തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ജുവനൈൽ കുറ്റകൃത്യങ്ങൾ ഞെട്ടിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെ വേണമെങ്കിലും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുന്നുണ്ടെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ആദ്ദേഹം പറഞ്ഞു. ജുവനൈൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും മദ്യപിച്ച് വാഹനമോടിക്കുന്ന പ്രവണതയ്ക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി
2000-ലാണ് ജുവനൈൽ ആക്ട് പാസാക്കിയത്. അതിനുശേഷം അതിൽ ധാരാളം ഭേദഗതികൾ വന്നിട്ടുണ്ട്. ഇന്ന് ഈ ആക്ടിന്റെ മറവിൽ, 18 വയസിൽ താഴെയുള്ള കുട്ടികൾ നിയമത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു എന്ന പരാതി ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘2016-ൽ ജുവനൈൽ ആക്ടുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ റൂൾ പ്രകാരം, ക്രൂരമായ കൊലപാതകം നടത്തുന്നതിന് ഏഴുവർഷത്തെ കഠിനതടവാണ് ലഭിക്കുക. മനപൂർവമല്ലാത്ത നരഹത്യയാണെങ്കിൽ അത് അഞ്ച് വർഷമായി മാറും. ഏഴുവർഷം തടവ് ലഭിക്കാവുന്ന കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കില്ല.’
‘ചേരാനല്ലൂർ കേസിൽ, മനപൂർവമല്ലാത്ത നരഹത്യ എന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. എന്നാൽ തിരുവനന്തപുരത്ത് നടന്ന കൊലപാതകം ഞെട്ടിപ്പിക്കുന്നതാണ്. 17-ഉം 18-ഉം വയസുള്ളവരാണ് മറ്റൊരു 17 വയസുകാരനെ കൊന്നിരിക്കുന്നത്. ജുവനൈൽ ആയതുകൊണ്ട് നമുക്ക് രക്ഷപ്പെടാൻ കഴിയും എന്നാണ് അവർ പറയുന്നത്.’
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ വരുന്നു. അത് ഗൗരവമായി കണക്കാക്കേണ്ട കാര്യമാണ്. 18 തികയാത്തവർ കൊലപാതകം ചെയ്യുന്നു, മദ്യപിച്ച് വണ്ടിയോടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നു, അങ്ങനെയും ആളുകൾ മരിക്കുന്നു.’
‘ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ, ജുവനൈൽ ആക്ടിൽ ഭേദഗതികൾ കൊണ്ടുവരണമെന്നാണ് സമൂഹം ആവശ്യപ്പെടുന്നത്. ഇത് കേന്ദ്ര നിയമമായതിനാൽ സംസ്ഥാന സർക്കാരിന് പരിമിതികളുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ച് ആവശ്യമായ മാറ്റങ്ങൾക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കും.’
‘ചേരാനല്ലൂർ, തിരുവനന്തപുരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ജുവനൈൽ ആക്ടിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടാൻ പാടില്ലെന്ന അഭിപ്രായമാണുള്ളത്. സർക്കാർ നിയമവിദഗ്ധരും മറ്റ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് അധികം വൈകാതെ ഈ വിഷയത്തിൽ വേണ്ട നടപടികൾ എടുക്കും.’ മന്ത്രി പറഞ്ഞു.
മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും
കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളെ സ്വാഗതം ചെയ്യുന്നതായും ആഭ്യന്തരമന്ത്രി അറിയിച്ചു. 'ലഹരി ഉപയോഗിച്ച് വണ്ടിയോടിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. നാല് ദിവസത്തെ പരിശോധനയിൽ 15,000-ത്തോളം ഡ്രങ്ക് ആൻഡ് ഡ്രൈവിങ് കേസുകളാണ് രജിസ്റ്റർ ചെയ്തത്.'
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാൻ മോട്ടോർ വാഹന വകുപ്പുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം
പി.ഡബ്ല്യു.ഡി. സെക്രട്ടറിയായിരുന്ന കാലത്ത് എം.സി. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മലേഷ്യൻ കമ്പനിയായ പതിബലും കേരളത്തിലെ ഒരു കമ്പനിയും ചേർന്നുള്ള കൺസോർഷ്യം നടത്തിയ ക്രമക്കേടുകളെക്കുറിച്ചാണ് പരാതി ലഭിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
‘സാജൻ എന്ന വ്യക്തി ഇതുമായി ബന്ധപ്പെട്ട് വിശദമായ പരാതി നൽകിയിട്ടുണ്ട്. ബില്ലുകൾ തടഞ്ഞുവെച്ചതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ വന്നതോടെ മലേഷ്യൻ പ്രൊജക്റ്റ് എൻജിനീയർ ലീ ആത്മഹത്യ ചെയ്തുവെന്നും ഈ സംഭവത്തിലടക്കം അന്വേഷണം വേണമെന്നുമാണ് സാജന്റെ പരാതിയിൽ പറയുന്നത്.’
‘ഈ പരാതി വിജിലൻസിന് കൈമാറിയതായി ആഭ്യന്തരമന്ത്രി പറഞ്ഞു. പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ട് സെക്ഷൻ 17എ പ്രകാരമുള്ള അന്വേഷണാനുമതി സർക്കാരും മുഖ്യമന്ത്രിയും ചേർന്ന് നൽകി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (SIU-1) ഡിവൈ.എസ്.പി. ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.’
അതേസമയം, മുട്ടിൽ മരംമുറി കേസിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഷിബു നൽകിയ കത്ത് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി സ്ഥിരീകരിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ സോഷ്യൽ മീഡിയ പോസ്റ്റിൽ കെ.പി.സി.സി. പ്രസിഡന്റ് നിരുപാധികം മാപ്പ് അപേക്ഷിച്ചിട്ടുണ്ടെന്നും കോടതിയെ അപമാനിക്കുന്ന നിലപാട് പാർട്ടിക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: The rise in juvenile crimes in Kerala is alarming, with concerns that the Juvenile Justice Act allows minors to commit serious offenses without adequate consequences; amendments to the Act are being considered to address this issue. Strict measures, including license cancellation, are being discussed to combat drunk driving, following a significant number of cases registered in a recent crackdown. A vigilance investigation has been initiated against Gyanesh Kumar regarding alleged irregularities in a road construction project, with the government granting permission for the inquiry under the Prevention of Corruption Act.
Published: 06 Nov 2026, 08:51 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented