ന്യൂഡൽഹി: 1998 മെയ് മാസത്തിൽ മുൻരാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ അമേരിക്കൻ ചാര ഉപഗ്രഹങ്ങളുടെ കണ്ണുവെട്ടിച്ച് ഇന്ത്യ പൊഖ്‌റാനിൽ ആണവ പരീക്ഷണം നടത്തിയത് ചരിത്രമാണ്. ഉപഗ്രഹങ്ങൾ തങ്ങളുടെ പ്രദേശത്തിന് മുകളിലൂടെ കടന്നുപോകുന്ന നിശ്ചിത സമയങ്ങൾ കണക്കാക്കിയായിരുന്നു അന്നത്തെ നീക്കങ്ങൾ. കൃത്യമായി അതേ തന്ത്രം തന്നെയാണ് ഇപ്പോൾ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ കൃഷിഭൂമിയിലെ വൈക്കോൽ കത്തിക്കാൻ ഉപയോഗിക്കുന്നത്. ഉപഗ്രഹനിരീക്ഷണങ്ങളുടെ കണ്ണുവെട്ടിച്ചാണ് കർഷകർ വൈക്കോൽ ക്തതിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിൽ കൃഷിഭൂമികളിലെ തീപ്പിടിത്തം നിരീക്ഷിക്കാൻ പ്രധാനമായും നാല് പോളാർ ഉപഗ്രഹങ്ങളെയാണ് നിലവിൽ ആശ്രയിക്കുന്നത്. നാസയുടെ ടെറ, അക്വ ഉപഗ്രഹങ്ങളിലെ സെൻസറുകളും സുവോമി നോവ ഉപഗ്രഹങ്ങളിലെ സെൻസറുകളുമാണ് ഈ പണി ചെയ്യുന്നത്. ഈ ഉപഗ്രഹങ്ങൾ പകൽ സമയങ്ങളിലും ഉച്ചയോടടുത്തും മാത്രമാണ് ഒരു പ്രദേശത്തിന് മുകളിലൂടെ കടന്നുപോകുന്നത്. സാറ്റലൈറ്റുകൾ കടന്നുപോകുന്ന സമയമല്ലാത്തപ്പോൾ കർഷകർ വൈക്കോലിന് തീയിടുന്നതിനാൽ ഔദ്യോഗിക കണക്കുകളിൽ ഈ തീപ്പിടിത്തങ്ങൾ രേഖപ്പെടുത്താനാവില്ല. 2021-ൽ 80,000 ആയിരുന്ന തീയിടൽ കേസുകൾ 2025-ൽ 6,000 ആയി കുറഞ്ഞതായി രേഖകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും ഉപഗ്രഹങ്ങളുടെ സമയം മനസ്സിലാക്കി തീയിടുന്നതാണ് ഈ വലിയ കുറവിന് പിന്നിലെ ഒരു പ്രധാന കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഉപഗ്രഹ നിരീക്ഷണത്തിലെ ഈ ബ്ലൈൻഡ് സ്‌പോട്ട് പരിഹരിക്കുന്നതിനായി iFOREST (International Forum for Environment, Sustainability and Technology) എന്ന ഗവേഷണ സംഘടന 'ഫയർ വാച്ച്' എന്ന പുതിയ മൾട്ടി-സാറ്റലൈറ്റ് പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുണ്ട്. ഓരോ 15 മിനിറ്റിലും ചിത്രങ്ങളെടുക്കുന്ന Meteosat-8, Meteosat-9 ഉപഗ്രഹങ്ങളിലെ SEVIRI സെൻസറുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ Sentinel-2 സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ എത്രത്തോളം കൃഷിഭൂമി കത്തിനശിച്ചുവെന്നും കൃത്യമായി അളക്കാൻ സാധിക്കും.
പരിസ്ഥിതിയും കാട്ടുതീയും നിരീക്ഷിക്കാൻ ഇന്ത്യ ഇപ്പോഴും വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നതിൽ 2026-ലെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. മുഴുവൻ സമയ നിരീക്ഷണത്തിന് ഇന്ത്യയ്ക്ക് സ്വന്തമായി ജിയോസ്റ്റേഷനറി ഉപഗ്രഹം വേണമെന്നാണ് സമിതി മുന്നോട്ടുവെയ്ക്കുന്ന ആവശ്യം.
ഇന്ത്യ അടുത്തിടെ വിക്ഷേപിച്ച EOS-05 ഉപഗ്രഹത്തിന് വലിയ ഒരു സി.സി.ടി.വി ക്യാമറ പോലെ ഓരോ 5 മിനിറ്റിലും നിശ്ചിത പ്രദേശങ്ങളുടെയും, 30 മിനിറ്റിൽ ഇന്ത്യ മുഴുവനായും ചിത്രങ്ങളെടുക്കാൻ കഴിയും. എന്നാൽ ഇത് ദേശീയ സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനാൽ പരിസ്ഥിതി ഏജൻസികൾക്ക് ഇതിന്റെ ഡാറ്റ പൂർണ്ണമായി ലഭ്യമായിട്ടില്ല.
കർഷകർ ഉപഗ്രഹങ്ങളുടെ സമയം നോക്കി തീയിട്ടാലും അതിന് ശേഷമുള്ള കരിഞ്ഞ പാടുകൾ മറച്ചുവെക്കാൻ കഴിയില്ല. ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ കാർട്ടോസാറ്റ്-3 പോലെയുള്ള ഉയർന്ന ശേഷിയുള്ള ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തുകയും, റിപ്പോർട്ടുകൾ എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷന് കൈമാറുകയും ചെയ്യുന്നുണ്ട്.
Content Highlights: Farmers in Punjab and Haryana are dodging polar satellite surveillance by burning stubble during unmonitored time windows, mirroring APJ Abdul Kalam's 1998 Pokhran nuclear test tactic., Official data shows stubble burning cases dropped from 80,000 in 2021 to 6,000 in 2025, largely due to this timing strategy., iFOREST has developed 'Fire Watch', a multi-satellite platform using Meteosat-8 and Meteosat-9 to overcome monitoring blind spots., A 2026 parliamentary standing committee raised concerns over India's reliance on foreign satellites for environmental monitoring, urging for a dedicated geostationary satellite.
Published: 06 Nov 2026, 10:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented