
പുരുഷന്‍മാരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ ഇംഗിതങ്ങള്‍ക്ക് നിന്നു കൊടുത്തില്ലെങ്കില്‍ മാനസിക പീഡനവും തൊഴിലില്‍ നിന്നുള്ള മാറ്റിനിര്‍ത്തലുമാണ് സ്ത്രീകളായ മേക്കപ്പ് ആർട്ടിസ്റ്റുകള്‍ മലയാള സിനിമയിൽ നേരിടേണ്ടി വരുന്നത്. മൂന്ന് വര്‍ഷം മൂന്ന് സിനിമികളില്‍ പ്രവൃത്തി പരിചയം വേണമെന്നതിനാല്‍ വനിതകളായ പല മേക്കപ്പ് ആർട്ടിസ്റ്റുകളും പുരുഷന്‍മാരായ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റുകള്‍ക്ക് കീഴിലാണ് ജോലി ചെയ്യുന്നത്. എന്നാൽ മോശമായ പെരുമാറ്റം നേരിടുന്ന സ്ത്രീകളിൽ പലരും പ്രതികരിക്കുമ്പോൾ ലൊക്കേഷനില്‍ ഉപേക്ഷിച്ചു പോവുക, അഭിനേതാക്കളുടെ മുന്നില്‍ വെച്ച് അവര്‍ ചെയ്ത മേക്കപ്പിനെ വിലകുറച്ച് സംസാരിക്കുക തുടങ്ങിയ വിവിധ മാനസിക പീഡകളാണ് വനിതാ മേക്കപ്പ് ആർട്ടിസ്റ്റുകള്‍ നേരിടേണ്ടി വരുന്നത്. പീഡനങ്ങളില്‍ പൊറുതിമുട്ടി കഞ്ഞിക്കട തുടങ്ങിയവര്‍ വരെ കൂട്ടത്തിലുണ്ട്. സിനിമാ മേഖലയില്‍ ഒരു മേക്കപ്പ് ആട്ടിസ്റ്റെന്ന നിലയില്‍ താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് ശിവപ്രിയ മനീഷ മനസ്സു തുറക്കുന്നു.
Also Read
സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും പരാതി പറയുകയും സര്‍ക്കാരിനെ സമീപിക്കുകയും ചെയ്ത ആളാണല്ലോ താങ്കൾ. അത് ഏതെല്ലാം രീതിയിലുള്ള തൊഴില്‍ നഷ്ടമാണുണ്ടാക്കിയത്.
ഏഴ് വര്‍ഷത്തിനിടെ ഒന്നോ രണ്ടോ മലയാളം പടമാണ് ചെയ്തത്. 2017ല്‍ കതകിനു മുട്ടിയ സംഭവത്തിനു ശേഷം കുറച്ച് ഗാങ്ങുകളില്‍ നിന്ന് എന്നെ മാറ്റിയിരുന്നു. പക്ഷേ, മേക്കപ്പ് ആര്‍ട്ടിസ്റ്റായുള്ള അംഗത്വ കാര്‍ഡിനു വേണ്ടി ശബ്ദമുയര്‍ത്തിയതു തൊട്ടാണ് പുരുഷന്‍മാരായ മേക്കപ്പ് ആട്ടിസ്റ്റുകളിൽ നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നത്. സിനിമയുടെ തലേദിവസം വരെ എത്തണമെന്ന പറഞ്ഞ് ഷൂട്ടിങ്ങിന്റെ ദിവസം വരണ്ട എന്ന് പറഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ട്. പിന്നെ മലയാള സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടെങ്കിലും അന്യഭാഷാ ചിത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇവിടെ കിട്ടുന്ന ബഹുമാനത്തിന്റെ നൂറിരട്ടി ബഹുമാനം ലഭിച്ചിട്ടുണ്ട്. മാത്രവുമല്ല, സാമ്പത്തികമായ മെച്ചവും ഉണ്ടാകുന്നുണ്ട്.
മലയാളത്തിന് പുറത്തുള്ള സിനിമാ വ്യവസായ മേഖലയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായുള്ള സേവനം എത്രത്തോളം വ്യത്യാസപ്പെടുന്നു.
നമുക്ക് തരുന്ന ബഹുമാനം, നമ്മളെ കൈകാര്യം ചെയ്ത രീതി എന്നിവയിലൊക്കെ രാവും പകലും പോലുള്ള വ്യത്യാസമുണ്ട് അന്യഭാഷാ സിനിമകളിൽ. അവിടെ സ്വന്തം പേരെഴുതിയ കാരവാന്‍ വരെ എനിക്ക് ലഭിക്കാറുണ്ട്. ഞാനിവിടെ നിന്ന് പോവുമ്പോള്‍ എയര്‍പോര്‍ട്ട് വരെ വണ്ടി വിടും. പിന്നീട് എയര്‍പോട്ടില്‍ നിന്ന് പിക്ക് ചെയ്യാൻ ആളെത്തി നമ്മളെ നിശ്ചിത സ്ഥലത്താക്കും. അവിടെ ഭക്ഷണത്തിന് പ്രശ്‌നമില്ല. താമസത്തിന് പ്രശ്നമില്ല. ഒന്നിനും വിലപേശേണ്ട ആവശ്യമില്ല. അർഹതപ്പെട്ട പലതും നമുക്ക് തരാതിരിക്കുമ്പോഴാണ് ചോദിക്കേണ്ടി വരുന്നത്. ചോദിക്കുമ്പോള്‍ നമ്മള്‍ പ്രശ്‌നക്കരികളാവുകയാണ്. പലരുടെയും ശത്രുതയും പിടിച്ചുപറ്റേണ്ടി വരും.
രാത്രി ഷൂട്ടിങ് ലൊക്കേഷനില്‍ ഒറ്റയ്ക്ക് ഉപേക്ഷിച്ച സംഭവത്തെ കുറിച്ച് പണ്ട് മനീഷ പറഞ്ഞു കേട്ടിരുന്നു.
2014ല്‍ ജോണ്‍പോൾ വാതില്‍ തുറക്കുന്നു എന്ന പടത്തില്‍ ജോലി ചെയ്യവേ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അന്നത്തെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ഉപയോഗിച്ച വിഗ്ഗെല്ലാം ക്ലീന്‍ ചെയ്യാനായി എന്നെ വിളിച്ചു വരുത്തി. ഞാനെന്റെ അസിസ്റ്റന്റിനെയും വിളിച്ചുചെന്നു. ഞങ്ങള്‍ ചെന്ന് വിഗ്ഗ് വൃത്തിയാക്കി. 'അസിസ്റ്റന്റായ പയ്യന്‍ പോട്ടെ. നീ പോയി കുളിച്ച് റെഡിയായി കമ്പനിക്ക് വരൂ' എന്നാണ് പിന്നീട് അദ്ദേഹം എന്നോടാവശ്യപ്പെടുന്നത്. ചേട്ടാ എനിക്ക് സുഖമില്ല. ടാബ്ലെറ്റൊക്കെ എടുക്കണം എന്ന മറുപടി പറഞ്ഞ് ഒഴിയുകയായിരുന്നു ഞാൻ. 'വരില്ലേ എന്നദ്ദേഹം വീണ്ടും ചോദിച്ചു. ഇല്ല എന്ന് ഞാന്‍ മറുപടിയും പറഞ്ഞു. ആ വര്‍ത്തമാനം അവിടെവെച്ചവസാനിച്ചു. പക്ഷേ, പിറ്റേന്നു മുതല്‍ ഞാന്‍ നല്ല കലാകാരി അല്ലാതായി. ജോലിയെപ്പറ്റി മോശം പറയാന്‍ തുടങ്ങി. ശ്രുതി മേനോന്‍ എന്ന അവതാരകയോട് ഞാൻ അവരുടെ ഹെയര്‍സ്‌റ്റൈല്‍ ചെയ്തത് ശരിയായില്ല എന്ന തരത്തിൽ മേക്കപ്പ് ആർട്ടിസ്റ്റ് പെരുമാറി. ഇതുകേട്ടതും ആ അവതാരക വല്ലാതെ അസ്വസ്ഥയായി. ഞാൻ ചെയ്ത വർക്കിനെയാണ് ലക്ഷ്യമിട്ടതെങ്കിലും അവരുടെ ജോലിയെ ഇത്തരം കമന്റുകള്‍ ബാധിക്കുമെന്ന് പോലും പറയുന്നവർ ഓർക്കുന്നില്ല.
ഞാനവിടെ ചെന്നപ്പോൾ മുടിയില്‍ തൊടണ്ട എന്ന തരത്തില്‍ ആര്‍ട്ടിസ്റ്റിന്റെ ഭാഗത്തു നിന്ന് പ്രതികരണമുണ്ടായി. ഞാനൊരിക്കലും ശ്രുതി മേനോനെ കുറ്റം പറയില്ല. അവരെക്കൂടി വല്ലാത്തൊരവസ്ഥയിലാക്കി. എനിക്ക് ടെന്‍ഷന്‍ വന്നു. ഭക്ഷണം കഴിക്കാന്‍ വിരക്തി പോലുള്ള അവസ്ഥകളിലൂടെ കടന്നുപോയി. അതിനിടയില്‍ ഫൈറ്റ് സീക്വന്‍സ് എടുക്കാന്‍ വാഗമണ്ണിലെ കോളേജില്‍ പോവേണ്ടിവന്നു. ഞാന്‍ ട്രാവലറില്‍ ആയിരുന്നു ലൊക്കേഷനിലേക്കും തിരിച്ചും പോയ്‌ക്കൊണ്ടിരുന്നത്. ഷൂട്ടിങ് കഴിഞ്ഞ് ട്രാവലര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകൾക്ക് പോകാനായി വിട്ടുകൊടുത്തു. മറ്റുള്ളവര്‍ കയറിയ വണ്ടിയിലേക്ക് ഞാന്‍ ഓടിച്ചെന്ന് ചോദിച്ചപ്പോള്‍ വിട്ടോടാ വണ്ടി എന്ന പറഞ്ഞ് അവരെന്നെ 11 മണിക്ക് ആ ലൊക്കേഷനില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. യൂണിറ്റ് ബസ്സിലെ അംഗങ്ങള്‍ വലിയ സഹകരണമായിരുന്നെങ്കിലും എനിക്ക് സഹിക്കാനായില്ല. ഞാന്‍ പൊട്ടിക്കരഞ്ഞു. ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടുന്ന രീതിയില്‍ കരഞ്ഞുപോയി. ഇന്നും എനിക്കത് പറയുമ്പോള്‍ ഹൃദയത്തിന് വല്ലാത്ത ആഘാതമാണുണ്ടാവുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളറെ പിന്നീട് വിളിച്ച് അദ്ദേഹം 26 കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് അവിടേക്ക് എന്നെ വിളിച്ചു കൊണ്ടുപോകാനെത്തി. ഞങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്‌നമാണെന്നാണ് കൺട്രോളർ കരുതിയത്. പക്ഷേ, ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പല ഇംഗിതങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാത്തതിന്റെ പ്രതികാര നടപടിയാണ് അന്നവിടെ സംഭവിച്ചതെന്ന് പലർക്കും അറിയില്ലായിരുന്നു. പിന്നെ അയാളുടെ കൂടെ ജോലിക്ക് ഞാന്‍ പോയിട്ടില്ല.
പരാതി നല്‍കിയിരുന്നോ.
ഫെഫ്കയ്ക്കല്ല, മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ യൂണിയനാണ് ഞാന്‍ പരാതി നല്‍കിയിരുന്നത്. എന്നെ പല രീതിയിലും മാനസികമായി പീഡിപ്പിച്ചയാളായിരുന്നു അന്ന് യൂണിയന്റെ ട്രഷറര്‍. അതായത് ഉപദ്രവിച്ചവര്‍ക്കു മുന്നില്‍ പരാതി ബോധിപ്പിക്കേണ്ട അവസ്ഥ. ഇത് സിനിമയാണ് ഇവിടെ ഇങ്ങനെയൊക്കെയാണ് എന്നാണ് പ്രസിഡന്റ് പറഞ്ഞത്. ഇക്കാര്യം ബി ഉണ്ണികൃഷ്ണനെ അന്ന് അറിയിച്ചിരുന്നില്ല. അറിയിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഇടപെടുമായിരുന്നു.
ഇനിയും ഇടപടാമല്ലോ.
നാല് വര്‍ഷവും അഞ്ചുവര്‍ഷവും മുമ്പ് പ്രശ്‌നങ്ങള്‍ അനുഭവിച്ചവര്‍ ഇപ്പോൾ വന്ന് പറയേണ്ട ആവശ്യമെന്താണെന്നാണ് പലരും ചോദിക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ, തെറ്റ് ചെയതവര്‍ നല്ല രീതിയില്‍ സിനിമയിൽ അവസരം കിട്ടി മുന്നോട്ടുപോവുന്നു. അനുഭവസ്ഥ വീട്ടില്‍ കുത്തിയിരിക്കുന്നു. പട്ടണം റഷീദ് എന്ന ആ വലിയ മനുഷ്യന്റെ മുന്നിലെത്തപ്പെട്ടില്ലെങ്കില്‍ എനിക്കീ ഫീല്‍ഡില്‍ പിടിച്ചുനിൽക്കാൻ പറ്റില്ലായിരുന്നു. അവസരങ്ങളും ലഭിക്കുമായിരുന്നില്ല. ഒരു വലിയ തുകയാണ് യൂണിയന്‍ അംഗത്വത്തിന്റെ പേരില്‍ കൈപ്പറ്റുന്നത്. എന്നിട്ടും തൊഴില്‍ നിഷേധം നേരിട്ട് കഞ്ഞിക്കട തുടങ്ങിയവരുണ്ട് ഞങ്ങളുടെ കൂട്ടത്തിൽ. വീട്ടില്‍ കുത്തിയിരിക്കുന്നവരുണ്ട്. കുട്ടികളെ നോക്കുന്നവരുണ്ട്. സത്യസന്ധമായി പറയുകയാണെങ്കിൽ മേക്കപ്പ് ആട്ടിസ്റ്റുകൾക്കിടയിൽ ഒരു വലിയ മാഫിയ തന്നെയുണ്ട്. അതില്‍ സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്.
പുരുഷാധിപത്യത്തിന് വഴിപ്പെട്ട് നില്‍ക്കുമ്പോഴേ അവസരം ലഭിക്കൂ എന്ന ഗതികേടുകൊണ്ടല്ലേ ആ സ്ത്രീകളില്‍ പലരും ഈ മാഫിയക്കൊപ്പം നില്‍ക്കുന്നുണ്ടാവുക.
അതെ. മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന നിന്ന് ഭാഗ്യലക്ഷ്മി പറഞ്ഞത് മലര്‍ന്ന് കിടന്ന് തുപ്പരുതെന്നാണ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ത്രീപക്ഷമാണെന്ന് നടിക്കും. ഉള്ളിലേക്ക് വരുമ്പോൾ മേക്കപ്പ്മാൻമാരായ വേട്ടക്കാർക്കൊപ്പം നില്‍ക്കും. എന്നിട്ട് നിങ്ങളുടെ സഹപ്രവര്‍ത്തകരായ ആണുങ്ങളെ കുറിച്ചാണ് നിങ്ങളീ പറയുന്നതെന്നോര്‍ക്കണം എന്ന് ന്യായീകരിക്കും. അഞ്ചും ആറും വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങള്‍ ഹേമ കമ്മീഷനു മുന്നിലും ചാനലിലും വന്നിരുന്ന പറഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കുകയാണ് നിങ്ങള്‍ എന്ന് വരെ അവര്‍ പറഞ്ഞു.
മറ്റ് സ്ത്രീകള്‍ ഇതുപോലുള്ള ബുദ്ധിമുട്ടുകള്‍ പങ്കുവെച്ചിട്ടുണ്ടോ.
ഒരു 250 ഓളം മേക്കപ്പ് ആട്ടിസ്റ്റുകളുണ്ട് ഈ മേഖലയില്‍. അതില്‍ 20 ശതമാനം മാത്രമേ നല്ല രീതിക്ക് പെരുമാറുന്നവരുള്ളൂ. ഭൂരിഭാഗവും ലൈംഗികമായ ഉപദ്രവവും പെരുമാറ്റവും ആണെന്നല്ല. ഒരു തരം മേധാവിത്വ ഭാവമാണ് പലര്‍ക്കും. മൂന്ന് വര്‍ഷം കൊണ്ട് വന്നവര്‍ വരെ 15 വര്‍ഷമായി ഫീല്‍ഡിലുള്ള സ്ത്രീകളെയൊക്കെ അങ്ങ് ഭരിക്കാന്‍ വരും. പ്രതികരിച്ച സ്ത്രീകളെല്ലാം ഇന്ന് വീട്ടില്‍ കുത്തിയിരിക്കുകയാണ്.
അംഗത്വം ലഭിക്കാന്‍ നിങ്ങള്‍ക്ക് അങ്ങോട്ട് കാശു കൊടുക്കണമെന്നുണ്ടോ. അങ്ങിനെയെങ്കില്‍ ആ തുക എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത്.
ഇന്ന് രണ്ട് ലക്ഷം രൂപയാണ് ആജീവനാന്ത അംഗത്വത്തിന് നല്‍കുന്നത്. ഞാനെടുക്കുമ്പോല്‍ 25000 രൂപയായിരുന്നു. ഹെയര്‍സ്റ്റൈലിസ്റ്റ് അംഗത്വത്തിൽ നിന്ന് മേക്കപ്പ് ആർട്ടിസ്റ്റിലേക്ക് മാറണമെങ്കില്‍ വീണ്ടും കാശ് നല്‍കേണ്ടതില്ല. ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മതി. പിന്നെ, അംഗത്വം ലഭിക്കാനായി കെട്ടിവെക്കുന്ന തുക എന്തിനാണ് ഉപയോഗിക്കുന്നതെന്ന് എനിക്ക് വ്യക്തമല്ല. ക്ഷേമനിധി തുക വേറെ തന്നെ നല്‍കുന്നുണ്ട്. അതിന് ഇതുമായി ബന്ധമില്ല. വെല്‍ഫെയര്‍ ഫണ്ടാണെങ്കിലും എന്തെല്ലാം പ്രവര്‍ത്തനം ചെയ്തു എന്നറിയില്ല.
സ്ത്രീകളായ കലാകാരികള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മേക്കപ്പ് ആർട്ടിസ്റ്റുകളെ കൂടുതല്‍ പ്രിഫര്‍ ചെയ്യാനുള്ള കാരണമെന്താണ്.
ഇന്റിമസിയാണ് കാരണം. ആർട്ടിസ്റ്റിനെ നന്നായി കെയര്‍ ചെയ്യും. സ്‌നേഹത്തോടെ പെരുമാറും. മത്രമല്ല, ഒരു ബോര്‍ഡി ഗാര്‍ഡിനെപ്പോലെ സുരക്ഷിതത്വം നല്‍കും. ട്രാന്‍സ് ജെന്‍ഡറായ മേക്കപ്പ് ആർട്ടിസ്റ്റുകള്‍ക്ക് ഇപ്പോൾ അംഗത്വം നല്‍കുന്നുന്നുണ്ട്. അങ്ങനെ അംഗത്വം കിട്ടിയ ഒരാളാണ് രഞ്ജു രഞ്ജിമാര്‍.
പ്രോസ്‌തെറ്റിക് മേക്കപ്പിന്റെ വലിയ സാധ്യത സിനിമ ഉപയോഗപ്പെടുന്നുണ്ടല്ലോ. അത്തരം വര്‍ക്കുകള്‍ മനീഷ ചെയ്തിട്ടുണ്ടോ.
ഒരു തെലുങ്ക് പടം ചെയ്തിട്ടുണ്ട്. ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുക, ചോരവാർന്നൊലിക്കുന്ന മുറിവേറ്റ ശരീരമടക്കമുള്ള വയലന്‍സ് സീനുകളൊക്കെ ഉണ്ടായിരുന്നു. എന്റെ വർക്ക് കണ്ടിട്ട്, ഞാന്‍ വന്നാല്‍ മതി എന്ന തരത്തില്‍ സംവിധായകന്‍ പട്ടണം റഷീദ് സറിനോട് അഭ്യര്‍ഥിച്ച സന്ദര്‍ഭമൊക്കെ എനിക്ക് വലിയ അഭിമാനമാണ് ഉണ്ടാക്കിയത്. അവസരം തന്നതെല്ലാം റഷീദ് സറായിരുന്നു. പക, ഫേറ്റ് ഫാദര്‍ തുടങ്ങിയ സിനിമകളൊക്കെ ഞാന്‍ സ്വതന്ത്രമായാണ് മേക്കപ്പ് ചെയ്തത്.
മേക്കപ്പ് ആർട്ടില്‍ ഏറ്റവും ഇഷ്ടം തോന്നിയ മേഖല ഏതാണ്. ഏതിലാണ് സ്‌പെഷ്യലൈസ് ചെയ്യുന്നത്.
എസ് എഫ്എക്‌സ് അഥവാ കാരക്ടര്‍ മേക്കപ്പാണ് എനിക്കിഷ്ടം. മുറിവുകള്‍, പൊള്ളലുകൾ എന്നിവയെല്ലാം എസ്എഫ്എക്‌സിലാണ് ചെയ്യുന്നത്. ചാക്കില്‍ കെട്ടി വെള്ളത്തിൽ ഇട്ട ഒരു ശവമെന്ന തോന്നിക്കും വിധം ഒരു ആർട്ടിസ്റ്റിനെ മേക്കപ്പ് ചെയ്യണമായിരുന്നു. ആ വർക്ക് ചെയ്യാനായി തുനിഞ്ഞപ്പോള്‍ കളിയാക്കിയ ഒരുപാട് പുരുഷൻമാർ സെറ്റിലുണ്ടായിുന്നു. പക്ഷേ, മേക്കപ്പിന്റെ പെര്‍ഫക്ഷന്‍ കാരണം പലരും ചാക്കുകെട്ട് തുറന്ന് ശവം കണ്ടപ്പോൾ ശരിക്കുമുള്ള ശവം കണ്ടപോലെ മൂക്ക് പൊത്തുക വരെ ചെയ്തു. മൂക്ക് പൊത്തുന്ന ഒറിജിനല്‍ റിയാക്ഷന്‍ ഷോട്ട് കൃത്യമായി സംവിധായകന് ലഭിച്ചു. കൈപൊത്തിയവര്‍ എന്നെ വന്ന് അഭിനന്ദിച്ചു. വലിയ സന്തോഷമായിരുന്നു.
Content Highlights: makeup artist sivapriya maneesha workplace harassment malayalam film industry shooting location,posh
Published: 12 Sept 2024, 04:00 pm IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented