അധികാര കവചത്തിനുള്ളിൽ ഒളിച്ചിരുന്നാലും കൊടിയ കുറ്റകൃത്യങ്ങൾക്കു കണക്കുപറയേണ്ടിവരുമെന്ന തത്ത്വത്തിന്റെ കാവലാളായിരിക്കുന്നു ഇന്ത്യൻ വേരുകളുള്ള ദക്ഷിണാഫ്രിക്കൻ നിയമജ്ഞ നവി പിള്ള. യുദ്ധങ്ങളും സായുധസംഘർഷങ്ങളും പെരുകുകയും അന്താരാഷ്ട്ര നിയമവ്യവസ്ഥ രാഷ്ട്രീയസമ്മർദം നേരിടുകയും ചെയ്യുന്ന കാലത്ത്, നീതിയിലൂടെ സമാധാനം സ്ഥാപിക്കാനുള്ള പോരാട്ടത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതാണ് അവരുടെ സമാധാന നൊബേൽ നേട്ടം.

To advertise here,

യുദ്ധക്കുറ്റവാളികൾ നിയമത്തിനുമുന്നിൽ ഉത്തരവാദികളാകുകയും മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകൾക്ക് നീതി ലഭിക്കുകയും ചെയ്യുന്ന അന്താരാഷ്ട്രനിയമ വ്യവസ്ഥ സമാധാനപൂർണമായ ലോകത്തിന് അനിവാര്യമാണെന്ന് വിലയിരുത്തിക്കൊണ്ടായിരുന്നു നൊബേൽ കമ്മിറ്റിയുടെ പുരസ്കാര പ്രഖ്യാപനം.

നാസി വിചാരണയുടെ ലിഖിതസാക്ഷ്യം

ഒരു വിദ്യാർഥിനിയുടെ കൈകളിലെത്തിയ നാസി നേതാക്കൾക്കെതിരേ നടന്ന ന്യൂറംബർഗ് വിചാരണകളുടെ പഴയകോടതിരേഖകൾ. മനുഷ്യചരിത്രത്തിലെ ഏറ്റവും ഭീകരമായ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവരെ ലോകം ഒരുമിച്ചുനിന്ന് വിചാരണ ചെയ്തതിന്റെ ലിഖിതസാക്ഷ്യങ്ങൾ. ആ താളുകളിലൂടെ കണ്ണോടിച്ച നിയമവിദ്യാർഥിനിയുടെ മനസ്സിലുണർന്ന നീതിബോധം പിന്നീട് വംശഹത്യയുടെയും യുദ്ധക്കുറ്റങ്ങളുടെയും മനുഷ്യരാശിക്കെതിരായ അതിക്രമങ്ങളുടെയും വിചാരണകളിൽ നിർണായക പങ്കുവഹിച്ച നവി പിള്ളയെന്ന അന്താരാഷ്ട്ര നിയമജ്ഞയുടെ ജീവിതദർശനമായി മാറി: അധികാരത്തിന്റെ എത്ര ഉന്നതപീഠത്തിലിരുന്നാലും കൊടിയ കുറ്റകൃത്യങ്ങൾക്കു കണക്കുപറയേണ്ടിവരും.

ദാരിദ്ര്യത്തിന്റെ പടവുകൾ താണ്ടി

1941-ൽ ദക്ഷിണാഫ്രിക്കയിലെ ഡർബനിലുള്ള നാറ്റൽ പ്രവിശ്യയിലെ ദരിദ്ര കുടുംബത്തിൽ ജനനം. ബസ്ഡ്രൈവർ നരൈൻസാമി നായിഡുവിന്റെയും വീട്ടമ്മ ശാന്തമ്മ നായിഡുവിന്റെയും എട്ടു മക്കളിൽ അഞ്ചാമത്തെയാൾ. 1890-കളിൽ ദക്ഷിണാഫ്രിക്കയിലെ കരിന്പിൻതോട്ടങ്ങളിൽ കരാർത്തൊഴിലാളികളായെത്തിയ തമിഴ് വംശജരായിരുന്നു നവിയുടെ മുത്തച്ഛനും മുത്തശ്ശിയും.

വർണവിവേചനം ആഫ്രിക്കക്കാരുടെ ജീവിതസാധ്യതകളെ വംശത്തിന്റെ അതിർവരമ്പുകൾക്കുള്ളിൽ തളച്ചിട്ടിരുന്ന കാലമായിരുന്നു അത്. അക്കാലത്ത് പെൺകുട്ടികൾ പ്രാഥമിക വിദ്യാഭ്യാസകാലത്തുതന്നെ വിവാഹിതരാകാറുണ്ട്. സാമ്പത്തിക പരാധീനതകൾക്കിടയിലും പെൺമക്കൾക്കും ആൺമക്കൾക്കു തുല്യമായ വിദ്യാഭ്യാസം നൽകണമെന്ന കാര്യത്തിൽ നവിയുടെ അച്ഛനമ്മമാർ വിട്ടുവീഴ്ച ചെയ്തില്ല. നവി പിള്ളയെയും അവരുടെ രണ്ടു സഹോദരിമാരെയും സഹോദരന്മാർക്കൊപ്പം സ്കൂളിലയച്ചു.

1963-ൽ നാറ്റൽ സർവകലാശാലയിൽനിന്ന് ആർട്സ് ബിരുദവും 1965-ൽ നിയമബിരുദവും നേടിയ നവി ഉപരിപഠനത്തിന് അമേരിക്കയിലെ ഹാർവാഡിൽ ചേർന്നു. 1988-ൽ നിയമത്തിൽ ഡോക്ടറൽ ബിരുദവും നേടി.

നിയമവ്യവസ്ഥയോടു നേർക്കുനേർ

1967-ൽ നാറ്റൽ പ്രവിശ്യയിൽ സ്വന്തമായി നിയമസ്ഥാപനം ആരംഭിച്ച ആദ്യ വനിതയായി ചരിത്രം കുറിച്ചു.

ദക്ഷിണാഫ്രിക്കയിലെ വർണവിവേചനഭരണകൂടം രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുകയും തടവുകാരെ കൊടിയപീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തിരുന്ന കാലത്ത്, ഭരണകൂട നടപടികൾക്കെതിരേ കോടതിയിൽ ശബ്ദമുയർത്തുന്നത് സാഹസികമായ ഇടപെടലായിരുന്നു. നെൽസൺ മണ്ടേലയുൾപ്പെടെയുള്ള രാഷ്ട്രീയത്തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും പീഡനങ്ങൾക്കും ഏകാന്തതടവിനുമെതിരേ നിയമപരമായ വെല്ലുവിളികൾ ഉയർത്താനും തടവുകാർക്ക് അഭിഭാഷകസഹായം ലഭ്യമാക്കാനുമായി അവർ പ്രവർത്തിച്ചു.

വക്കീൽ കുപ്പായമിട്ട ആദ്യകാലത്ത് ജഡ്ജിമാരുടെ ചേംബറുകളിൽ പ്രവേശിക്കാൻപോലും നവിപിള്ളയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. വർണവിവേചനഭരണകൂടത്തിന് അന്ത്യമായശേഷം 1995-ൽ ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിൽ ആക്ടിങ് ജഡ്ജിയായി അവർ ആ കണക്കുതീർത്തു. ആ പദവിയിലെത്തിയ ആദ്യ കറുത്തവർഗക്കാരിയുമായിരുന്നു.

നിയമചരിത്രത്തെ മാറ്റിമറിച്ച ഇടപെടൽ

എട്ടുലക്ഷംപേർ കൊല്ലപ്പെട്ട 1994-ലെ റുവാൺഡ വംശഹത്യയ്ക്ക് ഉത്തരവാദികളായവരെ വിചാരണ ചെയ്യാൻ ഐക്യരാഷ്ട്രസഭ സ്ഥാപിച്ച അന്താരാഷ്ട്ര ക്രിമിനൽ ട്രിബ്യൂണലിൽ 1995-ൽ നവിപിള്ള ജഡ്ജിയായി.

1999 മുതൽ 2003 വരെ ട്രിബ്യൂണലിന്റെ പ്രസിഡന്റായി. അവരുടെ നിയമജീവിതത്തെ അന്താരാഷ്ട്രതലത്തിൽ അടയാളപ്പെടുത്തിയ കേസുകളിലൊന്നാണ് റുവാൺഡയിലെ താബ കമ്യൂണിന്റെ മുൻ മേയറായിരുന്ന ജീൻ പോൾ അകായേസുവിനെതിരായ വിചാരണ. 1998-ൽ പുറപ്പെടുവിച്ച വിധിയിൽ അകായേസുവിനെ വംശഹത്യ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളിൽ കുറ്റക്കാരനായി കണ്ടെത്തി.

ഒരു ജനവിഭാഗത്തെ നശിപ്പിക്കാനുള്ള പ്രത്യേക ഉദ്ദേശ്യത്തോടെ നടത്തുന്ന ബലാത്സംഗവും ലൈംഗികാതിക്രമവും വംശഹത്യയുടെ ഭാഗമായി കണക്കാക്കാമെന്ന കോടതിവിധി അന്താരാഷ്ട്രതലത്തിൽ ഇതുസംബന്ധിച്ച നിയമവ്യാഖ്യാനങ്ങൾ രൂപപ്പെടാൻ സഹായിച്ചു. വിധിയിൽ ഒപ്പുവെച്ച മൂന്നു ജഡ്ജിമാരിൽ ഒരാളായിരുന്നു പിള്ള.

അന്താരാഷ്ട്ര നീതിന്യായരംഗത്ത്

2003-ൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ജഡ്ജിയായി. 2008 വരെ ആ പദവിയിൽ. 2008 മുതൽ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണറായി പ്രവർത്തിച്ചു. സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ‘ഇക്വാലിറ്റി നൗ’ സംഘടനയുടെ സഹസ്ഥാപകരിലൊരാൾ കൂടിയാണ്.

റോഹിംഗ്യൻ വിഭാഗത്തിനെതിരായ വംശഹത്യാ ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസിൽ ജഡ്ജിയായി. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയെന്ന് കണ്ടെത്തിയ അധിനിവേശ പലസ്തീൻ, ഇസ്രയേൽ വിഷയവുമായി ബന്ധപ്പെട്ട യു.എൻ. സ്വതന്ത്ര അന്വേഷണക്കമ്മിഷന്റെ അധ്യക്ഷയായിരുന്നു.