യോഗേന്ദ്ര യാദവിനോട് സംസാരിക്കാനിരിക്കുമ്പോള്‍ ചുറ്റിനും ഒരു ക്ലാസ്മുറിയുയരും. യോഗേന്ദ്ര യാദവ് ഒരു രാഷ്ട്രീയാധ്യാപകനായിമാറും. സ്വയംനിയന്ത്രിതശബ്ദത്തില്‍, ഒഴുക്കുള്ള ഭാഷാശൈലിയില്‍ ഇന്ത്യയുടെ രാഷ്ട്രീയചരിത്രവും വര്‍ത്തമാനവും ഭാവിയും അധ്യാപകന്‍ പറഞ്ഞുപകരുന്നതുപോലെയായിരിക്കും ആ നിമിഷങ്ങള്‍. ഇന്ത്യയിലും വിദേശത്തുമുള്ള സര്‍വകലാശാലകളില്‍ രാഷ്ട്രതന്ത്രം പഠിപ്പിക്കുന്ന യോഗേന്ദ്രയ്ക്ക് രാജ്യത്തിന്റെ രാഷ്ട്രീയവും ജനാധിപത്യവും വറ്റാത്ത മഷിപ്പാത്രം. വിദ്യാഭ്യാസരംഗത്തുനിന്നാണ് ഹരിയാണ സ്വദേശിയായ യോഗേന്ദ്ര യാദവ് പരമ്പരാഗതമല്ലാത്ത രാഷ്ട്രീയത്തിന്റെയും ബദല്‍രാഷ്ട്രീയത്തിന്റെയും മുഖമായി മാറിയത്. പഞ്ചാബ് സര്‍വകലാശാലയില്‍ അധ്യാപകനായി ജീവിതമാരംഭിച്ച യോഗേന്ദ്ര, 1995 മുതല്‍ 2002 വരെ ലോക്നീതി നെറ്റ്‌വര്‍ക്കിന്റെ കണ്‍വീനറായിരുന്നു. 1997 മുതല്‍ 2003 വരെ ലോക്നീതി സി.എസ്.ഡി.എസ്. ഗവേഷണപദ്ധതിയുടെ സ്ഥാപക ഡയറക്ടറായി.

To advertise here,

2004-ല്‍ സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസില്‍ ഫെലോ ആയി. 1996 മുതലാണ് തിരഞ്ഞെടുപ്പ് പ്രവചനവും രാഷ്ട്രീയനിരീക്ഷണവും ഇഷ്ടമേഖലയായത്. ദൂരദര്‍ശനുള്‍പ്പെടെയുള്ള വേദികളില്‍ അതോടെ ശ്രദ്ധേയമുഖമായി. 2010-ല്‍ രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ ഭരണകാലത്ത് വിദ്യാഭ്യാസാവകാശനിയമം നടപ്പാക്കാനുള്ള ദേശീയ ഉപദേശകസമിതിയില്‍ അംഗമായി. യു.ജി.സി. അംഗവുമായിരുന്നു. 2011-ല്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതിക്കെതിരേ ഉയര്‍ന്ന പ്രക്ഷോഭത്തില്‍ പങ്കാളിയായതോടെ, മറ്റൊരു ഘട്ടം തുടങ്ങി.

അരവിന്ദ് കെജ്രിവാള്‍, യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍, മനീഷ് സിസോദിയ തുടങ്ങിയവരായിരുന്നു അണ്ണാ ഹസാരെ പ്രസ്ഥാനത്തിന്റെ മുഖങ്ങള്‍. തുടര്‍ന്ന്, ആം ആദ്മി പാര്‍ട്ടി രൂപവത്കരിച്ചപ്പോഴും ഒരുമിച്ച്. പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹകസമിതിയിലും രാഷ്ട്രീയകാര്യസമിതിയിലും അംഗം. 2014-ലെ ലോക്സഭാതിരഞ്ഞെടുപ്പില്‍ 'ആപ്' സ്ഥാനാര്‍ഥിയായി ഗുഡ്ഗാവ് (ഗുരുഗ്രാം) മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മാസങ്ങള്‍ പോകെ, ആം ആദ്മി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങളുടെ കൊടികളുയര്‍ന്നു. പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവുമടക്കമുള്ള ചിലര്‍ ഒരുപക്ഷത്തും കെജ്രിവാളും കൂട്ടരും മറുഭാഗത്തും.

കെജ്രിവാള്‍ ഏകാധിപത്യം കാട്ടുന്നുവെന്നും അതംഗീകരിക്കാനാകില്ലെന്നുമായിരുന്നു വിമതമുദ്ര വീണവരുടെ അഭിപ്രായം. 2015-ല്‍ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണുമടക്കമുള്ളവര്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തായി. തുടര്‍ന്ന് പ്രശാന്ത് ഭൂഷണ്‍, അജിത് ഝാ തുടങ്ങിയവരുമായി ചേര്‍ന്ന് യോഗന്ദ്ര യാദവ് 'സ്വരാജ് അഭിയാന്‍' എന്ന രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിച്ചു. ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രധാനനേതാവാണ്.

placeholder
അരവിന്ദ് കെജ്‌രിവാള്‍, യോഗേന്ദ്ര യാദവ്‌ | Photo: PTI

2020-21-ലെ കര്‍ഷകസമരത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഏകോപനസമിതിയില്‍ യോഗേന്ദ്ര യാദവ് അംഗമായിരുന്നു. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയിലും ന്യായ് യാത്രയിലും അംഗമായിരുന്നു. മേക്കിങ് സെന്‍സ് ഓഫ് ഇന്ത്യന്‍ ഡെമോക്രസി: തിയറി ആസ് പ്രാക്ടീസ്, ഇലക്ടറല്‍ പൊളിറ്റിക്സ് ഇന്‍ ഇന്ത്യന്‍ സ്റ്റേറ്റ്സ് തുടങ്ങി നിരവധി പുസ്തകങ്ങളും രചനകളും യോഗേന്ദ്ര യാദവിന്റെതായുണ്ട്. 1990-കളില്‍ ഇന്ത്യന്‍ ടെലിവിഷനുകളില്‍ തിരഞ്ഞെടുപ്പ് പ്രവചനവും രാഷ്ട്രീയനിരീക്ഷണവുമായി നിറഞ്ഞ യോഗേന്ദ്ര യാദവ് പക്ഷേ, അഭിമുഖം തരുന്നതിനുമുന്നെ ചിരിച്ചുകൊണ്ട് പതിവുപോലെ മുന്നറിയിപ്പ് നല്‍കി: ''ഒരു കാര്യം ഞാന്‍ മുന്‍കൂട്ടി പറയാനാഗ്രഹിക്കുന്നു. ഞാന്‍ പണ്ട് തിരഞ്ഞെടുപ്പ് വിശകലനക്കാരനായിരുന്നു. എന്നാല്‍, അത് കഴിഞ്ഞകാലം. ഞാനിപ്പോള്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തകനാണ്. തിരഞ്ഞെടുപ്പ് പ്രവചനത്തില്‍ ഞാനിപ്പോഴില്ല.'' അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനുമുന്‍പും പിന്‍പുമായി രണ്ട് ഘട്ടങ്ങളിലായാണ് ഈ അഭിമുഖം പൂര്‍ത്തിയാക്കിയത്. കെജ്രിവാളിന്റെ അറസ്റ്റിനെക്കുറിച്ച് യോഗേന്ദ്ര പറയുന്നുണ്ട്. ഒപ്പം ദേശീയരാഷ്ട്രീയവും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും യോഗേന്ദ്ര യാദവ് മാതൃഭൂമി ആഴ്ചപ്പതിപ്പിനായി വിലയിരുത്തുന്നു.

മനോജ് മേനോന്‍: രാജ്യം ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. എന്താണ് തിരഞ്ഞെടുപ്പിനെക്കുറിച്ച് താങ്കളുടെ വിലയിരുത്തല്‍?

യോഗേന്ദ്ര യാദവ്: ഇതൊരു അസാധാരണ തിരഞ്ഞെടുപ്പാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ തിരഞ്ഞെടുപ്പിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. കാരണം നമ്മള്‍ പിന്തുടരുന്ന ഭരണഘടനാപരമായ ജനാധിപത്യഘടന നിലനില്‍ക്കുമോ എന്നതാണ് തിരഞ്ഞെടുപ്പിലെ പ്രധാനവിഷയം. ഇത് നമുക്കൊപ്പം നിലനില്‍ക്കുമോ ഇല്ലയോ എന്നതാണ് ചോദ്യം. ജനാധിപത്യമൂല്യങ്ങള്‍ നിലനില്‍ക്കുമോ ഇല്ലയോ എന്ന് തിരഞ്ഞെടുപ്പ് തീരുമാനിക്കും. പലവിധത്തില്‍ ഈ തിരഞ്ഞെടുപ്പ് നമ്മുടെ റിപ്പബ്ലിക്കിന്റെ അവശേഷിപ്പ് എന്തായിരിക്കുമെന്ന് വ്യക്തമാക്കും. റിപ്പബ്ലിക്ക് നിലനിര്‍ത്തുന്നതിനുള്ള ശ്രമമാകുമോ ഇല്ലയോ, അതോ ഇനി ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ അവശിഷ്ടംകൂടി എടുത്തുകളയുമോ എന്നതൊക്കെയാണ് ചോദ്യങ്ങള്‍. 

മനോജ് മേനോന്‍: അരങ്ങേറുന്നത് രണ്ട് മുന്നണികള്‍ തമ്മിലുള്ള പോരാട്ടം മാത്രമായിരിക്കുമോ അതോ ആശയയുദ്ധമായിരിക്കുമോ?

യോഗേന്ദ്ര യാദവ്:  നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന യുദ്ധങ്ങളെല്ലാം തീര്‍ച്ചയായും രണ്ട് ആശയങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. ഒരുഭാഗത്ത് ഇന്ത്യയെന്ന ആശയം. നമ്മള്‍ നമ്മുടെ നാഗരികതയില്‍നിന്ന് ആര്‍ജിച്ചെടുത്ത ആശയം. നമ്മുടെ സ്വാതന്ത്ര്യസമരം, നമ്മുടെ ഭരണഘടന എന്നിവയില്‍നിന്ന് രൂപപ്പെടുത്തിയത്. എന്റെ അഭിപ്രായത്തില്‍ ഇന്ത്യയെന്ന ആശയത്തിന്റെ അടിസ്ഥാനഘടകങ്ങളായ കരുണയും മൈത്രിയും നമ്മുടെ പുരാതന നാഗരികതയില്‍നിന്ന് ആര്‍ജിച്ചെടുത്തതാണ്. പലതരം മതങ്ങള്‍, ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയവ വിവിധരീതിയില്‍ ഒന്നുചേര്‍ന്നിരിക്കുന്നു, മധ്യകാലത്തുള്‍പ്പടെ. അത് ആധുനികരീതിയില്‍ സോഷ്യലിസം, സെക്യുലറിസം എന്നിങ്ങനെ പ്രകാശിപ്പിക്കപ്പെടുന്നു. കരുണയുടെ ആധുനിക രൂപമാണ് സോഷ്യലിസം. മൈത്രിയുടെ നവീനരൂപമാണ് സെക്യുലറിസം. ഒരുവശത്ത് ഈ ഇന്ത്യയാണുള്ളത്. മറുഭാഗത്ത് നമ്മുടെ മുന്നിലുള്ള മറ്റൊരു ആശയം, യൂറോപ്പില്‍നിന്ന് പകര്‍ത്തിയെടുക്കപ്പെട്ട ആശയമാണ്. യഥാര്‍ഥത്തില്‍ അത് ജര്‍മനാണ്. ജര്‍മന്‍രീതിയിലുള്ള ദേശീയതയാണ്. അത് നിങ്ങള്‍ക്ക് നേഷനെക്കുറിച്ചുള്ള ഇസ്രയേലിന്റെ ആശയത്തില്‍ കാണാം. നേഷനെക്കുറിച്ചുള്ള പാകിസ്താന്റെ ആശയത്തില്‍ കണ്ടെത്താം. അത് വളരെ സങ്കുചിതവും ഒരുരാജ്യം, ഒരുമതം, ഒരുവംശം എന്നീ ആശയസംഹിതകളില്‍ അധിഷ്ഠിതവുമാണ്. വളരെ സങ്കുചിതമായ ഒരു ആശയമാണത്. നിങ്ങള്‍ക്കതിനെ ഗാന്ധി VS ​ഗോഡ്സേ എന്ന് പറയാന്‍ കഴിയും. തിരഞ്ഞെടുപ്പ് എന്നത് രാഷ്ട്രീയ യുദ്ധമാണെന്ന് അടിവരയിടുമ്പോള്‍തന്നെ, അത് അനിവാര്യമായും ആശയങ്ങളുടെ യുദ്ധമാണ്. രണ്ട് രാഷ്ടീയധാരകളെയാണ് ഞാനതില്‍ കാണുന്നത്. എന്നെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പിലെ വിഷയങ്ങള്‍, വൈദ്യുതിയോ റോഡുകളോ, വെള്ളമോ അല്ല. തീര്‍ച്ചയായും ഇവയെല്ലാം പ്രധാനപ്പെട്ട വിഷയങ്ങളാണ്. എല്ലാ തിരഞ്ഞെടുപ്പുകളിലും ഇതെല്ലാം പ്രധാന വിഷയങ്ങളാണ്. എന്നാല്‍ എന്നെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പെന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന എം.പി. മാര്‍ ആരാണ് എന്ന ചോദ്യവും അതിനുള്ള ഉത്തരവുമാണ്. ഈ എം.പി.മാര്‍ പാര്‍ലമെന്റില്‍ എത്തിയാല്‍ ഭരണഘടനയ്‌ക്കൊപ്പം ചേര്‍ന്നുള്ള ഇന്ത്യ എന്ന  ആശയത്തിനായി നിലയുറപ്പിക്കുമോ എന്നതാണ് ചോദ്യം. ഭരണഘടന പ്രതിസന്ധിയിലാകുമ്പോള്‍ ഇവര്‍ എന്ത് ചെയ്യുമെന്നതാണ് പ്രധാന വിഷയം. ആ അര്‍ഥത്തില്‍ ഇത് ഇന്ത്യയെക്കുറിച്ചുള്ള രണ്ട് ആശയങ്ങള്‍ക്കായുള്ള അടിസ്ഥാനപരമായ യുദ്ധമാണ്. എന്നാല്‍ ഉപരിതലത്തില്‍ മറ്റ് വിഷയങ്ങളും ഉണ്ടായേക്കാം.

മനോജ് മേനോന്‍: കാലം പിന്നിടുമ്പോഴും വര്‍ഗീയവിഷയങ്ങള്‍ തിരഞ്ഞെടുപ്പുകളില്‍ പ്രചാരണതന്ത്രമായി തുടരുകയാണ്. സമീപ തിരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടികള്‍ വര്‍ഗീയകാര്‍ഡുകളിറക്കി കളിക്കുന്നത് കണ്ടു. ഇക്കുറിയും അത് ആവര്‍ത്തിക്കുമോ?

യോഗേന്ദ്ര യാദവ്: ബി.ജെ.പി. വര്‍ഗീയ കാര്‍ഡ് പ്രകടമായനിലയില്‍ പ്രയോഗിക്കുകയാണെന്നതാണ് വാസ്തവം. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങുകള്‍ ഉദാഹരണം. അവര്‍ക്കനുകൂലമായ അന്തരീക്ഷം രാജ്യംമുഴുവന്‍ മനഃപൂര്‍വം സൃഷ്ടിക്കുകയാണ്. അവര്‍ പൗരത്വനിയമ ഭേദഗതി കൊണ്ടുവന്ന രീതി നോക്കുക. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെയാണ് പൗരത്വനിയമ ഭേദഗതി കൊണ്ടുവന്നത്. പത്ത് വര്‍ഷം ഭരിച്ചിട്ടും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ തങ്ങളുടെ കൈവശം ഒരു നല്ല റിപ്പോര്‍ട്ട് കാര്‍ഡില്ലെന്നാണ് ബി.ജെ.പി. വിശ്വസിക്കുന്നത്. അവര്‍ ഇക്കാര്യം തിരിച്ചറിയുന്നു. തിരഞ്ഞെടുപ്പിനെ നേരിടാന്‍ ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്ത് വിടണം. അതനുസരിച്ച് ജനങ്ങളെ വിശ്വസിപ്പിക്കണം. ഞങ്ങള്‍ ജനങ്ങള്‍ക്കായി ഇതൊക്കെ ചെയ്തിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യണം. തൊഴില്‍ നല്‍കി, വികസനം നല്‍കി, കര്‍ഷകര്‍ക്ക് വേണ്ടതെല്ലാം ചെയ്തു. രാജ്യത്തെ മുഴുവന്‍ സുരക്ഷയിലാക്കി. അവരെ ഇത് വിശ്വസിപ്പിച്ചശേഷം ജനവിധി തേടുക. എന്നാല്‍ ബി.ജെ.പി.ക്ക് അത്തരത്തില്‍ വോട്ട് ചോദിക്കാന്‍ താത്പര്യമില്ല. അവര്‍ ആധാരമാക്കുന്നത് ഹിന്ദു-മുസ്ലിം വിഭജനത്തിലാണ്. ബി.ജെ.പി.ക്ക് നല്ല ഒരു റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തുകാട്ടാനില്ല എന്നതാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. അതിന് പകരം അവര്‍ ധവളപത്രം എന്നനിലയില്‍ കഴിഞ്ഞ യു.പി.എ. സര്‍ക്കാരിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നു! ഇതിലൂടെ അവര്‍ പുറത്തുപറഞ്ഞത്, തങ്ങള്‍ക്ക് ഒന്നും ജനങ്ങളെ കാട്ടാനില്ല എന്നതാണ്. ഇത് ഏശുമോ എന്നതാണ് ചോദ്യമെങ്കില്‍, ഇല്ല എന്ന് തന്നെയാണ് ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നത്. കാരണം, മോദി ഗുണപരമായി പ്രവര്‍ത്തിച്ചു എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടോ എന്നതാണ് വിഷയം. മോദിക്ക് ജനങ്ങള്‍ വോട്ട് ചെയ്യുമോ എന്നതാണ് ചോദ്യമെങ്കില്‍ ഉത്തരം വ്യത്യസ്തമാകാം. എന്നാല്‍, നല്‍കിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാത്ത സര്‍ക്കാരിന് ഈ രാജ്യത്തെ ജനങ്ങള്‍ വോട്ടുചെയ്യുമോ എന്നതാണ് വിഷയം. രാജ്യത്തിന്റെ സാമ്പത്തികരംഗം തകര്‍ത്തു, തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒന്നും ചെയ്തില്ല. കര്‍ഷകര്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി, രാജ്യത്തിന്റെ അതിര്‍ത്തിമേഖലകള്‍ കൂടുതല്‍ അരക്ഷിതാവസ്ഥയിലാക്കി. എന്നിട്ടും ജനങ്ങള്‍ ഇതൊന്നും വലിയ വിഷയമല്ല എന്ന് പറയുകയാണെങ്കില്‍, ഒരു ഹിന്ദു പാര്‍ട്ടിയാണ് എന്ന ഒറ്റക്കാരണത്താല്‍ ബി.ജെ.പി.ക്ക് വോട്ടുചെയ്യുമെന്ന് തീരുമാനിക്കുകയാണെങ്കില്‍, അതൊരു ദുരന്തമായിരിക്കും. എന്നാല്‍ ഇത് വിജയിക്കില്ലെന്നാണ് ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നത്. കാരണം, ഈ രാജ്യത്തിന്റെ അടിസ്ഥാനം ഒരിക്കലും മതവിഭജനത്തിലല്ല. നമ്മള്‍ എല്ലാവരും ഇവിടെ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഒരുമിച്ച് ജീവിക്കുകയാണ്. നമ്മുടെ ദേശീയത ഒരിക്കലും ഒരു എക്‌സ്‌ക്ലുസീവ് ദേശീയതയല്ല. അതൊരു നെഗറ്റീവ് നാഷണലിസമല്ല. നമ്മുടെ നാഷണലിസം പോസിറ്റീവ് നാഷണലിസമാണ്. എന്റെ ദേശീയത എന്റെ അയല്‍ക്കാരെ എന്റെ ശത്രുക്കളാക്കുന്നില്ല. എന്റെ ദേശീയത എന്റെ അയല്‍ക്കാരെ എന്നിലേക്ക് അടുപ്പിക്കുന്നതാണ്. ദൂരെയുള്ളവരെപ്പോലും എന്നിലേക്ക് അതടുപ്പിക്കുന്നു. ഈ സംസ്‌കാരം നിലനില്‍ക്കും. അതാണെന്റെ ആത്മാര്‍ഥമായ പ്രതീക്ഷ. പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ഈ തിരഞ്ഞെടുപ്പിനെ കൂടുതല്‍ ഒത്തൊരുമയോടെ നേരിടാന്‍ കഴിഞ്ഞാല്‍, പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ജനങ്ങളുമായി സംവദിക്കാന്‍ കഴിഞ്ഞാല്‍, രാജ്യത്തെ ജനങ്ങള്‍ ബി.ജെ.പി.യുടെ വര്‍ഗീയ ധ്രുവീകരണത്തിനൊപ്പം നില്‍ക്കില്ല എന്ന് എനിക്ക് തീര്‍ച്ചയായും ഉറപ്പുണ്ട്.

മനോജ് മേനോന്‍: എന്നാല്‍, അതേസമയം പ്രതിപക്ഷനിര ഭദ്രമല്ല. 2014, 2019 വര്‍ഷങ്ങളില്‍ ചിതറിനില്‍ക്കുന്ന പ്രതിപക്ഷമായിരുന്നല്ലോ ബി.ജെ.പി.യുടെ ശക്തി. ഇക്കുറിയും സ്ഥിതി വ്യത്യസ്തമല്ല. താങ്കള്‍ക്ക് എന്താണ് തോന്നുന്നത്?

യോഗേന്ദ്ര യാദവ്: പ്രതിപക്ഷം മുഴുവന്‍ ചിതറിനില്‍ക്കുന്നു എന്ന ഈ വിലയിരുത്തലിനോട് ഞാന്‍ യോജിക്കുന്നില്ല. ഒരുകാര്യം ഞാന്‍ സമ്മതിക്കുന്നു, പ്രതിപക്ഷത്ത് ഐക്യം 100 ശതമാനമില്ല. ബംഗാളില്‍ ഐക്യമില്ല എന്ന വസ്തുതയാണ് എന്നെ കൂടുതല്‍ നിരാശപ്പെടുത്തുന്നത്. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരുമിച്ച് നില്‍ക്കുമെന്ന് ആരും കരുതുന്നില്ല. രാഷ്ട്രീയവിദ്യാര്‍ഥിയെന്ന നിലയില്‍ ഞാന്‍ കരുതുന്നത് അതൊരു നല്ല ആശയമല്ല എന്നുതന്നെയാണ്. യു.ഡി.എഫും എല്‍.ഡി.എഫും യോജിക്കുകയും  ബി.ജെ.പി.ക്കെതിരേ ഒരുമിച്ച് നിന്ന് പടപൊരുതുകയും ചെയ്യുമെന്ന് ആരും കരുതുന്നില്ല. അത് സംഭവിക്കണമെന്നായിരിക്കും  ഒരുപക്ഷേ, ബി.ജെ.പി. ആഗ്രഹിക്കുന്നത്. കേരളത്തിന്റെ കാര്യം പറഞ്ഞതുപോലെ തന്നെയാണ് പഞ്ചാബിന്റെ രാഷ്ട്രീയസ്ഥിതിയും. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ കൈകോര്‍ക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല. നല്ല ആശയവുമല്ല. പഞ്ചാബില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസുമാണ്. ബി.ജെ.പി. മൂന്നാംസ്ഥാനത്തുപോലുമില്ല. എവിടെയൊക്കെ പ്രതിപക്ഷപാര്‍ട്ടികള്‍ തമ്മില്‍ തിരഞ്ഞടുപ്പ് ധാരണയുണ്ടോ, അവിടെയെല്ലാം വലിയതോതില്‍ വോട്ടുകള്‍ നേടാന്‍ സാധിക്കും. എവിടെയാണോ ഈ ഐക്യം നടക്കാതെപോകുന്നത് അവിടെ ചിലപ്പോള്‍ പ്രതിപക്ഷങ്ങള്‍ തമ്മില്‍ മത്സരമുണ്ടായേക്കാം. എങ്കിലും ബംഗാളില്‍പോലും നാലോ അഞ്ചോ സീറ്റുകളില്‍ മാത്രമാണ് പ്രശ്‌നമുണ്ടാകുക. ബംഗാളില്‍ പ്രധാനമായും മമതാബാനര്‍ജി തന്നെയാണ് ബി.ജെ.പി.യെ നേരിടുന്നത്. മറ്റെല്ലാവരും രണ്ടാംനിരയിലാണ്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമെല്ലാം രണ്ടാംനിരയിലാണ്. എന്നാല്‍, ഇന്ത്യാസഖ്യത്തിന്റെ നെടുംതൂണുകളിലൊരാളായ മമതാബാനര്‍ജിയെപ്പോലെ ഒരാള്‍ക്ക് കോണ്‍ഗ്രസുമായി, രാജ്യത്തെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയുമായി, ഒരു തിരഞ്ഞെടുപ്പുധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് ഖേദകരമാണ്. എന്നാല്‍ ബംഗാളിന് പുറമേ മറ്റെവിടെയെങ്കിലും ഇത്തരത്തില്‍, പ്രതിപക്ഷ വോട്ടുകളുടെ ചിതറല്‍ ഉണ്ടാകുമെന്ന് കരുതുന്നില്ല. സഖ്യമില്ലെങ്കില്‍ ഇന്ത്യാസഖ്യത്തിന് നേടാന്‍ കഴിയുന്ന നരേറ്റീവ്, മെസേജസ് ആ അളവില്‍ നേടാന്‍ കഴിയില്ല എന്നത് ശരിയാണ്. ചില സഖ്യങ്ങള്‍ കേവലം സീറ്റ് ധാരണകളുടെ പേരില്‍ പരാജയപ്പെടരുത്. അത് മൊത്തത്തില്‍ നല്‍കേണ്ട സന്ദേശങ്ങളെ ബാധിക്കരുത്. ചില ക്രിട്ടിക്കല്‍ സംസ്ഥാനങ്ങളുണ്ട്. തമിഴ്നാട് ക്രിട്ടിക്കല്‍ സംസ്ഥാനമാണ്. അവിടെ കൃത്യമായ തോതില്‍ സഖ്യം പ്രവര്‍ത്തിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ വളരെ മികച്ച സഖ്യസംവിധാനമുണ്ട്. ബിഹാറില്‍ സഖ്യം വളരെ നന്നായിപ്രവര്‍ത്തിക്കുന്നു. നിതീഷ് കുമാര്‍ സഖ്യം വിട്ടപ്പോഴുണ്ടായിരുന്ന ആശങ്കകള്‍ക്കപ്പുറമാണ് സഖ്യത്തിന്റെ സ്ഥിതി ഇപ്പോള്‍. കാരണം നിതീഷ് കുമാറിന്റെ സഖ്യംവിടല്‍ ഒരു തിരിച്ചടിയായിരുന്നു. എന്നാല്‍ അതിനുശേഷം സഖ്യത്തെ പിടിച്ചുനിര്‍ത്തിയത് തേജസ്വി യാദവാണ്. തേജസ്വിക്ക് ഞാന്‍ ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും കൊടുക്കുന്നു. ഏതായാലും ബിഹാറില്‍ സഖ്യം പ്രതീക്ഷിച്ചതിനെക്കാള്‍ മെച്ചപ്പെട്ടരീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഉത്തര്‍പ്രദേശില്‍ ജയന്ത് ചൗധരിയുടെ ആര്‍.എല്‍.ഡി. വിട്ടുപോയതിനുശേഷം എസ്.പി.യും കോണ്‍ഗ്രസും തമ്മില്‍ നല്ല ഐക്യവും ധാരണയും രൂപപ്പെട്ടിട്ടുണ്ട്. പ്രശ്‌നം അവിടെയല്ല, ബി.ജെ.പി.യുടെ സ്വാധീനത്തിലാണ് പല മാധ്യമങ്ങളും. ഇന്ത്യാസഖ്യത്തിലെ ചെറിയ വിഷയങ്ങള്‍പോലും വലിയ പ്രശ്‌നങ്ങളായി മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നു. ബി.ജെ.പി.യുടെ വലിയ പ്രശ്‌നങ്ങള്‍പോലും കണ്ടില്ലെന്ന മട്ട് കാണിക്കുന്നു. ഉദാഹരണത്തിന് ബി.ജെ.പി.യുടെ ബിഹാറിലെ പ്രശ്‌നങ്ങള്‍ നോക്കു. ക്യാബിനറ്റ് മന്ത്രിമാര്‍ തന്നെ രാജിവെച്ചിരിക്കുന്നു. കര്‍ണാടകയില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ നിലവിലുണ്ട്. ഇതൊന്നും വാര്‍ത്തയാകുന്നില്ല. ഹരിയാണയില്‍ ബി.ജെ.പി. എന്താണ് ചെയ്തത്? അവര്‍ പ്രധാന സഖ്യകക്ഷിയെ പുറത്തെറിഞ്ഞു. സര്‍ക്കാരില്‍നിന്ന് പുറത്തെറിഞ്ഞു. ഈ വാര്‍ത്ത മാധ്യമങ്ങള്‍ കാര്യമായി കൊടുത്തതേയില്ല. ഒന്നാംപേജ് വാര്‍ത്തപോലുമായില്ല. പക്ഷേ, ഇന്ത്യാസഖ്യത്തിലെ ചെറിയ വീഴ്ചപോലും ഒന്നാംപേജ് വാര്‍ത്തയാകും.

placeholder
മമതാബാനർജി, യോ​ഗേന്ദ്ര യാദവ്

മനോജ് മേനോന്‍: കുടം തുറന്നിറങ്ങിയ തിരഞ്ഞെടുപ്പ് ബോണ്ട് ഈ തിരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാകുമോ?

യോഗേന്ദ്ര യാദവ്: തിരഞ്ഞെടുപ്പ് ബോണ്ട് ഈ തിരഞ്ഞെടുപ്പില്‍ ഒരു പക്ഷേ, ഒരു ഗെയിം ചെയ്ഞ്ചറായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ഇത് രാഷ്ട്രീയ അഴിമതിയുടെ ഒരു വലിയ വെളിപ്പെടുത്തലാണ്. ആര്‍ക്കും ഒരു സംശയവുമില്ലാത്ത വിഷയമാണിത്. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ കഴിഞ്ഞകാല ഉദാഹരണമായിരുന്നു ബോഫോഴ്സ്. പക്ഷേ, കോടതികള്‍ക്ക്  അതില്‍ ഒരു കണ്ടെത്തല്‍ നടത്താന്‍ കഴിഞ്ഞില്ല. 2 ജി എന്നത് സി.എ.ജി.യുടെ ഒരു പെരുപ്പിച്ച് കാട്ടലായിരുന്നു, നിയമത്തിന് മുന്നില്‍ അതും നിലനിന്നില്ല. എന്നാല്‍, തിരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച വെളിപ്പെടുത്തല്‍ ഉണ്ടായതുതന്നെ കോടതിയില്‍ നിന്നാണ്. എസ്.ബി.ഐ.യും തിരഞ്ഞെടുപ്പ് കമ്മിഷനും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആര്‍ക്കും ഈ വിഷയത്തില്‍ സംശയമില്ല. ഈ ഭരണകാലത്തിന്റെ ഹൃദയമായ അഴിമതിയെ അത് തുറന്നുകാട്ടിയിരിക്കുന്നു എന്നതാണ് അതിന്റെ പ്രാധാന്യം. ഈ ഭരണകൂടവും വന്‍കിട കോര്‍പ്പറേറ്റ് താത്പര്യങ്ങളും തമ്മില്‍ കൈകോര്‍ക്കുന്നുവെന്ന് അത് വെളിപ്പെടുത്തുന്നു. ക്രോണി കോര്‍പ്പറേറ്റ് ക്യാപ്പിറ്റലിസം ഈ ഭരണകൂടത്തിന്റെ ഹൃദയമാണെന്ന് വ്യക്തമായിരിക്കുന്നു. ഇത് തുറക്കുന്നതോടെ മറ്റ് രീതിയിലുള്ള അഴിമതിയും പുറത്തുവരും. അദാനി, തിരഞ്ഞെടുപ്പ് ട്രസ്റ്റ്,റഫാല്‍, മറ്റ് രീതിയിലുള്ള അഴിമതികള്‍ എല്ലാം. ഇന്ത്യയിലെ ജനങ്ങള്‍ ഇതിലെല്ലാം സെന്‍സിറ്റീവാണ്. യഥാര്‍ഥ വെല്ലുവിളി പ്രതിപക്ഷത്തിനാണ്. രാജ്യത്തെ അവസാന വരിയില്‍ നില്‍ക്കുന്ന അവസാന മനുഷ്യനിലേക്ക് ഈ വിഷയങ്ങള്‍ എങ്ങനെ എത്തിക്കുമെന്നതാണ് പ്രധാനം. മൂന്നുദിവസം കൊണ്ട് ഈ വിഷയം അവസാനിക്കരുത്. പകരം മൂന്നുമാസത്തെ തുടര്‍ച്ചയായ വെളിപ്പെടുത്തലുകള്‍ വേണം. പ്രതിപക്ഷത്തിന് അത് ചെയ്യാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ തിരഞ്ഞെടുപ്പുകളെ മാറ്റിമറിക്കാവുന്ന ഒരു വിഷയമായി ഇത് മാറും.

മനോജ് മേനോന്‍: ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളാണ് താങ്കള്‍. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ എങ്ങനെയാണ് വീക്ഷിക്കുന്നത്? വിഷയം തിരഞ്ഞെടുപ്പില്‍ എത്ര സ്വാധീനമുണ്ടാക്കും?

യോഗേന്ദ്ര യാദവ്:എന്റെ തോന്നല്‍ അനുസരിച്ച്, അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് പ്രതിപക്ഷത്തിനെതിരേ കാര്യങ്ങള്‍ തിരിക്കാനുള്ള നീക്കമാണ്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുന്‍പുണ്ടായ ചില കാര്യങ്ങള്‍, മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രക്രിയകളെയും ഒരു തമാശയാക്കി മാറ്റി. മാച്ച് തുടങ്ങാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ റഫറിയെ മാറ്റുകയായിരുന്നു. ദുരൂഹസാഹചര്യത്തില്‍ ഒരു തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവെച്ചു. പൊടുന്നനെതന്നെ രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിച്ചു! മാത്രമല്ല, വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള ചുമതല പി.ഐ.ബി.ക്ക് നല്‍കിയിരിക്കുന്നു. ഇത് സംബന്ധിച്ച കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, ഇതിന്റെ ആശയം പ്രതിപക്ഷം പറയുന്ന മുഴുവന്‍ കാര്യങ്ങളും സെന്‍സര്‍ ചെയ്യുക എന്നതാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്കൗണ്ട് മരവിപ്പിക്കുക മാത്രമല്ല, 30 വര്‍ഷം പഴക്കമുള്ള കേസില്‍ ഇന്‍കം ടാക്‌സ് നോട്ടീസ് നല്‍കിയിരിക്കുന്നു! നടക്കുന്നത് മുഴുവന്‍ പ്രഹസനമാണ്. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റാണ് ഒടുവിലത്തെ സംഭവം. കേസ് യഥാര്‍ഥമാണോ അല്ലയോ എന്ന ചര്‍ച്ചയില്‍ ഞാന്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. അത് കോടതിയും നിയമവും തീരുമാനിക്കട്ടെ. എന്നാല്‍, സാധാരണനിലയില്‍, കേസിനിടയില്‍ ഓടിപ്പോകുന്ന ഒരാളെയാണ് അറസ്റ്റ് ചെയ്യേണ്ടത്. തെളിവ് നശിപ്പിക്കുമെന്ന് കരുതുന്ന ഒരാളെയാണ് അറസ്റ്റ് ചെയ്യേണ്ടത്. അരവിന്ദ് കെജ്രിവാള്‍ ഈ രാജ്യത്തുനിന്ന് ഓടിപ്പോകാന്‍ പോകുന്നില്ല. കഴിഞ്ഞ രണ്ടരവര്‍ഷമായി ഈ കേസുമായി ബന്ധപ്പെട്ട ഒരു തെളിവും കെജ്രിവാള്‍ നശിപ്പിച്ചിട്ടില്ല. ഇനിയും അത് കെജ്രിവാള്‍ ചെയ്യില്ല. മദ്യക്കേസ് യഥാര്‍ഥമാണെന്ന് തന്നെയിരിക്കട്ടെ. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ തെറ്റ് ചെയ്തെന്ന് തന്നെയിരിക്കട്ടെ. അങ്ങനെയെങ്കില്‍, ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യേണ്ട കാര്യമുണ്ടോ? ലോക്സഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു. അത് പൂര്‍ത്തിയാകാന്‍ കാത്തിരുന്നു കൂടേ? മാത്രമല്ല, തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി ബി.ജെ.പി. ക്ക് സംഭാവന നല്‍കിയ വ്യക്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഇതെല്ലാം പ്രഹസനങ്ങളാണ്. കെജ്രിവാളിനെ തകര്‍ക്കുക, ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കുക, അദ്ദേഹത്തിന്റെ സര്‍ക്കാരിനെ തകര്‍ക്കുക എന്നതാണ് ഇതിന്റെയെല്ലാം ലക്ഷ്യമെന്നാണ് എന്റെ മനസ്സില്‍ തോന്നുന്നത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം നിരവധി പേര്‍ക്കെതിരേ കേസെടുത്തു. നിരവധി റെയ്ഡുകള്‍ നടക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഈ തിരഞ്ഞെടുപ്പുതന്നെ പ്രഹസനമാണെന്ന് തോന്നിയാല്‍ അതിശയമില്ല.

placeholder
രാകേഷ് ടിക്കായത്ത്, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ യോഗേന്ദ്ര യാദവ്‌

മനോജ് മേനോന്‍: പക്ഷേ, ആം ആദ്മി പാര്‍ട്ടിയുടെ നില എന്താണ്? പത്തുവര്‍ഷം പിന്നിട്ടപ്പോള്‍ ആപ്പും മറ്റ് പരമ്പരാഗത പാര്‍ട്ടികളുടെ തലത്തില്‍ എത്തിയില്ലേ?

യോഗേന്ദ്ര യാദവ്: ആം ആദ്മി പാര്‍ട്ടി ഒരു സാധാരണ പാര്‍ട്ടിയായിരിക്കുന്നു. അത് മറ്റൊരു പാര്‍ട്ടി മാത്രമായിരിക്കുന്നു. ഒരു പാര്‍ട്ടി കൂടി എന്നത് മാത്രം. മുഖ്യധാരാ പാര്‍ട്ടിയില്‍ ഒന്നുമാത്രം. എന്നാല്‍, ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയെക്കുറിച്ചുള്ള എന്റെ വ്യക്തിപരമായ നിരാശ, സെക്കന്‍ഡറിയാണ്. ഇപ്പോള്‍ ഞാന്‍ രണ്ട് വിഭാഗങ്ങളെയാണ് പൊതുവേ കാണുന്നത്. ഒരാള്‍ നമ്മുടെ വീടിന് തീയിടാന്‍ ശ്രമിക്കുന്നു എന്ന് കരുതുക. ഞാന്‍ രണ്ട് തരത്തിലുള്ള വ്യക്തികളെയാണ് കാണുക. ആരാണോ തീയിട്ടത് അവര്‍ ഒരു വിഭാഗം, ബക്കറ്റില്‍ വെള്ളവുമായി വരുന്നവര്‍ രണ്ടാം വിഭാഗം. ബക്കറ്റില്‍ വെള്ളവുമായി വരുന്ന വ്യക്തി എന്റെ ശത്രുവാണെങ്കിലും ഞാന്‍  സ്വീകരിക്കും. എനിക്ക് ബക്കറ്റിന്റെ നിറം ഇഷ്ടപ്പെടാതിരിക്കാം. എന്നാല്‍, എന്റെ വിഷയം ബക്കറ്റിലെ വെള്ളമാണ്. ആം ആദ്മി പാര്‍ട്ടിയോടുള്ള എന്റെ സമീപനത്തിലെ വിഷയവും ഇതാണ്. ഇന്ന് അവര്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ്. ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നു. അവര്‍ ശരിയായ ഭാഗത്താണ് നില്‍ക്കുന്നതെന്ന് ഞാന്‍ കരുതുന്നു. അതിലെനിക്ക് വളരെ സന്തോഷമുണ്ട്. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും ഒരുമിച്ച് നില്‍ക്കുമെന്ന് ഞാന്‍ ഒരിക്കല്‍പ്പോലും കരുതിയില്ല. സുഗമമായി ഇത്തരത്തില്‍ സഖ്യം രൂപപ്പെടുത്താന്‍ കഴിയുമെന്ന് കരുതിയതേയില്ല. എന്നാല്‍ അത് യാഥാര്‍ഥ്യമായതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഡല്‍ഹിയില്‍ മാത്രമല്ല, ഹരിയാണയിലും ഗുജറാത്തിലും ഈ സഖ്യമുണ്ട്. ആം ആദ്മി പാര്‍ട്ടി ഇന്ത്യാ സഖ്യത്തിലെത്തി. അവര്‍ എവിടെ നിന്ന പാര്‍ട്ടിയാണെന്നോ എവിടെയായിരുന്നുവെന്നോ എനിക്ക് ഇപ്പോള്‍ വിഷയമല്ല. അതുപോലെ, ഞാന്‍ ശിവസേനയുടെ വിമര്‍ശകനാണ്. ശിവസേനയുടെ രാഷ്ട്രീയത്തെ ഞാന്‍ പൂര്‍ണമായി എതിര്‍ക്കുന്നു. പ്രത്യേകിച്ച് ബാല്‍താക്കറെയുടെ കാലഘട്ടം. എന്നാല്‍ ഉദ്ധവ് താക്കറെയുടെ പക്വതയോടെയുള്ള സമീപനത്തെ ഞാന്‍ അതിശയത്തോടെ കാണുന്നു.

മനോജ് മേനോന്‍: ഇന്ത്യയിലെ ദളിത് രാഷ്ട്രീയം ഒരു വഴിത്തിരിവിലാണ്. ചിതറിനിന്ന ദളിത് ധാരകളെ യോജിപ്പിച്ച് കാന്‍ഷിറാം വേദിയൊരുക്കുകയും മായാവതി നയിക്കുകയുംചെയ്ത ദളിത് പാര്‍ലമെന്ററി രാഷ്ട്രീയധാര ഇപ്പോള്‍ ക്ഷീണകാലത്തിലാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, മായാവതിയുടെ മൗനം മറ്റൊരു സൂചനയാണ് നല്‍കുന്നത്. മായാവതിയുടെ നിശ്ശബ്ദത ബി.ജെ.പിക്കുവേണ്ടിയാണെന്ന സംശയം ഉത്തര്‍പ്രദേശില്‍ ഉയരുന്നുണ്ട്. എന്ത് തോന്നുന്നു?

യോഗേന്ദ്ര യാദവ്: ആം ആദ്മി പാര്‍ട്ടിക്ക് പുറമേ എന്റെ ഏറ്റവുംവലിയ നിരാശകളിലൊന്ന് ബി.എസ്.പിയാണ്. അത് തുടങ്ങിയത് ഒരു വമ്പന്‍ പ്രതീക്ഷയിലായിരുന്നു. ഞാനൊരിക്കലും ബി.എസ്.പിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ, അവസാനത്തെ വരിയിലുള്ളവരുടെ ശബ്ദത്തെയും ചേര്‍ത്തുപിടിച്ചുകൊണ്ട് ബി.എസ്.പി ഈ രാജ്യത്തെ ജനാധിപത്യവത്കരിക്കുമെന്നായിരുന്നു ഞാനെപ്പോഴും ചിന്തിച്ചിരുന്നത്. കാന്‍ഷിറാമിനെ ചരിത്രം തികച്ചും വ്യത്യസ്തനായ ഒരു മനുഷ്യന്‍ എന്ന നിലയിലാണ് വിലയിരുത്തുന്നത്. ബി.എസ്.പി. ഒരു പുതിയ മണ്ഡലംതന്നെ സൃഷ്ടിച്ചു. നമ്മുടെ രാഷ്ട്രീയത്തില്‍ ഒരു പുതിയ വേദിതന്നെ തുറന്നു. എന്നാല്‍ മായാവതിയുടെ കീഴില്‍ ഈ രാഷ്ട്രീയത്തില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. ഇപ്പോള്‍ പൂര്‍ണമായും കോംപ്രമൈസ് ചെയ്യപ്പെട്ടുകഴിഞ്ഞു. ഇന്ത്യാ സഖ്യവുമായുള്ള മായാവതിയുടെ ബന്ധം നിശ്ചയിക്കുന്നത് ബി.ജെ.പിയുടെ ഇലക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അഥവാ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)ആണെന്നാണ് പലരും എന്നോട് പറയുന്നത്. അതുപോലെ, ബി.എസ്.പി ഒഴിയുന്ന ഇടങ്ങളില്‍ ബി.ജെ.പിയാണ് ഇടംപിടിക്കുന്നത് എന്നതാണ് യഥാര്‍ഥ ദുരന്തം. ഇത് പ്രതിപക്ഷ രാഷ്ട്രീയത്തില്‍ ഗുരുതരമായ സ്വാധീനമുണ്ടാക്കുന്നുണ്ട്. ദളിതുകളുടെ രാഷ്ട്രീയം, ഒ.ബി.സി രാഷ്ട്രീയം, മുസ്ലിം വിഭാഗത്തിന്റെ രാഷ്ട്രീയം പ്രത്യേകിച്ച് പസ്മന്ദ മുസ്ലിം തുടങ്ങിയ ഇടങ്ങളെല്ലാം ബി.ജെ.പി കയ്യടക്കാനൊരുങ്ങുകയാണ് എന്നതിലാണെന്റെ ആശങ്ക.

placeholder
യോഗേന്ദ്ര യാദവ്, മനോജ് മേനോന്‍

മനോജ് മേനോന്‍: ഇന്ത്യയില്‍ ഇനി ഇടത് രാഷ്ട്രീയത്തിന്റെ ഭാവി എന്താണ്?

യോഗേന്ദ്ര യാദവ്: ഞാനൊരിക്കല്‍ ഒരു ലേഖനം എഴുതി. ലെഫ്റ്റ് ഈസ് ഡെഡ്, ലോങ് ലിവ് ലെഫ്റ്റ് എന്നായിരുന്നു തലക്കെട്ട്. ബ്രിട്ടീഷ് രീതിയില്‍ കിങ് ഈസ് ഡെഡ്, ലോങ് ലിവ് കിങ് എന്ന് പറയുംപോലെ തലക്കെട്ടിട്ടതാണ്. ഇടതുപക്ഷം എന്നുദ്ദേശിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികളും മാര്‍ക്‌സിസ്റ്റ് ആശയവുമാണെങ്കില്‍, ഞാനൊരിക്കലും അതിന്റെ ഭാഗമായിട്ടില്ല.  ഞാനൊരിക്കലും കമ്യൂണിസ്റ്റ് മൂവ്മെന്റിന്റെ ഭാഗമായിരുന്നില്ല. ഞാനൊരിക്കലും ഒരു മാര്‍ക്‌സിസ്റ്റായിരുന്നില്ല. എനിക്ക് കൂടുതല്‍ അടുപ്പം ഗാന്ധിയോടാണ്. എന്റെ സ്വന്തം ധാര ലോഹ്യ, ജയപ്രകാശ് നാരായണന്‍, ആചാര്യ നരേന്ദ്രദേവ് ഇവരൊക്കെ നയിച്ച മാര്‍ക്‌സിസത്താല്‍ പ്രചോദിതമായതും ഗാന്ധിജിയെ തുല്യനിലയില്‍ കണ്ടതുമായ സോഷ്യലിസത്തിന്റെ ധാരയാണ്. എന്നാല്‍ പിന്നീട് സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും തമ്മില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ രൂപംകൊണ്ടു. കേരളത്തില്‍ നിന്നുവരുന്ന താങ്കള്‍ക്ക് അതേക്കുറിച്ച് കൂടുതല്‍ അറിയാം.  ഈ രാജ്യത്ത് നമ്മള്‍ ഇടതുപക്ഷത്തിന്റെ റോള്‍ വിലകുറച്ചുകണ്ടു എന്നാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്. അവര്‍ ജനാധിപത്യത്തെ ആഴമുള്ളതാക്കി. ജയിക്കുന്ന സീറ്റുകളുടെ എണ്ണത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ രാജ്യത്തെ ഇടതുപാര്‍ട്ടികളുടെ സംഭാവനകളെ അളക്കരുത്. ഇടതുപാര്‍ട്ടികളുടെ സീറ്റെണ്ണം കുറയുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ പൊതുസംസ്‌കാരത്തിന് അവരുടെ സംഭാവന വളരെ വലുതാണ്. ഇടതുപക്ഷം നമുക്ക് നമ്മുടെ ചില മികച്ച ചിന്തകരെത്തന്നു. രാജ്യത്തെ ഉന്നത കലാകാരന്‍മാരില്‍ ചിലരെത്തന്നു. ചില മികച്ച അധ്യാപകരെത്തന്നു. ഇടതുപക്ഷം കാരണമാണ് പഞ്ചാബിന് ആഴമുള്ള ജനാധിപത്യ സംസ്‌കാരമുണ്ടായത്. ഇടതുപക്ഷം മൂലമാണ് തെലങ്കാനയ്ക്ക് പൊതുപ്രതിരോധത്തിന്റെ (പബ്ലിക് റെസിസ്റ്റന്‍സ്) സംസ്‌കാരമുണ്ടായത്. ഇടതുപക്ഷം മൂലമാണ് കേരളം, ബംഗാള്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിരോധതലം രൂപപ്പെട്ടത്. ആ നിലയ്ക്ക് ഞാന്‍ ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, രണ്ടുതരം ശക്തികളെയാണ് കാണുന്നത്. റിപ്പബ്ലിക്കിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരും റിപ്പബ്ലിക്കിനെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നവരും. ഇടതുപക്ഷത്തിന്റെ അവശേഷിപ്പുകള്‍ രാജ്യത്തെ പ്രതിരോധശക്തിയുടെയും റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പിന്റെയും വളരെ നിര്‍ണായക ഭാഗമാണ്. ഞാന്‍ വീണ്ടും പറയുന്നു, വോട്ടുകളുടെയും സീറ്റുകളുടെയും അടിസ്ഥാനത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തി വിലയിരുത്തരുത്. നമ്മുടെ റിപ്പബ്ലിക്കിനെ തിരിച്ചെടുക്കാന്‍ ഇടതുപക്ഷത്തിന് രാജ്യത്ത് വളരെ നിര്‍ണായകമായ റോള്‍ വഹിക്കാനുണ്ട്. കാരണം, റിപ്പബ്ലിക്കിനെ വീണ്ടെടുക്കാനുള്ള ഒരേയൊരു മാര്‍ഗം, താഴെത്തട്ടിലേക്ക് പോവുക എന്നതാണ്. എലീറ്റ് ഓഫ് ദ കണ്‍ട്രി ബ്രിട്രേയ്ഡ് ദിസ് കണ്‍ട്രി. ഭരണവര്‍ഗം രാജ്യത്തിന്റെ അടിസ്ഥാനങ്ങള്‍ക്കെതിരേ തിരിഞ്ഞിരിക്കുന്നു.അതിനാല്‍ നമ്മള്‍ താഴെത്തട്ടിലേക്ക് പോകണം. അതിന് ഇടതുപാര്‍ട്ടികള്‍ വളരെ നിര്‍ണായകമായ സഖ്യകക്ഷിയാണ്. അതുപോലെത്തന്നെ രാജ്യം ഇടതുപക്ഷത്തെ റീ ഡിസ്‌കവര്‍ ചെയ്യണം. സമാനമായി, ഇടതുപക്ഷം സ്വന്തംനിലയില്‍ അവരുടെ ആത്മാവ് റീ ഡിസ്‌കവര്‍ ചെയ്യുകയുംവേണം. ചില കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യാഥാസ്ഥിതികത്വ (ഓര്‍ത്തഡോക്സി)ങ്ങളില്‍  ലയിച്ചുകിടക്കാത്ത ഒരു കാര്യമാണത്. സിദ്ധാന്തമാണ് ഇടതുപാര്‍ട്ടികളുടെ പ്രശ്‌നം. അവരുടെ സിദ്ധാന്തം യൂറോപ്യന്‍ചരിത്രത്തിന്റെ വലിയഅളവ് അവശേഷിപ്പുകള്‍ പേറുന്നുണ്ട്. യൂറോപ്പില്‍നിന്ന് ലഭിച്ച സിദ്ധാന്തങ്ങളുടെ ഭാരം അവരുടെ സിദ്ധാന്തങ്ങള്‍ പേറുന്നുണ്ട്. അവരുടെ ലക്ഷ്യം ശരിയാണ്, അവരുടെ ഹൃദയം ശരിയായ സ്ഥാനത്താണ്. പക്ഷേ, അവരുടെ തലച്ചോറ് കണ്ടീഷന്‍ ചെയ്യപ്പെട്ടുപോയി. സങ്കല്പങ്ങളും സിദ്ധാന്തങ്ങളും വ്യത്യസ്തമായ ഒരു ഭൂഖണ്ഡത്തില്‍നിന്ന് എടുത്തതാണ്. അവര്‍ ഇക്കാര്യം തിരിച്ചറിയുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഈ രാജ്യത്തിന്റെ ഭാവി നിര്‍മിക്കുന്നതിന്, കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോളം മേധാവിത്വം പുലര്‍ത്തിയ മാവോയിസ്റ്റ് കമ്യൂണിസ്റ്റ്, സോവിയറ്റ് കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ്സ്, അംബേദ്കറൈറ്റ്സ് ആശയങ്ങള്‍ തമ്മിലുള്ള ചെറിയ വ്യത്യാസങ്ങളെല്ലാം നിര്‍ബന്ധമായും മാറ്റിവയ്ക്കണം.  നമ്മളെല്ലാംചേര്‍ന്ന് ഒരു ഏകധാര (സിംഗിള്‍ സ്ട്രീം) സൃഷ്ടിക്കണം. ഈ ഏകധാരയില്‍ കമ്യൂണിസ്റ്റുകള്‍, അംബേദ്കറൈറ്റ്സ്, ഫെമനിസ്റ്റുകള്‍ ഇതായിരിക്കണം കാതല്‍. ഭാവിയില്‍ ഇന്ത്യയുടെ റിപ്പബ്ലിക് സ്വഭാവം വീണ്ടെടുക്കുന്നതിന് പ്രവര്‍ത്തിക്കാന്‍ ആശയപരമായ കാതല്‍(ഐഡിയോളജിക്കല്‍ കോര്‍)ഇതായിരിക്കണം. 

(മാതൃഭൂമി ആഴ്ചപ്പതിപ്പ് ഏപ്രിൽ 14 ലക്കത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖം)