ഒരു ഫെഡറല്‍ പാര്‍ലമെന്ററി ജനാധിപത്യ രാജ്യമാണെങ്കിലും ഓസ്‌ട്രേലിയയുടെ രാഷ്ട്രത്തലവന്‍ ബ്രിട്ടീഷ് രാജാവാണ്. രാജഭരണത്തില്‍നിന്ന് പൂര്‍ണമായും ഓസ്‌ട്രേലിയയെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് ദീര്‍ഘകാലമായി പ്രതിഷേധങ്ങളുയുരുന്നുണ്ട്.
ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനം നടത്തികൊണ്ടിരക്കുന്ന ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും രാജ്ഞി കാമിലയ്ക്കും ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ നിന്ന് അപ്രതീക്ഷിത പ്രതിഷേധമാണ് തിങ്കളാഴ്ച നേരിടേണ്ടി വന്നത്.
ഓസ്ട്രേലിയയിലെ പാര്‍ലമെന്റ് ഹൗസില്‍ ചാള്‍സ് ചരിത്രപരമായ ഒരു പ്രസംഗം നടത്തിവരുന്നതിനിടെയാണ് സെനറ്റര്‍ ലിഡിയ തോര്‍പ്പിന്റെ അപ്രതീക്ഷിത പ്രതിഷേധമുണ്ടായത്. ഇത് നിങ്ങളുടെ ഭൂമിയല്ലെന്നും നിങ്ങള്‍ എന്റെ രാജാവല്ലെന്നും ലിഡിയ ചാള്‍സിന്റെ മുഖത്തുനോക്കി പറഞ്ഞു.
'നിങ്ങള്‍ ഞങ്ങളുടെ ജനതയെ വംശഹത്യ നടത്തി, ഞങ്ങളില്‍ നിന്ന് മോഷ്ടിച്ചത് ഞങ്ങള്‍ക്ക് തരൂ, - ഞങ്ങളുടെ അസ്ഥികള്‍, ഞങ്ങളുടെ തലയോട്ടികള്‍, ഞങ്ങളുടെ കുഞ്ഞുങ്ങള്‍, ഞങ്ങളുടെ ആളുകള്‍. നിങ്ങള്‍ ഞങ്ങളുടെ ഭൂമി നശിപ്പിച്ചു, ഞങ്ങള്‍ക്ക് ഒരു ഉടമ്പടി തരൂ, ഞങ്ങള്‍ക്ക് ഒരു ഉടമ്പടി വേണം' ചാള്‍സിന് നേരെ ആക്രോശിച്ചുകൊണ്ട് തോര്‍പ്പ് പറയുകയുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നീട് ലിഡിയ തോര്‍പ്പിനെ
തടഞ്ഞു.
വിക്ടോറിയയില്‍ നിന്നുള്ള ഒരു സെനറ്ററാണ് തോര്‍പ്പ്, സ്വയംഭരണാവകാശം അംഗീകരിക്കുന്നതിനും ചരിത്രപരമായ തെറ്റുകള്‍ ശരിയാക്കുന്നതിനുമായി ഒരു ഉടമ്പടിക്ക് ദീര്‍ഘകാലമായി അവര്‍ വാദിക്കുന്നുണ്ട്.
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലുണ്ടായ സംഭവത്തിന് ശേഷം തോര്‍പ്പ് ഇത് സംബന്ധിച്ച് വിശദീകരിക്കുകയുണ്ടായി.
'ഞങ്ങളുടെ അസ്ഥികളും തലയോട്ടികളും ഇപ്പോഴും അവന്റെ കൈവശമുണ്ട്. അല്ലെങ്കില്‍ അവന്റെ കുടുംബത്തിന്റെ കൈവശമുണ്ട്. ഞങ്ങള്‍ക്ക് അത് തിരികെ വേണം'.
ആദിവാസി കുടുംബത്തിലാണ് തോര്‍പ്പ് ജനിച്ചത്. 51 കാരിയായ തോര്‍പ്പ്, മുമ്പ് വിക്ടോറിയയിലെ നൈഡോക് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്, ഇത് തദ്ദേശീയ ഓസ്ട്രേലിയക്കാരുടെ ചരിത്രവും സംസ്‌കാരവും തിരിച്ചറിയുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ആദിവാസികളും ആദിവാസികളല്ലാത്ത ഓസ്ട്രേലിയക്കാരും തമ്മിലുള്ള ഉടമ്പടി പ്രക്രിയ സംബന്ധിച്ച നിയമപോരാട്ടങ്ങളിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരിസ്ഥിതി പ്രശ്നങ്ങളും ഭൂമിയുടെ അവകാശങ്ങളും കുട്ടികളുടെ ചികിത്സയും പാര്‍പ്പിടവും ഉള്‍പ്പെടെയുള്ള തദ്ദേശീയ ഓസ്ട്രേലിയക്കാരെ ബാധിക്കുന്ന വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് പാര്‍ലമെന്റിനകത്തും പുറത്തും തോര്‍പ്പിന്റെ ആക്ടിവിസവും പ്രതിഷേധവും നേരത്തെയും ശ്രദ്ധനേടിയിരുന്നു.
2017ല്‍ പ്രോഗ്രസീവ് ഗ്രീന്‍സ് പാര്‍ട്ടിയുടെ അംഗമായി വിക്ടോറിയയില്‍നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, ആ ചേംബറിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആദ്യത്തെ സ്വദേശി വനിതയായി. 2018 ലെ തിരഞ്ഞെടുപ്പില്‍ തോര്‍പ്പിന് വിക്ടോറിയന്‍ സീറ്റ് നഷ്ടപ്പെട്ടു, പക്ഷേ 2020 ല്‍ ഫെഡറല്‍ പാര്‍ലമെന്റില്‍ ഗ്രീന്‍സ് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. പരമ്പരാഗത തോല്‍ വസ്ത്രമടക്കം ധരിച്ചാണ് അവര്‍ സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.
2022ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, സത്യപ്രതിജ്ഞാ ചടങ്ങില്‍ അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന എലിസബത്ത് രാജ്ഞിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയിരുന്നു. തുടര്‍ന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ നിര്‍ബന്ധിതയായി.
Content Highlights: who is the MP who accused King Charles of genocide in fiery confrontation in Australian parliament
Published: 21 Oct 2024, 08:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented