കുന്നംകുളം: ലഹരിപദാർഥങ്ങളുടെ ഉപയോഗവും വ്യാപനവും തടയാൻ ബോധവത്കരണപ്രവർത്തനങ്ങൾ വർധിച്ചതോടെ ലഹരിയിൽ നിന്ന് മോചനം തേടിയെത്തുന്നവരുടെ എണ്ണമേറുന്നു. എന്നാൽ, ജില്ലയിൽ ചാലക്കുടിയിലുള്ള ഏക വിമുക്തികേന്ദ്രത്തിലുള്ളത് എട്ടുപേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം മാത്രം. ലഹരിയിൽ നിന്ന് മോചനം ആഗ്രഹിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കിടത്തിച്ചികിത്സയ്ക്ക് സംവിധാനമില്ല. വിമുക്തികേന്ദ്രത്തിൽ വർഷത്തിന്റെ തുടക്കത്തിൽത്തന്നെ 47 പേർ കിടത്തിച്ചികിത്സയ്ക്ക് വിധേയരായി. 119 പേർ ഔട്ട് പേഷ്യന്റ് വിഭാഗത്തിലുമെത്തി.
എക്സൈസിന്റെ കുന്നംകുളം റേഞ്ചിനു കീഴിൽ മൂന്നുമാസത്തിനുള്ളിൽ ഇരുനൂറിലേറെ ബോധവത്കരണ പരിപാടികളാണ് നടത്തിയത്. തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും സെമിനാറുകളും കുടുംബസദസ്സുകളും ജാഗ്രതാസമിതികളുമായി രംഗത്തുണ്ട്. പൊതുജനങ്ങളുമായി ഇടപെടാനും ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ ലഭിക്കാനും ഇത് സഹായിക്കുന്നുണ്ട്. പരാതി അന്വേഷിച്ചുചെന്നാൽ 90 ശതമാനവും കൃത്യമായിരിക്കുമെന്നും ഇൻസ്പെക്ടർ കെ. മണികണ്ഠൻ പറഞ്ഞു.
ജില്ലയിലെ 13 റേഞ്ച് ഓഫീസുകളിലും ഇതേരീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ലഹരിപദാർഥങ്ങളുടെ വിൽപ്പനയും വ്യാപനവും തടയാൻ പോലീസും പരിശോധനകൾ കാര്യക്ഷമമാക്കിയിട്ടുണ്ട്. കുറഞ്ഞ അളവിൽ ലഹരി വസ്തുക്കൾ കൈവശം സൂക്ഷിച്ച് കൈമാറ്റംചെയ്യുന്ന രീതിയിലേക്ക് വിൽപ്പനക്കാർ തന്ത്രം മാറ്റിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
വിവരം നൽകാൻ രക്ഷിതാക്കൾ
: കുട്ടികളിലെ പെരുമാറ്റ പ്രശ്നങ്ങൾ പറഞ്ഞ് വിളിക്കുന്ന രക്ഷിതാക്കളേറെയാണ്. ഭൂരിഭാഗം സ്ഥലങ്ങളിലും നേരിട്ടുചെന്ന് വിവരങ്ങൾ അന്വേഷിക്കും. കുറ്റകൃത്യങ്ങളിലുൾപ്പെടുന്ന കുട്ടികളെ കൃത്യമായി നിരീക്ഷിക്കും. ഓരോ ആഴ്ചയിലും നേരിൽക്കണ്ട് മാറ്റങ്ങൾ പരിശോധിക്കും. ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് മോചനം ആവശ്യമായവരെ വിമുക്തികേന്ദ്രത്തിലെത്തിച്ച് കൗൺസലിങ്ങും ചികിത്സയും നൽകും. ലഹരി പദാർഥങ്ങൾക്ക് പൂർണമായും അടിമകളായവർക്കാണ് കിടത്തിച്ചികിത്സ വേണ്ടിവരുന്നത്. അടുത്ത ബന്ധുവിനോടൊപ്പം 21 ദിവസമാണ് ചികിത്സ.
ചികിത്സ ചാലക്കുടിയിൽ മാത്രം
: എക്സൈസിന്റെ കീഴിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് ഏക വിമുക്തി ഡി-അഡിക്ഷൻ സെന്ററുള്ളത്. ആസക്തിയുള്ള എട്ടുപേർക്കും അവരുടെ കൂട്ടിരിപ്പുകാർക്കും താമസിക്കാനുള്ള സൗകര്യമാണിവിടെയുള്ളത്. രോഗികളെ പരിശോധിക്കുന്നതിനുള്ള സൗകര്യം കുറവാണ്. സ്ത്രീകളും കുട്ടികളുമെത്തുമ്പോൾ അവരെ ഒപിയിൽ ചികിത്സനൽകി നിരീക്ഷിക്കുകയാണ് പതിവ്. വരുന്നവരുടെ എണ്ണം വർധിച്ചതോടെ ആരോഗ്യവകുപ്പുമായി ചർച്ച ചെയ്ത് ആശുപത്രിയിലെ ഒരു വാർഡ് കിടത്തിച്ചികിത്സയ്ക്ക് അനുയോജ്യമായ രീതിയിൽ മാറ്റുന്നുണ്ട്. ചാലക്കുടിയിലെ ലയൺസ് ക്ലബ്ബാണ് ഇതിന് സഹകരിക്കുന്നത്. സാധാരണക്കാരായ ഒട്ടേറെപ്പേരാണ് ചികിത്സതേടി വിളിക്കുന്നത്. ആരോഗ്യവകുപ്പിന്റെ ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികളിൽ ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽനിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് ചികിത്സാസൗകര്യമൊരുക്കണമെന്ന് ചാലക്കുടി എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.കെ. രാജു പറഞ്ഞു.
Content Highlights: Kerala`s Drug Addiction Crisis, Prevention Efforts
Published: 18 Apr 2025, 08:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented