
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയെ മുൻനിർത്തി, എഴുത്തുകാരൻ ജയമോഹൻ നടത്തിയ പ്രസ്താവന ചർച്ചയായിരുന്നു. സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉൾപ്പെടെയുള്ളവർ നിശിതവിമർശനമുയർത്തി. 'നൂറ് സിംഹാസനങ്ങൾ' എന്ന നോവൽ വിമർശനവിധേയമായി. വിവാദത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും പറയുകയാണ് ജയമോഹൻ.
അരുണ്‍ പി. ഗോപി: രണ്ടുതരത്തിലാണ് ജയമോഹനെ ഇന്ന് മലയാളികള്‍ക്ക് സുപരിചിതം. ഒന്ന്, എഴുത്തില്‍ നാഞ്ചിനാടന്‍ കാറ്റിന്റെ തിണൈക്കൂറുള്ള എഴുത്താളന്‍. മറ്റൊന്ന് മലയാളി വിരുദ്ധത നിറഞ്ഞയാള്‍. ഭാഷയുടെയോ പ്രാദേശികതയുടെയോ പേരില്‍ കന്നഡിഗരെയോ തമിഴരയോ പോലെ വാശിപിടിക്കാത്തവരാണ് മലയാളികള്‍. അക്ഷരമാല പഠിക്കണമെന്ന് നിര്‍ബന്ധമില്ലാത്തവരാണ്. ഭൂമിശാസ്ത്രപരമായി ഉപദ്വിപീയ സംസ്‌കാരം പേറുന്ന കേരളം എല്ലാത്തിനെയും സ്വീകരിക്കുന്നു. ജന്മംകൊണ്ട് മലയാളിയായ താങ്കള്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുന്നു. താങ്കളുടെ എഴുത്ത് ഇഷ്ടപ്പെട്ടവര്‍പോലും വിവാദപരാമര്‍ശത്തില്‍ എതിര്‍ച്ചേരിയിലാണ്?
ജയമോഹന്‍: ഒരാളുടെ ജന്മ അടയാളം ഒരിക്കലും മായ്ക്കാനോ മറയ്ക്കാനോ പാടില്ല. പ്രത്യേകിച്ചൊരു എഴുത്തുകാരന്‍. ഞാന്‍ ജന്മനാ മലയാളിയാണ്. സാംസ്‌കാരികമായി തെക്കന്‍ തിരുവിതാംകൂര്‍കാരനാണ്, കന്യാകുമാരി ജില്ലക്കാരനാണ്. ഈ അടയാളങ്ങള്‍ എന്റെ വ്യക്തിത്വത്തിലും എഴുത്തിലുമുണ്ട്. എന്റെ ഒരു പുസ്തകത്തിലും ഇക്കാര്യം മറച്ചുവെച്ചിട്ടില്ല. അതേസമയം, മലയാളത്തിന്റെ തായ്മണ്ണ് പഴന്തമിഴാണ്. വിശാലമായ ഒരു തമിഴ് സംസ്‌കാരത്തിന്റെ വളര്‍ച്ചയാണ് മലയാള സംസ്‌കാരം എന്നൊരു ബോധം എനിക്കുണ്ട്. ചേരനാടാണ് എന്റേത്. ആയി അന്തിരന്റെയും ഭാസ്‌കര രവിവര്‍മന്റെയുമൊക്കെ നാട്. ആ ചരിത്രബോധവും എനിക്കുണ്ട്. ക്ലാസിക്കല്‍ തമിഴ് സാഹിത്യത്തെക്കുറിച്ച് ഈ തലമുറയില്‍ ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ള വ്യക്തികൂടിയാണ് ഞാന്‍. സംസ്‌കൃതസ്വാധീനമില്ലാതെ പരിപൂര്‍ണമായും തമിഴില്‍ രചിക്കപ്പെട്ടിട്ടുള്ള കൃതികള്‍ രചിച്ചിട്ടുണ്ട്. തമിഴ് നവീകരണത്തിന്റെ ഒരു ഭാഗംകൂടിയാണിത്. മലയാളിയായി നിന്നുകൊണ്ടുതന്നെ സാംസ്‌കാരികമായി കൂടുതല്‍ ആഴമുള്ള ഒരു തമിഴനായും ഞാന്‍ നിലകൊള്ളുന്നു. കന്നഡിഗരെപ്പോലെയോ തമിഴരെപ്പോലെയോ ഭാഷാ രാഷ്ട്രീയം കേരളത്തിലില്ലെന്നത് സത്യമാണ്. എന്നാല്‍, മലയാളിക്കും മറ്റേതൊരു ജനവിഭാഗത്തെപ്പോലെയും തങ്ങള്‍ മാത്രമാണ് കേമന്മാര്‍ എന്നൊരു ധാരണയുണ്ട്. ഒരു വിമര്‍ശനവും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരുതരം ധാർഷ്ട്യവുമുണ്ട്. അതില്‍ തമിഴരും മലയാളികളും ഒട്ടും കുറഞ്ഞവരല്ല. പക്ഷേ, ആത്മപരിശോധനയില്ലാതെ വെറുമൊരു അഹങ്കാരമായി അത് തീരുമ്പോള്‍ അതൊരു നല്ലകാര്യമാണെന്ന് വിലയിരുത്താന്‍ കഴിയില്ല. തമിഴ്‌നാടില്‍ ഭാഷാ ന്യൂനപക്ഷം ഏതാണ്ട് 40 ശതമാനം ആണ്. കേരളത്തില്‍ ഒരു ശതമാനം പോലുമില്ല. അവരോടു മലയാളികള്‍ക്കുള്ള സമീപനം ഏതാണ്? പുച്ഛവും അവഹേളനവും അല്ലെന്ന് പറയാനാവുമോ? ഞാന്‍ മലയാളത്തില്‍ കുറച്ചുമാത്രമേ എഴുതിയിട്ടുള്ളൂ. അതിന് കാരണം എന്റെ ചിന്തയുടെയും വികാരങ്ങളുടെയും ഭാഷ തമിഴായതുകൊണ്ടാണ്. ഞാന്‍ താമസിച്ചുപോരുന്നതും തമിഴ്‌നാട്ടിലാണ്. മലയാളി വിരുദ്ധന്‍ എന്നൊരു ധാരണയുണ്ടെന്നത് എനിക്ക് പുതിയ അറിവാണ്. പക്ഷേ, ഞാനൊരു തമിഴ് വിരുദ്ധനാണെന്ന് ഇവിടെ പരക്കെ പറയാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ സ്വയം എന്തെങ്കിലുമൊരു അടയാളം പേറുന്നവരെല്ലാവരും എന്നെ എതിര്‍ച്ചേരിയില്‍ നിര്‍ത്തുന്നതായാണ് കാണുന്നത്. എം. ഗോവിന്ദനോ പി.കെ. ബാലകൃഷ്ണനോ കേരള സംസ്‌കാരത്തിന്റെ മുന്നില്‍ വെച്ചിട്ടുള്ള കടുത്ത വിമര്‍ശനങ്ങള്‍ക്ക് തുല്യമായതൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. സംശയമുള്ളവര്‍ പി.കെ. ബാലകൃഷ്ണന്‍ എഴുതിയ നാരായണ ഗുരു സമാഹൃതഗ്രന്ഥത്തിലെ വിമര്‍ശനങ്ങള്‍ കാണുക. ടിപ്പു സുല്‍ത്താന്‍ പോലുള്ള ചരിത്രകൃതിയിലുള്ള നിശിതമായ വിമര്‍ശനങ്ങള്‍, ജാതിവ്യവസ്ഥയും കേരളചരിത്രവും പോലുള്ള കൃതികളിലുള്ള പരിപൂര്‍ണമായ നിരാഹരണങ്ങളും വിമര്‍ശനങ്ങളും വായിച്ച് നോക്കുക. മലയാളികള്‍ എന്നെ വിരുദ്ധനായി കാണണമെങ്കില്‍ പി.കെ. ബാലകൃഷ്ണനെയും എം. ഗോവിന്ദനെയുമെല്ലാം മലയാളി വിരുദ്ധരായി കാണേണ്ടിവരും. മലയാളിയുടെ പോക്ക് അങ്ങോട്ടേക്കാണെങ്കില്‍ അതൊരു ചരിത്രഗതിയാണെന്നേ ഞാന്‍ കരുതുകയുള്ളൂ. എന്നെ മലയാളി വിരുദ്ധനായി ചിത്രീകരിക്കുന്നതുകൊണ്ട് എനിക്ക് നഷ്ടമൊന്നുമില്ല. മലയാളികളില്‍നിന്നോ തമിഴരില്‍നിന്നോ ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നുമില്ല. അവാര്‍ഡുകളോ മറ്റെന്തെങ്കിലും പാരിതോഷികങ്ങളോ പണമോ ഞാന്‍ സ്വീകരിക്കാറില്ല. എനിക്ക് ലഭിച്ച പദ്മശ്രീ പുരസ്‌കാരം പോലും ഞാന്‍ നിഷേധിച്ചതാണ്. എഴുത്തുകാരനെന്ന നിലയില്‍ ഞാന്‍ എന്നും ഒറ്റയ്ക്കാണ്, എന്നും അങ്ങനെതന്നെയായിരിക്കും.
അരുണ്‍ പി. ഗോപി: നാഞ്ചിനാട് -കേരളത്തില്‍നിന്നും അടര്‍ന്നുപോയ നാടാണല്ലോ! നാഞ്ചിനാടിന്റെ സങ്കരസംസ്‌കാരം പോലെ ജയമോഹനിലും തമിഴും മലയാളവും ഇടകലര്‍ന്നിരിക്കുന്നു. മുന്‍പൊരിക്കല്‍ കരുണാനിധി ഒരു തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞത് ''നെല്ലൈ നമുക്ക് നല്ലൈ, കുമരി നമുക്ക് തൊല്ലൈ'' എന്നാണല്ലോ. തമിഴ് മണ്ണില്‍ ജീവിക്കുമ്പോള്‍ നാഞ്ചിനാട്ടുകാരന്റെ അന്യതാബോധം അനുഭവപ്പെട്ടിട്ടുണ്ടോ? മലയാളിയെ വിമര്‍ശിക്കുന്നതുപോലെ തമിഴരെ വിമര്‍ശിക്കുവാന്‍ ധൈര്യപ്പെടുമോ?
ജയമോഹന്‍: കേരളത്തോട് ഒരു അന്യതാബോധം ഉണ്ടോയെന്ന് ചോദിച്ചാല്‍, ഒരുപരിധിവരേയ്ക്കുമുണ്ട്. അതേ അന്യതാബോധം തമിഴ്നാടിനോടുമുണ്ട്. അത് കന്യാകുമാരി ജില്ലയിലെ എല്ലാവര്‍ക്കുമുണ്ടാകും. രണ്ടുഭാഗത്തും പരിപൂര്‍ണമായും ചേരാന്‍ കഴിയില്ല. പക്ഷേ, ഒപ്പം തന്നെ ഈ രണ്ട് സംസ്‌കാരങ്ങളോട് അതീവമായ ഒരു പ്രിയവും എനിക്കുണ്ട്. കേരള സംസ്‌കാരത്തിന്റെ എല്ലാഭാഗവും വായിച്ച് പഠിച്ചിട്ടുണ്ട്. കേരളചരിത്രം വര്‍ഷങ്ങളോളം എന്റെ പഠനവിഷയമായിരുന്നു. കെ.പി. പത്മനാഭമേനോനില്‍നിന്നും ശങ്കുണ്ണിമേനോനില്‍നിന്നും തുടങ്ങി, എം.ജി.എസ് നാരായണന്‍ വരെയുള്ള ചരിത്രകാരന്മാരെ വായിച്ചിട്ടുണ്ട്. പല ചരിത്ര ലേഖനങ്ങളും തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. കണ്ണശ്ശരാമായണത്തില്‍ തുടങ്ങി വൈലോപ്പിള്ളി വരെ നീളുന്ന കവികളെയും വായിച്ചിട്ടുണ്ട്. മലയാളത്തില്‍ അറിയുന്നതും അറിയപ്പെടാത്തതുമായ ഒരുപാട് എഴുത്തുകാരെ വായിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതൊക്കെ വായിച്ചത് മലയാളത്തോടുള്ള മോഹം കൊണ്ടുതന്നെയാണ്. മലയാളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ നേരില്‍ച്ചെന്ന് കണ്ട്, പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിനെയും തകഴിയെയും നേരില്‍പ്പോയി കണ്ടിട്ടുണ്ട്. ജോണ്‍ എബ്രഹാമുമായി സൗഹൃദമുണ്ടായിരുന്നു. ആറ്റൂര്‍ എന്റെ ഗുരുനാഥന്‍ കൂടിയായിരുന്നു. നിത്യചൈതന്യയതി എന്റെ അദ്ധ്യാത്മിക വഴികാട്ടിയും. തമിഴ്നാട്ടില്‍നിന്നുകൊണ്ട് തമിഴരെ വിമര്‍ശിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു. മലയാളികളെ വിമര്‍ശിച്ചിട്ടുള്ളതിനെക്കാള്‍ നൂറിരട്ടി തമിഴ് സംസ്‌കാരത്തെയും തമിഴ് ചരിത്രത്തെയും തമിഴ് സാഹിത്യത്തെയും തമിഴ് വ്യക്തിത്വങ്ങളെയും വിമര്‍ശിച്ചിട്ടുണ്ട്. അതിലൊരിക്കലും മറയ്ക്കാറുമില്ല. എന്ത് പ്രത്യാഘാതം നേരിടേണ്ടി വരുമെങ്കിലും നേരിടാന്‍ തന്നെ തുനിഞ്ഞിട്ടുണ്ട്. എഴുത്തുകാരനെ അറിയാത്തവര്‍, വായിക്കാത്തവര്‍ അത്തരം വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെയാണ് സമീപിക്കുന്നത്. ഇന്നത്തെ ചുറ്റുപാടില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുകയും മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്യുമ്പോള്‍ എഴുത്തുകാരനെ ഒരുവരിപോലും വായിക്കാത്തവര്‍ ഈ ചര്‍ച്ചകളിലേക്ക് കടന്നുവരുകയും 'ഇവന്‍ ആരെടേയ്' എന്ന് ചോദിക്കുകയും ചെയ്യുന്നു. അവരോടു എഴുത്തുകാരന് ഒന്നും സംസാരിക്കുവാനുമില്ല. പഴയ സാഹിത്യം ജനങ്ങള്‍ക്ക് ഉപദേശം നല്‍കുന്നതും അധികാരത്തോടും വ്യവസ്ഥയോടും ഒത്തുചേര്‍ന്നുനില്‍ക്കുന്നതുമാണ്. അതേസമയം, ആധുനിക സാഹിത്യത്തില്‍ രണ്ടു ചേരികളുണ്ട്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് അധികാരം എന്നതിനാല്‍ ജനങ്ങളെ ആകര്‍ഷിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന എഴുത്ത് ഒരു വശത്ത്. ജനപ്രിയസാഹിത്യവും പുരോഗമന സാഹിത്യവും ആ ജനുസ്സില്‍പ്പെടും. അധികാരത്തില്‍ എത്തിപ്പെട്ടാല്‍ പുരോഗമന സാഹിത്യം അധികാര വിളംബരമായി മാറും. മറ്റൊന്ന് അധികാരത്തെയും വ്യവസ്ഥിതിയെയും വിമര്‍ശിക്കുന്നതാണ്. വിമര്‍ശനമാണ് ആ സാഹിത്യത്തിന്റെ അടിസ്ഥാനം. ഈ സാഹിത്യരീതി പിന്തുടരാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ആധുനികസാഹിത്യം ഒരുതരം അസഹിഷ്ണുതയില്‍നിന്നാണ് തുടങ്ങുന്നത്. സാഹിത്യകാരന്‍ അയാളെ അലോസരപ്പെടുത്തുന്ന കാര്യങ്ങളെയാണ് എഴുതുന്നത്. മലയാളത്തിലെ ആധുനിക എഴുത്തുകാരെന്ന് വിശേഷിപ്പക്കപ്പെടുന്നവരെല്ലാം എഴുത്തില്‍ അത്തരം അലോസരം സൃഷ്ടിച്ചവരാണ്. തകഴിയുടെയും ബഷീറിന്റെയും കൃതികള്‍ അവഹേളിക്കപ്പെട്ടിട്ടുണ്ട്. നിരോധിക്കപ്പെട്ടിട്ടുമുണ്ട്. അതാണ് ആധുനിക സാഹിത്യത്തിന്റെ സ്വഭാവം. മുപ്പതുകൊല്ലം കൊണ്ട് തമിഴില്‍ എത്രവിവാദങ്ങളാണ് എന്റെ എഴുത്തുകളില്‍ക്കൂടി ഉണ്ടായിട്ടുള്ളത്. പലപ്പോഴും ആരും പറയാത്ത കാര്യം പറഞ്ഞേ മതിയാകൂവെന്ന് തോന്നിയപ്പോള്‍ പറഞ്ഞുപോയവയാണ് അതെല്ലാം. ചിലത് സാഹിത്യ സംബന്ധിയായുള്ളതാണ്. ഉദ്ദാഹരണമായി തമിഴില്‍ നോവല്‍ സങ്കല്പം അപൂര്‍ണമാണ്, മഹാനോവല്‍ എന്നത് ദര്‍ശനവും കാലബോധവും ചരിത്രബോധവും തത്ത്വചിന്തയും ഉള്ളതാണെന്ന് ഞാന്‍ 1990-ല്‍ പറഞ്ഞു. നീണ്ട കഥകളോ ജീവിതത്തിലെ ഒരു സന്ദര്‍ഭം മാത്രം പറയുന്ന കഥകളോ അല്ല നോവല്‍. തമിഴ് സാഹിത്യ മഹാരഥന്മാരേ അവഹേളിക്കുന്നുവെന്നായിരുന്നു ഉയര്‍ന്ന വിവാദം. എന്റെ ആശയം മുന്നോട്ടുവെക്കാന്‍ ''നോവല്‍ സിദ്ധാന്തം'' എന്ന പേരില്‍ ഒരു വിമര്‍ശനകൃതിയും ഞാന്‍ എഴുതുകയുണ്ടായി. അതിനു പിന്നാലെയാണ് എന്റെ വലിയ നോവലായി വിഷ്ണുപുരം പുറത്തിറങ്ങുന്നത്. കരുണാനിധിയെ വിമര്‍ശിച്ചതിന് എനിക്ക് ജീവിതത്തില്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വന്നു. തമിഴരുടെ നേതാവായ കരുണാനിധി സാഹിത്യത്തിലെ മുമ്പനാണെന്ന് ചില രാഷ്ട്രീയ വാഴ്ത്തുകള്‍ ഉണ്ട്. കരുണാനിധിയുടെ എഴുത്ത് സാഹിത്യം അല്ല, അത് രാഷ്ട്രീയപ്രചാരണം മാത്രമാണെന്ന് ഞാന്‍ ഒരുവേദിയില്‍ പറയുകയുണ്ടായി. 2003-ലായിരുന്നു അത്. അതുപറയാനുള്ള കാരണം, തൊട്ടുമുമ്പുള്ള ദിവസം ഒരു മീറ്റിംഗില്‍ തമിഴ് ആധുനികസാഹിത്യത്തിലെ ചിലര്‍ കരുണാനിധിയാണ് തമിഴിലെ ഏറ്റവും വലിയ എഴുത്തുകാരനെന്ന് പുകഴ്ത്തിപ്പറയുകയുണ്ടായി. അതിനെയാണ് ഞാന്‍ വിമര്‍ശിച്ചത്. തമിഴ്നാട് മുഴുവന്‍ വന്‍ എതിര്‍പ്പാണ് എനിക്കെതിരെയുണ്ടായത്. വധഭീഷണിയുണ്ടായി, ഒരുമാസത്തോളം വീടുവിട്ട് ഒളിവില്‍പ്പോകേണ്ടി വന്നു. ഏതാനും എഴുത്തുകാര്‍ മാത്രമായിരുന്നു പിന്തുണച്ചത്. പിന്തുണയ്ക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും ഉണ്ടായിരുന്നില്ല. അവരുടെ പിന്തുണ ഞാന്‍ പ്രതീക്ഷിച്ചതുമില്ല. കുറച്ചുകാലം കഴിഞ്ഞ് കരുണാനിധി വ്യക്തിപരമായി എന്നെ കാണണമെന്ന് പറഞ്ഞ് ആളെയയച്ചു. പക്ഷേ, ഞാന്‍ പോയില്ല. കാരണം, വളഞ്ഞ് ഓച്ഛാനിച്ച് നില്‍ക്കുകയെന്നത് എന്റെ രീതിയല്ല. എന്റെ 'കൊറ്റവൈ', 'അറം' പോലുള്ള കൃതികള്‍ അതിനോടകം അദ്ദേഹം വായിച്ചിരുന്നു. എന്നെക്കുറിച്ച് നല്ല അഭിപ്രായം അദ്ദേഹത്തിനുണ്ടെന്ന് ഞാന്‍ സുഹൃത്തുക്കളിലൂടെ മനസ്സിലാക്കിയിരുന്നു. എങ്കിലും അധികാരപീഠത്തിന്റെ അടുത്തുചെല്ലാനുള്ള വിമുഖത എനിക്ക് എന്നുമുണ്ടായിരുന്നു. മറ്റൊരു വിവാദത്തിന് വഴിവെച്ചത് എം.ജി.ആറിനെയും ശിവാജി ഗണേശനെയും പരിഹസിച്ചുകൊണ്ട് എഴുതിയ രണ്ട് ലേഖനങ്ങളാണ്. അന്ന് ഞാനെഴുതിക്കൊണ്ടിരുന്ന പ്രത്യേകതം എഴുത്തിന്റെ ഭാഗമായാണ് അത് ചെയ്തത്. എം.ജി.ആറിനെയും ശിവാജി ഗണേശനെയും മാത്രമല്ല, എന്റെ ഗുരുനാഥനായ നിത്യചൈതന്യയതിയെയും പരിഹസിച്ചുകൊണ്ടുള്ള ഒരു ലേഖനനിര ആയിരുന്നുവത്. ഒരുതരം പോസ്റ്റ് മോഡേണ്‍ എഴുത്ത് എന്നുപറയാം. തമിഴകത്തുള്ള എം.ജി.ആറിന്റെയും ശിവാജി ഗണേശന്റെയും ഫാന്‍സുകള്‍ ഇളകി. പിന്നെയും വധഭീഷണി ഉണ്ടായി. വീണ്ടും ഉളിവില്‍ പോകേണ്ടി വന്നു. വീട്ടില്‍ നേരിട്ട് വന്ന് കൊല്ലുമെന്ന തരത്തില്‍ ഭീഷണി മുഴക്കിയ സന്ദര്‍ഭം പോലും ഉണ്ടായിട്ടുണ്ട്. എന്നെ സിനിമയില്‍നിന്ന് പുറത്താക്കണമെന്ന് ഇവിടെയുള്ള സിനിമാ സംഘടനകള്‍ ചേര്‍ന്ന് തീരുമാനമെടുത്തു. അന്ന് എന്റെയൊപ്പം നിന്നത് ഇളയരാജയും സംവിധായകന്‍ ബാലയും മാത്രമായിരുന്നു.

അരുണ്‍ പി. ഗോപി: അമ്മയും അച്ഛനും ആത്മഹത്യ ചെയ്ത ജീവിതസാഹചര്യത്തിലൂടെ കടന്നുപോയ വ്യക്തിയാണ് താങ്കള്‍. ആശാനെയും ചങ്ങമ്പുഴയെയും പി.യെയുമെല്ലാം വായിച്ചിരുന്ന അമ്മ, ആത്മഹത്യ ചെയ്തതിന്റെ പിന്നിലുള്ള വ്യഥ എന്തായിരിക്കും?
ജയമോഹന്‍: എന്റെ അമ്മയും അച്ഛനും 1986-ലാണ് ആത്മഹത്യ ചെയ്യുന്നത്. ഒരുപാട് കാലം അതിനെപ്പറ്റി ഒരുവരിപോലും എഴുതാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അനുഭവം വെന്ത് ഭസ്മമായാല്‍ മാത്രമേ എഴുതാനാവൂ. അതിനെയാണ് വിഭൂതി എന്നുപറയുന്നത്. അവരുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സാധാരണ ഇന്ന് കുടുംബങ്ങളില്‍ കാണുന്നതുപോലുള്ള പ്രശ്‌നങ്ങളായിരുന്നില്ല. തിരുവിതാംകൂറില്‍ മക്കത്തായ സമ്പ്രദായം മാറിവരുന്ന കാലഘട്ടത്തിലാണ് അവര്‍ ജനിച്ചതും പിന്നീട് വിവാഹിതരായതും. ചെറുപ്പത്തില്‍തന്നെ തമിഴ്നാട്ടില്‍ ജോലിചെയ്ത ആളായിരുന്നു അച്ഛന്‍. തമിഴ് രീതിയില്‍ പെണ്ണിനെ കല്യാണം കഴിച്ചുകൊണ്ടുവന്ന് തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവളായി പൊറുപ്പിക്കണം എന്ന ചിന്താഗതിയായിരുന്നു അദ്ദേഹത്തിന്. അതാണ് പൗരുഷമെന്നും ധരിച്ചുവെച്ചിരുന്നു. തമിഴന്റെ ഭാര്യ ഭര്‍ത്താവിനെ എതിര്‍ത്ത് ഒരു വാക്ക് പറയാറില്ലെന്ന് ഇടയ്ക്കിടെ അച്ഛന്‍ പറയുമായിരുന്നു അമ്മ ജനിച്ചത് പഴയൊരു തറവാട്ടിലായിരുന്നു. കമ്യൂണിസ്റ്റായിരുന്നു അമ്മയുടെ മൂത്ത ജ്യേഷ്ഠ്ന്‍. ചേട്ടന്റെ തണലില്‍ വളര്‍ന്ന അമ്മയ്ക്ക് ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും സാഹിത്യവായനയുണ്ടായിരുന്നു. രാഷ്ട്രീയവും സംഗീതപ്രേമവുമെല്ലാം ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി. അമ്മ, ചെറുപ്പത്തില്‍ രണ്ട് കഥകള്‍ എഴുതി, അവ തമിഴില്‍ പ്രസിദ്ധീകരിച്ചു. അങ്ങനെയൊരു പെണ്ണിനെ അച്ഛന്‍ ഉദ്ദേശിച്ചിരുന്നില്ല. അച്ഛന് അമ്മയോട് കടുത്ത ആരാധനയും പ്രേമവുമുണ്ടായിരുന്നു. എന്നാല്‍, തന്റെ ഭാര്യ തന്റെ വരുതിക്ക് നില്‍ക്കുന്നവളല്ല, അവളുടെ ആരാധനാപാത്രം സ്വന്തം ചേട്ടനാണ് എന്ന ബോധവുമുണ്ടായി. അച്ഛന്റെ ഈ അപകര്‍ഷാബോധമാണ് കുടുംബപ്രശ്‌നത്തിന്റെ ആക്കംകൂട്ടിയത്. അമ്മയ്ക്ക് പതിനെട്ട് തികയുന്ന കാലത്താണ് ഞങ്ങളുടെ നാട്ടില്‍ ചങ്ങമ്പുഴയുടെ രമണന്‍ ഹരമായി മാറുന്നത്. അമ്മ, കാളിപ്പെണ്ണിന്റെ കൈയില്‍ തേങ്ങ കൊടുത്തയച്ച് വിറ്റ് രമണന്‍ വാങ്ങി. കാളിപ്പെണ്ണിനും അമ്മയ്ക്കും ഒരേപ്രായം. അന്നൊക്കെ കുലസ്ത്രീകള്‍ കവിത വായിക്കുന്നത് ചാരിത്രദോഷം വരുത്തിവയ്ക്കുമെന്ന ചിന്ത പ്രബലമായ കാലം. അങ്ങനെ ഓലയും മട്ടലും അടുക്കിവെച്ചിരുന്ന വിറകുപുരയുടെ ഉള്ളില്‍ക്കയറി കതകടച്ചിരുന്ന് രണ്ടാളും രമണന്‍ വായിച്ച് കരഞ്ഞു. അമ്മ 'രമണനി'ല്‍നിന്ന് ആശാനിലേക്ക് വളര്‍ന്നു. വൈലോപ്പിള്ളിയെയും അമ്മയ്ക്ക് ഇഷ്ടമായിരുന്നു. പക്ഷേ, വള്ളത്തോളിനെ കവിയായി അംഗീകരിക്കാന്‍ മടിതോന്നി. മുടി നരച്ചുതുടങ്ങിയപ്പോള്‍ എഴുത്തച്ഛനെപ്പോലെ മറ്റൊരാള്‍ ഇല്ലെന്നായി. അനുജത്തിയെ പ്രസവിച്ചുകിടക്കുമ്പോഴാണ് കൂട്ടുകാരിയായ കാളിപ്പെണ്ണിന്റെ ആത്മഹത്യ അമ്മ അറിയുന്നത്. പുലയസമുദായത്തില്‍ ബഹുഭാര്യത്വം കൂടുതലുള്ള കാലമായിരുന്നു. ഭര്‍ത്താവ് ഒരുപതിനേഴുകാരിയെ വിവാഹം കഴിച്ചതറിഞ്ഞാണ് കാളിപ്പെണ്ണ് ജീവിതം വെടിഞ്ഞത്. അതിനുശേഷം അമ്മയ്ക്ക് ചങ്ങമ്പുഴ കവിതകള്‍ ഇഷ്ടമില്ലാതായി. പ്രത്യേകിച്ചും രമണന്‍. അതിനുശേഷം അമ്മ ഇംഗ്ലീഷില്‍ കൂടുതല്‍ വായിച്ചുതുടങ്ങി. താക്കറേ, ജോര്‍ജ് എലിയറ്റ്, ഡബ്‌ള്യു.ബി. യേറ്റ്സ്, ഒടുവില്‍ ഹെമിങ്വേ.
അമ്മ വളര്‍ത്തിയ കുട്ടിയാണ് ഞാന്‍. എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പടം കാണിച്ച് മോന്‍ ഇതുപോലെ ആകണമെന്ന് പറഞ്ഞത് ഓര്‍മയുണ്ട്. ഒന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ ഓരോരുത്തരും എന്താകണമെന്ന് ടീച്ചര്‍ ചോദിച്ചപ്പോള്‍ ഞാന്‍ എണീറ്റ് വൈക്കം മുഹമ്മദ് ബഷീര്‍ ആകണമെന്ന് പറഞ്ഞു. ആരാണ് ഈ ബഷീറെന്ന് തമിഴ് ടീച്ചര്‍ക്ക് അറിയില്ലായിരുന്നു. അവരെന്നെയും കൂട്ടി വീട്ടില്‍ വരുകയും അമ്മയെ പരിചയപ്പെടുകയും ചെയ്തു. ഒരുപാട് കാലം അവരുടെ സൗഹൃദം നീണ്ടുനില്‍ക്കുകയും ചെയ്തു. മധുരം എന്നാണ് അവരുടെ പേര്. നീ നല്ലൊരു എഴുത്തുകാരനാകണം എന്നതൊഴിച്ച് മറ്റൊരു സ്വപ്നവും അമ്മയെനിക്ക് തന്നില്ല. അമ്മയുടെ സ്വപ്നമാണ് എന്നെ എഴുത്തുകാരനാക്കിയത്. അമ്മയോടൊപ്പം സാഹിത്യം വായിക്കുകയും നിരന്തരം ചര്‍ച്ച ചെയ്യുകയും ചെയ്തു. കാസര്‍കോട് ജോലിചെയ്തിരുന്ന കാലത്ത് തുടര്‍ച്ചയായി കത്തുകളിലൂടെ ഇത് തുടര്‍ന്നു. കാലം ചെല്ലുന്തോറും അച്ഛനും അമ്മയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ മൂത്തുമൂത്ത് വരുകയുണ്ടായി. 20 കൊല്ലത്തോളം അമ്മ, ഒരിക്കല്‍പ്പോലും സ്വന്തം വീട്ടില്‍ പോവുകയുണ്ടായില്ല. തന്റെ അനിയന്മാരുടെ കല്യാണത്തിനുപോലും പോകാന്‍ അനുമതിയുണ്ടായില്ല. ചേട്ടന്മാരുടെ മരണം ഉണ്ടായപ്പോള്‍പോലും പോയില്ല. വര്‍ഷങ്ങള്‍ക്കഴിഞ്ഞ് ഞാനും ചേട്ടനും പഠിച്ച് ജോലിവാങ്ങി, അനുജത്തി കല്യാണം കഴിഞ്ഞുപോയി. അതിനുശേഷം അമ്മയ്‌ക്കൊരു സ്വാതന്ത്ര്യബോധം ഉണ്ടായി. അങ്ങനെയാണ് അമ്മ സ്വന്തം കുടുംബത്തിലേക്ക് പോയിത്തുടങ്ങിയത്. അമ്മയുടെ ഏറ്റവും ഇളയ അനുജന്‍ ട്രാന്‍സ്പോര്‍ട്ട് കണ്ടക്ടര്‍ ആയിരുന്നു. അദ്ദേഹം ബസ്സില്‍നിന്ന് വീണ് കാലുപൊട്ടി ആശുപത്രിയില്‍ കിടന്നപ്പോള്‍ അമ്മ കാണാന്‍പോയി. അത് അച്ഛനറിഞ്ഞു. അവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അതിനെത്തുടര്‍ന്ന് അമ്മ തൂങ്ങിമരിച്ചു. ആ വാര്‍ത്തകേട്ട് ഞാന്‍ നാട്ടിലെത്തിയപ്പോഴേക്കും അമ്മയെ ദഹിപ്പിച്ചിരുന്നു. അന്ന് അച്ഛനോട് ഒരുവാക്കുപോലും മിണ്ടാതെ ഞാന്‍ കാസര്‍കോട്ടേക്ക് തിരിച്ചു, വഴിയില്‍ ഇറങ്ങി മാനന്തവാടിയിലേക്കും തുടര്‍ന്ന് മൈസൂരുവിലേക്കും പോയി. ഒരാഴ്ചകഴിഞ്ഞാണ് കാസര്‍കോട്ടേക്ക് മടങ്ങിയെത്തിയത്.
ആ ഒരാഴ്ചയും എവിടെയാണ് ദിക്ക് എന്ന് മനസ്സിലാകാതെ ഭ്രാന്തമായ യാത്രയായിരുന്നു. ആ കാലഘട്ടത്തിലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകളെ ഞാന്‍ അടുത്തറിഞ്ഞത്. സാധാരണ മനോഭാവത്തിലുള്ളൊരാള്‍ക്ക് ബാലചന്ദ്രന്‍ എഴുതിയ കവിതകളിലേക്ക് സഞ്ചരിക്കാന്‍ കഴിയില്ല. അതിന് ദുഃഖത്തിന്റെ ഊര്‍ജം വേണമെന്ന് എനിക്ക് മനസ്സിലായി. അന്നുമുതല്‍ ഇന്നുവരെ എനിക്ക് ഇഷ്ടപ്പെട്ട കവിയാണ് ചുള്ളിക്കാട്. 'കാളിവിളാകത്ത് വിശാലാക്ഷിയമ്മ' എന്റെ അമ്മ, ആത്മഹത്യ ചെയ്യുമ്പോള്‍ അവര്‍ക്ക് മുന്നില്‍ മൂന്നുമക്കള്‍ ഇല്ല, ഭര്‍ത്താവുമില്ല, തികച്ചും ഏകാകിയായിരുന്നു. അവര്‍ എന്നെ ഒരു ക്ഷണനേരത്തേക്കുപോലും ചിന്തിച്ചിട്ടില്ല, ഞാന്‍ എന്താവും എന്ന് പരിഗണിച്ചില്ല എന്ന തോന്നല്‍. എന്റെ അമ്മയ്ക്ക് ഞാന്‍ ആരുമായിരുന്നില്ലേ എന്ന ചിന്ത വര്‍ഷങ്ങളോളം എന്നെ അലട്ടിയിരുന്നു. ഇന്ന് അമ്മയോടും ഞാന്‍ ക്ഷമിച്ചുകളഞ്ഞു. പാവം. ശരിക്കുള്ള വള്ളിയില്‍ പിടിക്കാന്‍ കഴിയാതെപോയെ ജീനിയസ്സായ ഒരു സ്ത്രീ. ഏകാന്തത തരണം ചെയ്തു മറ്റൊന്നിലേക്ക് പോകാന്‍ പുറത്തൊരിടത്തുനിന്നും വഴിയില്ല. ആ വാതില്‍ അകത്തുനിന്നു തുറക്കണം. ആത്മാവിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ആത്മാവ് മാത്രമേ ഉത്തരമാവുകയുള്ളൂവെന്നാണ് വേദാന്തം പറയുന്നത്.
അരുണ്‍ പി. ഗോപി: അമ്മ ആത്മഹത്യ ചെയ്തതിന്റെ അമ്പത്തിയാറാം നാള്‍ അച്ഛനും വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കുന്നു. ഓര്‍മകളിലെ അച്ഛന്‍ എങ്ങനെയായിരുന്നു. അച്ഛന്‍ മദ്യപിക്കാറുണ്ടായിരുന്നോ? ജയമോഹന്‍ ജീവിതത്തില്‍ മദ്യപിച്ചിട്ടുണ്ടോ?
ജയമോഹന്‍: ചെറുപ്പത്തില്‍ അച്ഛനെ ഒരുപാട് വെറുത്തവനാണ് ഞാന്‍. അച്ഛന്‍ അമ്മയെ അടിക്കുകയും ശകാരിക്കുകയും ചെയ്യുന്നത് കണ്ടുകൊണ്ടിരുന്ന കാലം. അച്ഛനെ മനസ്സിലാക്കിത്തുടങ്ങിയത് പിന്നെയും ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഞാനും ഒരു അച്ഛനായി, എന്റെ മകനെ സ്‌നേഹിച്ചുതുടങ്ങി, അവനിലൂടെ എനിക്ക് ഉത്കണ്ഠകളും പ്രത്യാശകളും വന്നുതുടങ്ങിയതിന് ശേഷം. അച്ഛന്‍ ഒരു സാധാരണ മനുഷ്യനാണ്. അമ്മയെപ്പോലെ ഒരു ജീനിയസിന്റെ ഭര്‍ത്താവാകാനുള്ള യോഗ്യത അദ്ദേഹത്തിനുണ്ടായിരുന്നില്ല. അത് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാല്‍, അച്ഛനും സാധാരണക്കാരന്‍ ആയിരുന്നില്ല. തിരുവിതാംകൂര്‍ ചരിത്രത്തില്‍ വിപുലമായ പാണ്ഡിത്യമുള്ളയാളായിരുന്നു. പഴയ ലിപികള്‍ പലതും വായിക്കാന്‍ കഴിയുന്നയാള്‍. മലയാണ്മ, പഴന്തമിഴ് എന്നിവയിലുള്ള ശിലാലിഖിതങ്ങള്‍പോലും വായിക്കുകയും പല നിയമപോരാട്ടങ്ങളില്‍ സര്‍ക്കാരിനുവേണ്ടി സാക്ഷ്യം പറയുകയും ചെയ്ത ഗവേഷകന്‍. പക്ഷേ, ആ അറിവിന്റെ പ്രാധാന്യം അച്ഛനറിയില്ലായിരുന്നു, അമ്മയ്ക്കും. അതൊരു തൊഴില്‍സാമര്‍ഥ്യം മാത്രമാണെന്നായിരുന്നു അവര്‍ ധരിച്ചുവെച്ചത്. അമ്മ ആത്മഹത്യ ചെയ്തതിന്റെ അന്‍പത്തിയഞ്ചാം നാള്‍, അച്ഛന്‍ വര്‍ക്കല കടപ്പുറത്തുപോയി വിഷം കഴിക്കുകയും അവിടുള്ള ചിലര്‍ രക്ഷിച്ച് ആശുപത്രിയില്‍ ആക്കുകയും ചെയ്തു. ആശുപത്രിയില്‍വെച്ചാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുതന്നെ എന്റെ ജീവിതത്തില്‍ മറ്റൊരു ആത്മഹത്യകൂടി കാണേണ്ടിവന്നു. ഉറ്റ സുഹൃത്തായ രാധാകൃഷ്ണന്റേത്. എനിക്കും അവനും 19 വയസ്സുള്ളപ്പോഴായിരുന്നു അത്. അവന്റെ ആത്മഹത്യ എന്റെ വ്യക്തിത്വത്തെ മാറ്റിമറിച്ചു. അക്കാലത്ത് ഹൈപ്പര്‍ ഡിപ്രഷന്‍ പോലുള്ള എന്തോ എന്നിലുണ്ടായിട്ടുണ്ട്. എന്റെ ജീവിതത്തില്‍നിന്ന് അമ്പത് ദിവസങ്ങള്‍ പരിപൂര്‍ണമായും ഇല്ലാതായിപ്പോയി.
മരണം ഒരുപാട് ചോദ്യങ്ങള്‍ എനിക്ക് തന്നു. എന്റെ പാത ആദ്യം അദ്ധ്യാത്മികത്തിലായിരുന്നു. പിന്നെ അതല്ല എന്റെ വഴിയെന്നും സാഹിത്യമാണെന്നും ബോധ്യമുണ്ടായി. അദ്ധ്യാത്മികത്തിലെ താര്‍ക്കികമായ ചോദ്യങ്ങള്‍പോലും സാഹിത്യത്തിലൂടെയേ എനിക്ക് ചോദിക്കാന്‍ കഴിയൂ. ഒരുപാട് കാലത്തിന് ശേഷം ഗുരു നിത്യയെ കണ്ടുമുട്ടുന്നു. ഒരിക്കൽ നിത്യയോട് ഞാന്‍ പറഞ്ഞു. എനിക്ക് യോഗവും ധ്യാനവും പഠിക്കണം. നിത്യ എന്നോടു പറഞ്ഞു. താന്‍ ഭാവനയുള്ള എഴുത്തുകാരനാണ്. സോപ്പ് പതയായി മാറുന്നതാണ് ഭാവനയുടെയും കലയുടെയും രീതി. സോപ്പുപത പിന്നെയും സോപ്പാക്കി മാറ്റുന്നതാണ് ധ്യാനം, അത് തന്നെക്കൊണ്ട് സാധിക്കില്ല. ഏതാണ് തന്റെ വഴി അതിലൂടെ മാത്രം സഞ്ചരിക്കുക. ഇന്നും ഞാന്‍ ആവര്‍ത്തിച്ചുപറയുന്നതൊന്നുണ്ട് എഴുത്ത്, എന്റെ തൊഴിലല്ല, എഴുത്ത് എന്റെ പാഷനല്ല, എഴുത്തെന്റെ അന്വേഷണമാണ്, എഴുത്ത് എന്റെ ധ്യാനമാണ്. ഞാന്‍ എന്നെ കടന്നുപോയി എഴുതുന്നതുമാത്രമേ സാഹിത്യമായി ഞാന്‍ കരുതുന്നുള്ളൂ.
അരുണ്‍ പി. ഗോപി: നമുക്ക് വിവാദത്തിന്റെ പശ്ചാത്തലത്തിലേക്ക് വരാം. 'പെറുക്കി' യാജകന്റെ പര്യായമാണ്. നിസ്വതയുടെയും നിസ്വന്റെയും. നിസ്വത അപമാനകരമാണെന്ന ഉപരിവര്‍ഗ ബോധത്തില്‍നിന്നാണ് ഈ വാക്കിന്റെ പിറവി. സമ്പന്നന്‍ ദരിദ്രന് നേരെ തുപ്പുന്ന തെറിവാക്കാണ് ജയമോഹന്‍ നടത്തിയതെന്ന് ഒരു സാഹിത്യനിരൂപകന്‍ വിമര്‍ശനം ഉന്നയിക്കുന്നതു കണ്ടു. 'പൊറുക്കി' എന്ന പദംകൊണ്ട് ജയമോഹന്‍ അര്‍ഥമാക്കുന്നതെന്താണ്?
ജയമോഹന്‍: 'പൊറുക്കി' എന്ന തമിഴ് വാക്കിന്റെ അര്‍ഥം മലയാളത്തില്‍ 'പോക്രിത്തരം' കാട്ടുന്നവന്‍ എന്നാണ്. നിയമങ്ങള്‍, കീഴ്വഴക്കങ്ങള്‍, മര്യാദകള്‍ എന്നിവ ഒട്ടും മാനിക്കാത്തയാള്‍. ആ അര്‍ഥത്തില്‍ തന്നെയാണ് വിമര്‍ശനം ഉന്നയിച്ചതും. ഒരെഴുത്തുകാരന്‍ വൈകാരികമായി ഒരുകാര്യം എഴുതുമ്പോള്‍ അതിന്റെ ഉദ്ദേശ്യം എന്താണ്, അതിന്റെ വെളിച്ചത്തില്‍ വാക്കുകളുടെ അര്‍ഥം എന്താണ് എന്നൊക്കെ വായിക്കുന്നവര്‍ക്ക് മനസ്സിലാകും. അതിലെ ഒരുവാക്ക് മാത്രം അടര്‍ത്തിയെടുത്ത് അതിന് സ്വതന്ത്ര്യ വ്യാഖ്യാനം കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. വിമര്‍ശനം ഉന്നയിക്കുന്നവനെ വേറെ വേറെ അടയാളങ്ങള്‍ ചാര്‍ത്തി നല്‍കുന്നു. അത് രാഷ്ട്രീയക്കാരുടെ പണിയാണ്. തെരുവുരാഷ്ട്രീയത്തിന്റെ ആ രീതി സാഹിത്യത്തിനുള്ളതല്ല.
മലയാള സിനിമകള്‍ തീയേറ്ററില്‍ചെന്ന് കാണുന്ന ശീലം എനിക്കുണ്ട്. നല്ല പടങ്ങള്‍ അന്വേഷിച്ചുപോയി കാണാറുണ്ട്. അടുത്തിടെ കണ്ടപ്പോള്‍ എനിക്കിഷ്ടപ്പെട്ട ചിത്രം ആഷിക് അബുവിന്റെ നീലവെളിച്ചമാണ്. അതില്‍ ബഷീര്‍ വരുന്നുണ്ട്. എറണാകുളത്ത് പോയി റൂം ബുക്ക് ചെയ്ത് ഏറ്റവും നല്ല തീയേറ്ററില്‍നിന്നാണ് ആ പടം കണ്ടത്. അതിനുശേഷം, സംവിധായകനെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. 2018-ഉം മികച്ച ചിത്രമാണ്. ഗ്രേറ്റ് ഇന്ത്യണ്‍ കിച്ചണും മികച്ച സിനിമയാണ്. അങ്ങനെയാണ് മഞ്ഞുമ്മല്‍ ബോയ്സ് കാണുന്നത്. ആദ്യത്തെ സീനുകളില്‍ മദ്യവും അഴിഞ്ഞാട്ടവും കണ്ടുകൊണ്ടിരിക്കുമ്പോള്‍ മടുപ്പു തോന്നി. പക്ഷേ, മദ്യം നിരോധിച്ച മേഖലയില്‍ മദ്യം കൈയില്‍ കരുതി എത്തുകയും മദ്യപിച്ച് കാട്ടിനുള്ളില്‍ അഴിഞ്ഞാടുകയും ചെയ്യുന്ന രംഗങ്ങള്‍ കണ്ടപ്പോള്‍, കഴിഞ്ഞ മുപ്പത് വര്‍ഷമായി എന്തിനെതിരെ നിരന്തരം എഴുതിയും സംസാരിച്ചും പ്രവര്‍ത്തിച്ചും വരുന്നുവോ അതുതന്നെ ഈ കുട്ടികള്‍ ചെയ്തുകൂട്ടുന്നത് കാണുന്നു. ഇത്തരം കാര്യങ്ങളെ ആ സിനിമ പ്രകീര്‍ത്തിക്കുന്നതും കണ്ടപ്പോള്‍ നിയന്ത്രണം നഷ്ടമായി. വീട്ടിലെത്തിയയുടന്‍ എഴുതുകയും പത്ത് നിമിഷത്തില്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. വെകാരികമായ എന്റെ പ്രതികരണമാണത്. എഴുത്തുകാരന്റെ രീതിയാണത്. ഒരു രാഷ്ട്രനയതന്ത്രജ്ഞന്റെ സമനിലയും പക്വതയും എഴുത്തുകാരനില്‍നിന്ന് അപ്പോള്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല. അതിവൈകാരികതയില്‍ നിന്നാണല്ലോ ഒരു എഴുത്തുകാരന്‍ സൃഷ്ടിക്കപ്പെടുന്നതും. കാട് മുഴുവന്‍ കിടക്കുന്ന കുപ്പിച്ചില്ലുകള്‍, പ്രത്യേകിച്ചും കേരളത്തില്‍നിന്നും തമിഴ്നാട്ടിലേക്കുള്ള റോഡുകളില്‍ രണ്ടുഭാഗത്തും കുമിഞ്ഞു കിടക്കുന്ന കുപ്പിച്ചില്ലുകള്‍. ഇതെല്ലാം കണ്ടുകൊണ്ട് അതിനെക്കുറിച്ച് വര്‍ഷങ്ങളായി എഴുതിക്കൊണ്ടിരിക്കുന്ന ഒരാളുടെ പ്രതികരണമാണത്. ആ കണ്ണുനീരാണ് 'ആന ഡോക്ടര്‍' പോലുള്ള കൃതിയായി മാറിയതും. ചിമ്പാന്‍സികള്‍ക്കു വേണ്ടി ജീവിക്കുന്ന ജേന്‍ കുഡാല്‍ (Jane Goodall) എന്ന മഹാവ്യക്തിയെപ്പറ്റി കേട്ടിട്ടുണ്ടാവും. കോംഗോയില്‍ ചിമ്പാന്‍സികളെ വേട്ടയാടുന്നവരെ കൊല്ലാന്‍ അവര്‍ ഒരു പട്ടാളം ഉണ്ടാക്കി. അത് തെറ്റാണെന്ന് പലരും എഴുതി. ഞാന്‍ അവരെ മനസ്സിലാക്കുന്നു.
അരുണ്‍ പി. ഗോപി: ''കാട്ടിലെത്തിയാല്‍ മലയാളികള്‍ തനി 'ചെറ്റ'കളായി മാറുന്നു''-'ആനഡോക്ടര്‍' എന്ന നോവലിലെ ഒരു വാചകമാണിത്. ഇതേ പ്രയോഗമാണ് 'മഞ്ഞുമ്മല്‍ ബോയ്സി'ലും കാണിക്കുന്നതെന്ന് പറഞ്ഞുവയ്ക്കുന്നു. സുഭാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവലിലെ ഒരധ്യായമാരംഭിക്കുന്നത് ഇങ്ങനെയാണ്: ''മനോനിലകൊണ്ട് അധമനായ ഒരാളെ ചെറ്റ എന്ന് വിശേഷിപ്പിക്കുമ്പോള്‍, പകിട്ടും പത്രാസും കുറഞ്ഞ വസ്തുക്കളെ ചാത്തന്‍ എന്നികഴ്ത്തുമ്പോള്‍, ആരൊക്കെയോ ചുറ്റും നിശ്ശബ്ദമായി വേദനിക്കുന്നുണ്ട്. മുന്‍പൊരിക്കല്‍ അതില്‍ ഒരു വാക്ക് അവന്റെ പ്രിയപ്പെട്ട വീടായിരുന്നു. മറ്റൊരു വാക്ക് അവന്റെ സ്‌നേഹനിധിയായ അച്ഛനായിരുന്നു.''
ജയമോഹന്‍: പൊതുവേ, വൈകാരികതയോടെ പ്രതികരിക്കുന്ന എല്ലാ വാക്കുകള്‍ക്കും സാംസ്‌കാരികമായി വേറെ അര്‍ഥങ്ങളുണ്ടായിരിക്കും 'ചെറ്റ' എന്നുള്ള വാക്ക് കുടിലില്‍ താമസിക്കുന്ന ഒരാളെ ഉദ്ദേശിച്ചെഴുതുന്ന വ്യക്തിയല്ല ജയമോഹനെന്ന് നൂറു സിംഹാസനങ്ങള്‍പോലൊരു കൃതി വായിച്ച ഏതൊരാള്‍ക്ക് മനസ്സിലാകും. ഞാന്‍ ഭിക്ഷക്കാരുടെ ഒപ്പം ജീവിച്ചവനാണ്. ഏഴാം ഉലകം എന്ന നോവല്‍ അവരുടെ ജീവിതം ചിത്രീകരിക്കുന്നു. ഇന്നും കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന യാത്രികനാണ് ഞാന്‍. മനുഷ്യസ്‌നേഹം എനിക്ക് ജാഡയല്ല. 'ആനഡോക്ടര്‍' എന്ന നോവല്‍ തമിഴ്നാട്ടില്‍ ലക്ഷക്കണക്കിന് കോപ്പികളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിരവധി പ്രസാധകരാണ് 'ആനഡോക്ടര്‍' പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആ പുസ്തകത്തിന് കോപ്പിറൈറ്റില്ല. മദ്യപിച്ച് കാട്ടില്‍ക്കയറി ബോട്ടിലടിച്ചുടയ്ക്കുന്നവരിലേക്ക് ഈ പുസ്തകം ചെന്നെത്തണമെന്നില്ല. ഒരു കൃതിയും അവരോട് സംവദിക്കുകയുമില്ല.
മലയാളികളുടെ കാടിനോടുള്ള സമീപനം വളരെ നീചമാണ്. കാട് നശിപ്പിക്കുക, വന്യജീവികളെ ആക്രമിക്കുക എന്നതൊക്കെ മലയാളികളുടെ പൊതുസ്വഭാവമായി മാറിയിട്ടുണ്ട്. അത് നേരില്‍ കണ്ടുകൊണ്ടിരിക്കുന്ന വ്യക്തികൂടിയാണ് ഞാന്‍. ആനയുടെ തുമ്പിക്കൈ മുറിക്കാന്‍ വേലിയില്‍ അരം കെട്ടിവയ്ക്കുന്ന നീചപ്രവൃത്തി കേരളത്തിലല്ലാതെ മറ്റൊരിടത്തുമില്ല. സിനിമയെക്കുറിച്ച് പറഞ്ഞതിലൂടെ എന്റെ ആശയം അവരില്‍ കുറച്ചുപേരിലേക്കെങ്കിലും ചെന്നെത്തിയിട്ടുണ്ടെങ്കില്‍, അത് നല്ലതാണെന്ന് ഞാന്‍ വിചാരിക്കുന്നു. ഇപ്പോള്‍ ചീത്ത പറഞ്ഞാലും അതില്‍ കുറച്ചുപേര്‍ക്കെങ്കിലും വെളിവുണ്ടായാല്‍ നന്ന്. അങ്ങനെയെങ്കില്‍ ഇത്തരം ചീത്തകള്‍ കേള്‍ക്കാന്‍ ഞാന്‍ തയാറാണ്.
അരുണ്‍ പി. ഗോപി: മഞ്ഞുമ്മല്‍ ബോയ്സ് വിവാദത്തിനു പിന്നാലെ, ജയമോഹന്‍ സവര്‍ണബോധമുള്ള ഹിന്ദുവാണെന്നും സംഘപരിവാറുകാരനാണെന്നും ആക്ഷേപമുയരുന്നു. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമായ എം.എ. ബേബി താങ്കളെ വിശേഷിപ്പിച്ചത് ജയമോഹന്‍ നായര്‍ എന്നാണ്. നിത്യചൈതന്യയതിയുടെ ശിഷ്യനായ താങ്കള്‍ ജഗ്ഗിയുടെ ആരാധകനാണെന്നും പറയപ്പെടുന്നു. കോളേജ് പഠനകാലത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്നുവെന്നും?
ജയമോഹന്‍: എന്റെ ജീവിതത്തിലെ ഒരുകാര്യംപോലും രഹസ്യമോ മറയുള്ളതോ അല്ല. അതെല്ലാം ഞാന്‍ എഴുതിയിട്ടുമുണ്ട്. എന്റെ പരാജയങ്ങളും വിജയങ്ങളും അതിലുണ്ട്. സംഘപരിവാര്‍ എന്ന് മുദ്രകുത്തുന്നവരോട് എനിക്ക് പറയാനുള്ള ഒറ്റകാര്യമേയുള്ളൂ. സംഘപരിവാര്‍ ആണെങ്കില്‍ അത് തുറന്നുപറയാനുള്ള ആര്‍ജവം എനിക്കുണ്ട്. ഒരാളെയും ഭയപ്പെട്ട് മൂടിവെക്കേണ്ട കാര്യം എനിക്കില്ല. ഞാന്‍ ചെറുപ്പകാലത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. തലച്ചോറ് കൊണ്ട് ചിന്തിക്കാന്‍ കഴിയാത്ത കാലമായിരുന്നവത്. പിന്നെ ഇന്ത്യയെന്ന രാജ്യത്തെക്കുറിച്ചും അതിന്റെ മഹത്തായ പാരമ്പര്യത്തെക്കുറിച്ചും ഞാന്‍ മനസ്സിലാക്കി. ഇന്ത്യയുടെ സാംസ്‌കാരിക ഭൂപടങ്ങളിലൂടെയെല്ലാം യാത്ര ചെയ്തു. അങ്ങനെ പരിപൂര്‍ണമായും അതില്‍നിന്ന് വിട്ടുപോന്നു. വിട്ടുപോയ കാര്യം ഉറപ്പിച്ചു പറയുകയും എഴുതുകയുമുണ്ടായി. ഹിന്ദുരാഷ്ട്രം എന്ന സങ്കല്പത്തിനെതിരെ മൂന്നൂറോളം ലേഖനങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. സാഹിത്യകാരന്മാരില്‍ ഒരുപക്ഷേ, സംഘപരിവാറിനെതിരെ ഇത്രയേറെ വിമര്‍ശനങ്ങള്‍ എഴുതിയത് ഞാനായിരിക്കാം. ഞാന്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യമുണ്ട്. ഹൈന്ദവധര്‍മം വേറെ ഹിന്ദുത്വം വേറെ. എല്ലാ ഹൈന്ദവരെയും ഹിന്ദുത്വത്തിന്റെ, സംഘപരിവാറിന്റെ പാളയത്തിലേക്ക് ചവിട്ടിത്തള്ളുകയാണ് ഇത്തരം രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. ഇവര്‍ ഓരോ ദിവസവും ഹിന്ദുത്വരാഷ്ട്രീയത്തെ വളര്‍ത്തിക്കൊണ്ടിരിക്കുന്നു. സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വം വേറെയാണെന്ന് ഹൈന്ദവ വിശ്വാസികളോട് ആവര്‍ത്തിച്ച് പറയുകയാണ് പുരോഗമന സ്വഭാവമുള്ളവര്‍ ചെയ്യേണ്ടത്. ബി.ജെ.പി ആര്‍ക്കെങ്കിലും കാശ് അയച്ചു കൊടുക്കണമെങ്കില്‍ അത് എം.എ. ബേബിയെ പോലുള്ളവര്‍ക്കാണ്. ദിവസവും പത്തുപേരെയെങ്കിലും അയാള്‍ ബി.ജെ.പിയുടെ കൂടാരത്തിലേക്ക് കയറ്റുന്നുവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. തമിഴില്‍ വിശദമായി ഞാന്‍ ഇതിനെക്കുറിച്ചെല്ലാം എഴുതിയിട്ടുണ്ട്. അടുത്തിടെ സവര്‍ക്കറെ കുറിച്ച് ഫ്രണ്ട്ലൈനില്‍ എഴുതിയ ലേഖനത്തിലും ഇത് പരാമര്‍ശിച്ചിട്ടുണ്ട്. ഹിന്ദുത്വം എന്നത് ഭാരതീയ സ്വഭാവമുള്ള ഒരു ചിന്ത അല്ല. അത് പതിനേഴാം നൂറ്റാണ്ട് മുതല്‍ യൂറോപ്പില്‍ ഉണ്ടായി വന്ന ഒരു രാഷ്ട്രീയ പ്രതിഭാസമാണ്. സംഘപരിവാറിനെ മനസ്സിലാക്കാന്‍ ചില സൂക്ഷ്മമായ വേര്‍തിരിവുകള്‍ നാം ചെയ്യേണ്ടതുണ്ട്. പഴമ അല്ലെങ്കില്‍ മതപരത എന്നൊന്നുണ്ട്. മൗലികവാദം യൂറോപ്പില്‍ ഉണ്ടായ ചില പുരോഗമന ചിന്തകളില്‍ നിന്നുണ്ടായതാണ്. ജനങ്ങള്‍ക്ക് അധികാരം എന്ന ആശയം ഉണ്ടായതിനു ശേഷമാണ് മൗലികവാദം ഉണ്ടായത്. മതത്തിന്റെ അധികാരസ്ഥാപനങ്ങളില്‍നിന്ന് നിന്ന് ജനങ്ങളെ മോചിപ്പിക്കുവാന്‍ ശ്രമിച്ച പ്രൊട്ടസ്റ്റന്റ് ചിന്തകരാണ് മൗലികവാദം ഉണ്ടാക്കിയത്. ജനങ്ങളെ ഒന്നിപ്പിച്ച് അവര്‍ അധികാരത്തിന് എതിരെ പോരാടി. അതിനു ദേശീയത, ഭാഷ എന്നീ ഉപാധികള്‍ പ്രയോഗിച്ചു. ക്രമേണ ജനങ്ങളെ ഒത്തുചേര്‍ത്താല്‍ അധികാരം പിടിച്ചെടുക്കാന്‍ കഴിയുമെന്നായപ്പോള്‍ മൗലികവാദം ഒരു രാഷ്ട്രീയ പ്രതിഭാസമായി മാറി. മൗലികവാദം അടിസ്ഥാനപരമായി ഒരു പരിവര്‍ത്തന സംഭവം ഉള്ളതാണ്. ആധുനിക വിദ്യാഭ്യാസം ഉള്ളവരാണ് കൂടുതലും മൗലികവാദികളാകുന്നതും. കാരണം, ആധുനിക വിദ്യാഭ്യാസം ഒരു യൂറോപ്യൻ ആശയമാണ്. മൗലികവാതത്തിനു ആധുനിക സയന്‍സിനോട് യുദ്ധമില്ല. ആധുനിക മുതലാളിത്വത്തോട് ഒത്തോരുമിച്ചു പോകാന്‍ കഴിയും. മൗലികവാതത്തിനു മതമോ സംസ്‌കാരമോ പ്രധാനം അല്ല. അധികാരമാണ് അതിന്റെ ലക്ഷ്യം. മതമോ സംസ്‌കാരമോ അതിന്റെ ഉപാധികള്‍ മാത്രം. ഫാസിസവും നാസിസവും അങ്ങനെയാണ് യൂറോപ്പില്‍ ഉണ്ടായത്. അതുപോലെയൊന്നാണ് ഇന്ത്യയിലെ ഹിന്ദുത്വ മതമൗലികവാദവും. മൗലികവാദം മതം പോലെ, ഭാഷ, പ്രദേശം, വംശീയത എന്ന സാംസ്‌കാരിക ഉപാധികള്‍ പ്രയോജനപ്പെടുത്തും. മൗലികവാദി ഒരു മതവിശ്വാസി ആകണമെന്നില്ല. അവനു ഒരു അദ്ധ്യാത്മികചിന്തയും ഇല്ല. അവന്‍ ഒരു അധികാരമോഹി മാത്രമാണ്. ഈ തിരിച്ചറിവാണ് നമ്മുടെ മാര്‍ക്‌സിസ്റ്റ്കാര്‍ക്കു ഇല്ലാത്തതും. അവര്‍ എല്ലാ മതവിശ്വാസികളെയും മൗലികവാദികളായി കാണുന്നു. പാരമ്പര്യത്തില്‍ താത്പര്യമുള്ളവരെപ്പോലും മൗലികവാദിയായി മുദ്രയടിക്കുന്നു. എന്തുകൊണ്ടാണ് മാര്‍ക്‌സിസ്റ്റുകാര്‍ക്കു മതമൗലികതയെ എതിര്‍ക്കാന്‍ കഴിയാതെ പോകുന്നത്? എന്തുകൊണ്ടാണ് അവര്‍ നിരന്തരം തോല്‍ക്കുന്നത്? ഈ വിഡ്ഢിത്തം കൊണ്ടാണ്. മറ്റൊന്നുണ്ട് മൗലികവാദം ഉണ്ടായിവന്ന അതേ യൂറോപ്യന്‍ കാലഘട്ടത്തില്‍ ജനിച്ചതാണ് മാര്‍ക്‌സിസവും. മൗലികവാതത്തിന്റെ വേറൊരുതരം മനോഭാവം മാര്‍ക്‌സിസ്റ്റുകള്‍ക്കും ഉണ്ട്. അധികാരമോഹം, ആശയഭ്രാന്ത്, ഹിംസ. രണ്ടുകൂട്ടരും വിമര്‍ശകരെ സമീപ്പിക്കുന്നതു ഒരേ മനോഭാവത്തോടെയാണ്. മൗലികവാതത്തെ മതത്തില്‍നിന്നും വേര്‍തിരിക്കേണ്ടത് പുരോഗമനവാദികളാണ്. ഹിന്ദുമതം വേറെ ഹിന്ദുത്വം വേറെയെന്ന് ആവര്‍ത്തിച്ച് ഹൈന്ദവ വിശ്വാസികളോട് പറയേണ്ടയിടത്താണ് ഇന്ന്, പുരോഗമനസ്വഭാവമുള്ള ആളുകള്‍ നില്‍ക്കേണ്ടത്. ദൈവത്തെ തൊഴുതാല്‍ നീ മോദിയുടെ ആളാണെന്ന് പറഞ്ഞ്, ദൈവത്തെ തൊഴുന്നവന്മാരെല്ലാം മോദിയുടെ ആളാക്കുകയാണ് എം.എ. ബേബിയെ പോലുള്ളവര്‍ ചെയ്യുന്നത്. ഇക്കാര്യം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരോടും ഡി.എം.കെക്കാരോട് പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ, അത് ആവര്‍ത്തിച്ച് പറഞ്ഞേ മതിയാകൂ. അല്ലെങ്കില്‍ ഇന്ത്യ അതിന്റെ പരിപൂര്‍ണ പതനത്തിലേക്ക് ചെന്നെത്തും. നിത്യചൈതന്യയതി, ഇന്നുകാണുന്ന രീതിയിലുള്ള തീവ്ര ഹൈന്ദവത തുടങ്ങുന്നതിന് മുന്‍പേ എഴുതിയിട്ടുണ്ട്. 'ഇന്ത്യയെ നാശത്തിലേക്ക് നയിക്കുന്ന മതഭ്രാന്ത്'. എന്നാണ് ആ കൃതിയുടെ പേര്. ഒരുപാട് കാര്യങ്ങള്‍ മുന്‍പേ കണ്ടുകൊണ്ട് എഴുതിയ കൃതിയാണത്. വേദാന്തിയായ ഗുരു നിത്യ തന്നെയാണ് ഹൈന്ദവ രാഷ്ട്രീയത്തിനെതിരെ എഴുതിയിട്ടുള്ളതെന്നും ഓര്‍ക്കുക.
ഇനി ജഗ്ഗയുടെ കാര്യം പറയാം. ഈ വിഷയവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ബ്ലോഗില്‍ ഒരുലേഖനം എഴുതുകയുണ്ടായി. അതിന്റെ ഒരുഭാഗം മാത്രം എടുത്താണ് പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചരണം ഒരുതരം വൈറസാണ്, ഈ വൈറസിന് മരുന്നില്ല. ജഗ്ഗി വാസുദേവ് തമിഴ്നാട്ടില്‍ ഒരു ശിവപ്രതിഷ്ഠ നടത്തി. അത് ഓതന്റിക് അല്ലെന്നാണ് യാഥാസ്ഥിതികരായവര്‍ പറഞ്ഞത്. അപ്പോള്‍ ഞാന്‍ ചോദിച്ചു ആരാണ് ഇവിടെ ആധികാരികത പ്രഖ്യാപിക്കേണ്ടത്. അങ്ങനെയെങ്കില്‍ നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതിനെ അംഗീകരിക്കാന്‍ കഴിയുമോ? കാരണം, ജഗ്ഗി ബ്രാഹ്മണന്‍ അല്ല. ബ്രാഹ്മണന്‍ ശിവപ്രതിഷ്ഠ നടത്തിയാല്‍ മാത്രമേ ശിവനാകൂവെന്ന് ഇപ്പോഴും നിലനില്‍ക്കുന്ന സവര്‍ണ ചിന്തകള്‍ക്കെതിരെയാണ് ഞാന്‍ പ്രതികരിച്ചത്. ജഗ്ഗിയോട് എനിക്ക് ഭക്തിയോ എതിര്‍പ്പോ ഇല്ല. അയാളുമായി നേരില്‍ക്കണ്ടിട്ടില്ല, അവിടെ പോയിട്ടുമില്ല. പിന്നെ ഒരുസ്ഥാപനമെന്ന നിലയ്ക്ക് ജഗ്ഗി വാസുദേവ് കോര്‍പറേറ്റ് രീതിയില്‍ ലാഭമുണ്ടാക്കുന്നുണ്ടാകും. ഇതെല്ലാം ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. ജഗ്ഗിയെന്നല്ല, സ്ഥാപനവത്കരിക്കപ്പെട്ട എവിടെയും മൂന്നുകാര്യങ്ങള്‍ മിക്കവാറും ഉണ്ടാകും. സാമ്പത്തിക തിരിമറി, ലൈംഗികാരോപണങ്ങള്‍, വ്യക്തിവൈരാഗ്യങ്ങള്‍. അല്ലാതെ ജഗ്ഗിയെ മാത്രം അനുകൂലിച്ചുകൊണ്ട് ഞാന്‍ എവിടെയും എഴുതിയിട്ടില്ല. അതിന്റെ ആവശ്യവുമില്ല. എന്റെ ഗുരു നിത്യയാണ്. ഗുരുവിന്റെ നാരായണ ഗുരുകുലം ഇപ്പോഴും ഉണ്ട്. അവിടെ ഇന്നുള്ള ഗുരു മുനി നാരായണപ്രസാദ് സ്വാമിയുമുണ്ട്.
അരുണ്‍ പി. ഗോപി: കാസര്‍കോട് ബി.എസ്.എന്‍.എല്ലില്‍ ജോലിചെയ്തിരുന്ന കാലത്ത് താങ്കള്‍ തൊഴിലാളി യൂണിയനില്‍ പ്രവര്‍ത്തിച്ചിരുന്നതായി കേട്ടിട്ടുണ്ട്. 'അറം' എന്ന കഥാസമാഹാരത്തിന്റെ ഇംഗ്ലീഷ് പതിപ്പായ 'സ്റ്റോറീസ് ഓഫ് ദി ട്രൂ' സമര്‍പ്പിക്കുന്നത് തൊഴിലാളി നേതാവും കമ്യൂണിസ്റ്റുമായ ഹേമചന്ദ്രനാണ്?
ജയമോഹന്‍: കാസര്‍കോട് ബി.എസ്.എന്‍.എല്ലില്‍ ജോലിചെയ്തിരുന്ന സമയത്ത് ഞാന്‍ സി.പി.എം നയിക്കുന്ന എന്‍.എഫ്.പി.ടി.യുവിന്റെ അണിയറയിലായിരുന്നു. ഇന്നും സി.പി.എമ്മിന്റെ പ്രാദേശിക നേതാവായി തുടരുന്ന ബാലചന്ദ്രന്‍ എന്റെ സുഹൃത്തായിരുന്നു അന്ന്. ബാലചന്ദ്രന്റെ അച്ഛന്‍ സി.പി.എം നേതാവായിരുന്നു പി.പി ചിന്തന്‍. അദ്ദേഹത്തിന്റെ പേരിലുള്ള വായനശാല ഉദ്ഘാടനം ചെയ്തത് ഞാനാണ്. സി.പി.എമ്മിന്റെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ അന്നും ഇന്നും മതിപ്പുള്ള വ്യക്തിയാണ് ഞാന്‍. തമിഴ്നാട്ടിലെത്തിയ ശേഷവും അടിത്തൂണ്‍പറ്റി പിരിയുന്നതുവരെയും മാര്‍ക്സിസ്റ്റ് ട്രേഡ് യൂണിയന്റെ അംഗവുമായിരുന്നു. 'അറം' എന്ന കൃതി സമര്‍പ്പിച്ചിട്ടുള്ളത് ജെ.ഹേമചന്ദ്രനാണ്. അദ്ദേഹം പാര്‍ട്ടിയുടെ സമുന്നത നേതാവും മൂന്നുതവണ തിരുവട്ടാര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എല്‍.എയുമായിരുന്നു. ആദര്‍ശധീരനായി നേരില്‍ക്കാണുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. അറം പോലുള്ള ഒരു കൃതി അദ്ദേഹത്തിന് സമര്‍പ്പിച്ചതിന് പിന്നിലുള്ള കാരണം, അതിലെ എല്ലാ കഥകളും സാമൂഹ്യബോധത്തിന്റെ കഥകളായിരുന്നതുകൊണ്ടാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് കുടുംബപരമായും എനിക്ക് അടുപ്പമുണ്ടായിരുന്നു. അമ്മയുടെ ജ്യേഷ്ഠ്യന്‍ കമ്യൂണിസ്റ്റായിരുന്നു. എഴുത്തുകാരനും പാര്‍ട്ടിയുടെ മധുരൈ എം.പിയും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സു. വെങ്കിടേശ്വരന്‍ എന്റെ അടുത്ത സുഹൃത്താണ്. ഭവാ ചെല്ലദുരൈ എന്റെ സുഹൃത്താണ്. അവരാരും പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നില്‍ക്കുന്ന എഴുത്തുകാരല്ല. അവരുടെ കൃതികളെ മനസ്സിലാക്കാന്‍ പാര്‍ട്ടിലൈനിന് സാധിച്ചുകൊള്ളണമെന്നില്ല. എന്റെ ആദ്യകൃതിയായ 'ദിസൈകളിന്‍ നടുവേ' 1991-ല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വേദിയില്‍വെച്ചാണ് പ്രകാശനം ചെയ്തിട്ടുള്ളത്. കേരളത്തിലെ ഇടത് ഭരണത്തോട് ഒരുമതിപ്പ് ഇപ്പോഴുമുണ്ട്. പോരായ്മകള്‍ പറയാനുണ്ടെങ്കിലും 2018-ലെ വെള്ളപ്പൊക്കവും അതിന് ശേഷമുണ്ടായ മഹാമാരിയുമെല്ലാം കേരളത്തിലെ ഇടത് ഭരണകൂടം പരിഹരിച്ചത് വളരെ വിദഗ്ധമായാണ് അതേക്കുറിച്ച് ഞാന്‍ എഴുതിയിട്ടുമുണ്ട്. എന്നാല്‍, മാര്‍ക്സിസ്റ്റ്-കമ്യൂണിസ്റ്റ് കക്ഷികളുടെ ഹിംസാരാഷ്ട്രീയത്തോട് വിയോജിപ്പുണ്ട്. ആശയങ്ങളെ ലളിതവത്കരിക്കുകയും വളരെ വേഗം ആളുകളെ ശത്രുപാളയത്തിലേക്ക് തള്ളിവിടുകയും തെരുവില്‍ ശകാരം ചൊരിയുകയും ചെയ്യുന്നത് സ്വീകാര്യമായി തോന്നുന്നില്ല.
അരുണ്‍ പി. ഗോപി: ഹൈന്ദവ ദേശീയതയെ തടുത്തുനിര്‍ത്തുന്നതില്‍ ദക്ഷിണേന്ത്യയ്ക്ക് വലിയ പങ്കുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തെയും പെരിയാറിനെയും തള്ളിപ്പറയുന്നതിലൂടെ താങ്കള്‍ സംഘപരിവാറിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ചാല്‍?
ജയമോഹന്‍: എങ്ങനെയാണ് ഇത്തരം ചര്‍ച്ചകള്‍ ഉടലെടുക്കുന്നതെന്ന് എനിക്ക് പറയാനാവും. ചില ഉദാഹരണങ്ങള്‍ പറയാം. തമിഴ്നാട്ടിലെ എല്ലാ പാഠപുസ്തകങ്ങളിലും 'periyar launched vaikkom struggle' എന്നാണ് കാണാനാവുക. ഇ.വി. രാമസ്വാമി നായ്ക്കരാണ് വൈക്കം സത്യാഗ്രഹം തുടങ്ങിയത്, നടത്തിയത്, വിജയിപ്പിച്ചത് എന്നാണ് പറഞ്ഞുവയ്ക്കുന്നത്. പെരിയാര്‍ തന്റെ ആത്മകഥാപരമായ ഒരു കുറിപ്പില്‍ പറയുന്നത് വൈക്കം സത്യാഗ്രഹം നടത്താന്‍ ആളില്ലാത്തതിനാല്‍ അവിടുന്ന് തനിക്ക് അപേക്ഷയുണ്ടായതുകൊണ്ടാണ് അവിടെ പോയതെന്നാണ്. അങ്ങനെ വൈക്കത്ത് എത്തുകയും സത്യാഗ്രഹം നടത്തുകയും വിജയിപ്പിച്ച് മടങ്ങിവരികയും ചെയ്തുവെന്നും പറയുന്നു. അങ്ങനെയാണ് തമിഴ്നാട്ടില്‍ അദ്ദേഹം വൈക്കം വീരര്‍ എന്ന പേരില്‍ അറിയപ്പെടുന്നതും. വൈക്കം സത്യാഗ്രഹത്തിന്റെ തുടക്കം ടി.കെ. മാധവനില്‍നിന്നാണ്. അത് നടത്തിയത് ഗാന്ധിയുടെ പ്രസ്ഥാനമാണ്, അത് വിജയിപ്പിച്ചത് അവസാനം നാരായണഗുരു രംഗത്തുവന്നതോടുകൂടിയാണ്. ആ വിജയത്തില്‍ ഒപ്പിട്ടത് ഗാന്ധിയുടെ മകന്‍ ദേവദാസ് ഗാന്ധിയാണ്. ഈ ചരിത്രം വിശദമായി എഴുതുകയുണ്ടായി. ഇ.വി. രാമസ്വാമി നായ്ക്കര്‍ പങ്കെടുത്തുവെന്നത് യാഥാര്‍ഥ്യമാണ്. സത്യാഗ്രഹം തുടങ്ങിയതോ നേതാവായിനിന്ന് നടത്തിയതോ വിജയിപ്പിച്ചതോ പെരിയാര്‍ അല്ല. അത് വിമര്‍ശനം അല്ല, ചരിത്രമാണ്. എനിക്കുനേരേ വന്നുകൊണ്ടിരിക്കുന്ന ശകാരങ്ങള്‍, അപകീര്‍ത്തി പ്രസ്താവനകള്‍, വളച്ചൊടിക്കലുകള്‍, സംഘിമുദ്രകള്‍ എല്ലാം അതില്‍നിന്ന് തുടങ്ങുന്നതാണ്. ഇ.വി. രാമസ്വാമി നായ്ക്കര്‍ക്ക് അന്ന് 41 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. അദ്ദേഹം അന്ന് ഈറോഡ് നഗരസഭയുടെ തലവനാണ്. കോണ്‍ഗ്രസിന്റെ വക്താവായിട്ടായിരുന്നു അദ്ദേഹം വൈക്കത്ത് എത്തുന്നത്. കേരളത്തില്‍ വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായിട്ടാണ് ചില പത്രങ്ങള്‍ ആരംഭിക്കുന്നതുപോലും. കേരളത്തില്‍ പിന്നീടുണ്ടായ വലിയ നേതാക്കളെല്ലാം മുളച്ചുപൊന്തുന്നത് വൈക്കം സത്യാഗ്രഹത്തില്‍നിന്നാണ്. ആ സമരം മൊത്തം തമിഴകത്തുനിന്ന് കയറ്റുമതി ചെയ്യപ്പെട്ടതാണെന്ന് എഴുതുമ്പോള്‍ അങ്ങനെയല്ല എന്ന് പറയേണ്ട ചുമതല എഴുത്തുകാരനായ എനിക്ക് വരുന്നു. ഒരു മലയാളിയായി നിന്നുകൊണ്ട് അത് പറയുമ്പോള്‍ 'തമിഴന്റെ ചരിത്രം മറച്ചുപിടിക്കുന്ന ഒരു മലയാളി'യെന്നാണ് തമിഴകത്തുനിന്ന് എനിക്കെതിരേ ഉയരുന്ന ആക്ഷേപം. ഈ അടുത്തകാലത്ത് തമിഴ്നാട് മന്ത്രിസഭയിലെ അംഗം നിശിതമായി എനിക്കെതിരേ വിമര്‍ശനം ചൊരിഞ്ഞു. എന്റെ അഭിപ്രായം തെറ്റാണ്, പെരിയാറാണ് വൈക്കം സത്യാഗ്രഹത്തിന്റെ നായകന്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ മൂന്ന് കൃതികള്‍ പുതിയതായി എഴുതിയിട്ടുണ്ട്. അതിലൊന്ന് മലയാളത്തിലേക്കുതന്നെ വിവര്‍ത്തനം ചെയ്ത് കമ്യൂണിസ്റ്റ് നേതാക്കന്മാരെക്കൊണ്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ചെറിയ മാറ്റം വന്നിട്ടുണ്ട്. ഇപ്പോള്‍ ടി.കെ. മാധവന്റെ പേരും ഇവിടെ ചേര്‍ക്കുന്നുണ്ട്.
അത് ഒരുപക്ഷേ, എന്റെ വിജയമാണ്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാംസ്‌കാരികസംഭവം തമിഴരുടെകൂടി സഹായത്തോടെ നടന്നതാണെന്നുള്ള കാര്യം ശ്രദ്ധേയമാണ്. ഇ.വി. രാമസ്വാമിനായ്ക്കരോടൊപ്പം കോവൈ അയ്യാമുത്തു, എം.വി. നായിഡു പോലെയുള്ളവരും അതില്‍ പങ്കെടുത്തിട്ടുണ്ട്. പക്ഷേ, തമിഴകത്തുനിന്ന് കയറ്റുമതിചെയ്‌തൊരു വിപ്ലവമായിരുന്നില്ല വൈക്കം സത്യാഗ്രഹം. അത് തമിഴകത്ത് നിന്നുകൊണ്ട് പറയാന്‍ ഞാന്‍ മാത്രമേ തയ്യാറായിട്ടുള്ളൂ. മറ്റൊരു വിവാദം മധുരയ്ക്കടുത്തുള്ള കീഴ്ടി എന്ന സ്ഥലത്തെച്ചൊല്ലിയുള്ളതാണ്. ക്രിസ്തുവിനുമുന്‍പ് രണ്ടാംനൂറ്റാണ്ടിലോ മൂന്നാംനൂറ്റാണ്ടിലോ നിര്‍മിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ഒരു ചെറുനഗരമാണത്. പക്ഷേ, ഇവിടുള്ള തമിഴ് ഭാഷാ ഭ്രാന്തന്മാരും തമിഴ് ദേശീയ വക്താക്കളും അത്, ലോകത്തിലെ ഏറ്റവും പഴക്കംചെന്ന സംസ്‌കാരമാണെന്നാണ് അവകാശപ്പെടുന്നത്. ഇന്ത്യന്‍ സംസ്‌കാരംതന്നെ കീഴ്ടിയില്‍നിന്നാണ് തുടങ്ങുന്നതെന്നാണ് പറഞ്ഞുവയ്ക്കുന്നത്. കീഴ്ടിയേക്കാളും രണ്ടായിരം വര്‍ഷം പഴക്കമുള്ള നിരവധി നഗരങ്ങള്‍ രാജസ്ഥാനില്‍നിന്ന് ഖനനംചെയ്ത് കണ്ടെത്തിയിട്ടുണ്ട്. ലോത്തന്‍, കാളിഫംഗന്‍ ഒക്കെ പുരാതനമായ സംസ്‌കാരങ്ങളാണ്.
സംഘകാലം എന്നൊന്ന് ഇവിടെയുണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് കീഴ്ടി. അത് ഇന്ത്യയിലെ അതിപുരാതനമായ സംസ്‌കാരങ്ങളിലൊന്നല്ല. ഇതൊരു ചരിത്രവസ്തുതയാണ്. ഇന്റര്‍വ്യൂവില്‍ അത് പറഞ്ഞപ്പോള്‍ കടുത്ത പ്രത്യാഘാതമുണ്ടായി. 'നോര്‍ത്ത് ഇന്ത്യയെ പൊക്കിപ്പിടിക്കാന്‍ ശ്രമിക്കുന്ന സംഘി' എന്ന ശകാരമാണ് ഉണ്ടായത്. മോഹന്‍ജൊദാരോയും ഹാരപ്പയും കാളിഫംഗനുമൊക്കെ അതിപുരാതനമായ സംസ്‌കാരമാണെന്ന് പറഞ്ഞാല്‍ ഒരാള്‍ എങ്ങനെയാണ് സംഘിയാവുക? പിന്നെ, ഇടതുപക്ഷത്തോട് പറയാനുള്ളൊരു കാര്യമുണ്ട്. നിങ്ങള്‍ക്കും ഡി.എം.കെ.യ്ക്കും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. അടിസ്ഥാനപരമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരു രാഷ്ട്രീയ ആദര്‍ശവും രാഷ്ട്രീയസിദ്ധാന്തവും ഉള്ളതാണ്. അങ്ങനെയൊന്ന് രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ക്കുമില്ല. അവയുടെ അടിസ്ഥാനം വംശീയതയാണ്. ബി.ജെ.പി.യെ ആദ്യം അധികാരത്തില്‍ എത്തിക്കാന്‍ മുന്നില്‍നിന്നത് ഡി.എം.കെ.യാണ്. എ.ഡി.എം.കെ.യും ബി.ജെ.പി. നയിക്കുന്ന പാളയത്തിലേക്ക് പോയിട്ടുണ്ട്. മാറിമാറി രണ്ട് ദ്രാവിഡ പാര്‍ട്ടികളും സംഘപരിവാറിനെ പിന്തുണച്ച ചരിത്രമുണ്ട്. ഇനി അഞ്ചുവര്‍ഷത്തിനിടെ ബി.ജെ.പി.സംഖ്യത്തില്‍ ഡി.എം.കെ.യുണ്ടാകില്ലെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഇന്നവര്‍ എതിര്‍ച്ചേരിയിലായതുകൊണ്ട് മതേതരത്വം സൂക്ഷിക്കുന്നവരോ അല്ലെങ്കില്‍ പുരോഗമന ആശയമുള്ളവരോ ആയി കണക്കാക്കാനാകില്ല. അവരുടെ അടിസ്ഥാനം തമിഴ് വംശീയ രാഷ്ട്രീയമാണ്. ഭാഷയെ ഒരു വിഘടന ചിന്തയായാണ് ഉദ്ദേശിക്കുന്നത്. ദ്രാവിഡ കക്ഷികള്‍ ജാതിമത വിരുദ്ധത പറയുന്നുണ്ടെങ്കിലും എളുപ്പത്തില്‍ വംശീയരാഷ്ട്രീയത്തിന് മതരാഷ്ട്രീയത്തിന്റെ ഒപ്പം ചേര്‍ന്നുപോകാന്‍ സാധിക്കും. ഇക്കാര്യം വിസ്മരിച്ചുകൊണ്ടാകരുത് എനിക്ക് നേരെയുള്ള വിമര്‍ശനം. ഇത്തരം കക്ഷിരാഷ്ട്രീയങ്ങളിലേക്ക് പോകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നുമില്ല. ഞാന്‍ അത്തരം ചര്‍ച്ചകളിലേക്ക് എപ്പോഴും പോകാറുമില്ല. പക്ഷേ, ഇവരുടെ രാഷ്ട്രീയ നിലപാടുകള്‍ വിഴുങ്ങിയേ തീരൂവെന്ന് വരുമ്പോള്‍ പറ്റില്ല എന്ന പറയാന്‍ എനിക്ക് കഴിയും.
അരുണ്‍ പി. ഗോപി: പതിറ്റാണ്ടുകളായി രണ്ട് ദ്രാവിഡ കക്ഷികള്‍ മാറിമാറി അധികാരത്തില്‍ എത്തിയിട്ടും ജാതിമതിലുകളുടെ വേര്‍തിരിവ് തമിഴകത്ത് നിന്ന് അകന്നിട്ടുണ്ടോ? ദളിത് ജനതയ്ക്ക് ദ്രാവിഡ കക്ഷികളില്‍/അധികാരത്തില്‍ ഉള്ള സ്ഥാനം?
ജയമോഹൻ: രാഷ്ട്രീയം കൃത്യമായി മനസ്സിലാകുന്നവര്‍ക്ക് അറിയാം, ഹൈന്ദവരാഷ്ട്രീയവും ദ്രാവിഡരാഷ്ട്രീയവും ഒന്നുപോലെ റിഗ്രസീവ് ആണെന്ന്. തമിഴ്നാട്ടില്‍ അമ്പത് വര്‍ഷത്തിലേറെയായി ദ്രാവിഡ പാര്‍ട്ടികളാണ് അധികാരത്തിലുള്ളത്. അടിസ്ഥാനപരമായി അവര്‍ ദളിതര്‍ക്ക് എതിരെയാണ്. അവരുടെ രാഷ്ട്രീയചരിത്രം തുടങ്ങുന്നതുതന്നെ അവിടെനിന്നാണ്. 1925-കാലഘട്ടത്തില്‍ ചെന്നൈയില്‍ പുളിയന്തോപ്പ് എന്ന പേരില്‍ ഒരു ലഹള അരങ്ങേറി. അന്ന് ഭരണത്തിലുണ്ടായ ജസ്റ്റിസ് പാര്‍ട്ടി ഒരൊറ്റ രാത്രികൊണ്ട് ചെന്നൈയിലെ ദളിതരെ അവിടെനിന്നും ഓടിച്ചു. ദളിതര്‍ക്കെതിരായി സംഘടിതമായി നടന്ന ആദ്യത്തെ ആക്രമണം അതായിരുന്നു. ജസ്റ്റിസ് പാര്‍ട്ടിയാണ് പിന്നെ ദ്രാവിഡ പാര്‍ട്ടിയാകുന്നത്. ഇന്നുവരെ ആ മനോഭാവം തന്നെയാണ് തമിഴകത്ത് തുടര്‍ന്നുപോരുന്നതും. ഡി.എം.കെ.യ്ക്ക് ആദ്യകാലത്ത് ദളിത് വിഭാഗങ്ങളുടെ ചെറിയൊരു വോട്ട് ബാങ്കുണ്ടായിരുന്നു. അത് എം.ജി.ആറിന്റെ മുഖം കൊണ്ട്, അല്ലെങ്കില്‍ സിനിമയുടെ മുഖം കൊണ്ട് കിട്ടിയതാണ്. പിന്നീട് എം.ജി.ആറിനൊപ്പം അവര്‍ എ.ഡി.എം.കെയിലേക്കാണ് പോയത്. ഇന്നും അവരുടെ വോട്ട് എ.ഡി.എം.കെ.യ്ക്കാണ് ലഭിക്കുന്നത്. ഇന്നും ദളിതര്‍ ഡി.എം.കെ.യെ വിശ്വസിക്കുന്നില്ല, വിശ്വസിക്കാന്‍ കഴിയുകയുമില്ല. തമിഴ്നാട്ടില്‍ ഇന്ന് ഉണര്‍ന്നുവരുന്ന ദളിത് രാഷ്ട്രീയം അടിസ്ഥാനപരമായി ഡി.എം.കെ.യ്ക്ക് എതിരാണ് താനും. ദ്രാവിഡരാഷ്ട്രീയം എന്ന സങ്കല്പം വന്നതുതന്നെ 1921-ല്‍ കോണ്‍ഗ്രസില്‍ ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ്. മദ്രാസ് പ്രസിഡന്‍സി എന്നുപറയുന്നത് ആന്ധ്രയിലെ ഗഞ്ചാം മുതല്‍ മലബാറൊക്കെ ഉള്‍പ്പെട്ട വലിയൊരു ഭൂപ്രദേശമായിരുന്നു. 1921-ല്‍ ഗാന്ധി, കോണ്‍ഗ്രസിന്റെ ബൈലോ പ്രാദേശിക ഭാഷയില്‍ എഴുതണമെന്ന് ഉത്തരവിട്ടു. മദ്രാസ് പ്രസിഡന്‍സിയിലെ ഭാഷ തെലുങ്കാണോ തമിഴാണോ എന്ന ചര്‍ച്ച രൂപപ്പെട്ടു. അങ്ങനെയാണ് തമിഴ്നാട്ടിലെ കോണ്‍ഗ്രസിനുള്ളില്‍ തെലുങ്ക്-തമിഴ് എന്നിങ്ങനെ രണ്ട് ധാരകള്‍ ഉണ്ടാകുന്നത്. തമിഴിന് വേണ്ടി വാദിച്ചത് പാര്‍ട്ടിക്കുള്ളിലെ അയ്യര്‍ വിഭാഗമായിരുന്നു. ഭൂമിശാസ്ത്രപരമായി ദ്രാവിഡം എന്ന ഭാഗം കൃഷ്ണയ്ക്കും ഗോദാവരിക്കും ഇടയിലാണ്. അങ്ങനെയാണ് പുരാതനമായ ശില്പശാസ്ത്ര കൃതികള്‍ പറയുന്നത്. ആദ്യകാലങ്ങളില്‍ തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയം പറഞ്ഞവരില്‍ മുഴുവന്‍ വീടുകളിലും തെലുങ്ക് സംസാരിക്കുന്നവരായിരുന്നു. തെലുങ്കരെ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണ് ദ്രാവിഡ ആശയം കൊണ്ടുവന്നത്. ജസ്റ്റിസ് പാര്‍ട്ടി ദ്രാവിഡ പാര്‍ട്ടിയാകുന്നതും. പിന്നീട് രാഷ്ട്രീയ ലാഭത്തിനായി ഇവര്‍ തമിഴ് ദേശീയതയിലേക്ക് എത്തിച്ചേരുകയാണ് ഉണ്ടായത്.
അരുണ്‍ പി. ഗോപി: താങ്കള്‍ ഒരു ഹൈന്ദവവിശ്വാസിയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അയോധ്യയിലെ പുതിയ രാമക്ഷേത്രം 140 കോടി ജനങ്ങളുടെ ഹൃദയത്തിലാണെന്ന് പ്രധാനമന്ത്രി മോദി പറയുന്നു. ആ നൂറ്റിനാല്‍പ്പത് കോടി ജനങ്ങളില്‍ താങ്കള്‍ ഉള്‍പ്പെടുന്നുണ്ടോ?
ജയമോഹന്‍: അയോധ്യയില്‍ രാമന്റെ പേരില്‍ പുതിയ ക്ഷേത്രം പണിതപ്പോള്‍ അതിനെതിരേ ശക്തമായി ഒരു ലേഖനം ഫ്രണ്ട്ലൈനില്‍ എഴുതുകയുണ്ടായി. ഓരോദിവസവും നൂറുകണക്കിന് ശകാരങ്ങളാണ് എനിക്കുനേരേ വന്നുകൊണ്ടിരിക്കുന്നത്. ഞാന്‍ കാണുന്നത് തമിഴകത്തിന്റെ ഐഡിയോളജി ശക്തമായി ബി.ജെ.പി.യിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നാണ്. അങ്ങനെ മാറുന്നുവെങ്കില്‍ ദ്രാവിഡ കക്ഷികളുടെ വംശീയരാഷ്ട്രീയം പൊടുന്നനെ ഹൈന്ദവരാഷ്ട്രീയത്തോട് ചേരും. ഇപ്പോള്‍തന്നെ ഡി.എം.കെ. രാമക്ഷേത്ര നിര്‍മാണത്തിനെതിരേ അഭിപ്രായം പറയാത്ത പാര്‍ട്ടിയായി മാറിയിട്ടുണ്ട്. കാരണം, കാറ്റ് എങ്ങോട്ട് അടിക്കുന്നുവെന്ന് അവര്‍ക്ക് നന്നായി അറിയാം.

അരുണ്‍ പി. ഗോപി: മുഖ്യധാരാ രാഷ്ട്രീയകക്ഷികളില്‍നിന്ന് അകന്നുനില്‍ക്കുകയെന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമാകാം. അങ്ങനെയെങ്കില്‍ താങ്കള്‍ മുന്നോട്ടുവെക്കുന്ന ബദല്‍ രാഷ്ട്രീയം എന്താണ്?
ജയമോഹന്‍: രാഷ്ട്രീയമായി എനിക്ക് ഏറ്റവും അടുപ്പമുള്ളത് ഗാന്ധിയോടാണ്. എന്റെ രാഷ്ട്രീയമെന്നത് മുന്‍പും ഞാന്‍ എഴുതിയിട്ടുണ്ട്. അതിനെ ഞാന്‍ മൈക്രോ പൊളിറ്റിക്സ് എന്നാണ് വിശേഷിപ്പിക്കുന്നത്. അധികാര രാഷ്ട്രീയത്തിലേക്ക് എത്താതെ ജനങ്ങളിലേക്ക് ചെന്നെത്തുകയും സേവനം കൊണ്ടും ആശയപ്രചാരണം കൊണ്ടും അവരില്‍ മാറ്റങ്ങള്‍ കൊണ്ടുവരുകയും ചെയ്യുന്നതിനെയാണ് മൈക്രോ പൊളിറ്റിക്സ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ചെറിയ യൂണിറ്റുകളില്‍ നടത്തപ്പെടുന്ന രാഷ്ട്രീയമാണത്. അങ്ങനെ ജനമധ്യത്തില്‍ മൈക്രോപൊളിറ്റിക്സ് നടത്തുന്ന പല യൂണിറ്റുകളും എന്റെ ബന്ധത്തിലുണ്ട്. ഉദ്ദാഹരണമായി തമിഴ്നാട്ടിലെ പന മരം സംരക്ഷിക്കപ്പെടണമെന്ന ആശയം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഫാദര്‍ ഗോഡ്സണ്‍, വില്ലേജുകളിലെ ചെറിയ കിണറുകള്‍ പുനരുജ്ജീവിപ്പിക്കണം എന്നതിന് വേണ്ടിയൊരു സംഘടനയായി പ്രവര്‍ത്തിക്കുന്ന മധുമഞ്ജരി, ഗ്രാമത്തിലെ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന കുക്കു എന്ന കൂട്ടായ്മ. ആനഡോക്ടര്‍ പോലുള്ള കൃതികള്‍ അച്ചടിച്ചു സൗജന്യമായി വിതരണം ചെയ്യൂന്ന തന്നറം എന്ന പ്രസിദ്ധീകരണം. അങ്ങനെ ഒരുപാട് ഗാന്ധിയന്‍ പ്രസ്ഥാനങ്ങളുണ്ട്. ശ്രീലങ്കന്‍ അഭയാര്‍ത്ഥി കുട്ടികള്‍ക്കും ആദിവാസി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കും വിദ്യാഭ്യാസ സഹായം നല്‍കുവാനും ചില ട്രസ്റ്റുകള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. രാഷ്ട്രീയത്തില്‍ ഞാന്‍ ആദര്‍ശമായിക്കാണുന്നത് ഗാന്ധിയെയാണെന്ന് പറഞ്ഞുവല്ലോ, ഗാന്ധിയെ കുറിച്ച് തമിഴില്‍ നാല് പുസ്തകങ്ങള്‍ ഞാന്‍ രചിച്ചിട്ടുണ്ട്. ഗാന്ധിയന്‍ രാഷ്ട്രീയത്തെക്കുറിച്ചും ഗാന്ധിയന്‍ സംസ്‌കാരത്തെക്കുറിച്ചും തമിഴിലെ പുതുതലമുറയിൽ ഒരു അവബോധം സൃഷ്ടിക്കാന്‍ എന്റെ കൃതിയായ 'ഇന്നത്തെ ഗാന്ധി'ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ഞാന്‍ ഇടതോ വലതോ അല്ല, ആ ചര്‍ച്ചയില്‍ത്തന്നെ ഞാന്‍ ഇല്ല. അധികാരം എന്നത് പലതരം അധികാരങ്ങളുടെ ഒരു സമന്വയം മാത്രമാണ്. അതില്‍ ഇടപെടുന്നവര്‍ ഏതെങ്കിലും ഒരു അധികാര കക്ഷിയുടെ വക്താവാകുന്നു. അവര്‍ക്കു വേണ്ടി വാദിക്കുന്നു. ഞാന്‍ ഇന്ത്യയില്‍ ഉടനീളം നടന്നു ഗാന്ധിയന്‍ പ്രവര്‍ത്തകരെ കണ്ടു സംസാരിച്ചിട്ടുണ്ട്. പലരുടെയും ഒപ്പം ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ പരിസ്ഥിതി ബോധം ഉണ്ടാക്കിയ ഡോക്ടര്‍ ജീവാനന്തം സാറിന്റെ ഒപ്പം ഉണ്ടായിരുന്നു. (ഇന്നത്തെ ഗാന്ധി ജീവയ്ക്കാണ് സമര്‍പ്പിച്ചിട്ടുള്ളത്). കൃഷ്ണമ്മല്‍ ജഗന്നാഥന്‍ തുടങ്ങിയ ഗാന്ധിയന്‍ പ്രവര്‍ത്തകരോട് അടുപ്പം ഉണ്ട്. കഴിഞ്ഞ കൊല്ലം ഡോക്ടര്‍ ജീവാനന്തത്തിന്റെ ഓര്‍മദിനം ആഘോഷിക്കാന്‍ എത്തിയ മേധാ പട്കര്‍ എന്നെ കണ്ടതും തിരിച്ചറിഞ്ഞു. എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചു. സാഹിത്യമാണ് ഇപ്പോഴത്തെ പ്രവര്‍ത്തനമണ്ഡലം എന്ന് ഞാന്‍ പറയുകയുണ്ടായി. സുഗതകുമാരിയോടും അടുപ്പം ഉണ്ടായിരുന്നു. വെണ്‍മുരശ് നോവലുകളില്‍ ഒന്ന് സുഗതകുമാരിയ്ക്കാണ് സമര്‍പ്പണം ചെയ്തിട്ടുള്ളത്.
അരുണ്‍ പി. ഗോപി: അങ്ങാടിത്തെരു, നാന്‍കടവുള്‍, ഒഴിമുറി തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയയൊരാള്‍ 2.O, പൊന്നിയന്‍ സെല്‍വന്‍, ഇന്ത്യന്‍ ടു എന്നീ കൊമേഷ്യല്‍ സിനിമകളുടെ തിരക്കഥയിലും സംഭാഷണത്തിലും ഭാഗമാകുന്നു. അങ്ങനെവരുമ്പോള്‍ കൊമേഷ്യല്‍ സിനിമകളുടെ താത്പര്യത്തിന് നിലകൊള്ളേണ്ടി വരും. മദ്യപാനരംഗങ്ങള്‍ എഴുതണമെന്ന ആവശ്യവുമായി സംവിധായകര്‍ സമീപിച്ചാല്‍?
ജയമോഹന്‍: സിനിമയെ ഞാനൊരു തൊഴില്‍ മാത്രമായാണ് സ്വീകരിക്കുന്നത്. അതില്‍ കലാപരമായി ഒരു ഉദ്ദേശവുമില്ല. അതുകൊണ്ട് തമിഴ് സിനിമയുടെ ഭാഗമായിയിരിക്കുമ്പോഴും അതില്‍ ഞാനൊരു അഭിപ്രായവും പറയാറില്ല. വന്‍ ബജറ്റുകളുടെ സിനിമകളുടെ ആഘോഷങ്ങളിലൊന്നും ഞാന്‍ പങ്കെടുക്കാറുമില്ല. അടുത്തകാലത്ത് അതിനുവേണ്ടി ഒരാവശ്യമുണ്ടായപ്പോള്‍ പൊന്നിയന്‍ സെല്‍വന്റെ വേദിയില്‍ അരങ്ങില്‍ മാത്രമാണ് വന്നിട്ടുള്ളത്. 2.O പോലുള്ള ചിത്രങ്ങളുടെ വിജയാഘോഷത്തിനോ ഉദ്ഘാടനത്തിനോ പങ്കെടുത്തിട്ടില്ല. സിനിമ ഷൂട്ടിങ് ലൊക്കേഷനുകളില്‍ പോകാറില്ല. പറ്റില്ല എന്ന് ആദ്യമേ പറഞ്ഞുകൊണ്ടാണ് സിനിമയില്‍ സഹകരിക്കുന്നതും. തമിഴ് വാണിജ്യ സിനിമയുടെ ഒരുഭാഗമാണ് ഞാന്‍. വാണിജ്യസിനിമയില്‍ ഒരു എഴുത്തുകാരന്റെ ഇടം വളരെ കുറവാണ്. സംവിധായകന്റെ കലയാണത്. സംവിധായകന്‍ ചോദിക്കുന്ന ചെറിയൊരു സംഭാവന കൊടുക്കാന്‍ മാത്രമേ തിരക്കഥാകൃത്തിന് കഴിയൂ. ഒരു സ്‌റ്റോറി എന്‍ജിനീയര്‍ എന്നുവേണമെങ്കില്‍ പറയാം. എന്റെ സംഭവാന അതുമാത്രമാണ്. അതിന് വാണിജ്യ തമിഴ്‌സിനിമകളില്‍നിന്ന് നല്ല പ്രതിഫലവും കിട്ടുന്നുണ്ട്. സിനിമയില്‍നിന്നും കിട്ടിയ പ്രതിഫലം കൊണ്ടാണ് തമിഴില്‍ ഒരു സാഹിത്യപ്രസ്ഥാനം ഉണ്ടാക്കിയത്. ലോകം മുഴുവന്‍ യാത്രചെയ്യാന്‍ കഴിഞ്ഞത്. സ്വതന്ത്രമായി എഴുതാന്‍ കഴിയുന്നതും ഒരുപാട് എഴുത്തുകാര്‍ക്ക് ധനസഹായം ചെയ്യാന്‍ കഴിഞ്ഞതും. വാണിജ്യസിനിമയുടെ ഭാഗമായിരിക്കുമ്പോള്‍ അതിന്റെ രീതികള്‍-നിയമങ്ങള്‍ ഒക്കെ ഞാന്‍ പാലിക്കാറുണ്ട്. എഴുതിക്കഴിഞ്ഞാല്‍ ആ സിനിമയില്‍ എനിക്ക് പങ്കൊന്നുമില്ല. മിക്കവാറും തീയേറ്ററില്‍ പോയാണ് ചിത്രം കാണുന്നതും. എന്റെ സദാചാരബോധങ്ങള്‍ക്കോ ധാരണകള്‍ക്കോ വിപരീതമായി സിനിമകള്‍ എഴുതിയിട്ടില്ല. പക്ഷേ, ചിലപ്പോള്‍ എഴുതുന്ന സിനിമകള്‍ സംവിധായകര്‍ അവരുടെ രീതിയിലേക്ക് മാറ്റാറുണ്ട്. അങ്ങനെവരുമ്പോള്‍ എന്റെ പേര് ആ ചിത്രത്തിനോടൊപ്പം ഉണ്ടാകാന്‍ പാടില്ലെന്ന് ഞാന്‍ പറയാറുണ്ട്. അങ്ങനെ ചിലപ്പോള്‍ താങ്ക്‌സ് കാര്‍ഡ് മാത്രമായി എന്റെ പേര് ചുരുങ്ങാറുണ്ട്. ഇനി താങ്കള്‍ ചോദിച്ച ചോദ്യത്തിലേക്ക് വരാം. സിനിമയില്‍ മദ്യപാന രംഗം ഉണ്ടാകരുതെന്നൊന്നും എനിക്ക് അഭിപ്രായമില്ല. മദ്യപാനരംഗം പരിപൂര്‍ണമായും കാണിക്കുന്നതിലും എനിക്ക് എതിര്‍പ്പൊന്നുമില്ല. പക്ഷേ, മദ്യപാനം മാത്രമാണ് ജീവിതമെന്നും ചെറുപ്പക്കാരുടെ ഏക പ്രവൃത്തി മദ്യപാനം മാത്രമാണെന്നും കാണിക്കുന്നത് ആ സംസ്‌കാരത്തെ പൂര്‍ണമായും അവഹേളിക്കുന്നതിന് തുല്യമാണ്. അത് ഞാന്‍ ചെയ്യില്ല. മറ്റൊന്ന് വനത്തില്‍ കയറി കുടിക്കുകയും ബഹളം വെക്കുകയും അതൊരു ആഘോഷമാണ്, അതൊരു സത്പ്രവൃത്തിയാണെന്ന് സിനിമയിലൂടെ പറഞ്ഞുവെക്കുന്നത് ഒരിക്കലും സ്വീകരിക്കാന്‍ കഴിയില്ല. ഞാന്‍ അത്തരം ഓഫറുകള്‍ സ്വീകരിക്കുകയുമില്ല.
അരുണ്‍ പി. ഗോപി: എഴുത്തുകാരനിലേക്കുള്ള രൂപാന്തരം എണ്‍പതുകളില്‍ സുന്ദരരാമസ്വാമിയെ കണ്ടുമുട്ടുന്നതിലൂടെയാണ്? എഴുതിത്തുടങ്ങിയ കാലത്ത് എന്തായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. തമിഴ്സാഹിത്യ ലോകം വേണ്ടവിധത്തില്‍ സുന്ദരരാമസ്വാമിയെ പരിഗണിച്ചിട്ടുണ്ടോ?
ജയമോഹന്‍: ഞാന്‍ എഴുതിത്തുടങ്ങിയത് അഞ്ചാംക്ലാസില്‍ പഠിക്കുന്ന കാലത്താണ്. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ആദ്യത്തെ കഥ പ്രസിദ്ധീകരിക്കുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്ത് പലപേരുകളില്‍ ഞാന്‍ കഥകള്‍ എഴുതിയിരുന്നു. കിട്ടുന്ന കാശ് അപ്പപ്പോള്‍ തന്നെ പൊറോട്ടയും ബീഫും കഴിച്ച് തീര്‍ക്കും. പിന്നീടാണ് സുഹൃത്തിന്റെ ആത്മഹത്യയും നാടുവിട്ട് പോകലുമൊക്കെ ഉണ്ടാകുന്നത്. പിന്നെ എഴുതിത്തുടങ്ങുന്നത് സുന്ദരരമാസ്വാമിയെ കണ്ടതിന് ശേഷമാണ്. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേയ്ക്ക് മലബാര്‍ എക്സ്പ്രസില്‍ നിന്നുകൊണ്ട് യാത്രചെയ്യുന്ന സമയത്താണ് മറ്റൊരു യാത്രികന്റെ കൈയില്‍ കണ്ട പുസ്തകം വാങ്ങി വായിക്കുന്നത്. ജെ.ജെ.ചില കുറിപ്പുകള്‍ എന്ന നോവലായിരുന്നുവത്. കാസര്‍കോട് എത്തിയ ഉടന്‍തന്നെ സുന്ദരരാമസ്വാമിക്ക് കത്തെഴുതി. തന്നെ വന്നുകാണാന്‍ അദ്ദേഹം മറുപടി അയച്ചു. അങ്ങനെയാണ് രാമസ്വാമിയെ നേരില്‍ക്കാണുന്നത്. പിന്നീടത് പതിവായി, ഒരുപാട് വിഷയങ്ങള്‍ രാമസ്വാമിയോട് ചര്‍ച്ച ചെയ്തിട്ടുണ്ട്. സുന്ദരരാമസ്വാമിയില്‍നിന്നാണ് ആറ്റൂര്‍ രവിവര്‍മയെ പരിചയപ്പെടുന്നത്. ആറ്റൂര്‍ അക്കാലത്ത് ജെ.ജെ. ചില കുറിപ്പുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഒരുങ്ങുന്ന കാലമായിരുന്നു. അതിന് വേണ്ടി ആറ്റൂര്‍ അന്ന് നാഗര്‍കോവിലില്‍ താമസിച്ചുവരുകയായിരുന്നു. രാമസ്വാമി എന്നെ വരുത്തി ആറ്റൂരിന് പരിചയപ്പെടുത്തിക്കൊടുത്തു. അന്ന് വൈകീട്ട് ആറ്റൂരും ഞാനും നടക്കാനിറങ്ങി. അന്ന് എനിക്ക് 24 വയസ്സേയുള്ളൂ. നടക്കുന്നതിനിടെ ഞാന്‍ പെട്ടെന്ന് പറഞ്ഞു. ''സാര്‍, ഒന്നുനില്‍ക്കണം ഒരു പന്നിയുടെ സംഘം റോഡ് മുറിച്ചുകടക്കാന്‍ പോവുകയാണ്''. ആറ്റൂര്‍ ചോദിച്ചു 'എങ്ങനെയറിയാം?' ഞാന്‍ പറഞ്ഞു- ''ആ വക്കിലൊരു രണ്ട് കാത് കാണുന്നുണ്ട്, അത് വലിയ പന്നിയുടെ കാതാണ്. ആ കാത് തിരിയുന്നത് കണ്ടാലറിയാം അതിന് പിന്നിലായി വലിയൊരു സംഘം പുറത്തുണ്ട്.'' ഞങ്ങള്‍ കാത്തുനിന്നു, ഉടനെത്തന്നെ പന്നിയുടെ വലിയൊരു സംഘം റോഡ് മുറിച്ചുകടന്നുപോയി. ഞാന്‍ അപ്പോള്‍ ആറ്റൂരിനോട് പറഞ്ഞു. ഈ പന്നിക്കൂട്ടത്തിലുള്ള ഒരു കുട്ടി വാലുചുരുട്ടിപ്പിടിച്ചിട്ടുണ്ട് അവനായിരിക്കും അടുത്ത ആല്‍ഫാമെയില്‍. അവനായിരിക്കും ഇനി അടുത്ത തലമുറയെ നയിക്കുന്നത്. എങ്ങനെയറിയാമെന്ന് ആറ്റൂര്‍ പിന്നെയും ചോദിച്ചു. ''എല്ലാവരും പോയ ശേഷവും അവന്‍ നിന്ന് നമ്മളെ നോക്കിയതിന് ശേഷമേ പോകുകയുള്ളൂ''. ആറ്റൂര്‍ ശ്രദ്ധിച്ചപ്പോള്‍, പന്നിക്കുട്ടി നില്‍ക്കുകയും ഞങ്ങളെ സൂക്ഷ്മമായി ശ്രദ്ധിക്കുകയും ചെയ്ത ശേഷം അഴുക്കുചാലിലേക്ക് ചാടുകയും ചെയ്തു. ആറ്റൂര്‍ എന്നോട് എഴുതുമോയെന്ന് ചോദിച്ചു. മുന്‍പ് കുറച്ചെഴുതിയിട്ടുള്ള കാര്യം മറച്ചുവെച്ചു. ഇല്ല എന്ന് മറുപടി നല്‍കി. ആറ്റൂര്‍ എന്നോടുപറഞ്ഞു, താന്‍ എഴുതണം തനിക്ക് അതിന് സാധിക്കുമെന്നും പറഞ്ഞു. അതൊരു അനുഗ്രഹവാക്കായിരുന്നു. ഞാന്‍ പി.കെ ബാലകൃഷ്ണനെ ആറ്റൂരില്‍നിന്നാണ് കൂടുതലായി അറിയുന്നത്. അങ്ങനെ പി.കെയുടെ വീട്ടിലേക്ക് പോയി. ജനാലയിലൂടെ അദ്ദേഹം ക്ഷുഭിതനായി എന്നോട് ചോദിച്ചു. ''ആരാണ്? ഞാനൊന്നും വാങ്ങാറില്ല'' എന്ന് പറഞ്ഞു. അപ്പോള്‍, ഞാനൊന്നും വില്‍ക്കാറില്ലെന്നും മറുപടി നല്‍കി. പിന്നെയെന്തിനാണ് വന്നതെന്നായി. തമിഴില്‍ എഴുതുന്ന ഏറ്റവും വലിയ എഴുത്തുകാരനാണ് ഞാനെന്ന് മറുപടി കൊടുത്തു. വാതില്‍തുറന്ന് തന്ന് അകത്തേക്ക് വരാന്‍ അദ്ദേഹം ക്ഷണിച്ചു. അകത്തെത്തിയ ശേഷം ഞാന്‍ പറഞ്ഞു. തമിഴില്‍ ഞാന്‍ വലുതായിട്ടൊന്നും എഴുതിയിട്ടില്ലെന്ന് പറഞ്ഞു. അപ്പോള്‍ പി.കെ. ബാലകൃഷ്ണന്‍ എന്നെ കെട്ടപ്പിടിക്കുകയും ഇതുപറയാനെങ്കിലും ഒരു ചങ്കൂറ്റം വേണമെടോ എന്ന് പറയുകയും ചെയ്തു. അങ്ങനെ അവിടം മുതല്‍ ഒരു സുഹൃത്ത് ബന്ധം ജനിക്കുന്നു. പി.കെ. ബാലകൃഷ്ണന്‍ പറഞ്ഞതുകൊണ്ടാണ് തമിഴിലെ ബൃഹത് നോവലായ വെണ്‍മുരശ്ശ് ഞാന്‍ എഴുതുന്നത്. 'ഇനി ഞാന്‍ ഉറങ്ങട്ടെ' എന്ന കൃതിയില്‍ കര്‍ണനെ ഉയര്‍ത്തുന്നതിനായി അര്‍ജുനനെ ഇകഴ്ത്തിയെന്ന് ഞാന്‍ പറയുകയുണ്ടായി. അര്‍ജുനനാണ് യോഗി. അര്‍ജുനനാണ് ഗീതോപദേശം നല്‍കിയിട്ടുള്ളത്. അപ്പോള്‍ പി.കെ പറഞ്ഞു. അതങ്ങനെയേ സാധിക്കൂ, മഹാഭാരതത്തിന്റെ പുനരാഖ്യാനത്തില്‍ എല്ലാവര്‍ക്കും സ്ഥാനം നല്‍കണമെങ്കില്‍ മഹാഭാരതം പൂര്‍ണമായും എഴുതണം. ഞാന്‍ ഒരിയ്ക്കല്‍ എഴുതും എന്നായിരുന്നു എന്റെ മറുപടി. അപ്പോള്‍ അദ്ദേഹം എന്നെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു. താനെഴുതുമെടോ ഒന്നുമില്ലെങ്കിലും നമ്മളൊക്കെ തിരുവിതാംകൂറുകാരല്ലേ. അങ്ങനെയൊരു അഭിമാനബോധം ബാലകൃഷ്ണനുണ്ടായിരുന്നു, തിരുവിതാംകൂറാണ് ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാന്മാരുടെ നാട് എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അന്നുതുടങ്ങിയ സ്വപ്നമാണ് 25 കൊല്ലക്കാലം നീണ്ടുനിന്ന പഠനത്തിനും യാത്രകള്‍ക്ക് ശേഷം വെണ്‍മുരശ് എഴുതിത്തുടങ്ങിയത്. എന്റെ യാത്രകള്‍, ഞാന്‍ പഠിച്ച തത്ത്വചിന്ത, വായിച്ചെടുത്ത ചരിത്രാവബോധം, ഞാന്‍ അനുഭവിച്ച ജീവിതയാതനകള്‍ ഇവയെല്ലാമാണ് എന്റെ സാഹിത്യത്തെ രൂപപ്പെടുത്തിയത്. സുന്ദരരാമസ്വാമി കാട്ടിയ വഴിയിലൂടെയാണ് ഞാന്‍ എഴുതിത്തുടങ്ങിയത്. വായനക്കാരേ ഇല്ലാത്ത ഒരു ലോകമായിരുന്നു അന്നത്തെ തമിഴ് സാഹിത്യം. എന്റെ തുടക്കകാല എഴുത്തുകള്‍ പരിപൂര്‍ണമായും ലിറ്റില്‍ മാഗസിനുകളില്‍ മാത്രമായിരുന്നു. മലയാളത്തിലെ ഒരു എഴുത്തുകാരന് ഇങ്ങനെ ഒരു ചുറ്റുപാട് ഒരിക്കലും മനസ്സിലാകണമെന്നില്ല. മലയാളത്തില്‍ അക്കാലത്ത് ഞാന്‍ എഴുതിത്തുടങ്ങിയിരുന്നു. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാരെ പലരെയും എനിക്ക് അന്നുതന്നെ വ്യക്തിപരമായി അറിയാമായിരുന്നു. മലയാള സാഹിത്യലോകത്തേക്ക് പ്രവേശിക്കാന്‍ അതൊരു വഴിയുമായിരുന്നു. പക്ഷേ, ഞാന്‍ തിരഞ്ഞെടുത്തത് തമിഴായിരുന്നു. എന്നോട് ആറ്റൂര്‍ രവിവര്‍മ ഒരിക്കല്‍ പറഞ്ഞു. ''ജയമോഹന്‍ മലയാളം എഴുതാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഒരുകൊല്ലം കൊണ്ട് നിരവധി വായനക്കാരെ സൃഷ്ടിക്കാന്‍ സാധിക്കും. എന്നാല്‍, ജീവിതകാലം മുഴുവന്‍ എഴുതിയാലും തമിഴില്‍ അഞ്ഞൂറ് വായനക്കാരെ പോലും കിട്ടില്ല. എന്നിട്ടും ജയമോഹന്‍ എന്താണ് തമിഴ് തിരഞ്ഞെടുത്തത്?'' അപ്പോള്‍ ഞാന്‍ പറഞ്ഞു. ''എന്റെ മനസ്സിന്റെ ഭാഷ തമിഴാണ്. തമിഴ് സംസ്‌കാരത്തിന്റെ ഒന്നില്‍ കൂടുതല്‍ അടരുകള്‍ എന്നില്‍ താല്‍പര്യം ജനിപ്പിക്കുന്നു. സംഘകാലം മുതല്‍ ആധുനികകാലം വരെ വളര്‍ന്നുനില്‍ക്കുന്ന തമിഴ്സംസ്‌കാരത്തിന്റെ വലിയ പരിണാമചിത്രം എന്റെ കൃതികളുടെ തട്ടകമായി നിലനില്‍ക്കണം. ആരും വായിച്ചിട്ടില്ലെങ്കിലും സാരമില്ല എഴുതേണ്ടത് എഴുതിക്കഴിഞ്ഞാല്‍ സ്വസ്ഥമായി എനിക്ക് മരിക്കാന്‍ പറ്റും'' -അന്ന് ആറ്റൂര്‍ എനിക്കൊരു കത്തെഴുതി, ജയമോഹന്‍ പറയുന്നത് ഒരുതരം ആത്മപ്രഖ്യാപനമാണ്, പക്ഷേ ജയമോഹന്റെ തീവ്രതകൊണ്ട് സ്വന്തമായി വായനക്കാരെ ഉണ്ടാക്കുമെന്ന് എനിക്കുറപ്പുണ്ട്. ആറ്റൂര്‍ എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. പക്ഷേ, അത് സംഭവിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴില്‍ ഇടനില പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി. ശുഭ മംഗള, പുതിയപാര്‍വൈ, ദിനമണി എന്നീ മൂന്ന് ഇടനിലപ്രസിദ്ധീകരണങ്ങള്‍ വന്നപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ എഴുതുന്ന എഴുത്തുകാരനായി ഞാന്‍ മാറി. എനിക്കുള്ള വായനക്കാര്‍ വന്നുതുടങ്ങി. ഞാന്‍ എന്നും തീവ്രതയോടെ മുഖം ആണ്. തമിഴില്‍ ആരോട് ചോദിച്ചാലും പറയുന്ന അഭിപ്രായമാണത്. ഓരോദിവസവും സാഹിത്യം വായിക്കുക, എഴുതുക എന്നതിന് പുറമെ ഓരോ ദിവസവും അമ്പതിലേറെ കത്തുകള്‍ എഴുതുമായിരുന്നു. ഒരുമാസം ആയിരം ഇല്ലന്റുകളാണ് കാശുകൊടുത്ത് വാങ്ങിയിരുന്നത്. അതുമുഴുവന്‍ മറ്റ് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമുള്ള കത്തുകളായിരുന്നു. നിരന്തരം സാഹിത്യചര്‍ച്ചകള്‍ നടന്നിരുന്നത് ഈ കത്തുകളിലൂടെയായിരുന്നു. ആ കത്തുകള്‍ പലതും ഇന്ന് വായനക്കാര്‍ തന്നെ ഇന്റര്‍നെറ്റിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല കത്തുകള്‍ അമ്പതും അറുപതും പേജുള്ളവയായിരുന്നു. അതൊരുതരം ഭ്രാന്തന്‍ ആവേശമായിരുന്നു. ഇന്ന് ഞാന്‍ പറഞ്ഞൊരു അഭിപ്രായത്തിന് എനിക്ക് സമനിലയില്ലെന്ന് പറയുന്ന മലയാളി എഴുത്തുകാരനോട് ഒരുകാലത്തും എനിക്കൊരു സമനിലയും ഉണ്ടായിരുന്നില്ല എന്നാണ് പറയാനുള്ളത്. ഞാന്‍ രാഷ്ട്രീയക്കാരനല്ല, രാഷ്ട്രീ നയതന്ത്രജ്ഞനുമല്ല, സമനില ഒട്ടുമില്ലാത്ത എഴുത്തുകാരന്‍ തന്നെയാണ്. വികാരത്തിന്റെ ആവേശം കൊണ്ടുമാത്രം പ്രവര്‍ത്തിക്കുന്ന ഒരാളാണ്. ഭ്രാന്തന്‍ തന്നെയാണ്. ആ ഭ്രാന്ത് മുപ്പതുകൊല്ലം കഴിഞ്ഞ് ഇപ്പോഴും കൈമോശം വന്നിട്ടില്ല. കല്‍പ്പറ്റ നാരായണന്‍ അദ്ദേഹത്തിന്റെ ഗദ്യകവിതകള്‍ വൈദ്യശാസ്ത്രം എന്നൊരു പ്രസിദ്ധീകരണത്തില്‍ എഴുതുന്നുണ്ടായിരുന്നു. ഇരുന്നൂറ് കോപ്പി അച്ചടിക്കുന്ന ഒരു പ്രസിദ്ധീകരണമായിരുന്നു അത്. കാസര്‍ഗോഡ് നിന്ന് ബസില്‍ കയറി അദ്ദേഹത്തിന്റെ വീട്ടില്‍ പോയി അങ്ങെഴുതുന്നത് ആധുനിക കവിതയാണെന്നും ഇന്നത് ആര് വായിച്ചിട്ടില്ലെങ്കിലും ഭാവിയില്‍ അത് വായിക്കപ്പെടുമെന്നും ആദ്യമായി പറഞ്ഞത് ഞാനാണ്. അന്നെനിക്ക് ഇരുപത്തിയാറ് വയസ്സാണ്. ഒ.എന്‍.വിയുടെ ഒരു കവിത വായിച്ചിട്ട് അദ്ദേഹത്തെ നേരില്‍കണ്ട് അതിലെ ക്ലീഷയെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. അതിനദ്ദേഹം എന്ന ചീത്തയും പറഞ്ഞിട്ടുണ്ട്. വൈലോപ്പിള്ളിയെ നേരില്‍കണ്ട് അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സി. അച്യുതമേനോന്റെ ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും നേരില്‍കണ്ട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ബംഗാളി എഴുത്തുകാരന്‍ അധീന്‍ ബാദ്ധോപാധ്യായയുടെ നീലകണ്ഠ് പക്ഷിയെത്തേടി (Nilkantha Pakhir khoje) എന്ന കൃതി വായിച്ച്, അവസാനത്തെ പേജ് തീര്‍ന്ന ഉടന്‍ ബംഗാളിലേക്ക് വണ്ടികയറി അദ്ദേഹത്തെ നേരില്‍ക്കണ്ടു. കേളുചരണ്‍ മൊഹാപാത്രയുടെ ഒരു ഒഡീസി നൃത്തം ടിവിയില്‍ കണ്ടപ്പോള്‍ ബാഗുമെടുത്ത് ഒഡിഷയിലെത്തി അദ്ദേഹത്തെ കണ്ട ഒരാളാണ് ഞാന്‍. ശിവരാമ കാറന്തിനെ കാണാന്‍ പുത്തൂരില്‍ പോയിട്ടുണ്ട്. ഡല്‍ഹിയില്‍ യു.ആര്‍. അനന്തമൂര്‍ത്തിയെ കാണാന്‍ ഒരുദിവസം മുഴുവന്‍ കാത്തിരുന്നിട്ടുണ്ട്. ആനന്ദിന്റെ ആള്‍ക്കൂട്ടം വായിച്ചിട്ട് വീട്ടില്‍ പോയി കണ്ടിരുന്നു, ലാറി ബേക്കറെയും ജ്ഞാനേശ്വര്‍ മിശ്രയെയും വീട്ടിലെത്തി കണ്ടു. അങ്ങനെ ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരെ ആവേശത്തോടെ വായിക്കുകയും നേരില്‍ക്കാണുകയും ചെയ്തിട്ടുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും നിരന്തരം കത്തുകള്‍ എഴുതിയിരുന്നു. ആ ആവേശമാണ് ഇന്നും എന്നിലുള്ളത്. തമിഴില്‍ ആധുനിക സാഹിത്യം പൂര്‍ണമായും ചെറുമാസികകളിലാണ് വന്നുകൊണ്ടിരുന്നു. സുന്ദരരാമസ്വാമിയെത്തന്നെ ആര്‍ക്കും അറിയില്ലായിരുന്നു. പില്‍ക്കാലത്ത് ഞാന്‍ സൊല്‍പുതിത് എന്ന ത്രൈമാസിക തുടങ്ങി. വര്‍ണത്തിലുള്ള കവറില്‍ മുതിര്‍ന്ന എഴുത്തുകാരുടെ ഫോട്ടോ അച്ചടിച്ച്, അവരുടേ നീണ്ട അഭിമുഖങ്ങളൊക്കെ ഉള്‍പ്പെടുത്തിയായിരുന്നു അത് പുറത്തിറങ്ങിക്കൊണ്ടിരുന്നത്. സൊല്‍പുതിത് തമിഴില്‍ പ്രധാനപ്പെട്ട മാഗസിനായി മാറി. സാഹിത്യം, ചരിത്രം, തത്ത്വചിന്ത എല്ലാം അതില്‍ ഉണ്ടായിരുന്നു. സൊല്‍പുതിത് ഒരു സാഹിത്യകൂട്ടായ്മയായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. 2000-ത്തോടെ ഇലക്ട്രോണിക് മീഡിയയുടെ കടന്നുവരവായി. മാഗസിനുകളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ മാധ്യമമായി അത് വര്‍ത്തിച്ചു. ഓണ്‍ലൈന്‍ വന്നതോടുകൂടി സൊല്‍പുതിതിനെ ഞാന്‍ 'മരുതം' എന്ന ഓണ്‍ലൈന്‍ മാസികയാക്കി മാറ്റി. തമിഴിലെ ആദ്യ ഓണ്‍ലൈന്‍ മാസികയിലൊന്നായിരുന്നു മരുതം. പിന്നീടാണ് ഞാന്‍ വെബ്സൈറ്റ് ആരംഭിക്കുന്നത് (www.jeyamohan.in). തമിഴിലെ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള സാഹിത്യ മാസികളെക്കാളും കൂടുതല്‍ പേര്‍ ഇന്നന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാറുണ്ട്.
അരുണ്‍ പി. ഗോപി: മദ്യപാനരംഗങ്ങള്‍ എഴുതണമെന്ന ആവശ്യവുമായി സംവിധായകര്‍ സമീപിച്ചാല്‍?
ജയമോഹന്‍: സിനിമയില്‍ മദ്യപാനരംഗം ഉണ്ടാകരുതെന്നൊന്നും അഭിപ്രായമില്ല. മദ്യപാനരംഗം കാണിക്കുന്നതിലും എനിക്ക് എതിര്‍പ്പൊന്നുമില്ല. പക്ഷേ, മദ്യപാനം മാത്രമാണ് ജീവിതമെന്നും ചെറുപ്പക്കാരുടെ ഏക പ്രവൃത്തി മദ്യപാനം മാത്രമാണെന്നും കാണിക്കുന്നത് സംസ്‌കാരത്തെ പൂര്‍ണമായും അവഹേളിക്കുന്നതിന് തുല്യമാണ്. അത് ഞാന്‍ ചെയ്യില്ല. മദ്യപാനം സത്പ്രവൃത്തിയാണെന്ന് സിനിമയിലൂടെ പറഞ്ഞുവെക്കുന്നത് ഒരിക്കലും സ്വീകരിക്കാന്‍ കഴിയില്ല.
അരുണ്‍ പി. ഗോപി: 95-ല്‍ താങ്കള്‍ സംഘടിപ്പിച്ച കുറ്റാലം കവി സമ്മേളനം തമിഴ്മലയാളം കവികളുടെ സംഗമവേദികൂടിയായി മാറി. അതിലേറെ വിമര്‍ശനങ്ങള്‍ക്കും അത് വഴിവെച്ചിട്ടുണ്ട്. ജയമോഹന്‍ ചില കവികളുടെ പേരുകള്‍ മാത്രമേ മലയാളത്തില്‍ ഉദ്ധരിച്ച് കേട്ടിട്ടുള്ളൂ?
ജയമോഹന്‍: മലയാള കവികളില്‍ ഗദ്യം നന്നായിട്ട് എഴുതുന്നവരോട് മാത്രമേ എനിക്ക് താത്പര്യമുള്ളൂ. പദ്യം ഒരുകവിതയുടെ ഉപാധിയെന്ന നിലയ്ക്ക് കാലഹരണപ്പെട്ടുപോയി എന്നാണ് ഞാന്‍ വിചാരിക്കുന്നത്. രണ്ട് കാര്യംകൊണ്ടാണത്. ഒന്ന് പദ്യത്തിലെഴുതുമ്പോള്‍ വാക്കുകളെ കൂട്ടിയോജിപ്പിക്കുകയെന്ന പഴയ സംസ്‌കൃതരീതി മലയാള കവിതകളില്‍ വരുന്നുണ്ട്. അത് സംഭാഷണത്തില്‍നിന്ന് വളരെ അകന്ന് ഒരു കൃത്രിമ ഭാഷയായി നിലകൊള്ളുന്നു. വെറുമൊരു അലങ്കാര ഭാഷയാണത്. ആധുനിക സാഹിത്യം ജനങ്ങളുടെ ഭാഷയ്ക്ക് അടുത്ത് നില്‍ക്കണം. പഴയ പദ്യം എഴുതുന്ന എഴുത്തുകാരില്‍ ഒളപ്പമണ്ണ, വൈലോപ്പിള്ളി എന്നീ കവികളോട് എനിക്ക് ആദരവാണ്. ജ്ഞാനപീഠം അവാര്‍ഡിന് ഒളപ്പമണ്ണ യോഗ്യനെന്ന് തമിഴിലും മലയാളത്തിലും ഞാന്‍ പറയുകയുണ്ടായി. തമിഴില്‍, മലയാളത്തിന്റെ ഏറ്റവും നല്ല മുഖം പരിചയപ്പെടുത്തണമെന്നതായിരുന്നു എന്റെ ലക്ഷ്യം.
അരുണ്‍ പി. ഗോപി: ജയമോഹന്റെ വായനാരീതി എങ്ങനെയാണ്? മലയാളത്തിലെ പുതിയ എഴുത്തുകാരെ വായിക്കാറുണ്ടോ?
ജയമോഹന്‍: എം.കെ. സാനുമാഷുമായി അടുപ്പമുണ്ടായിരുന്നു. സിവി ബാലകൃഷ്ണന്‍ ഞാന്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാരനാണ്. എന്റെ വായന രണ്ടുരീതിയിലാണ്. വായനക്കാരന്‍ എന്ന നിലയിലും നിരൂപകന്‍ എന്ന നിലയിലും. വായനക്കാരന്‍ എന്ന നിലയില്‍ അഭിരുചിയെ പിന്തുടര്‍ന്ന് പോവുക എന്നതാണ് അത്. അതാതുകാലത്തെ 'ഫാഷന്‍' ആയി കണക്കാക്കപ്പെടുന്ന എഴുത്തുകാരിലേക്ക് പോകുന്ന ശീലം എനിക്കില്ല. പലപ്പോഴും എനിക്ക് മാത്രമായ എഴുത്തുകാരെയാണ് ഞാന്‍ ഒരുപാടുകാലം വായിക്കുക. അവരുടെ ജീവിതത്തെത്തന്നെ പിന്തുടര്‍ന്ന് പോകും. ഉദാഹരണത്തിന് അമേരിക്കന്‍ എഴുത്തുകാരനായ Issac Bashevis Singer എനിക്കേറെ ഇഷ്ടപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ്. അമേരിക്കന്‍ എഴുത്തുകാരിയായ Edith Warton ഇഷ്ടപ്പെട്ട എഴുത്തുകാരിയാണ്. അവരെ മാത്രം വായിച്ച കാലം ഉണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് സാഹിത്യം കൂടുതലായി വായിച്ചിട്ടുണ്ട്. അവരില്‍ മേരി ഗോരെല്ലി എന്റെ ഇഷ്ട എഴുത്തുകാരിയാണ്. ജോര്‍ജ് എലിയട്ട് അതുപോലെ എന്റെ ഇഷ്ട എഴുത്തുകാരിയാണ്. ലണ്ടനില്‍ അവരുടെ ശവകുടീരം തേടിച്ചെന്ന് ഒരു പനിനീര്‍പ്പൂവ് വെക്കുകയുണ്ടായി. അതുപോലെ ഫാനി ബെര്‍ണിയുമെല്ലാം (Fanny Burney) എനിക്കേറെ ഇഷ്ടപ്പെട്ട എഴുത്തുകാരികളില്‍പ്പെടുന്നു. മലയാള എഴുത്തുകാരില്‍ ഞാന്‍ ചിലരുടെ പേരുകള്‍ മാത്രമേ പറയുന്നുള്ളൂവെന്ന് ചോദിച്ചുവല്ലോ. അതിനു കാരണം, ഞാന്‍ മലയാള സാഹിത്യത്തെക്കുറിച്ച് പറയാനല്ല, മറിച്ച് ഞാനെന്ന വായനക്കാരനെക്കുറിച്ച് പറയാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, നിരൂപകനായി തമിഴില്‍ സംസാരിക്കുമ്പോള്‍ എല്ലാവരെക്കുറിച്ചും സംസാരിക്കുകയും ചെയ്യാറുണ്ട്. അങ്ങനെ മലയാളത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. മലയാളത്തില്‍ അഭിപ്രായം പറയാം. പക്ഷേ, അതിന്റെ പിന്നില്‍ വരുന്ന ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടി വരും. അങ്ങനെ തമിഴിലും മലയാളത്തിലും നിരൂപണസ്വരത്തോടെ സംസാരിക്കുക ബുദ്ധിമുട്ടേറിയതാണ്. പക്ഷേ, മലയാളത്തിലെ മിക്കവാറും എല്ലാ എഴുത്തുകാരെക്കുറിച്ചും എനിക്ക് ചിലതു പറയാനുണ്ടാകും. പുതിയകാലത്തെ മലയാളനിരൂപണത്തെ ശ്രദ്ധിക്കാറുണ്ട്. രാഷ്ട്രീയമായ ആശയങ്ങള്‍, അക്കാദമിക് ആശയങ്ങള്‍ എന്നിവ സാഹിത്യകൃതികളില്‍ കണ്ടെത്തുകയെന്നതാണ് പൊതുവേ കണ്ടുവരുന്ന രീതി. തമിഴിലാകട്ടെ കാ.നാ സുബ്രഹ്മണ്യവും വെങ്കട് സ്വാമിനാഥനും വേദസഹായകുമാറും സുന്ദരരാമസ്വാമിയും പിന്തുടരുന്ന രിതി സൗന്ദര്യാത്മക നിരൂപണമാണ്. അതായത് കൂള്‍റിഡ്ജ്, ഐ.എ.റിച്ചാഡ്‌സ് മുതല്‍ ഹെറാള്‍ഡ് ബ്ലൂം വരെയുള്ള നിരുപകരുടെ രീതി. ഇത്, കാലഹരണപ്പെട്ടുപോയെന്ന് ചില അക്കാദമിക്ക് നിരൂപകര്‍ പറയാറുണ്ട്. ആദ്യം പറഞ്ഞ രീതിയില്‍ നിരൂപണം നടത്തുന്നത് സാഹിത്യ നിരൂപണത്തില്‍നിന്നുപരി ഭാഷാശാസ്ത്രമോ, സാമൂഹിക ശാസ്ത്രമോ ആണ് മുന്നോട്ടുവെക്കുന്നതാണെന്നാണ് എന്റെ പക്ഷം. അതിന് അക്കാദമിക് മൂല്യം അവകാശപ്പെടാനായേക്കും. സാഹിത്യത്തില്‍ ഒരു നല്ല വായനക്കാരന്‍ കാണാവുന്നത്തിന് അപ്പുറത്ത് അവര്‍ക്കു ഒന്നും പറയാന്‍ കഴിയുകയില്ല. വായനക്കാരന് അവരില്‍ നിന്ന് ഒന്നും അറിയുവാനില്ല. മലയാളത്തില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന നിരൂപകന്‍ പി.കെ. ബാലകൃഷ്ണന്‍ തന്നെയാണ്. അടുത്തിടെ ബാലകൃഷ്ണന്റെ 'നോവല്‍ സിദ്ധിയും സാധനയും' എന്ന കൃതി എന്റെ സുഹൃത്തിനെക്കൊണ്ട് വിവര്‍ത്തനം ചെയ്യിച്ചു തമിഴില്‍ ഇറക്കിയിട്ടുണ്ട്. എഴുപത് കൊല്ലം കഴിഞ്ഞിട്ടും ആ കൃതി നിലനില്‍ക്കുന്നുണ്ട്. അതാണ് ഉത്തമ നിരൂപണം. സാഹിത്യ കൃതിപോലെതന്നെ അതിനും സ്വന്തം നിലനില്‍പ്പുണ്ട്. എനിക്ക് പി.കെ. രാജശേഖരന്റെ നിരൂപണത്തോട് മതിപ്പുണ്ട്. രാജശേഖരന്‍ സാഹിത്യകൃതികള്‍ക്കു ഒരു വലിയ ചരിത്ര ഭൂമിക ഉണ്ടാക്കുന്നുണ്ട്. അത് കൃതികളെ ആഴത്തില്‍ അറിയാന്‍ ഉതകുന്നതാണ്. അത്, സാഹിത്യപഞ്ചാനനന്‍ കൊണ്ടുവന്ന രീതിയാണ്. മലയാളത്തിലെ പല എഴുത്തുകാരുടെ പ്രശ്നം ''too clever to be a writer'' എന്നാണ്. ബുദ്ധികൊണ്ട് മാത്രം എഴുതുന്ന രീതികളാണ് കൂടുതലായും കണ്ടുവരുന്നത്. ഉദാഹരണത്തിന് എനിക്കിഷ്ടപ്പെട്ട എഴുത്തുകാരനാണ് ഉണ്ണി ആര്‍. ഉണ്ണിയെക്കുറിച്ച് തമിഴില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ഉണ്ണിയുടെ ഭാഷ പുനത്തിലിന്റെ ഭാഷയെപ്പോലെ ചടുലമാണ്. പരിഹാസ്യം നന്നായി വരുന്ന ഭാഷയുമാണ്. പക്ഷേ, എഴുത്തില്‍ ആത്മാര്‍ത്ഥത വളരെ കുറവാണ്. അതുകൊണ്ട് വികാരങ്ങളോ കാവ്യാത്മകതയോ ദാര്‍ശനികതയോ ഉണ്ടാകുന്നില്ല. ഇത്തരം എഴുത്ത് അതുപോലെ ബുദ്ധികൊണ്ട് വായിക്കുന്നവരെ കുറേകാലം രസിപ്പിക്കും. പക്ഷേ, കലയുടെ വഴി അതല്ല. ഈ ജനുസ്സില്‍പ്പെടുന്ന എഴുത്തുകാരില്‍ ഉണ്ണിയാണ് ഏറ്റവും നല്ല എഴുത്തുകാരന്‍ എന്ന് പറയണം. മറ്റ് പലരും അതത് കാലത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന ആശയങ്ങള്‍ കഥയാക്കുന്നവരാണ്. പത്രം വായിച്ചു കഥയുണ്ടാക്കുന്നവരുമുണ്ട്. ഓരോരുത്തരെയും എടുത്ത് പറഞ്ഞാല്‍ അതുതന്നെ ഒരു ചര്‍ച്ചയാകും. അതൊരു വലിയ പണിയാണ്.
അരുണ്‍ പി. ഗോപി: 'നൂറു സിംഹാസനങ്ങള്‍' എന്ന നോവലില്‍ ദളിതരായ വ്യക്തികളില്‍ പൂര്‍വകാലത്തിന്റെ/ദുരനുഭവത്തിന്റെ ഓര്‍മ്മകള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നുവെന്നും അതിനെ മറികടക്കാന്‍ ഉന്നതവിദ്യാഭ്യാസംകൊണ്ട് സാധിക്കുകയില്ലെന്ന പിന്തിരിപ്പന്‍ ബോധം ഉടലെടുക്കുന്നുവെന്നുമുള്ള വായനയുണ്ട്. 'ദളിത് വിഭാഗങ്ങള്‍ ഈ നോവലിനെ സ്വീകരിച്ചിട്ടുണ്ടോ?
ജയമോഹന്‍: ദളിത് സാഹിത്യം തമിഴില്‍ ശക്തമാകുന്നത് തൊണ്ണൂറ്റഞ്ച് കാലത്താണ്. മറാഠിയിലുണ്ടായ ദളിത് സാഹിത്യം കന്നഡയിലേക്ക് മൊഴിമാറ്റുകയും അത് പിന്നീട് വീണ്ടും വിവര്‍ത്തനംചെയ്തുമാണ് തമിഴിലേക്കെത്തുന്നത്. 1988-ലാണ് നൂറു സിംഹാസനങ്ങള്‍ എഴുതിയത്. നൂറു സിംഹാസനങ്ങള്‍ ഒരു ദളിത് സാഹിത്യമാണെന്ന് ഞാന്‍ കരുതുന്നില്ല. തമിഴില്‍ മൂന്ന് എഴുത്തുകാരെയാണ് പ്രധാനമായും ദളിത് എഴുത്തുകാരെന്ന് വിശേഷിപ്പിക്കാറുള്ളത്. ഇമയം, ചോ ധര്‍മന്‍, ഇവരുടെയെല്ലാം പൂര്‍വികനായ പൂമണി. സാമൂഹികപരമായും കലാപരമായും ദളിത് സാഹിത്യത്തിന്റെ ധാര പിന്തുടരുന്നവരാണ് അവര്‍ മൂന്നുപേരും. ഇന്ന്, ഈ മൂന്ന് എഴുത്തുകാരും ദളിത് സാഹിത്യകാരന്മാരെന്ന അടയാളം ചാര്‍ത്തിക്കൊടുക്കുന്നതിനെ ശക്തമായെതിര്‍ക്കുന്നു. ധര്‍മന്റെയും പൂമണിയുടെയും ജാതി, തങ്ങളെ ദളിത് പരിപ്രേക്ഷ്യത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നു. ഇമയം തന്നെ ദളിത് സാഹിത്യകാരനെന്ന് വിശേഷിപ്പിക്കുന്നതിനെതിരേ കടുത്തഭാഷയില്‍ വിമര്‍ശനമുന്നയിക്കുന്നു. അവരുടെ നിലപാടിനോട് ഞാന്‍ യോജിക്കുന്നു. മനുഷ്യജീവിതത്തിന്റെ യാതനകളെക്കുറിച്ചും മറ്റ് തലങ്ങളെക്കുറിച്ചും എഴുതിക്കഴിയുമ്പോള്‍ അവരെ ദളിത് സാഹിത്യകാരന്‍ എന്ന് പറയുമ്പോലെ, അവരുടെ രചനകളെയും ചുരുക്കുകയാണ് ചെയ്യുന്നത്. ദളിത് അടയാളംമാത്രം സ്വീകരിച്ചുകൊണ്ട് എഴുതുന്നവര്‍ ദളിത് രാഷ്ട്രീയംമാത്രം എഴുതുന്നവരാണ്. ദളിത് ഇമോഷണാലിറ്റി ഉണ്ടാക്കുകയാണെങ്കില്‍, അതുമല്ലെങ്കില്‍ ദളിത് ഭാഷ സൃഷ്ടിക്കുകയാണെങ്കില്‍മാത്രമേ, ദളിത് സാഹിത്യം എന്ന വാക്ക് അര്‍ഥപൂര്‍ണമാകുകയുള്ളൂ. കന്നഡയില്‍ ദേവനൂര്‍ മഹാദേവ അങ്ങനെ ഒരു ദളിത് വൈകാരികതയും ഭാഷയുമുണ്ടാക്കിയ സാഹിത്യകാരനാണ്. പക്ഷേ, ഇന്ന് മഹാദേവയും ദളിത് അടയാളം ഇഷ്ടപ്പെടുന്നില്ല. അപ്പോള്‍ ദളിത് സാഹിത്യമെന്നത് ഒരു പൊതു അടയാളം മാത്രമാണ്. കേരളത്തിലെ ദളിത് എഴുത്തുകള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അത് ഞാന്‍ പറഞ്ഞ തുടക്കതലത്തില്‍മാത്രമാണുള്ളത്.
(2024 ഏപ്രില്‍ 7 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പൂർണരൂപം)
Content Highlights: writer jeyamohan interview
Published: 16 Apr 2024, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented