ് താമസിച്ചിരുന്നത്. പിന്നീട് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ഹേംകുണ്ഡ് സാഹിബിലേക്കുള്ള യാത്രയ്ക്കു പിന്നാലെ ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു. 2024 ഒക്ടോബർ ഒമ്പതിന് ഓഫീസിൽ സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഭർത്താവ് തന്നെ അധിക്ഷേപിക്കുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്നാരോപിച്ചാണ് ഭാര്യ സ്ഥാപനത്തിലെ പോഷ് കമ്മിറ്റിയെ സമീപിച്ചത്. എന്നാൽ, പരാതിയിൽ ഇരുവരും വിവാഹിതരാണെന്ന വിവരം വ്യക്തമാക്കിയിരുന്നില്ല.
തുടർന്ന് ഡിസംബർ 28-ന് ജാതീയ അധിക്ഷേപം, സ്ത്രീധനം ആവശ്യപ്പെടൽ, ശാരീരിക അതിക്രമം, വാക്കാലുള്ള പീഡനം തുടങ്ങിയ ആരോപണങ്ങളുമായി ഭാര്യ പോലീസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ഈ പരാതിയിലാണ് ആരോപണവിധേയനായ വ്യക്തി തന്റെ ഭർത്താവാണെന്ന് വ്യക്തമാക്കിയത്. പരാതി പരിശോധിച്ച പോഷ് കമ്മിറ്റി, ഓഫീസിലെ സംഭവത്തിനുമുമ്പുതന്നെ ദമ്പതികൾക്കിടയിൽ ദാമ്പത്യപ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്ന് കണ്ടെത്തി. എന്നാൽ, വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ ജോലിസ്ഥലത്തെ അനാദരവിന് ന്യായീകരണമാകില്ലെന്നായിരുന്നു കമ്മിറ്റിയുടെ നിലപാട്. ഭർത്താവ് നടത്തിയതായി ആരോപിക്കപ്പെടുന്ന അപകീർത്തികരമായ പരാമർശങ്ങൾ പോഷ് നിയമത്തിന്റെ പരിധിയിൽ വരുമെന്നും കമ്മിറ്റി വിലയിരുത്തി.
വിവാഹബന്ധം ഒരു വർഷത്തിലേറെക്കാലം മാനേജ്മെന്റിൽനിന്ന് മറച്ചുവെച്ചെന്നാരോപിച്ച് ഇരുവർക്കുമെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും പോഷ് കമ്മിറ്റി ശുപാർശ ചെയ്തു. എന്നാൽ, ഇത് അടിസ്ഥാനപരമായി ദാമ്പത്യതർക്കമാണെന്നും വ്യക്തിപരമായ വിരോധം തീർക്കുന്നതിനായി അതിനെ ജോലിസ്ഥലത്തെ ലൈംഗികാതിക്രമ പരാതിയായി മാറ്റുകയായിരുന്നുവെന്നുമാണ് ഭർത്താവ് ഹൈക്കോടതിയിൽ വാദിച്ചത്. കേസിൽ വിശദമായ വാദം കേൾക്കാൻ അലഹബാദ് ഹൈക്കോടതി തീരുമാനിച്ചു.
Content Highlights: Allahabad High Court is examining if marital disputes between colleague couples fall under the POSH Act., A husband challenged the POSH committee's report and chargesheet filed by his wife, who is also his coworker., The court stayed disciplinary proceedings against the husband pending further orders., The core legal question involves determining whether personal marital issues can be legally converted into workplace sexual harassment complaints.
Published: 14 Aug 2026, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented