മദ്യപാനിയായ വ്യക്തി ലഹരി വിമുക്ത കേന്ദ്രം നയിക്കുന്നത് ഇന്ത്യയിലെ തന്നെ ആദ്യത്തെ സംഭവമായിരിക്കും

മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം
+ + + + + + + +
വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാമോ എന്ന് ഭരണപക്ഷത്ത് ആശയക്കുഴപ്പം, നികുതി കുറച്ചാലും ഈ മദ്യനയം സമ്മതിക്കില്ലെന്ന് പ്രതിപക്ഷത്ത് സമരവീര്യം. കേരളമെങ്ങും മദ്യത്തെക്കുറിച്ച് വീര്യമേറിയ ചർച്ച നടക്കുമ്പോഴും കണ്ണൂർ ഇരിട്ടിയിലെ തടിയിൽ ജോസഫിന് ഒറ്റപക്ഷമേയുള്ളൂ. അതിനാവട്ടെ ഇത്തിരി വീര്യം കൂടുതലുമാണ്. 'മദ്യം മാത്രമല്ല,ഏതൊരു ലഹരിയും ആസക്തിയാണ്, അത് അപകടമാണ്...' ഇത് പറയാൻ ജോസഫിനോളം പറ്റിയ മറ്റൊരാളില്ലെന്ന് പറയാം. കാരണം പത്ത് വർഷത്തോളം ഒന്നാന്തരം മദ്യപനായിരുന്നു ജോസഫ്. പക്ഷേ അതിനുശേഷമുള്ള ഇരുപതുവർഷം കൊണ്ട് ഇരുപതിനായിരമാളുകളെ മദ്യത്തിൽനിന്ന് കര കയറ്റിയ വിമോചകനും. കടുത്ത മദ്യപാനിയായ ഒരാൾ ആ ശീലം നിർത്തിയ ശേഷം മദ്യവിമുക്തി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ അപൂർവ ജീവിതകഥയുടെ ഉടമ,അതുകൊണ്ടുതന്നെ ഇരിട്ടി തടിയിൽ തോമസ് ജോസഫിന്റെ ജീവിതത്തിന് വീര്യം കൂടുതലാണെന്ന് പറയുന്നതിന് യാതൊരു സംശയവും വേണ്ട.
കുടിയേറ്റത്തിന്റെ കാലം
സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കോട്ടയത്തുനിന്ന് മലബാറിലേക്ക് കുടിയേറിയതാണ് ജോസഫിന്റെ കുടുംബം. പക്ഷേ കോളേജ് പഠനത്തിനായി ജോസഫ് വീണ്ടും ചങ്ങനാശ്ശേരിയെത്തി. എസ്ബി കോളേജിലെ പഠനകാലത്തെ സഹപാഠികളെല്ലാം പ്രഗത്ഭരായി മാറി. സിവിൽ സർവീസിലെത്തിയ രാജുനാരായണസ്വാമിയും ടോമിൻ തച്ചങ്കരിയും. രാഷ്ട്രീയത്തിൽ വിഹരിച്ച രമേശ് ചെന്നിത്തലയും ലാലിച്ചൻ വി.ജെയും. ഇവരുടെ പാത പിന്തുടർന്ന് ജോസഫും തുടക്കത്തിൽ രാഷ്ട്രീയക്കളരിയിൽ പയറ്റിനോക്കിയാണ് വിദ്യാഭ്യാസം കരുപ്പിടിപ്പിച്ചത്. രമേശ് ചെന്നിത്തല കെഎസ്‌യുവിനെ നയിച്ച കാലത്ത് ജോസഫ് ചങ്ങനാശ്ശേരിയിൽ വിദ്യാർത്ഥിയൂണിയന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. അതിനൊപ്പം ബി.എസ്‌സി ബോട്ടണിയും കേരള യൂണിവേഴ്‌സിറ്റിയിൽനിന്ന് എം.എ. ലിറ്ററേച്ചറും പഠിച്ചെടുത്തു. വീണ്ടും വളർത്തുനാടായ കണ്ണൂരിലേക്ക് തിരികെയെത്തിയ ജോസഫിനെ കാത്തിരുന്നതും ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടതും രാഷ്ട്രീയംതന്നെ. അതു തന്നെയാണ് ജോസഫിനെ മദ്യപാനത്തിലേക്ക് നയിച്ചതും.
'ചെറുപുഴയിലെ കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റും മണ്ഡലം സെക്രട്ടറിയുമായി പ്രവർത്തിക്കുകയായിരുന്നു ഞാൻ. ആ സമയത്ത് ശ്രീകണ്ഠാപുരത്തെ എസ്.ഇ.എസ് കോളേജിൽ ഗസ്റ്റ് ലക്ചററായും ജോലി ചെയ്തു. 1991-ലാണത്. അൽപം കഴിഞ്ഞപ്പോൾ അവിടെ സ്ഥിരംനിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എയ്ഡഡ് കോളേജായതുകൊണ്ട് ആ പോസ്റ്റിലേക്ക് അപേക്ഷ നൽകി ഞാൻ ജോലി കാത്തിരുന്നു. ഞാൻ ജോലി ഉറപ്പിച്ചതാണ്. പക്ഷേ അന്ന് സംസ്ഥാനം ഭരിക്കുന്നത് ഇ.കെ. നായനാരുടെ സർക്കാരാണ്. കണ്ണൂരിലെ ഒരു നേതാവിന്റെ നോമിനി, മന്ത്രി മുഖാന്തരം എന്റെ പോസ്റ്റ് അടിച്ചുമാറ്റി. അതോടെ ഞാനാകെ നിരാശയിലേക്ക് വീണുപോയി. ശരിക്കും ഒരു സ്ഥിരം ജോലിക്കുവേണ്ടി കൂടെയാണ് ഞാനീ രാഷ്ട്രീയമൊക്കെ കളിച്ചുനടന്നത്. ഈ നിരാശയിൽനിന്ന് കര കയറാൻ എനിക്കൊരു കൂട്ടുകാരൻ വന്നു,അതായിരുന്നു മദ്യപാനം. '29 വയസ്സുവരെ ഒരു തുള്ളിപോലും മദ്യപിച്ചിട്ടില്ലാത്ത ജോസഫ് അതോടെ കടുത്ത മദ്യപാനിയായി. സ്വപ്ന ജോലി നഷ്ടമായതും ഒരു സ്ഥിരം ജോലി ഇല്ലാതെ പോയല്ലോ എന്ന അപകർഷബോധവുമാണ് ആ യുവാവിനെ മദ്യത്തിന്റെ കൂട്ടുതേടാൻ പ്രേരിപ്പിച്ചത്. പക്ഷേ അതുണ്ടാക്കിയ ദുരന്തഫലങ്ങൾ ഭീകരമായിരുന്നു. അയാൾക്ക് ഹൃദയബന്ധങ്ങളില്ലാതായി. കുടുംബബന്ധങ്ങളുടെ ഇഴയറ്റുതുടങ്ങി. ഏതുനേരവും മദ്യംമാത്രമായി കൂട്ട്.
മദ്യം നിറഞ്ഞ നാളുകൾ
മദ്യം ജോസഫിനെ മുറുകെ പിടിച്ചു. ആ കൂട്ടുകെട്ട് പത്ത് വർഷം നീണ്ടുപോയി. 'ഈയൊരു കാലത്ത് ഞാൻ രാഷ്ട്രീയത്തിലും പൊളിയാൻ തുടങ്ങി. ബന്ധങ്ങളില്ലാതായി. ആളുകളുടെ പരിഹാസപാത്രമായി. ആ സമയത്തെ ഏക വരുമാന മാർഗം പാരലൽ കോളേജിലെ അധ്യാപക ജോലിയായിരുന്നു. കണ്ണൂരിലെ ഔവർ കോളേജ്, ചെറുപുഴയിലെ യൂണിറ്റി കോളേജ്, സെന്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിലൊക്കെ ഞാൻ ക്ലാസെടുക്കും. നന്നായി ക്ലാസെടുക്കാൻ പറ്റുന്നതുകൊണ്ട് ആ ജോലി മാത്രം നഷ്ടമായില്ല. അവിടുത്തെ ജോലിയിൽനിന്ന് കിട്ടുന്ന പണം കൊണ്ട് രാത്രി വീണ്ടും മദ്യപിക്കും. ഓരോ തവണ കുടിക്കുമ്പോഴും അത് നിർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു. പക്ഷേ അതിന് എനിക്ക് കഴിഞ്ഞില്ല. 'ഇതിനിടെ മാസങ്ങളും വർഷങ്ങളും കടന്നുപോയി. വേനലും വർഷവും ശിശിരവും വന്നുപോയി.അതൊന്നും അറിയാതെ ജോസഫ് ആസക്തിയുടെ ലോകത്ത് ഒറ്റയാനായി അലഞ്ഞു. അപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായൊരു വഴിത്തിരിവുണ്ടാകുന്നത്. ജോസഫിന്റെ ജോലിതന്നെയാണ് ആ ഗതി തിരിച്ചുവിട്ടതും.
നന്നായി ക്ലാസെടുക്കുന്ന ജോസഫിനെ തലശ്ശേരിയിലെ പ്രതീക്ഷാ മദ്യവിമുക്തി കേന്ദ്രത്തിലേക്ക് വിളിപ്പിച്ചു. അവിടെയൊരു ക്ലാസെടുക്കാനായിരുന്നു ക്ഷണം. വിദ്യാർത്ഥികളാവട്ടെ മദ്യത്തിൽനിന്ന് രക്ഷ നേടാൻ ആഗ്രഹിക്കുന്നവരും.
'തുടക്കത്തിൽ ആഴ്ചയിലൊരു ക്ലാസായിരുന്നു. 200 രൂപപ്രതിഫലം. അത് വണ്ടിക്കൂലിക്കേ തികയുള്ളൂ. എങ്കിലും ഞാനത് ഇഷ്ടപ്പെട്ടു ചെയ്തു. പതുക്കെ ക്ലാസ് ആഴ്ചയിൽ രണ്ടുദിവസമായി. പിന്നെ മൂന്നുദിവസമായി. ഒടുവിൽ അത് ആഴ്ചയിൽ മുഴുവനുമായി. അങ്ങനെ ഒന്നര വർഷം കടന്നുപോയി. ഈ സമയത്താണ് വിവിധതരം ആസക്തികളെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാരിന്റെ ഒരു പ്രോഗ്രാം വരുന്നത്. സർക്കാർ സ്‌പോൺസർ ചെയ്യുന്ന സ്ഥാപനമായ പ്രതീക്ഷയിൽനിന്നും ഒരാളെ ഈ പ്രോഗ്രാമിലേക്ക് പറഞ്ഞയക്കാൻ നിർദേശിച്ചു. 'ആ പരിപാടിയിലേക്ക് പങ്കെടുക്കാൻ ഏറ്റവും മികച്ച പേര് തന്നെ നിർദേശിക്കപ്പെട്ടു. ടി.ടി. ജോസഫ്. അതിനുവേണ്ടി പ്രതീക്ഷയിലെ സ്ഥിരംജീവനക്കാരുടെ പട്ടികയിലേക്ക് ജോസഫിന് സ്ഥാനക്കയറ്റവും നൽകി.
'ഡ്രഗ്‌സ് അബ്യൂസ് പ്രിവൻഷൻ സർട്ടിഫിക്കറ്റ് കോഴ്‌സാണത്. ഒന്നര ലക്ഷംരൂപ ചെലവ് വരും. പക്ഷേ അതെല്ലാം സർക്കാർ വഹിക്കും. ഇതൊരുതരം റിഹാബിലിറ്റേഷൻ പോലെയായി. മുഴുവൻ സമയവും നമ്മൾ അവിടെ നിൽക്കണം. എല്ലാ സൗകര്യങ്ങളും തരും. അങ്ങനെ ഞാനത് ആസ്വദിച്ച് പഠിക്കാൻ തുടങ്ങി. എന്തുകൊണ്ടാണ് ഒരാൾ മദ്യപിക്കുന്നത്, ഒരാൾ പുകവലിക്കുന്നതിന്റെ കാരണമെന്താണ്, കഞ്ചാവടിക്കാനും മറ്റ് മയക്കുമരുന്ന് ഉപയോഗിക്കാനുമുള്ള ചോദന എന്താണ് തുടങ്ങി എല്ലാ കാര്യങ്ങളും ഞാനീ കോഴ്‌സിലൂടെ മനസ്സിലാക്കി. ആ പഠനം ശരിക്കും എന്നെ മാറ്റിമറിച്ചു. 'കോഴ്‌സിനിടയിൽ പഠിച്ച സിദ്ധാന്തങ്ങൾ വെച്ച് ജോസഫ് സ്വന്തം മദ്യപാന ശീലത്തിന്റെ ഉറവിടങ്ങൾ പരതിനോക്കി.
'എന്റെ അച്ഛൻ മരിക്കുന്നതുവരെ ഒരു തുള്ളി മദ്യംഉപയോഗിച്ചിട്ടില്ല. ഞങ്ങളുടെ നൂറുകുടുംബങ്ങളെടുത്തുനോക്കിയാൽ പോലും അതിലൊരാളെ മദ്യപാനിയായി കണ്ടെത്താനാവില്ല. കുറേപിന്നിലേക്ക് പോയി മുന്നൂറ് കുടുംബങ്ങളെ തിരഞ്ഞുനോക്കിയപ്പോഴാണ് അതിൽ ഞാനടക്കം നാലഞ്ച് മദ്യപാനികളെ കണ്ടെത്താനായത്.' അതോടെ കുടുംബത്തിന്റെ സ്വാധീനത്തിന് തന്റെ കാര്യത്തിൽ പ്രസക്തിയില്ലെന്ന് ജോസഫ് കണ്ടെത്തി. ഒരാൾ ലഹരിയിൽ ആസക്തനാവുന്നതിന് മനശാസ്ത്രജ്ഞരായ സിഗ്മണ്ട് ഫ്രോയിഡും ആൽഫ്രഡ് അഡ്‌ലറുമൊക്കെ വിശദീകരിച്ച സിദ്ധാന്തങ്ങളിലായിരുന്നു ഒടുവിൽ ജോസഫ് ചെന്നുനിന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു അപകർഷബോധം. താൻ എങ്ങുമെത്തിയില്ലെന്ന പരാജയബോധം. അതായത് പഴയ ജോലി നഷ്ട അനുഭവം തന്നെ.
മദ്യപർക്കൊപ്പം ജീവിതം
മനശാസ്ത്ര പഠനത്തിന്റെ വഴികളിലൂടെ യാത്ര തുടങ്ങിയതോടെ ജോസഫ് തന്റെ ആസക്തിയുടെ വിവിധ വശങ്ങൾ ആഴത്തിൽ മനസ്സിലാക്കി. അതിലൂടെ തന്നെ തന്റെ ശീലത്തിനൊരു അറുതി കണ്ടെത്താനായി ജോസഫിന്റെ ശ്രമം. ആൽബർട്ട് ബന്ധുരയെന്ന മനശാസ്ത്രജ്ഞന്റെ കാഴ്ചപ്പാടിൽ അനുഭവങ്ങളിൽനിന്നും നിരീക്ഷണങ്ങളിൽനിന്നുമുള്ള പഠനമാണ് ഉള്ളിൽ പതിഞ്ഞുപോയ ഒരു പെരുമാറ്റത്തെ തിരുത്താനുള്ള വഴി. ആ സിദ്ധാന്തം ജോസഫിന്റെ കാര്യത്തിൽ പ്രായോഗികമായി. തുടർന്നുള്ള എട്ടുവർഷം പ്രതീക്ഷ മദ്യവിമുക്തി കേന്ദ്രത്തിലായി സ്ഥിരം ജോലി. ആ കാലയളവിൽ മദ്യത്തിനെതിരെ സംസാരിച്ചുസംസാരിച്ച് ജോസഫും അതിനെ തന്റെ ശീലത്തിൽനിന്ന് പടികടത്തി. പ്രതീക്ഷ ലഹരി വിമുക്തകേന്ദ്രത്തിന്റെ മേധാവിയായി. ഒരു മദ്യപൻ തന്നെ അങ്ങനെയൊരു കേന്ദ്രം നയിക്കുന്നത് ഒരുപക്ഷേ ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരിക്കും. അതിനുശേഷം മൂന്നുവർഷം പിലാത്തറ വചനജ്യോതി ഡീ അഡിക്ഷൻ സെന്ററിൽ, അതുകഴിഞ്ഞ് ഇരിട്ടിയിലെ നിഖിൽ ആശുപത്രിയിൽ സൈക്കോളജിസ്റ്റ്. ഇതിനിടയിൽ എംഎസ്‌സി സൈക്കോളജിയും എംഫിലും നേടി. ഏറ്റവുമൊടുവിൽ ലഹരിയുണ്ടാക്കുന്ന ആസക്തിയെക്കുറിച്ചും അതിനെ അതിജീവിക്കാനുള്ള വഴികളെക്കുറിച്ചും ചുറ്റിലുമുള്ളവരെ പഠിപ്പിക്കാനായി ഇരിട്ടിയിലൊരു സ്ഥാപനവും തുടങ്ങി. അദ്ദേഹത്തിന്റെ കൃപ കൗൺസലിങ് സെന്റർ ഇന്ന് വിദ്യാർഥികളുടെ മനശാസ്ത്ര പഠനകേന്ദ്രം കൂടെയാണ്.
'ലഹരിയുടെ ലോകത്ത് കഴിയുന്നവർക്ക് അതിനെക്കുറിച്ചുള്ള അവബോധമുണ്ടായാൽതന്നെ അതിനോട് വിട പറയാൻ കഴിയും. മനശാസ്ത്രജ്ഞനായ ആൽബർട്ട് ബന്ധുരയുടെ നിയമം അനുസരിച്ച് ഒരു കാര്യത്തെക്കുറിച്ച് പഠിച്ചാൽ അതിൽനിന്ന് മോചനം സാധിക്കുമെന്നാണ്. അതുകൊണ്ടുതന്നെ എല്ലാവരെയും വിവിധതരം ആസക്തികളെക്കുറിച്ച് പഠിപ്പിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. അതിനായി 12 വർഷമായി കൃപ സ്‌കൂൾ നടത്തുന്നു. കേരള സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ അഫിലിയേറ്റ് സെന്ററാണിത്. ഈ വർഷം മുതൽ നോഡൽ ഏജൻസിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 'നോഡൽ ഏജൻസിയായതോടെ ജോസഫ് സ്വയം ഡിസൈൻ ചെയ്ത രണ്ടുകോഴ്‌സുകൾ വിദ്യാർഥികൾക്ക് പഠിക്കാം. രണ്ടും ആസക്തിയെ അകറ്റാനുള്ള പഠനങ്ങളാണ്. സർട്ടിഫിക്കറ്റ് ഇൻ അഡിക്ഷൻ മാനേജ്‌മെന്റും ഡിപ്ലോമ ഇൻ അഡിക്ഷൻ മാനേജ്‌മെന്റും.
ഇതിനിടെ ഇരുപതിനായിരത്തോളം മദ്യപർ ജോസഫിന്റെ മുന്നിലൂടെ കടന്നുപോയി. അതിൽ വലിയൊരു ശതമാനമാളുകളും മദ്യലോകത്തുനിന്ന് വിട പറഞ്ഞുകഴിഞ്ഞു. എങ്കിലും മുന്നിലെത്തിയ എല്ലാവരെയും മദ്യവിമുക്തരാക്കാൻ കഴിഞ്ഞുവെന്ന അവകാശവാദവും ജോസഫിനില്ല.
'കൗൺസലിങ്ങിലൂടെ എല്ലാവരും ലഹരിയിൽനിന്ന് വിമുക്തരാവില്ല. ആഗോളതലത്തിലെ കണക്കെടുത്താലും അങ്ങനെയാണ്. നാൽപത്-അമ്പത് ശതമാനം പേരിലേ ഫലം കിട്ടു. പുനഃപതനം സ്വാഭാവികമാണ്. അതിൽ സങ്കടപ്പെടാനില്ല. ചിലപ്പോൾ പത്തും പതിനഞ്ചും തവണ ഇങ്ങനെയുള്ള ചികിത്സകളിലും കൗൺസലിങ്ങിലുമൊക്കെ പങ്കെടുത്താൽ മാത്രം റിസൽറ്റ് കിട്ടുന്നവരുണ്ട്. കേരളത്തിലെ മദ്യവിമുക്തി കേന്ദ്രങ്ങളിലൊക്കെ ഇതേ അനുഭവംതന്നെയാണുള്ളത്.'
പക്ഷേ സ്വന്തം കേസിൽ ജോസഫിന് ഇതൊന്നും വേണ്ടി വന്നില്ല.കാരണം അദ്ദേഹം മദ്യം നിർത്തിയ ശേഷം ജോലി തുടങ്ങിയതുതന്നെ ഒരു ഡീ അഡിക്ഷൻ സെന്ററിലാണല്ലോ.
'അപ്പോൾ വർഷം മുഴുവൻ 24 മണിക്കൂറും ഞാൻ ചികിത്സയ്ക്ക് വിധേയനാവുന്ന അവസ്ഥയായി. അതിലൂടെ ഞാൻ പുനരധിവസിക്കപ്പെടുകയായിരുന്നു. അധ്യാപകനായി, കൗൺസലറായി, പ്രോജക്ട് ഡയറക്ടറായി. ശരിക്കും അഡിക്ഷൻ പരിഹരിക്കാൻ യാതൊരു മരുന്നും ലഭ്യമല്ല. അതൊരു ബിഹേവിയർ പ്രശ്‌നമാണ്. അതുകൊണ്ട് പെരുമാറ്റത്തിൽ വ്യത്യാസം വരുത്തുന്നവർക്ക് മാത്രമേ അതിൽനിന്ന് രക്ഷ നേടാനാവൂ. പെരുമാറ്റം മാറണമെങ്കിൽ നമ്മുടെ ചിന്താഗതിയിലും മാറ്റം വരണം. അങ്ങനെ ചിന്താഗതിയിൽ മാറ്റം വന്നാൽ ജീവിതരീതിയും മാറും. നമ്മൾ കാലത്ത് ഹൃദ്യമായി എഴുന്നേൽക്കും, കുളിക്കുകയും നല്ല വസ്ത്രം ധരിക്കുകയും ഇഷ്ടപ്പെട്ട് ജോലി ചെയ്യുകയും വിശ്രമിക്കുകയും ചെയ്യും. ഇങ്ങനെ വ്യവസ്ഥയോടെയും ക്രമത്തോടെയുമുള്ള ജീവിതം ഉണ്ടായാൽ വേറൊരു ആസക്തിയും നമ്മളെ ബാധിക്കില്ല. പതിനൊന്ന് വർഷത്തോളം രണ്ട് ചികിത്സാകേന്ദ്രങ്ങളിൽ ജീവിച്ചതോടെ എനിക്കെന്റെ ജീവിതത്തെ പുനക്രമീകരിക്കാനായി. അതാണ് രക്ഷയായത്.' ജോസഫ് ഓർക്കുന്നു.
ആസക്തിയുടെ വേരുകൾ
വിവിധ ലഹരിയുമായി തന്നെ കാണാനെത്തുന്നവർക്കിടയിൽ ജോസഫ് അതിന്റെ കാരണങ്ങളുടെ വേരുകൾ തേടാറുണ്ട്. എന്തുകൊണ്ടാണ് ഒരാൾ ആസക്തിയിലേക്ക് വീഴുന്നതെന്ന് കണ്ടെത്തുന്നത് മുന്നോട്ടുള്ള യാത്രയിൽ പ്രയോജനം ചെയ്യുമല്ലോ.
'മദ്യപാനം, പുകവലി, മയക്കുമരുന്ന്, പോണോഗ്രഫി, മൊബൈൽ അഡിക്ഷൻ, ലോട്ടറി തുടങ്ങി പലതരം ആസക്തികളുണ്ടല്ലോ. ഇതിനൊക്കെ തക്കതായ കാരണങ്ങൾ ഒരാളുടെ ഉള്ളിലെവിടെയോ കിടപ്പുണ്ട്. അത് കൃത്യമായി കണ്ടെത്തി തിരിച്ചറിഞ്ഞ് അയാളെ ബോധ്യപ്പെടുത്തണം. അതിനുശേഷം ഇതെങ്ങനെ അതിജീവിക്കുമെന്ന് പഠിപ്പിച്ചുവിട്ടാൽ അവർ രക്ഷപ്പെടും. അങ്ങനെയൊരു ചികിത്സാകേന്ദ്രമാണ് ഉണ്ടാവേണ്ടത്. ഇപ്പോൾ അങ്ങനെ വിശാലമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കുറവാണ്.' ജോസഫ് പറയുന്നു.
കുടുംബബന്ധങ്ങളിലുണ്ടാവുന്ന തകർച്ച വലിയൊരു വിഭാഗം കുട്ടികളെ മയക്കുമരുന്നുൾപ്പെടെയുള്ള ലഹരിയിലേക്ക് തള്ളിവിടുന്നുവെന്ന് ജോസഫ് പറയുന്നത് മുന്നിലെത്തുന്ന കേസുകൾ നോക്കിയാണ് 'ഓരോ കുടുംബത്തിലും കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ ആയി പരിമിതപ്പെട്ടല്ലോ. രക്ഷിതാക്കളും കുട്ടികളുമായുള്ള ബന്ധം കുറഞ്ഞു. ഇങ്ങനെയൊക്കെ വന്നതോടെ കുട്ടികൾക്ക് കൂടുതൽ സ്വാതന്ത്ര്യമായി. മദ്യപാനം പരസ്യമാവാൻ കൂടുതൽ സാധ്യതയുള്ളതുകൊണ്ട് രഹസ്യമായി കിട്ടുന്ന മയക്കുമരുന്നുകളിലേക്ക് അവർ ചുവടുമാറി. ഇപ്പോഴത്തെ കുട്ടികൾ പെട്ടെന്ന് അക്രമാസക്തരാവുന്നുണ്ട്. ഈയടുത്ത ദിവസം വന്നത് ഒരു പ്ലസ്ടു വിദ്യാർഥിനിയാണ്. അവളുടെ സ്വഭാവത്തിൽ വല്ലാതെ വയലൻസുണ്ടായിരുന്നു. മയക്കുമരുന്ന് ഉപയോഗമാണ് പ്രശ്‌നം. ഒടുവിൽ വേറെ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ടി വന്നു.' കേസ് ഡയറിയിലൊന്ന് ജോസഫ് വെളിപ്പെടുത്തുന്നു.
അനുഭവങ്ങളുടെ അവസാനത്തെ തുള്ളിപോലും അദ്ദേഹം മുന്നിൽ പകർന്നുവെച്ചാലും കേൾക്കുന്നവർക്ക് സംശയം തീരുന്നില്ലല്ലോ. ഈ പോയ കാലത്തിനിടയ്ക്ക് ഒരിക്കൽപോലും താങ്കൾക്ക് വീണ്ടും മദ്യപിക്കാൻ തോന്നിയിട്ടില്ലേ?
'23 വർഷമായി ഞാനൊരു തുള്ളി മദ്യം കഴിച്ചിട്ട്. ഇപ്പോൾ എനിക്ക് മദ്യപിക്കാൻ യാതൊരു തോന്നലുമില്ല. ചിട്ടയായൊരു ജീവിതമുണ്ട്. പകൽ ക്ലാസുകളും കൗൺസലിങ്ങുകളും. രാത്രി വീണ്ടും ക്ലാസുകൾ. പിന്നെ വിശ്രമം, ഉറക്കം. ഇങ്ങനെ കൃത്യമായൊരു ചിട്ട പിന്തുടരുന്നതുകൊണ്ട് ഞാനിനി മദ്യത്തിൽ വീഴില്ല. എന്റെ മുറിയിൽ ഞാനറിയാതെ മദ്യക്കുപ്പി വെച്ച് പോവുന്നവരുണ്ട്. അതുകാണുമ്പോൾ എനിക്കൊരു പ്രലോഭനം വരുമോ എന്ന് പരീക്ഷിക്കുയാണവർ. പക്ഷേ ഒരു കാരണവശാലും എനിക്കതിനോട് താത്പര്യം തോന്നുന്നില്ല. സന്തോഷത്തിന്റെ ഘടകങ്ങൾ നഷ്ടപ്പെടുമ്പോഴാണല്ലോ നമ്മൾ ലഹരിയിലേക്ക് പോവുന്നത്. എനിക്കാവട്ടെ ഇപ്പോൾ സന്തോഷിക്കാൻ നൂറുകണക്കിന് കാരണങ്ങളുണ്ടല്ലോ. സന്തോഷത്തിന്റെ ആ ഘടകങ്ങളൊന്നും വിട്ടുകളയാൻ ഞാൻ തയ്യാറുമല്ല..' ജോസഫിനോട് ഒരു ചിയേഴ്‌സ് പറയാൻ തോന്നി. ജീവിതം തന്നെയാണ് ഏറ്റവും വലിയ ലഹരിയെന്ന് കണ്ടെത്തിയതിന്.
Content Highlights: Thomas Joseph from Iritty, Kannur, turned his ten-year struggle with alcoholism into a twenty-year mission as a psychologist. He founded the Krupa Counseling Center, helping over twenty thousand people overcome substance abuse.
Published: 27 Jun 2026, 12:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented