രക്ഷിതാക്കളുടെ കണ്ണൊന്ന് തെറ്റിയാലുടന്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി എവിടെയെങ്കിലും പാത്തിരുന്ന് വീഡിയോ കാണുന്ന കുട്ടികളെ മിക്ക വീടുകളിലും കാണാം. ഭക്ഷണം കഴിക്കാനുള്‍പ്പടെ മൊബൈല്‍ ഫോണ്‍ വേണമെന്ന് വാശിപിടിക്കുന്ന കുട്ടികളും ഒട്ടും കുറവല്ല. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം കുട്ടികളെ സൈബര്‍ ഇടത്തിലെ ഇരുണ്ട ലോകത്തില്‍ എത്തിക്കുന്നതും ഇന്ന് സ്ഥിരം കാഴ്ചയാകുന്നുണ്ട്. ഡിജിറ്റല്‍ ലോകത്ത് അകപ്പെട്ട് അക്രമവാസനയോടെ പെരുമാറുന്ന കുട്ടികളെയും ചുറ്റും കണ്ണോടിച്ചാല്‍ കാണാം. 'ഡിജിറ്റല്‍ ലഹരി'ക്ക് അടിമയാകുന്ന കുട്ടികളില്‍ ഉറക്ക പ്രശ്‌നങ്ങള്‍, മോശം പെരുമാറ്റം, മാനസിക പ്രശ്‌നങ്ങള്‍, പഠനക്ഷമത നഷ്ടമാകല്‍ മുതലായവയൊക്കെ ഉണ്ടാകുന്നു. ഡിജിറ്റല്‍ ആസക്തിയുള്ളവരില്‍ ഏറെയും 14 മുതല്‍ 17 വയസുകാരാണ്. അശ്ലീല വെബ്‌സൈറ്റുകള്‍, ഓണ്‍ലൈന്‍ ഗെയിം എന്നിവയുടെ അടിമയാകുന്നവരും ഏറെയാണ്. 

To advertise here,

സൈബറിടങ്ങളിലെ കെണിയില്‍ നിന്നും കുട്ടികളെ മോചിപ്പിക്കാനും അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററുകള്‍ (ഡി ഡാഡ്) കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് കേരള പോലീസ്. കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററുകളുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചും ഡി ഡാഡ് സെന്ററുകളുടെ ഏകോപന ചുമതലയുള്ള തിരുവനന്തപുരം റേഞ്ച് ഡിഐജി എസ് അജിതാബീഗം മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു. 

സൈബര്‍ അതിക്രമങ്ങള്‍ പെരുകുന്ന ഇക്കാലത്ത് ഡിജിറ്റല്‍ അവബോധത്തിന്റേയും ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററുകളുടേയും പ്രാധാന്യം എത്രത്തോളമാണ്?

സമൂഹത്തില്‍ വളരെ നിര്‍ണായകമായ റോളാണ് ഡിജിറ്റല്‍ ഡി അഡിക്ഷന്‍ (ഡി ഡാഡ്) സെന്ററുകള്‍ക്കുള്ളത്. നിലവില്‍ ആറ് ജില്ലകളിലാണ് നമുക്ക് ഡി ഡാഡ് ഉള്ളത്. കോവിഡിന് ശേഷം 2023 ലാണ് ഇത്തരം സെന്ററുകള്‍ ആരംഭിച്ചത്. കുട്ടികള്‍ മൊബൈലുകളിലൂടെ ക്ലാസുകളില്‍ പങ്കെടുക്കുന്ന ഒരു അന്തരീക്ഷത്തിലേയ്ക്ക് കോവിഡിന് ശേഷം എത്തിച്ചേര്‍ന്നല്ലോ. ഇതിന് പിന്നാലെ മൊബൈല്‍ ഗെയിമുകളിലേയ്ക്ക് ആസക്തി വരാന്‍ തുടങ്ങിയപ്പോഴാണ് ഡി ഡാഡിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് പോലീസ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്. 2023 മുതല്‍ ഇപ്പോള്‍ വരെ 1700 ഓളം കേസുകള്‍ ആറ് സെന്ററുകളില്‍ നിന്നുമായി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് നിലവില്‍ ഡി ഡാഡ് സെന്ററുകളുള്ളത്. കേസുകള്‍ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ള ഒരു മേഖലയാണിത്. മറ്റ്  ജില്ലകളിലേയ്ക്കും സെന്ററുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഇതിനുള്ള നിവേദനം സമര്‍പ്പിച്ച് കഴിഞ്ഞു. 

2008 ലൊക്കെ ഏകദേശം 40 മില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഇന്ത്യയിലുണ്ടായിരുന്നത്. എന്നാല്‍ 2025 ആകുമ്പോഴേക്കും അത് 800 മില്യണിലേയ്ക്ക് അത് എത്തി. യൂണിസെഫിന്റെ പഠനം അനുസരിച്ച് ഇതില്‍ 60 ശതമാനവും കുട്ടികളാണ്. ഇന്ന് മൂന്നിലൊന്ന് കുട്ടികള്‍ക്കും മൊബൈല്‍ ആസക്തി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നമുക്ക് മുന്നിലുള്ള വലിയൊരു വെല്ലുവിളിയാണിത്. കുട്ടികള്‍ക്ക് സുരക്ഷിതമായൊരു കുട്ടിക്കാലം ഒരുക്കുന്നതിന്റെ ഭാഗം കൂടിയാണ് ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററുകള്‍. 

രക്ഷിതാക്കളും അധ്യാപകരും ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററുകളെക്കുറിച്ച് മനസ്സിലാക്കേണ്ടത് അനിവാര്യമല്ലേ?

തീര്‍ച്ചയായും. നിലവിലുള്ള ആറ് ഡി ഡാഡ് സെന്ററുകളിലും സൈക്കോളജിസ്റ്റും കേസ് വര്‍ക്കര്‍മാരുമുണ്ട്. കൗണ്‍സിലിങ്ങും ചികിത്സയുമൊക്കെയാണ് ഇവരുടെ പ്രധാന ജോലി. എന്നാല്‍ ഇതിനുപുറമെ സ്‌കൂളുകളിലും റഡിഡന്‍സ് അസോസിയേഷനിലുമൊക്കെ ഇവര്‍ ബോധവത്കരണ ക്ലാസുകളും എടുക്കാറുണ്ട്. ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നില്‍ ഈ ക്ലാസുകളുടെ സ്വാധീനവും ഉണ്ടാകാം. റേഡിയോ പരിപാടി മുഖേന ഒക്കെ ഇവര്‍ ബോധവത്കരണ പരിപാടി നടത്താറുണ്ട്. 

എല്ലാ കുട്ടികളും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാം. പക്ഷേ ഇതൊരു അഡിക്ഷന്‍ ആണോയെന്ന് തിരിച്ചറിയണം. മാതാപിതാക്കളെ സംബന്ധിച്ച് വലിയൊരു ചലഞ്ച് ആണ് ഇത്. ഒരു അമ്മ എന്ന നിലയില്‍ എനിക്കും ഇതൊരു ചലഞ്ചാണ്. അനാവശ്യമായ ഇടപെടല്‍ എന്ന നിലയിലേയ്ക്ക് പോകാനും പാടില്ല, കുട്ടികള്‍ക്ക് കൃത്യമായ സൈബര്‍ അവബോധം നല്‍കുകയും വേണം. മൊബൈല്‍ ഉപയോഗത്തില്‍ നിയന്ത്രണവും സമയക്രമീകരണവുമൊക്കെ വേണം. മൊബൈലുകളിലേക്ക് മാത്രം ഒതുങ്ങിപ്പോകാതെ മറ്റ് ആക്ടിവിറ്റികളിലേയ്ക്ക് കൂടി കുട്ടികളെ എത്തിക്കാനാകണം. വിശാലമായ ലോകം പുറത്തുണ്ടെന്ന് അവര്‍ക്ക് മനസ്സിലാക്കി കൊടുക്കണം. 

നമ്മളൊക്കെ കുട്ടിക്കാലത്ത് ഒരുപാട് പുറത്ത് കളിച്ച് വളര്‍ന്നവരാണ്. സുഹൃത്തുക്കളുടെ വീട്ടിലൊക്കെ പോയി സമയം ചെലവഴിച്ചിരുന്നു, പലതരം പാഠ്യേതര പദ്ധതികളുടെ ഭാഗവുമായി. അതുപോലൊരു സാഹചര്യം കുട്ടികള്‍ക്കും ലഭിക്കണം, വിശാലമായ ലോകത്തെക്കുറിച്ച് അവര്‍ മനസ്സിലാക്കണം. ഇത്തരം കാര്യങ്ങളിലൊക്കെ അവര്‍ ഇടപെട്ട് തുടങ്ങിയാല്‍ തന്നെ മൊബൈല്‍ അഡിക്ഷനില്‍ നിന്നൊക്കെ അവരെ പുറത്ത് കൊണ്ടുവരാന്‍ സാധിക്കും. 

കുട്ടികളിലെ മൊബൈല്‍ അഡിക്ഷന്‍ എങ്ങനെ തിരിച്ചറിയാം, മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം  ?

മൊബൈലിനോട് വല്ലാത്തൊരു ആര്‍ത്തിയുള്ള ചില കുട്ടികളെ നമുക്ക് കാണാനാകും. മൊബൈല്‍ കിട്ടുന്നതുവരെ അവര്‍ വാശി കാണിക്കും, കിട്ടിക്കഴിഞ്ഞാല്‍ ഭയങ്കര സന്തോഷത്തിലാവും. ഇത് മൊബൈല്‍ ആസക്തിയുടെ ഒരു സൂചനയാണ്. ഇത് തീവ്രമാകുമ്പോള്‍ കുട്ടികള്‍ക്ക് നിയന്ത്രണം തെറ്റുന്നു, കാര്യങ്ങള്‍ അവരുടെ കൈയില്‍ അല്ലാതാകുന്നു. ദേഷ്യവും അക്രമണവാസനയുമൊക്കെ ഉണ്ടാകുന്നു. മാതാപിതാക്കളോട് മോശമായി സംസാരിക്കാന്‍ വരെ തുടങ്ങുന്നു. മൊബൈല്‍ അഡിക്ഷന്റെ സൂചനകള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ മാതാപിതാക്കള്‍ കൃത്യമായ ഇടപെടല്‍ നടത്തി കുട്ടികളുടെ ശീലം മാറ്റിയെടുക്കാന്‍ ശ്രമിക്കണം. ഇതായിരിക്കണം ആദ്യഘട്ടം. ഇനി സ്വന്തം കൈയില്‍ നില്‍ക്കുന്നില്ല എന്ന അവസ്ഥ വന്നാല്‍ മനഃശാസ്ത്രപരമായ ചികിത്സയും കൗണ്‍സിലിങ്ങും ഒക്കെ വേണ്ടിവന്നേക്കും. ചില തീവ്രമായ കേസുകളില്‍ നമ്മുടെ സൈക്കോളജിസ്റ്റുകള്‍ തന്നെ സൈക്യാട്രിക് ട്രീറ്റ്‌മെന്റ് നിര്‍ദേശിക്കാറുണ്ട്. ഇതുവരെ വന്ന 1700 കേസുകളില്‍ 175 കേസുകള്‍ അത്തരത്തിലുള്ളതാണ്. മൊബൈല്‍ അഡിക്ഷന്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ മനസ്സിലാക്കലാണ് പ്രധാനം. മാനസിക പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി ചികിത്സിക്കേണ്ടത് പ്രധാനമാണ്. പനിയൊക്കെ വരുമ്പോള്‍ ചികിത്സ തേടുന്നത് പോലെതന്നെ ഇതും കാണണം. കൃത്യസമയത്ത് കുട്ടിക്ക് പിന്തുണ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. 

ഡി ഡാഡിനെ എങ്ങനെ ബന്ധപ്പെടാം, കുട്ടികളുടെ സ്വകാര്യതയെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടാകുമല്ലോ ? 

ചിരി എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ (9497900200) മുഖേന ഡി ഡാഡ് സെന്ററുകളുമായി ബന്ധപ്പെടാം. അടിയന്തര സഹായം വേണ്ട കേസാണെങ്കില്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് നല്‍കാറുണ്ട്. കൗണ്‍സിലിങ് മതിയാവുന്ന കേസുകള്‍ ആണെങ്കില്‍ ഡി ഡാഡ് സെന്ററുകളിലേയ്ക്ക് കൈമാറും. ഇത് കൂടാതെ കൂട്ട് എന്ന കൗണ്‍സിലിങ് സെന്റര്‍, ഡൊമസ്റ്റിക് കോണ്‍ഫ്‌ലിക്ട് റെസല്യൂഷന്‍ കൗണ്‍സിലിങ് സെന്റര്‍, കുടുംബശ്രീയുടെ സ്‌നേഹിത കൗണ്‍സിലിങ് സെന്റര്‍ ഒക്കെ ലഭ്യമാണ്. കൗണ്‍സിലിങ്ങിന് എത്തിക്കുക എന്നതാണ് ആദ്യഘട്ടം. 

കുട്ടികളുടെ സ്വകാര്യത 100 ശതമാനം ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. കുട്ടികളേയും മാതാപിതാക്കളേയും ഒരുമിച്ച് ചേര്‍ത്തുകൊണ്ടാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. കുട്ടികളെ വിളിച്ചുവരുത്തി അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള കൗണ്‍സിലിങ് അല്ല ഇവിടെ നടത്തുന്നത്. അതില്‍ കാര്യവുമില്ല. ഇത് കുട്ടികളേയും കുടുംബത്തിലുള്ളവരേയും ഒക്കെ ഒരുമിപ്പിച്ച് ചേര്‍ത്തുകൊണ്ടുള്ള ടീം വര്‍ക്കാണ്. 
ഫാമിലി തെറാപ്പി എന്നാണ് നമ്മുടെ ടീം ഈ സെഷനെ വിളിക്കുന്നത്. കുടുംബം കൂടെയുണ്ടെങ്കില്‍ നമുക്ക് പൂര്‍ണമായി കുട്ടികളുടെ മാനസികാരോഗ്യം തിരിച്ചുപിടിക്കാം. ഇതുവരെ 735 കേസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്.

Inshorts | Kerala Police combats rising child digital addiction through D-DAD centers, offering counseling and support. Learn about its impact and how to help.