ബെംഗളൂരു: ദീർഘകാലമായി നിലനിന്നിരുന്ന കുടുംബവഴക്ക്, നിരന്തരം നേരിട്ടിരുന്ന അവഹേളനം, എല്ലാത്തിനും ഭാര്യയെ പിന്തുണച്ച അവളുടെ വീട്ടുകാരോടുള്ള അമർഷം... എല്ലാം അവസാനിപ്പിക്കാൻ ഇന്ദുശേഖർ കണ്ടെത്തിയ മാർഗം അവരെയെല്ലാം കൊന്നുകളയുക എന്നതായിരുന്നു. ബെംഗളൂരുവിലെ ശ്രീരാംപുരയിൽ, യുവാവ് ഒരു കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് ഗ്രാമവാസികൾ കേട്ടത്. ഭാര്യ, ഭാര്യയുടെ മാതാവ്, ഭാര്യയുടെ രണ്ട് സഹോദരങ്ങൾ, അവരുടെ ഭാര്യമാർ, സഹോദരങ്ങളിൽ ഒരാളുടെ കുട്ടി - ഇത്രയും പേരെയാണ് ഇന്ദുശേഖർ കൊലപ്പെടുത്തിയത്.
ഇന്ദുശേഖറും സുനിതയും വിവാഹിതരായിട്ട് 20 വർഷത്തോളമായി. ഈ കാലയളവിലെല്ലാം സുനിത സ്വന്തം വീട്ടിലേക്ക് പോകുന്നതിനെച്ചൊല്ലി ഇരിവരും പതിവായി വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ബന്ധുക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനായില്ല. ഇങ്ങനെ, ദീർഘകാലമായുള്ള കുടുംബപ്രശ്‌നങ്ങളും ഭാര്യവീട്ടുകാരോടുള്ള ഇന്ദുശേഖറിന്റെ അമർഷവുമാണ് ഭാര്യയുടെ ബന്ധുക്കളെ ലക്ഷ്യമിടാൻ അയാളെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇന്ദുശേഖറിന്റെ ഭാര്യ സുനിത, സുനിതയുടെ മാതാവ് രൂപവതി, സുനിതയുടെ മൂത്ത സഹോദരൻ ശിവകുമാർ, അയാളുടെ ഭാര്യ ദിവ്യ, സുനിതയുടെ ഇളയ സഹോദരൻ ശങ്കർ, അയാളുടെ ഭാര്യ ദിവ്യ (രണ്ടുപേരുടെയും പേര് - ദിവ്യ -എന്നാണ്), ശങ്കറിന്റെ ഏഴുവയസ്സുള്ള മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ പുനീതിന്റെ മൃതദേഹം മാത്രമാണ് പോലീസിന് കണ്ടെടുക്കാൻ സാധിച്ചിട്ടുള്ളത്.
ബാക്കി ആറ് മൃതദേഹങ്ങൾ ബെംഗളൂരുവിന്റെയും സമീപ ജില്ലയായ ചിക്കബെല്ലാപുരിന്റെയും വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചതായാണ് സംശയിക്കുന്നത്. ഭാര്യ സുനിത അടിക്കടി സ്വന്തം വീട്ടിലേക്ക് പോകുന്നതും അവർ ചെയ്തിരുന്ന എല്ലാ കാര്യങ്ങൾക്കും അമ്മയും സഹോദരന്മാരും പിന്തുണ നൽകുന്നതുമാണ് പ്രതിയായ ഇന്ദുശേഖറിനെ പ്രകോപിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ഭാര്യവീട്ടുകാരിൽ നിന്ന് തനിക്ക് കടുത്ത അപമാനം നേരിടേണ്ടി വന്നതായി പ്രതി അവകാശപ്പെട്ടതായി കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ വെള്ളിയാഴ്ച പറഞ്ഞു. കൊലപാതകങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
'ഇത് വളരെ നിർഭാഗ്യകരമായ സംഭവമാണ്, കൊലപാതകം കുടുംബത്തിനുള്ളിൽ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് തോന്നുന്നു. ഭാര്യവീട്ടുകാർ തന്നോട് അപമാനകരമായി പെരുമാറിയെന്നാണ് പ്രതി അവകാശപ്പെടുന്നത്.' ഖാർഗെയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഓരോരുത്തരെയായി കൊലക്കളത്തിലേക്ക് വിളിച്ചുവരുത്തി
രാജാജിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീരാംപുര ബാഷ്യം സർക്കിളിന് സമീപമുള്ള 59-ാം ക്രോസിലെ ഇന്ദുശേഖറിന്റെ വീട്ടിലാണ് കൊലപാതകങ്ങൾ നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഇന്ദുശേഖർ ആദ്യം കൊലപ്പെടുത്തിയത് ഭാര്യ സുനിതയെയാണ്. ആട്ടുകല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം തുണിയിൽ പൊതിഞ്ഞ് ചിക്കബെല്ലാപുർ ജില്ലയിലെ നന്ദി ഹിൽസിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
സംശയം ഒഴിവാക്കാനായി ഇയാൾ സുനിതയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും, അവർ ഒരു യാത്ര പോയിരിക്കുകയാണെന്ന് അയൽക്കാരോട് പറയുകയും ചെയ്തു. തൊട്ടടുത്ത ദിവസം, ഇന്ദുശേഖർ തന്റെ അളിയന്മാരായ ശിവകുമാറിനെയും ശങ്കറിനെയും ഒരു പാർട്ടിക്ക് എന്ന വ്യാജേന വീട്ടിലേക്ക് ക്ഷണിച്ചു. ഇതേ ആട്ടുകല്ല് ഉപയോഗിച്ച് ഇരുവരെയും കൊലപ്പെടുത്തി.
ശേഷം, ഇവരുടെ ഭാര്യമാരെയും, അമ്മായിയമ്മ രൂപവതിയേയും, ശങ്കറിന്റെ ഏഴുവയസ്സുള്ള മകൻ പുനീതിനെയും ഇത്തരത്തിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. കുടുംബാംഗങ്ങളെ കാണാനില്ല എന്ന ഇവരുടെ ഒരു ബന്ധുവിന്റെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്. കൊലപാതകങ്ങൾക്ക് ശേഷം രക്തക്കറ മാറ്റാനും വീട് വൃത്തിയാക്കാനും ഇന്ദുശേഖർ രാസവസ്തുക്കൾ ഉപയോഗിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ആട്ടുകല്ലും മൃതദേഹങ്ങൾ കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ചിക്കബെല്ലാപുരിലെ നന്ദി ഹിൽസ്, തീരദേശ കർണാടകയിലെ ചാർമാഡി ഘാട്ട് തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് മൃതദേഹങ്ങൾ ഉപേക്ഷിച്ചിരിക്കാൻ സാധ്യത എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ബാക്കി ആറ് മൃതദേഹങ്ങൾകൂടി കണ്ടെത്താനുള്ള തിരച്ചിൽ നടന്നുവരികയാണ്.
പ്രായപൂർത്തിയാകാത്ത മകൾ സഹായിച്ചോ?
കൊലപാതകങ്ങൾ നടത്തുന്നതിലും മൃതദേഹങ്ങൾ ഉപേക്ഷിക്കുന്നതിലും ഇന്ദുശേഖറിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ പങ്കുണ്ടോ എന്ന സംശയത്തിൽ ഇയാളുടെ പ്രായപൂർത്തിയാകാത്ത മകളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതി ഒറ്റയ്ക്കാണോ കൃത്യം ചെയ്തതെന്ന് അന്വേഷണസംഘം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഒരു ജനവാസ മേഖലയിലെ വീട്ടിനുള്ളിൽവെച്ച് ഇത്രയും കൊലപാതകങ്ങൾ നടന്നിട്ടും അത് എങ്ങനെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോയി എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. കൃത്യമായ സംഭവവികാസങ്ങൾ കണ്ടെത്താനും പ്രതിയുടെ മൊഴി സ്ഥിരീകരിക്കാനുമായി കൂടുതൽ ചോദ്യംചെയ്യൽ വേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: Indushekhar, driven by long-standing family disputes and resentment towards his wife's family, allegedly murdered seven members of his wife's family in Bengaluru, including his wife, her mother, two brothers, their wives, and a child. The murders were reportedly premeditated, with Indushekhar luring family members to his home under false pretenses and using a grinding stone as the murder weapon; he then disposed of the bodies in various locations. Police are investigating whether Indushekhar acted alone or had assistance, including questioning his underage daughter, and are also probing how such a crime went unnoticed in a residential area.
Published: 06 Nov 2026, 09:49 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented