കോഴിക്കോട്: ''എന്റെ അച്ഛനും മുത്തച്ഛനും കുടുംബത്തിലെ ഒട്ടുമിക്കവരും മദ്യപിക്കും. അങ്ങനെ തുടങ്ങിയതാ. ലിവറിനെ ബാധിക്കുമെന്നായപ്പോള്‍ ബിയര്‍മാത്രമാക്കി. കൂട്ടുകാരുടെ നിര്‍ബന്ധത്തില്‍ മറ്റു മദ്യങ്ങളും വീണ്ടും തുടങ്ങി. കുടുംബത്തിനും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുമാത്രമായി. ഇങ്ങനെ മദ്യപിച്ചാല്‍ ശരിയാകുമോ, ഒരിടംവരെ വരാമോയെന്ന് ഒരിക്കല്‍ ഭാര്യ ചോദിച്ചു. അവളുടെ വാക്കുകള്‍ ശരിയാണെന്നുതോന്നി. ഒന്നു പോയിനോക്കാമെന്നു കരുതിയാണ് ബീച്ച് ആശുപത്രിക്കടുത്തുള്ള 'വിമുക്തി'യിലെത്തുന്നത്.'' -ചികിത്സതേടിയെത്തിയയാള്‍ പറയുന്നു.

To advertise here,

ലഹരിവിമുക്തകേരളം എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തിലുള്ള പദ്ധതിയാണ് വിമുക്തി. 2023-ല്‍ 3050 പേരാണ് വിമുക്തിയില്‍ ചികിത്സതേടിയത്. 90 ശതമാനംപേരും ലഹരിയുപയോഗം നിര്‍ത്തി. 2024-ല്‍ ജൂണ്‍വരെ 1500-ലധികംപേര്‍ ചികിത്സയ്‌ക്കെത്തി.

ബീച്ച് ആശുപത്രിയോടു ചേര്‍ന്നുള്ള വിമുക്തി ഡി അഡിക്ഷന്‍ സെന്റര്‍ ഏഴുവര്‍ഷമാവുകയാണ്. ഇവിടെ കിടത്തിച്ചികിത്സയുമുണ്ട്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഒ.പി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നാലു ബെഡ്ഡുള്ള ഒരു വാര്‍ഡും പുരുഷന്മാര്‍ക്ക് എട്ടു ബെഡ്ഡുള്ള വാര്‍ഡുമാണുള്ളത്.

പ്രവര്‍ത്തനം ഇങ്ങനെ

ചികിത്സതേടിയെത്തുന്നയാള്‍ക്ക് 21 ദിവസത്തെ കൗണ്‍സലിങ്ങും മരുന്നും നല്‍കും. അതിനുശേഷം കൃത്യമായി നിരീക്ഷിക്കുകയും എല്ലാ മാസവും ഒരു ഞായാറാഴ്ച രോഗം ഭേദമായവര്‍ക്ക് ഗ്രൂപ്പ് തെറാപ്പി നല്‍കുകയും ചെയ്യും.

സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മൂന്ന് നഴ്സിങ് സ്റ്റാഫ്, മൂന്ന് സെക്യൂരിറ്റിമാര്‍, ക്ലീനിങ് സ്റ്റാഫ് എന്നിവരാണ് വിമുക്തിയിലുള്ളത്.

വിമുക്തിയുടെ കീഴില്‍ സ്‌കൂള്‍, കോളേജ് തലത്തില്‍ ലഹരിവിമുക്ത ക്ലബ്ബുകള്‍, എസ്.പി.സി., എന്‍.എസ്.എസ്., കുടുംബശ്രീ, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, ലഹരിവിമുക്ത ഓര്‍ഗനൈസേഷനുകള്‍, തദ്ദേശതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ എന്നിവയിലൂടെയാണ് ലഹരിക്കെതിരായ പ്രവര്‍ത്തനം.

കുഞ്ഞുങ്ങളോടൊപ്പം സന്തോഷിക്കുന്നു

എന്റെ കുട്ടികളുടെ മുഖത്ത് നോക്കാന്‍പോലും പറ്റാത്ത അവസ്ഥയിലാണ് വിമുക്തിയിലെത്തുന്നത്. അതെന്നെ മാറ്റിമറിച്ചു. കുഞ്ഞുങ്ങളോടൊപ്പമിരുന്ന് ചായകുടിക്കുന്നതും സംസാരിക്കുന്നതുമൊക്കെയാണ് ഇപ്പോള്‍ എന്റെ ലഹരി.

ലഹരി ഉപയോഗം ഒഴിവാക്കിയവര്‍ ഒരു കുടുംബംപോലെയാണ്. കൂട്ടത്തിലുള്ള ഒരാളുടെ വീട്ടില്‍ ഒത്തുകൂടും. നല്ല സൗഹൃദങ്ങളുണ്ടായി.

-ചികിത്സതേടിയയാള്‍