13 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച് കേരളത്തിലേക്ക് വരാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് അനുമതി ലഭിച്ചത് ഏതാനും മാസം മുമ്പാണ്. മദനിയുടെ നിയമപോരാട്ടങ്ങള്‍ക്കു വേണ്ടി ഭാര്യയും മുന്നിട്ടിറങ്ങിയപ്പോല്‍ മനോഹാരമായ ബാല്യം നഷ്ടപ്പെട്ടവരാണ് അവരുടെ മക്കള്‍. ഉപ്പയെയും ഉമ്മയെയും പിരിഞ്ഞ് ബോര്‍ഡിങ്ങിലും മറ്റുമായിരുന്നു അവരുടെ പഠന കാലം. നിയമബിരുദമെടുത്ത്  ഈ അടുത്ത് അഭിഭാഷകനായി എന്റോള്‍ ചെയ്ത മദനിയുടെ ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയുമായി നടത്തിയ അഭിമുഖം

To advertise here,

പിതാവ് ഇനി എന്ന് വീട്ടിലെത്തുമെന്ന് ഓരോ ദിവസവും ചിന്തിച്ചുറങ്ങുന്ന അനിശ്ചിതത്വം നിറഞ്ഞ ജീവിതമായിരുന്നു ഒരുകാലത്ത്  നിങ്ങള്‍ കുട്ടികളുടേത്. നിങ്ങളുടെ പ്രതീക്ഷയുടെ അ​ടിസ്ഥാനം എന്തായിരുന്നു?

10 വയസ്സു വരെ വാപ്പച്ചിയുടെ പ്രയാസങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാനുള്ള വ്യക്തത ഞങ്ങള്‍ക്കില്ലായിരുന്നു.കോടിയേരി സഖാവ്,് എന്‍ കെ പ്രേമചന്ദ്രന്‍ എംപി തുടങ്ങീ നിരവധി രാഷ്ട്രീയ പ്രമുഖര്‍ ചേര്‍ന്നാണ് വാപ്പച്ചിക്ക് ആദ്യമായി സ്വീകരണം നല്‍കുന്നത്. ശംഖുമുഖത്ത് നടന്ന സ്വീകരണ പരിപാടിയില്‍ വാപ്പച്ചി ആദ്യമായി വിഷയങ്ങള്‍ പറയുമ്പോഴാണ് ഞാന്‍ ആദ്യമായി ഈ വിഷയങ്ങളുടെ കാഠിന്യം മനസ്സിലാക്കുന്നത്. അന്നാണ് പൊട്ടിപ്പൊളിഞ്ഞ വെപ്പു കാല്‍ വാപ്പച്ചി ഉയര്‍ത്തി കാണിക്കുന്നത് ഞാന്‍ കാണുന്നത.് അന്ന് വല്ലാതെ ഞാന്‍ വിങ്ങിയിട്ടുണ്ട്. അന്ന്്് സ്റ്റേജില്‍ പൊട്ടി കരഞ്ഞതാണ് സലാഹുദ്ദീന്‍ അയ്യൂബിയെ കേരള ജനത ഓര്‍ക്കുന്നതില്‍ ഒരു പ്രധാന കാരണം. അതു കൂടാതെ വാപ്പച്ചി ജയിലില്‍ കിടക്കുന്ന സമയത്ത് ഉമ്മച്ചിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉണ്ടായിരുന്നു. ആ നീക്കത്തിനിടയില്‍ എന്നെ തള്ളിയിട്ട്് എന്റെ നെറ്റി പൊട്ടുകയും അവിടെ കലുഷിതമായ അവസ്ഥയുമുണ്ടായി. കോയമ്പത്തൂര്‍ ജയില്‍വാസവുമായി ബന്ധപ്പെട്ട് കേരള ജനത എന്നെ ഓര്‍ത്തിരിക്കുന്ന രംഗങ്ങളാണ് ഇത്് രണ്ടും. ഇതൊക്കെ നടന്നപ്പോഴും ആ പ്രായത്തില്‍  ഇതൊന്നും മനസ്സിലാക്കാനുള്ള പാകത ഞങ്ങള്‍ക്ക് കൈവന്നിട്ടുണ്ടായിരുന്നില്ല എന്ന് പറയുന്നതാവും വാസ്തവം. 

ജീവിതത്തെ മുന്നോട്ടു കൊണ്ടുപോയിരുന്ന പ്രതീക്ഷ എന്തായിരുന്നു...

കോയമ്പത്തൂരില്‍ വാപ്പച്ചിയെ കാണാന്‍ പോകുന്ന അടുത്ത വിസിറ്റ് എന്നാണ് അതിനു വേണ്ടിയുള്ള കാത്തിരിപ്പ,് ഒരുക്കം. അവിടുന്ന് വാപ്പച്ചി തരുന്ന ചെറിയ സമ്മാനങ്ങള്‍ എന്നിവയെല്ലാമയിരുന്നു കുഞ്ഞ് പ്രതീക്ഷകള്‍. വേസ്റ്റ് പേപ്പര്‍ കൊണ്ട് കോയമ്പത്തൂര്‍ ജയിലിലെ തടവുകാര്‍ ചെറിയ വീടുകളുണ്ടാക്കുമായിരുന്നു. അത് വാപ്പച്ചി സമ്മാനിക്കുമായിരുന്നു. അതുപോലെ കിളിവാതിലിലൂടെ കയറി മുത്തം വാങ്ങാനുള്ള അവസരമേ അന്നുണ്ടായിരുന്നുള്ളൂ. അത് വാങ്ങുക എന്നതൊക്കെയായിരുന്നു ആ കാലത്തെ പ്രതീക്ഷകള്‍.

നിലനില്‍ക്കുന്ന നിയമവ്യവസ്ഥ തോൽപിക്കാന്‍ ശ്രമിച്ച ജീവിതമാണ് നിങ്ങളുടേത് എന്ന തോന്നലില്‍ നിന്നാണോ നിയമം പഠിക്കാന്‍ തീരുമാനിച്ചത്.

എന്റെ ചിന്താഗതി എന്നതിലുപരി വാപ്പച്ചി പറഞ്ഞു തന്നതനുസരിച്ചാണ് ഞാന്‍ നിയമപഠനമേഖലയിലേക്കെത്തുന്നത്.  ഞാന്‍ ഒരു അഭിഭാഷകനാവുക എന്നത് വാപ്പച്ചിയുടെ ആഗ്രഹമായിരുന്നു. 9ാം ക്ലാസ്സിലെത്തുമ്പോഴാണ് ഞാനീ തീരുമാനമെടുക്കുന്നത.് അന്ന് മുതല്‍ ഞാന്‍ തുടങ്ങിയതാണ് അഭിഭാഷകനാവാനുള്ള തയ്യാറെടുപ്പുകള്‍. ഇന്ന് ഞാന്‍ അഭിഭാഷകനായതിന്റെ എല്ലാ ഗുണങ്ങളും എന്റെ കുടുംബത്തിനും സമൂഹത്തിനും നല്‍കാനാകുന്നുണ്ട് എന്ന ചാരിതാര്‍ഥ്യവും എനിക്കുണ്ട്. 

നിയമ പഠനം ഏതെങ്കിലും തരത്തില്‍ ജീവിതത്തെയോ കാഴ്ച്ചപ്പാടുകളെയോ മൂല്യബോധങ്ങളെയോ മാറ്റിമറിച്ചിട്ടുണ്ടോ?

മാറ്റി മറിച്ചിട്ടില്ല. പക്ഷെ പോളിഷ് ചെയ്തിട്ടുണ്ട്്. ബാക്കിയുള്ള വിദ്യാര്‍ഥികള്‍ ഐപിസി പഠിക്കുന്നത് സമൂഹത്തില്‍ നടപ്പിലാക്കുന്ന നിയമം എന്ന രീതിയിലാണ്. പക്ഷെ ഞാന്‍ ഐപിസി പഠിക്കുമ്പോള്‍ ഐപിസിയിലെ സെക്ഷനുകള്‍ എന്റെ വാപ്പാക്കും ഉമ്മായ്ക്കുമെതിരേ ഉപയോഗിച്ചിട്ടുണ്ട്. അവരുടെ ജീവിതത്തില്‍ അതെങ്ങനെ ബാധിച്ചു. അതെങ്ങനെ നള്ളിഫൈ ചെയ്യാന്‍ പറ്റും, അങ്ങനെയുള്ള ജീവിതങ്ങളില്‍ എനിക്കെങ്ങനെ ഇടപെടാന്‍ പറ്റും എന്ന രീതിയിലാണ് ഞാന്‍ ഐപിസിയും സിആര്‍പിസിയുമൊക്കെ പഠിച്ചത്. 

അങ്ങേക്ക് പത്ത് മാസമുള്ളപ്പോഴാണ് പിതാവ് ജയിലിലാവുന്നത്. എന്തായിരുന്നു കുട്ടിക്കാലത്തെ പിതാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍. പിതാവിന്റെ അഭാവം ഏതെല്ലാം രീതിയിലാണ് ജീവിതത്തെ ബാധിച്ചിരുന്നത്.

ചെറുപ്പകാലത്തെ വാപ്പച്ചിയുമായുള്ള ഓര്‍മ്മകള്‍ ജയിലോര്‍മ്മകള്‍ മാത്രമായിരുന്നു. പിന്നീട് വാപ്പച്ചി ജയിലില്‍ നിന്ന് പുറത്ത് വന്ന് ഏതാനും വര്‍ഷങ്ങള്‍ മാത്രമായിരുന്നു നാട്ടിലുണ്ടായിരുന്നത്. ആ സമയമൊക്കെ ഞാന്‍ ഹോസ്റ്റലിലായിരുന്നു. എന്റെ ഓര്‍മ്മയുടെ തുടക്കം മുതല്‍ ജയിലുണ്ട്്. പത്ത് മാസം പ്രായമുള്ളപ്പോഴാണ് വാപ്പച്ചിയെ അറസ്റ്റ്് ചെയ്യുന്നത്. ബാല്യത്തിന്റെ ഭൂരിഭാഗം സമയങ്ങളിലെയും ഓര്‍മ്മകള്‍ ജയിലുമായി ബന്ധപ്പെട്ടതായിരുന്നു. ആഴ്ചയില്‍ രണ്ടും മൂന്നും ദിവസം കോയമ്പത്തൂരിലേക്കുള്ള ബസ്സുകളില്‍ കയറി കോയമ്പത്തൂര്‍ ചെന്നിറങ്ങി അവിടത്തെ റോഡരികില്‍ നിന്ന്് ഫ്രഷ് അപ് ആയി അവിടെ നിന്ന് ജയിലിലേക്ക് പോവുന്നതായിരുന്നു പതിവ്. പോലീസുകാരന്റെ സ്‌കൂട്ടറില്‍ കയറിയതൊക്കെ ഓര്‍മയിലുണ്ട്. വെള്ളങ്കിരി എന്ന പോലീസുകാരനെ എനിക്ക് മറക്കാനാവില്ല. ജയിലിന്റെ ഉള്ളിലെത്താന്‍ കിലോമീറ്ററുകളോളം നടക്കാനുണ്ട്. ഉമ്മച്ചിയും മറ്റുള്ളവരും നടന്ന വരും. ഞാന്‍ പോലീസുകാരന്റെ ടിവിഎസ് ബൈക്കില്‍ ജയിലിന്റെ നട വരെ അദ്ദേഹത്തിനൊപ്പം കയറി യാത്ര ചെയ്യും. അത്തരം കാരുണ്യങ്ങളും ജീവിതത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. വാപ്പച്ചിയുമായി ഞങ്ങള്‍ കുട്ടികള്‍ക്ക് സംസാരിക്കാന്‍ വളരെ കുറവ് സമയമേ ലഭിക്കാറുള്ളൂ. കാരണം വളരെ ഗൗരവമേറിയ വിഷയങ്ങള്‍ ഉമ്മച്ചിയുമായോ കൂടെ വന്നവരുമായോ വാപ്പച്ചിക്ക് സംസാരിക്കാന്‍ ഉണ്ടാവും. അതിന്റെ അവസാനം ഞങ്ങളോട് ചില ഉപദേശവും സ്‌നേഹവും തന്നുള്ള നിമിഷങ്ങളാണ് ഓര്‍മ്മയിലുള്ളത്.

placeholder
.
പോലീസ് വാഹനം തടഞ്ഞവരെ നീക്കം ചെയ്യാന്‍ ശ്രമിക്കവെ മഅ്ദനിയുടെ ഭാര്യയും പോലിസുമായി വാഗ്വാദം നടക്കുന്നു

ജീവിതത്തിന്റെവലിയൊരു കാലയളവ് കുട്ടികള്‍ ബോര്‍ഡിങ്ങിലായിരുന്നു. ബോര്‍ഡിങ്ങിലെ ജീവിതം എങ്ങനെയുള്ളതായിരുന്നു....

ബോര്‍ഡിങ് ഓര്‍മ്മകള്‍ പറയുമ്പോള്‍ ഇപ്പോഴും കണ്ണു നിറയുന്ന സാഹചര്യമാണുള്ളത്. ജീവിതത്തിലെ 13 -14 വര്‍ഷങ്ങള്‍ ഹോസ്റ്റലില്‍ ചിലവഴിച്ചവരാണ് ഞങ്ങള്‍. ഉമ്മച്ചി യുഎപിഎ കേസില്‍ ഇന്ത്യയില്‍ അറസ്റ്റ്് ചെയ്യപ്പെടുന്ന ആദ്യ സ്ത്രീകളിലൊരാളാണ്് എന്നാണ് മനസ്സിലാക്കുന്നത്. ഉമ്മച്ചിയുടെ ജീവിത്തതിന്റെ നല്ല കാലം മുഴുവനും വാപ്പച്ചിക്കു വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു. ആ പോരാട്ടങ്ങളുടെ പേരില്‍ ഉമ്മച്ചിയെ പോലും വെറുതെ വിട്ടിട്ടില്ല. ഇപ്പോഴും ജാമ്യത്തിലാണുള്ളത്.  എന്റെ ടീനേജ് പ്രായത്തില്‍ ഉമ്മാക്കു പോലും സ്‌കൂളിലോ ഹോസ്റ്റലിലോ വരാനാകാതെ കുടുക്കപ്പെട്ട അവസ്ഥയിലായിരുന്നു. എറണാകുളം ജില്ല ഇപ്പഴും ഉമ്മയ്ക്ക്് വിടാനാവില്ല. ഈ സമയത്ത് ഞാന്‍ പഠിക്കുന്നത് നിലമ്പൂര്‍ പീവീസ് പബ്ലിക് സ്‌കൂളിലാണ്. ഇടയ്ക്ക് കാണാന്‍ വരാനൊന്നും സാധ്യമല്ലാത്ത രീതിയില്‍ ലോക്ക് ചെയ്തിരിക്കുന്ന സാഹചര്യമായിരുന്നു. വാപ്പച്ചി അപ്പോള്‍ ബാംഗ്ലൂര്‍ ജയിലിലും . കുട്ടികളെന്ന നിലയില്‍ ഞങ്ങളനുഭവിച്ച് മാനസ്സിക സമ്മര്‍ദ്ദം ഒന്നാലോചിച്ചു നോക്കൂ. എന്റെ ഹോസ്റ്റല്‍ ബെഡ്ഡിന്റെ തലയണ കണ്ണീരില്‍ അന്നെത്രയോ കുതിര്‍ന്നിരുന്നു. എത്രയോ ദിനരാത്രങ്ങള്‍ പൊട്ടിപൊട്ടികരഞ്ഞ് ദൈവത്തോട് പ്രാര്‍ഥിച്ചിട്ടുണ്ട്. അതിപ്പോഴും അവസാനിക്കുന്നില്ല. എന്റെ എന്റോള്‍മെന്റ്് ദിനത്തിനു തലേന്ന് പോലും ഞാന്‍ ഏറ്റവും കരഞ്ഞ ദിനങ്ങളാണ്. ഞാനും എന്റെ വാപ്പച്ചിയും ഒരുമിച്ച് കണ്ട സ്വപ്‌നമാണ് ഞാന്‍ അഭിഭാഷകനാവുക എന്നത്. ഞാന്‍ എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്ന കാഴ്ച ബാംഗ്ലൂരിലിരുന്ന് ടാബിലാണ് വാപ്പച്ചി കാണുന്നത്. നമുക്ക് അത് ജീവിതത്തിലെ നഷ്ടങ്ങള്‍ തന്നെയാണ്. 

യുഎപിഎ കേസില്‍ അറസ്റ്റിലാക്കപ്പെടുന്ന ആദ്യ ആളാണ് താങ്കളുടെ മാതാവ്. ഉമ്മയുടെ ജീവിതം എങ്ങനെയായിരുന്നു. ഉപ്പ ജയിലിലായതിനാല്‍ ഉപ്പയുടെ അഭാവം ജീവിതത്തിലുണ്ടാവാം. കേസും കൂട്ടവുമായി നടക്കുന്നതിനാല്‍ ഉമ്മയുടെ സാമിപ്യവും ലഭിക്കാതെ പോയ ബാല്യമായിരുന്നോ...

അന്ന് ഞങ്ങള്‍ ഉമ്മയുമായി കലഹിക്കുമായിരുന്നു. കോഴിക്കാട് ഇടിയങ്കരയില്‍' പഠിക്കുന്ന കാലത്ത് എറണാകുളത്ത് ഉമ്മച്ചി ഒരു ബുട്ടീക്ക് ഇട്ടിട്ടുണ്ടായിരുന്നു. അന്ന് ബുട്ടീക്കിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ ഉമ്മച്ചി കോഴിക്കോട് വന്നുപോകുമായിരുന്നു. കണ്ടാല്‍ ഞങ്ങള്‍ വിടില്ല. അതിനാല്‍ ഞങ്ങളറിയാതെയാകും വന്നുപോകുന്നത്. പിന്നീട് ഫോണില്‍ വിളിച്ച് ഉമ്മച്ചിയുമായി കലഹിക്കും. 

ബോര്‍ഡിങ്ങലിലെ ജീവിതത്തില്‍ മറ്റുള്ള കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ട കാര്യങ്ങളുണ്ടാവില്ലേ? ആ സമയത്ത് ഏതെങ്കിലും തരത്തില്‍ വിഷമങ്ങള്‍ നേരിട്ടിരുന്നോ?

ചില സമയത്ത് മിസ്സിങ് ഫാക്ടേര്‍സ് ഉണ്ടായിരുന്നു. പെരുന്നാളിന് പള്ളിയില്‍ പോകുമ്പോള്‍ ബാക്കിയെല്ലാ സുഹൃത്തുക്കളും അവരുടെ മാതാപിതാക്കള്‍ക്കൊപ്പം പോകുമ്പോള്‍ നമ്മള്‍ ഒറ്റയ്ക്കാകും ഉണ്ടാവുക. സഹോദരങ്ങളുടെ, സുഹൃത്തുക്കളുടെ വീട് സന്ദര്‍ശനം ഇതൊന്നും ഞങ്ങളുടെ ജീവിതത്തിലുണ്ടായിട്ടില്ല. ഇപ്പോഴും ഒരു മുറിയുടെ ഉള്ളിലാണ് ഞങ്ങളുടെ പെരുന്നാള്‍. ഇപ്രാവശ്യത്തെ പെരുന്നാള്‍ പോലും മെഡിക്കല്‍ ട്രസ്റ്റിലെ ഒരു മുറിക്കുള്ളിലായിരുന്നു ഞങ്ങളും വാപ്പച്ചിയും. 

എപ്പോഴും വീട്ടുകാരോടൊപ്പം കഴിയുന്ന കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് പുറത്ത് ടൂര്‍ പോവുക എന്നതുമറ്റുമായിരിക്കും ആഗ്രഹം. പക്ഷേ നിങ്ങളുടെ വിഷയത്തില്‍ അത് എപ്പോഴും കുടുംബത്തിനൊപ്പമുണ്ടാവുക എന്നതാവില്ലേ?

ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴും കോളേജില്‍ പഠിക്കുമ്പോഴും വണ്‍ഡേ ട്രിപ്പും കോളേജ് ട്രിപ്പും മറ്റുമുണ്ടായിരുന്നു. എന്നാല്‍ ഇതിനൊന്നും ഞാന്‍ പോകാറില്ല. പോകാന്‍ തോന്നാറില്ല എന്നതാണ് സത്യം. ആഗ്രഹമുണ്ടെങ്കിലും അതിനും മുകളിലുളള ആഗ്രഹം വീട്ടില്‍ പോകണം ഉമ്മയെയും വാപ്പച്ചിയെയും കാണണം എന്നതായിരിക്കും. യുഎസ്സിലേക്ക്  പിവീസ് പബ്ലിക് സ്‌കൂളില്‍ നിന്ന് ഒന്‍പതിലോ പത്തിലോ ഒരു ട്രിപ്പുണ്ടായിരുന്നു. അന്ന് എന്റെ അടുത്ത സുഹൃത്തുകള്‍ പോലും പോയി. ആ യാത്രയുടെ പൊലിമയെക്കാള്‍ എന്നെ ആകര്‍ഷിച്ചത് വാപ്പച്ചിയുടെ സാമീപ്യമായിരുന്നു. വീട്ടിലേക്ക്് പോവുക എന്നതായിരുന്നു.

placeholder
മദനിയും കുടുംബവും

അറസ്റ്റിലാകുന്നതിന് മുന്‍പ് ഉപ്പയുടെ സാമീപ്യം കിട്ടിയിട്ടുളള ഒരാളാണ് നിങ്ങളുടെ സഹോദരന്‍. സഹോദരങ്ങളുടെ അതിജീവനം എങ്ങനെയായിരുന്നു?

എന്നെക്കാള്‍ ജീവിതത്തില്‍ പ്രയാസങ്ങള്‍ നേരിട്ടിട്ടുള്ളയാള്‍ ഇക്കാക്കയാണ്. വാപ്പച്ചി പ്രസംഗിക്കാന്‍ ദൂരെയുള്ള സ്ഥലങ്ങളില്‍ പോയി രാത്രി വൈകി വരുമ്പോള്‍ അതു വരെ ഇക്കാക്ക ഉറങ്ങാതെ കാത്തിരിക്കും. ആ ഇക്കാക്കയ്ക്കാണ് വാപ്പച്ചിയെ പിന്നീട് നഷ്ടപ്പെടുന്നത്. അതുകൊണ്ട് എന്നെക്കാളേറെ ഇത് ബാധിച്ചിട്ടുള്ളതും വിഷമങ്ങള്‍ അനുഭവിക്കുന്നതും ഇക്കാക്കയാണ്.  

രാജ്യദ്രോഹ കേസില്‍ വിചാരണ നേരിടുന്ന ഒരാളുടെ മകന്‍ എന്ന ലേബല്‍ ജീവിതത്തെ വേട്ടയാടിയിരുന്നോ? 

ജ്യേഷ്ഠന്‍ പ്ലസ് വണ്‍ പ്ലസ് ടു കാലം ഓപ്പണ്‍ സ്‌കൂളിങ്ങായിരുന്നു ചെയ്തിരുന്നത്. പേഴ്‌സില്‍ സ്ഥിരം വാപ്പച്ചിയുടെ ചിത്രവും അദ്ദേഹം സൂക്ഷിച്ചിരുന്നു. ആ ഫോട്ടോ കണ്ടിട്ട് നീയെന്താടാ തീവ്രവാദിയുടെ ഫോട്ടോ വെച്ച് നടക്കുന്നതെന്ന് ഇക്കാക്കയോട് ആരോ ചോദിച്ച ഒരു അനുഭവം ഇക്കാക്ക പറഞ്ഞതായി എന്റെ ഓര്‍മയിലുണ്ട്. എന്റെ വിദ്യാഭ്യാസ ജീവിതമാകെ പ്രതിസന്ധിയിലായിട്ടുണ്ട്. വാപ്പച്ചിയുടെ മകനാണെന്ന ഒറ്റകാരണം കൊണ്ട് അഡ്മിഷന്‍ കിട്ടാത്ത സാഹചര്യം വരെയുണ്ടായിട്ടുണ്ട്. പഠി്ച്ചു കൊണ്ടിരുന്ന സ്ഥാപനത്തില്‍ നിന്ന് മാറേണ്ടി വന്നിട്ടുണ്ട്. 

അധ്യാപക സമൂഹം ഒരു സാധാരണ ജീവിതം തന്നിരുന്നോ. അതോ മുന്‍വിധികളോടെയാണോ പെരുമാറിയത്.

എന്റെ വ്യക്തിപരമായ ജീവിതത്തില്‍ അധ്യാപകരൊക്കെയും ഗുരുസ്ഥാനീയര്‍ തന്നെയാണ്. അവരൊക്കെ അത്രത്തോളം പിന്തുണ നല്‍കിയിട്ടുണ്ട്. ഉപ്പയ്ക്കും ഉമ്മയ്ക്കും അവരുടെ സാഹചര്യങ്ങള്‍ കൊണ്ടു ചെയ്തുതരാന്‍ കഴിയാത്തത് ചെയ്തു തന്നിട്ടുണ്ട്. എന്റെ ഭാഷ ഡെവലപ് ചെയ്യുന്നതില്‍, സ്‌കൂളിങ്ങളിലുണ്ടായ ഗ്യാപ് നികത്താനൊക്കെ അധ്യാപകര്‍ സഹായകരമായിട്ടുണ്ട്. പേരെടുത്തു പറയുകയാണെങ്കില്‍ സഞ്ജീവ് സാര്‍, സന്ധ്യ മേഡം. ഞാന്‍ ഒന്‍പതാം ക്ലാസില്‍ കലോത്സവത്തിനൊക്കെ പോകുമ്പോള്‍ മലയാളത്തിലാകും പ്രസംഗിക്കുക. അത് ഇംഗ്ലീഷില്‍ എന്നെ കൊണ്ട് ചെയ്യിക്കണമെന്ന വാശിയില്‍ അവര്‍ എനിക്ക് പ്രസംഗം എഴുതി തരികയും ഇരുത്തി പഠിപ്പിച്ച് തരികയും ചെയ്യുമായിരുന്നു. സ്‌കൂള്‍ അസംബ്ലിയില്‍ ഞാന്‍ അത് ഭംഗിയായി അവതരിപ്പിച്ചപ്പോള്‍ സഞ്ജീവ് സാര്‍ സ്‌കൂളിന് മുമ്പില്‍ എനിക്ക് സല്യൂട്ട് ചെയ്ത സാഹചര്യമൊക്കെയുണ്ടായിട്ടുണ്ട്. അത് എത്ര കൊല്ലം കഴിഞ്ഞാലും എനിക്ക് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവവും പ്രചോദനവുമാണ്.

placeholder
മദനിയുടെ ഭാര്യ സൂഫിയ മദനിയും മകൻ സലാഹുദീൻ അയ്യൂബിയും

 

സഹപാഠികള്‍ക്ക് മദനിയുടെ മകനാണെന്ന് അറിയുമായിരുന്നോ? 

പൊതുവെ നമ്മള്‍ പഠിക്കാന്‍ പോകുന്ന സ്ഥലങ്ങളില്‍ ആദ്യഘട്ടങ്ങളില്‍ ഐഡന്റ്ിറ്റി വെളിപ്പെടുത്താറില്ല. പഠനത്തെ അത് ബാധിക്കരുതെന്ന് കരുതി മാതാപിതാക്കള്‍ തന്നെയാണ് അങ്ങനെ നിര്‍ദേശിച്ചിരുന്നത്. പിന്നീട് സ്വാഭാവികമായി കുറച്ചു കാലം കഴിയുമ്പോള്‍ അവരൊക്കെ മനസിലാക്കും. ആ ചുരുങ്ങിയ സമയം കൊണ്ട് നമ്മളെ മനസിലാക്കിയ ശേഷമാകും അവര്‍ വാപ്പച്ചിയെ അറിയുക. അതു കൊണ്ടുതന്നെ എല്ലാവര്‍ക്കും വാപ്പച്ചിയോട് സ്‌നേഹവും ഇഷ്ടവുമൊക്കെയായിരുന്നു. ഇപ്പോഴും വാപ്പച്ചി വരുമ്പോള്‍ ഓരോ കാര്യങ്ങള്‍ക്കും ഓടിയെത്തുന്നത് എന്റെ സുഹൃത്തുക്കളാണ്.

ക്യാമ്പസ് രാഷ്ട്രീയമുണ്ടാകുമല്ലോ. അതില്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട, പ്രത്യേക പാര്‍ട്ടിയില്‍പ്പെട്ടവര്‍ മാത്രമായിരുന്നോ. അതോ എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടെയും പിന്തുണയും സ്‌നേഹവും ലഭിച്ചിരുന്നോ..

എന്റെ കോളേജ് സൗഹൃദങ്ങളില്‍ ഞാന്‍ രാഷ്ട്രീയം ഒട്ടും തന്നെ നോക്കിയിട്ടില്ല. അതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. എന്നെ ആദ്യം കോളേജില്‍ മനസിലാക്കുന്നത് ഒരു സഖാവാണ്. എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍പ്പെട്ടവര്‍ കെ.എസ്.യു അനുഭാവികളാണ്. ഞാനുമായി ഏറ്റവുമധികം ബന്ധം പുലര്‍ത്തുന്ന ഒരു സുഹൃത്ത് ബി.ജെ.പിക്കാരിയാണ്. കോളേജ് സൗഹൃദങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും രാഷ്ട്രീയത്തിന് അതീതമായ ബന്ധമാണ് ഈ കാലഘട്ടത്തിലെ മനുഷ്യര്‍ സൂക്ഷിക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കോളേജില്‍ ഉച്ചഭക്ഷണം പുറത്തു പോയി കഴിക്കുകയാണ് പതിവ്. നമസ്‌കരിക്കാന്‍ പള്ളി അടുത്തില്ലാത്തതാണ് ഇതിന് കാരണം. ഞാന്‍ പതിവായി ഭക്ഷണം കഴിക്കാന്‍ പോകുന്നത് അംജിതെന്ന എന്റെ സുഹൃത്തിന്റെ വണ്ടിയിലാണ്. അദ്ദേഹം ഒരു സഖാവാണ്. ഒരു ദിവസം ഭക്ഷണം കഴിച്ച ശേഷം അംജിതുമായി തിരികെ വരുമ്പോള്‍ എന്നോട് ഒരു പണ്ഡിതന്റെ കാര്യം ചോദിച്ചു. സത്യത്തില്‍ വാപ്പച്ചിയുടെ കാര്യമാണ് ചോദിച്ചത്. മദനി എന്റെ വാപ്പയാണെന്ന്് ഞാന്‍ അദ്ദേഹത്തോട്് പറഞ്ഞു. 

മദനി അച്ഛനാണെന്ന് അറിഞ്ഞപ്പോള്‍ പുള്ളിയുടെ പ്രതികരണം എങ്ങനെയായിരുന്നു?

ബൈക്കോടിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഒരു സെന്‍ക്കന്‍ഡൊന്ന് പാളിയിട്ടാണ് വീണ്ടും കോളേജിലെത്തിയത്. എന്റോള്‍മെന്റ് ദിവസം ബി.ജെ.പിക്കാരി സുഹൃത്തിനെ ഉമ്മച്ചിക്ക് പരിചയപ്പെടുത്തി. ഉമ്മയെ നേരിട്ട് കണ്ട ശേഷം അവള്‍ കരയുകയായിരുന്നു. അതിന് ശേഷം വാപ്പച്ചിയുടെ കേസ് എപ്പോള്‍ വന്നാലും എന്നോട് അവള്‍ എല്ലാം ശരിയാകുമെന്ന് എപ്പോഴും പറയും. അങ്ങനെയുള്ള സുഹൃത്തുക്കളാണ് എനിക്കുള്ളത്. രാഷ്ട്രീയമല്ല, അവരുടെ മനസാണ് ഞാന്‍ നോക്കുന്നത്. മലയാളികളെല്ലാം സ്‌നേഹിച്ചിട്ടുണ്ട്. തിരിച്ച് മലയാളികളെയും സ്‌നേഹിക്കുന്നു.

ഒരുപാട് ട്രോമാറ്റികായിട്ടുള്ള അനുഭവങ്ങളിലൂടെ തീര്‍ച്ചയായിട്ടും നിങ്ങള്‍ കടന്നു പോയിട്ടുണ്ട്. മനുഷ്യെന്നത് ഒരു മനോഹര പദമാണെന്ന തിരിച്ചറിവുണ്ടായ നിമിഷങ്ങളുമുണ്ടായിട്ടുണ്ടാവും. അത്തരത്തിലുള്ള ചില അനുഭവങ്ങള്‍ പങ്ക് വെയ്ക്കാമോ

എല്‍എല്‍ബിയൊക്കെ കഴിഞ്ഞ എന്റോള്‍മെന്റായി വാപ്പച്ചിയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ കണ്ട് തിരിച്ചറിയപ്പെടാന്‍ തുടങ്ങിയ കാലത്ത് വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ കൈ വന്ന് പിടിച്ച് പൊട്ടിക്കരയുന്ന മനുഷ്യരെ കണ്ടിട്ടുണ്ട്. ആ ഒരു പിന്തുണയും ഐക്യദാര്‍ഢ്യവും നമുക്ക് മലയാളികളായത് കൊണ്ട് കിട്ടുന്നതാണ്. മനുഷ്യനെന്ന പദത്തിന് വളരെ ഭംഗി നല്‍കുന്ന ഒരു പര്യായമായി മലയാളി മാറുന്നുണ്ട്. അത് സന്തോഷവും ആശ്വാസവും നല്‍കുന്ന കാര്യമാണ്. 

കര്‍ണാടകത്തിലും കേരളത്തിലും തമിഴ്‌നാട്ടിലും പരന്നു കിടക്കുന്നതാണ് നിങ്ങളുടെ ജീവിതകാലയളവ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തെ മാറ്റിനിര്‍ത്തുന്ന ഒരു ഘടകമെന്താണ്?

നിലവിലെ സാഹചര്യത്തില്‍ ചിന്തിക്കുമ്പോള്‍ മലയാളികളെന്ന മനുഷ്യര്‍ തന്നെയാണ് ഈ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ വേറിട്ട നിര്‍ത്തുന്ന ഘടകം. തമിഴ്‌നാട്ടില്‍ വാപ്പച്ചി കിടക്കുന്ന സമയത്ത് ഒരുപാട് തമിഴര്‍ നമ്മളോട് ഐക്യദാര്‍ഢ്യപ്പെട്ട നിന്നിട്ടുണ്ട്. ബാംഗ്ലൂര്‍ ജീവിതത്തില്‍  വിരലിലെണ്ണാവുന്ന ആളുകള്‍ പോലും ഐക്യദാര്‍ഢ്യപ്പെട്ട് വന്നിട്ടില്ലെന്നതാണ് സത്യം. വ്യക്തികള്‍ വന്നിട്ടുണ്ടാകും. സാമൂഹികപരമായ ഒരു ഇടപെടലും കര്‍ണാടക ജനതയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. 

വാപ്പച്ചിയുടെ അവിടുത്തെ ഓരോ ദിവസവും എങ്ങനെയായിരുന്നു?

വാപ്പച്ചിയുടെ ഒരുദിവസവും മുന്‍കൂറായി പ്ലാന്‍ ചെയ്യുവാന്‍ സാധിക്കുമായിരുന്നില്ല. അത്രയധികം ആരോഗ്യപരമായി പരിക്ഷീണനായിരുന്നു വാപ്പച്ചി. ക്രിയാറ്റിന്‍ കൂടിയിരിക്കുന്നു, ശരീരം ശോഷിച്ചിരിക്കുന്നു. 40-ല്‍ താഴെ കിലോ മാത്രം ഭാരം.  മതിയായ ആഹാരം പോലും കഴിക്കുവാന്‍ വാപ്പച്ചിക്ക് സാധിച്ചിരുന്നില്ല. കേരളത്തിലെ ഡോക്ടര്‍മാരുടെ സംരക്ഷണത്തിലാണ് വാപ്പച്ചിയെന്നത് ഇപ്പോള്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. വാപ്പച്ചി ആരോഗ്യപരമായി തിരിച്ചു വരുമെന്ന പ്രതീക്ഷയുണ്ട്. 

നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് മദനിയെ തമിഴ്‌നാട് പോലീസിന് കൈമാറുന്നത്. മദനി കേരളത്തിലേക്ക് വന്നാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് പറയുന്നത് ആന്റണിയാണ് എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി ശ്രമിക്കുന്നത്. വി എസിന്റെ കാലത്താണ് സൗജന്യ ആയുര്‍വേദ ചികിത്സ നല്‍കുന്നത്. പാര്‍ട്ടികള്‍ക്കുണ്ടായ ഈ മാറ്റം രാഷ്ട്രീയ കരുനീക്കമായിട്ടാണോ അതോ മദനിയോടുള്ള മനോഭാവമാറ്റമായാണോ കാണുന്നത്?

വാപ്പച്ചി വളരെ കുറച്ച് കാലം മാത്രമേ കേരളത്തില്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തകനായും സാമൂഹികപ്രവര്‍ത്തകനായും ചിലവഴിച്ചിട്ടുള്ളൂ. 25 വര്‍ഷം വാപ്പച്ചി ജയിലിലായിരുന്നു. വാപ്പച്ചിയുടെ ആരോഗ്യാവസ്ഥ, ജീവിതാനുഭവങ്ങള്‍ എന്നിവയെല്ലാം രാഷ്ട്രീയനേതാക്കള്‍ പിന്നീട് കണ്ടിട്ടുണ്ട്. കേരളത്തിലായിരുന്നു വാപ്പച്ചിയുടെ അറസ്റ്റെ് നടന്നതെങ്കില്‍ ഈ ഗതിയാവില്ലായിരുന്നു.  അങ്ങനയൊരു അറസ്റ്റ് ഇല്ലലോ. വാപ്പച്ചി നാടുകടത്തപ്പെടുകയാണ്. മറ്റെതെങ്കിലും നാട്ടില്‍ കൊണ്ടുപോയി ഒരു കേസിട്ടിട്ട് നാടുകടത്തപ്പെടുകയാണ്. പിന്നീട് കേരളത്തിലെ ഭരണ സംവിധാനങ്ങള്‍ക്ക് ഇടപെടാന്‍ കഴിയാത്ത വിധം ലോക്ക് ചെയ്യുകയാണ്. അതുകൊണ്ടാണ് വാപ്പച്ചിക്ക് ഇത്രയധികം പ്രയാസങ്ങള്‍ നേരിടേണ്ടി വന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പക്ഷേ കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം വാപ്പച്ചിയോട് ആത്മാര്‍ത്ഥ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.  

 

അത്തരത്തില്‍ നിങ്ങളെ സ്പര്‍ശിച്ച രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകളെ ഓര്‍ത്തെടുക്കാമോ?

ഒരുപാടുണ്ടെങ്കിലും മരണപ്പെട്ടു പോയ രണ്ടുപേരുടെ മുഖമാണ് ഓര്‍മയില്‍ വരുന്നത്. ഒന്ന് ഇക്കഴിഞ്ഞ ദിവസം മരണപ്പെട്ടുപോയ ഉ്മ്മന്‍ചാണ്ടി സാര്‍. പത്തു കൊല്ലം മുമ്പ് വാപ്പച്ചിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയ്ക്കല്‍ ഒരു പരിപാടി നടക്കുകയുണ്ടായി. അന്ന് ഉമ്മന്‍ചാണ്ടി സാറാണ് മുഖ്യമന്ത്രി. അന്ന് കല്ലേറേറ്റ അവസ്ഥയില്‍ മെഡിക്കല്‍ കോളേജിലാണ് അദ്ദേഹം. പരിപാടി അവസാനിപ്പിക്കുന്നത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കൊണ്ടാണ്. അന്നത്തെ ദിവസം അദ്ദേഹത്തെ കാണാന്‍ കഴിയുമോയെന്ന ആശങ്കയുണ്ടായിരുന്നു. അന്നും അദ്ദേഹം കാണാന്‍ തയ്യാറായി. എന്നെ ആശ്വസിപ്പിച്ചു. എന്റെ വ്യക്തിപരമായ ജീവിതത്തില്‍ എനിക്കുണ്ടായ വലിയ അനുഭവമാണത്. ജാമ്യത്തില്‍ ഇളവ് ലഭിച്ച് സൗഖ്യ ആശുപത്രിയില്‍ കഴിയുമ്പോള്‍ വാപ്പച്ചിയെ നേരിട്ട് വന്ന് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി സാര്‍ കണ്ടിട്ടുണ്ട്. അത്തരം പിന്തുണകള്‍ ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. കോടിയേരി സഖാവാണ് മറ്റൊരാള്‍. ഞാന്‍ നേരത്തെ സൂചിപ്പിച്ച ആ പൊട്ടിപൊട്ടി കരഞ്ഞ പ്രസംഗത്തില്‍ ഞാന്‍ ഇരുന്നത് കോടിയേരി സഖാവിന്റെ മടിയിലാണ്. അദ്ദേഹത്തെ അന്ന് മുതല്‍ ഞാന്‍ ആത്മബന്ധത്തോടെ കാണുന്ന ഒരു നേതാവാണ്. 

മദനിക്ക് പിന്തുണ തരുന്ന ഒരു വലിയ വിഭാഗമുണ്ട്. അദ്ദേഹം അനുഭവിച്ച മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ബോധ്യമുള്ള ഒരു വിഭാഗമുണ്ട്. എന്നാല്‍ എതിര്‍ക്കുന്നവരുമുണ്ട്. എതിര്‍ക്കുന്നവര്‍ ഒരു പക്ഷേ മുന്നോട്ട് വെയ്ക്കുന്നത് പഴയകാല  മദനിയുടെ തീവ്ര പ്രസംഗങ്ങള്‍ ആവാം. മദനി രൂപവത്കരിച്ച iss എന്ന  നിരോധിത സംഘനയാവാം. മദനിയുടെ തീവ്രനിലപാടിലെ അയവ് നിങ്ങളുടെ ജീവിതത്തില്‍ എത്തരത്തിലാണ് പ്രതിഫലിച്ചത്?

ഇതൊരു പൊതുബോധത്തില്‍ നിന്നുള്ള ചോദ്യമാണെന്നേ ഞാന്‍ പറയൂ. കാരണം തീവ്രമായിട്ടൊരു കാലം വാപ്പച്ചിക്കുണ്ടായിട്ടില്ല. iss എന്ന് പറയുന്നത് ആ കാലഘട്ടത്തില്‍ വാപ്പച്ചിയെ പോലൊരു മതപണ്ഡിതന്റെ പ്രസംഗം കേട്ട് ആകൃഷ്ടരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സംഘടനയാണ്.  ഇന്നും ആ സംഘടനയുടെ പേരിലൊരു കേസില്ല. ബാബരി മസ്ജിദുമായി ബന്ധപ്പെട്ടാണ് അന്ന് iss-നെ നിരോധിക്കുന്നത്. ഇക്കൂട്ടത്തില്‍ കുറെ സംഘടനകള്‍ നിരോധിക്കപ്പെട്ടു (ആര്‍എസ്എസ്, ആര്‍എസ്എസ്സിന്റെ സഹസംഘടനകള്‍ തുടങ്ങിയവ). ബാക്കിയുള്ളവര്‍ നിരോധനം മാറ്റാനൊരുങ്ങിയപ്പോള്‍ നമുക്ക് കൃത്യമായി ഒരു രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കാം എന്ന് സാമൂഹികമായി ചിന്തിച്ച്  കൊണ്ടു രൂപീകരിച്ചതാണ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി). അതുകൊണ്ടു തന്നെ ഇത്ര തീവ്ര നിലപാടുകളുണ്ടായിരുന്നു, തീവ്രപ്രസംഗങ്ങളുണ്ടായിരുന്നു എന്ന് പറയുന്നതിന് തെളിവില്ലെന്ന് മാത്രമല്ല, അങ്ങനെയൊന്നുണ്ടായിട്ടില്ല. കേരളത്തില്‍ വാപ്പച്ചിക്ക് എതിരേ തീവ്രമായി പ്രസംഗിച്ചുവെന്ന പേരില്‍ മുപ്പതോളം കേസുണ്ടായിരുന്നു. ഈ കേസിലൊക്കെ വാപ്പച്ചിയെ വെറുതെ വിട്ടു. ഇത്രയും അനുഭവിച്ച് നിരപരാധിത്വം വ്യ്ക്തമാക്കിയ ഒരാളേ ഇനിയും ആ പഴയ നറേറ്റീവിലൂടെ ആക്രമിക്കരുതെന്നാണ് എനിക്ക് പൊതുവായി പറയാനുള്ളത്.