ചെന്നൈ: പിന്നാക്കവിഭാഗത്തിലുള്ളവർ ഹിന്ദുമതത്തിൽനിന്ന് മാറിയാലും സംവരണാനുകൂല്യം ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനു നിയമനിർമാണം നടത്തുമെന്ന് തമിഴ്‌നാട് നിയമ മന്ത്രി സി.ടി.ആർ. നിർമൽ കുമാർ. സംവരണാനുകൂല്യം നിലനിർത്തിക്കൊണ്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് സർക്കാർ നിയമ ഭേദഗതിക്കൊരുങ്ങുന്നത്.

To advertise here,

ഹിന്ദുമതത്തിലെ പിന്നാക്കവിഭാഗത്തിൽപ്പെട്ടയാൾ പിന്നീട് മതപരിവർത്തനംനടത്തി ഇസ്ലാംമതം സ്വീകരിച്ചാലും സംവരണാനുകൂല്യങ്ങൾ തുടർന്നും ലഭിക്കുമെന്നുകാണിച്ച് തമിഴ്‌നാട് സർക്കാർ 2024-ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ച് ഈ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

ഇതിനെ ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി കഴിഞ്ഞയാഴ്ച തള്ളി. ഈ പശ്ചാത്തലത്തിലാണ് സർക്കാർ നിയമനിർമാണം പരിഗണിക്കുന്നത്.

പിന്നാക്ക, അതിപിന്നാക്ക വിഭാഗങ്ങളിലും പട്ടിക വിഭാഗങ്ങളിലുംപെടുന്നവർ ഇസ്ലാംമതം സ്വീകരിച്ചാൽ അവരെ മുസ്ലിങ്ങളിലെ പിന്നാക്കവിഭാഗമായി പരിഗണിക്കണമെന്നു കാണിച്ചാണ് 2024-ൽ തമിഴ്‌നാട് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്.

ഹിന്ദുമതത്തിലെ ജാതിപദവി മറ്റൊരു മതം സ്വീകരിക്കുമ്പോൾ അതിലേക്കു മാറ്റാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

മതംമാറിയതിന്റെ പേരിൽ സംവരണാനുകൂല്യങ്ങൾ നഷ്ടമാവില്ലെന്ന് ഉറപ്പുവരുത്തുന്നതിന് നിയമനിർമാണം നടത്തണമെന്ന് ഡി.എം.കെ.യും ഇടതുകക്ഷികളും ടി.വി.കെ. സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.