മുസ്ലീം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ആലപ്പുഴ സ്വദേശിയും മുൻ സിപിഎം നേതാവുമായ സി. ശ്യാംസുന്ദർ. ചരിത്രത്തിൽ ആദ്യമായാണ് മുസ്ലീം സമുദായത്തിന് പുറത്തുള്ള ഒരാൾ ഈ പദവിയിൽ എത്തുന്നത്. സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ശ്യാംസുന്ദർ 16 വർഷമായി ലീഗിനൊപ്പമാണ്. വി.എസ്. അച്യുതാനന്ദൻ പക്ഷക്കാരനായിരുന്ന ശ്യാംസുന്ദർ സി.പി.എമ്മിലെ ചേരിപ്പോരിനെത്തുടർന്നായിരുന്നു പാർട്ടി വിട്ടത്. ‌മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിതനായ ശ്യാംസുന്ദർ മാതൃഭൂമി ഡോട്കോമുമായി സംസാരിക്കുന്നു.

To advertise here,

ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് മുസ്ലീം സമുദായത്തിന് പുറത്തുള്ള ഒരാൾ സംസ്ഥാന വൈസ് പ്രസിഡന്റായി എത്തുന്നത്. അതുകൊണ്ടുതന്നെ ചരിത്രപരമായ ഒരു ദൗത്യമല്ലേ പാർട്ടി ഏൽപ്പിച്ചിരുക്കുന്നത്?

കഴിഞ്ഞ 16 വർഷമായി ഞാൻ മുസ്ലീം ലീഗിന്റെ പ്രവർത്തകനാണ്. താഴെത്തട്ടിൽനിന്ന് തുടങ്ങി പാർട്ടി ഏൽപ്പിച്ച ചുമതലകൾ വീഴചവരുത്താതെ കൃത്യമായി ചെയ്തതുകൊണ്ടാണ് കഴിഞ്ഞ സമ്മേളത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തത്. ഇപ്പോൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എന്നെ തിരഞ്ഞെടുത്തപ്പോൾ സന്തോഷവും അതിലുപരി അഭിമാനവുമുണ്ട്.

ലീഗ് ദേശീയ കമ്മിറ്റിയിലെ ആദ്യ വനിതയായി തിരഞ്ഞെടുക്കപ്പെട്ട ജയന്തി രാജൻ, ഇപ്പോൾ താങ്കളുടെ വൈസ് പ്രസിഡന്റ് പദവി. ഇതെല്ലാം ലീഗ് ഒരു മതേതര പാർട്ടിയാണെന്ന് കാണിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണോ?

മുസ്ലീം ലീഗ് പാർട്ടി മതേതരമാണെന്ന് ബോധപൂർവ്വം കാണിക്കേണ്ട ഒരു സാഹചര്യവുമില്ല. ലീഗിന്റെ പ്രവർത്തനവും ഇടപെടലും പരിശോധിക്കുന്നവർക്ക് പാർട്ടിയുടെ ശക്തമായ മതേതര നിലപാടുകൾ ബോധ്യപ്പെടും. ഒരു രാഷ്ട്രീയ പാർട്ടി മതേതരമാണോയെന്ന് നിശ്ചയിക്കുന്നത് അതിന്റെ ഭരണപരവും രാഷ്ട്രീയപരവുമായ പ്രവർത്തനങ്ങളിലൂടെയാണ്. ഭരത്തിലിരുന്നുകൊണ്ട് ബിജെപി ചെയ്യുന്ന പല കാര്യങ്ങളും മതാധിഷ്ഠിതമാണ്. എന്നാൽ, ലീഗിന്റെ നേതാക്കൾ മതാധിഷ്ഠിതമായി ഒരു തീരുമാനവും എടുത്തിട്ടില്ല. ന്യൂനപക്ഷ രാഷ്ട്രീയത്തോടൊപ്പംതന്നെ ദളിത് പിന്നോക്ക വിഭാഗങ്ങളുടെ രാഷ്ട്രീയംകൂടി ഉയർത്തിപ്പിടിച്ചാണ് 1948 മുതൽ ലീഗ് പ്രവർത്തിക്കുന്നത്. ലീഗിലേക്ക് പുതിയ ആളുകൾ കടന്നുവരുന്നതിന്റെ പരിണിതഫലമായാണ് പാർട്ടിക്ക് മതേതരമുഖം വരുന്നത്. അല്ലാതെ, ലഡുവിന് മുകളിൽ വെക്കുന്ന മുന്തിരിപോലെയല്ല ഞാനും ജയന്തി രാജനും യു.സി. രാമനും പോലെയുള്ളവർ. ഇന്നലെ പാർട്ടിയിലെത്തി ഇന്ന് ഈ പദവിയിലേക്ക് എത്തിയ ആളല്ല ഞാൻ. പാർട്ടിയുടെ നയം ഉയർത്തിപ്പിടിക്കുന്നതിനായാണ് പാർട്ടിക്കൊപ്പം നിൽക്കുന്നവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്.

വിഎസ്-പിണറായി വിഭാഗീയതയുടെ ഭാഗമായാണ് താങ്കൾ പാർട്ടി വിട്ടത്. പിന്നീടെങ്ങനെയാണ് മുസ്ലീം ലീഗ് ഒരു ഓപ്ഷനയായി വന്നത്?

വേദനിക്കുന്നവരെ ഉയർത്തിക്കൊണ്ടുവരിക എന്ന രാഷ്ട്രീയം എന്ന നിലയിലാണ് സിപിഎമ്മിന്റെ ഭാഗമായത്. എന്നാൽ ക്രമേണ ആ രാഷ്ട്രീയത്തിൽ വ്യതിയാനമുണ്ടായി. ഈ രാഷ്ട്രീയ ഭിന്നത വലുതായതോടെ രണ്ട് ചേരികളായി മാറി. മലപ്പുറം സമ്മേളനത്തിൽവെച്ച് ഇതിൽ ഒരു ചേരി പ്രബലമായി. അതുകൊണ്ടുതന്നെ എതിർചേരികളിൽപെട്ടവരെ പാർട്ടിയിൽനിന്ന് ഒഴിവാക്കുന്ന ഒരു സാഹചര്യമുണ്ടായി. തുടർന്നാണ് സമാനമായി ചിന്തിക്കാൻ കഴിയുന്ന, ദളിത് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളെ പൊതുമണ്ഡലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ പ്രയത്നിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗാണെന്ന് തിരിച്ചറിഞ്ഞത്.

പാർട്ടിയിൽനിന്ന് ഇറങ്ങിവന്നിട്ട് 16 വർഷത്തോളമായി. ഇത്രയും കാലത്തിനുശേഷം സിപിഎമ്മിനെ പുറത്തുനിന്ന് നോക്കി കാണുമ്പോൾ എന്താണ് ആ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ?

വലിയ അപകടത്തിലേക്കാണ് പാർട്ടിയെ ഒരു വിഭാഗം കൊണ്ടുപോകുന്നത് എന്നായിരുന്നു 2010-ൽ സിപിഎം വിടുമ്പോൾ ഞാൻ പ്രവർത്തകരോട് പറഞ്ഞത്. തിരിച്ചുവരാത്ത വിധത്തിൽ പാർട്ടി അപകടത്തിലാകുമെന്നും മുന്നറിയിപ്പ് നൽകി. തിരുത്തണമെന്ന് ഒരുപാട് തവണ പാർട്ടിക്കുള്ളിൽ ആവശ്യപ്പെട്ടിരുന്നു. ആ തിരുത്തൽ നടന്നില്ല. തിരുത്തണമെന്ന് പറയുന്നവരെ തുരത്താൻ വേണ്ടിയുള്ള നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. മലപ്പുറം സമ്മേളനത്തിൽ അതാണ് സംഭവിച്ചത്. തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ടവരെ പാർട്ടി തുരത്തി. ഈ തുരത്തൽ പ്രക്രിയ ഇന്ന് എത്തിനിൽക്കുന്നത് ആർക്കും സംരക്ഷിക്കാൻ കഴിയാത്ത രൂപത്തിലാണ്. ഈ തകർച്ചയിലേക്ക് പാർട്ടിയെ ബോധപൂർവ്വം എത്തിച്ചതാണ്.

പാർട്ടിക്കുള്ളിലെ തെറ്റ് എതിർക്കാനും നയവ്യതിയാനങ്ങൾ ചൂണ്ടിക്കാട്ടാനും വിഎസിനെ പേലെയുള്ള ഒരാൾ ഇന്ന് സിപിഎമ്മിൽ ഇല്ലേ?

വിഎസിനെ പേലെയുള്ള ഒരാൾതന്നെയായിരുന്നു പിണറായി വിജയൻ. വിഎസുമായി ഏറ്റവും അടുത്തുനിന്ന് നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു പിണറായി. അദ്ദേഹംതന്നെ നിലപാടുകളിൽനിന്ന് വ്യതിചലിച്ചാൽ പിന്നെ ആരാണുള്ളത്? വിഎസിന് പകരം വിഎസ് മാത്രം, വിഎസിന് ശേഷവും വിഎസ് മാത്രം എന്നതാണ് സത്യം. ഇപ്പോൾ വിഎസിന്റെ ഓർമകളാണ് പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകുന്നത്. പിണറായി ഇങ്ങനെയാകുമെന്ന് അദ്ദേഹത്തെ അറിയുന്നവരാരും ചിന്തിച്ചിരുന്നില്ല. വിഭാഗീയത എന്ന രോഗം ഉണ്ടായപ്പോൾ രണ്ടുപക്ഷത്തും ചേർന്ന ആളുകൾക്ക് അവരുടെ ബലം ക്ഷയിക്കാതെ നോക്കേണ്ടിവന്നു. തത്വങ്ങളും ആശയങ്ങളുമെല്ലാം മാറ്റിവെച്ച് പക്ഷത്തിന്റെ ശക്തിനിലനിർത്താൻ പിണറായി പോയതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.

വിഭാഗീയതയെ രണ്ട് അഭിപ്രായമായും കണക്കാക്കമല്ലോ. അങ്ങനെയെങ്കിൽ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ടെങ്കിൽ പാർട്ടിക്ക് കുറച്ചുകൂടി ശക്തമായി നിൽക്കാൻ സാധിക്കില്ലേ?

ഉൾപാർട്ടി സംവിധാനത്തിനുള്ളിൽ രണ്ട് അഭിപ്രായമെന്ന മാന്യമായ പരിഗണന പാർട്ടി നേതൃത്വത്തിലുള്ളവർ നൽകിയിരുന്നുവെങ്കിൽ ഇപ്പോഴുണ്ടായ അപകടം ഉണ്ടാകുമായിരുന്നില്ല. അഭിപ്രായങ്ങൾക്ക് ഈ മാന്യത തരാതിരിക്കാനാണ് പാർട്ടി നേതൃത്വം വിഭാഗീയത എന്ന വാക്ക് ഉപയോഗിച്ചത്.

കേരളത്തിൽ നിയസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ തിരിച്ചടിക്ക് പ്രധാന കാരണമെന്താണ്?

സിപിഎം ഇല്ലാതായി എന്നതാണ് പ്രധാനകാരണം. സാധാരണക്കാരന്റെ മനസ്സിലെ സിപിഎം മരിച്ചുപോയി. പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും അടക്കം പാർട്ടി പരാജയപ്പെട്ടു. ഇതൊന്നും ചെറിയ കാര്യമല്ല. അഞ്ച് സഖാക്കൾ വെടിയേറ്റുമരിച്ച കൂത്തുപറമ്പിൽ പോലും നേരിയ ഭൂരിപക്ഷത്തിലാണ് സിപിഎം വിജയിച്ചത്. സിപിഎം മരിച്ചിരിക്കുന്നു. ഇനി പുതിയ സിപിഎം ജനിക്കണം. ആത്മാർഥമായ തിരുത്തൽ നടത്തിയാൽ പാർട്ടിക്ക് തിരിച്ചുവരാം. അതുണ്ടാകുമെന്ന് പ്രത്യാശിക്കാം.

പാർട്ടിയിൽനിന്ന് പോകേണ്ടവർക്ക് പോകാം എന്ന നിലപാടാണോ സിപിഎം സ്വീകരിക്കുന്നത്?

ഇഷ്ടമില്ലാത്തവരൊക്കെ പുറത്തുപൊയ്ക്കോട്ടെ എന്ന നിലപാട് എടുത്തതുകൊണ്ടാണ് പാർട്ടിക്ക് ഈ ദുരന്തം ഉണ്ടായത്. നേതാക്കളോട് ഈ നയം സ്വീകരിച്ചപ്പോഴാണ് എങ്കിൽ പാർട്ടിയൊന്ന് പുറത്തുപോകട്ടെയെന്ന് അണികളും തീരുമാനിച്ചത്. ഇക്കാര്യത്തിലുള്ള തെറ്റുതിരുത്തലിലേക്ക് പാർട്ടി എത്തണം.

ഒരുപാട് കാലം സിപിഎമ്മിന്റെ ഭാഗമായിരുന്ന താങ്കൾ ലീഗിലേക്ക് എത്തിയപ്പോൾ ആശയപരമായ എന്തെങ്കിലും സംഘട്ടനം അനുഭവിച്ചിട്ടുണ്ടോ?

ആശയപരമായ സംഘട്ടനമൊന്നും അനുഭവപ്പെട്ടിട്ടില്ല. സിപിഎമ്മിൽ ആയിരുന്നപ്പോഴും ഈശ്വര വിശ്വാസിയായിരുന്നു. അന്ന് ക്ഷേത്രങ്ങളിൽ പോകുന്നതിനേക്കാൾ സ്വാതന്ത്ര്യത്തോടെ ഇന്ന് വിശ്വാസം മുറുകെപിടിച്ച് പോകാൻ സാധിക്കുന്നു എന്ന സമാധാനം അനുഭവിക്കുന്നുണ്ട്. ഒരിക്കൽ ഞാൻ ക്ഷേത്രത്തിൽ പോയതുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ ചർച്ച വന്നിരുന്നു. എന്റെ കുടുംബത്തിന് ക്ഷേത്രത്തിൽ പോകണമെങ്കിൽ അവരെ ആരുകൊണ്ടുപോകുമെന്ന മറുപടിയാണ് ഞാൻ അന്ന് പാർട്ടിക്ക് കൊടുത്തത്. എന്നാൽ, വിശ്വാസപരമായ ഇത്തരം കാര്യങ്ങളിൽ പാർട്ടി ഇപ്പോൾ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്.