
മുംബൈ: ഒരിടവേളയ്ക്കുശേഷം എൻസിപികൾ തമ്മിലുള്ള ലയനം വീണ്ടും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സജീവമായി. മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേൽ എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിനെ വ്യാഴാഴ്ച രാത്രി ആശുപത്രിയിൽ സന്ദർശിച്ചതിന് പിന്നാലെയാണിത്.
ശ്വാസകോശ അണുബാധയെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ശരദ് പവാർ. ഇതിനിടെയാണ് പ്രഫുൽ പട്ടേൽ സന്ദർശിക്കുന്നതും നവംബർ 10നു ശേഷമുള്ള ഒരു കൂടിക്കാഴ്ചയെക്കുറിച്ച് ചർച്ച ചെയ്യുന്നതുമായ ഒരു വീഡിയോ പുറത്ത് വരുന്നത്.
പ്രഫുൽ പട്ടേലിനോട് ശരദ് പവാർ എന്തോ പറയുന്നതും, നവംബർ 10നുശേഷം താൻ മുംബൈയിലായിരിക്കുമെന്നും അന്ന് ഒന്നിച്ച് ഇരുന്ന് വിഷയം ചർച്ച ചെയ്യാമെന്ന് പവാറിനോട് പറയുന്നതും കേൾക്കാം. ഇതിന് പവാർ സമ്മതം മൂളുകയും ചെയ്യുന്നുണ്ട് വീഡിയോയിൽ.
കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച പ്രഫുൽ പട്ടേൽ, ആശുപത്രി സന്ദർശന വേളയിൽ പവാർ തന്നോട് ദേശീയ, സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചാണ് ചർച്ച ചെയ്തതെന്നും എൻസിപിയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചല്ലെന്നും പറഞ്ഞു.
തുടർന്നാണ് നവംബർ പത്തിനുള്ള കൂടിക്കാഴ്ച സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നത്. എൻസിപി മഹാരാഷ്ട്ര അധ്യക്ഷൻ സുനിൽ തത്കരെയുടെ പ്രതികരണം ലയന ചർച്ചകൾക്ക് ശക്തി പകരുകയും ചെയ്തു. അജിത് പവാർ ജീവിച്ചിരുന്നെങ്കിൽ രണ്ട് വിഭാഗങ്ങളുടെയും ലയനം ഈ വർഷം ഫെബ്രുവരിയിൽ നടക്കുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറാണ് നിലവിൽ ഭരണകക്ഷിയായ എൻസിപിയെ നയിക്കുന്നത്. മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന്റെ ഭാഗമായ എൻസിപി (എസ്പി) ശരദ് പവാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായിരുന്ന അജിത് പവാർ, ബരാമതിയിലുണ്ടായ വിമാന അപകടത്തിൽ ജനുവരി 28-നാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ മരണത്തെ തുടർന്നാണ് ഭാര്യ സുനേത്ര പവാർ എൻസിപിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയും ഉപമുഖ്യമന്ത്രിയാകുകയും ചെയ്തത്. എൻസിപികൾ തമ്മിലുള്ള ലയന ചർച്ചയ്ക്കിടയിലായിരുന്നു അജിത് പവാറിന്റെ അകാല മരണം.
അജിത് പവാറിന്റെ മരണത്തിനുശേഷം എൻസിപിയിലും അധികാരത്തർക്കം രൂപപ്പെട്ടു. സുനേത്ര പവാർ മക്കളായ പാർത്ഥ് പവാറിനെയും ജയ് പവാറിനെയും നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാൻ നടത്തുന്ന നീക്കത്തിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് അമർഷമുണ്ട്. ഇതിനിടെ മുതിർന്ന എൻസിപി നേതാക്കൾ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുകയും ചെയ്തിരുന്നു. സുനേത്രയും പാർത്ഥ് പവാറും ഇല്ലാതെയായിരുന്നു ഇത്.
Content Highlights: Praful Patel visited ailing NCP(SP) chief Sharad Pawar at Breach Candy Hospital in Mumbai., A video emerged discussing a potential meeting scheduled after November 10., Sunetra Pawar currently leads the ruling NCP faction following Ajit Pawar's tragic demise in January., Internal party friction and power struggles have fueled ongoing speculation regarding the reunification of NCP factions.
Published: 06 Nov 2026, 09:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented