നിത്യജീവിതത്തിന്റെ ആകാശത്ത് ചിലർ അപൂർവമായി ഉദിച്ചുയരും. സാധാരണക്കാർക്കുവേണ്ടി പോരാടുന്ന ചില മനുഷ്യർ. അധികാരശക്തികളുടെയും അതിനുപുറകിലുള്ള ലോബികളുടെയും ശത്രുവായിരിക്കും അവർ. എന്നാൽ, ഒന്നിനും കീഴടങ്ങാതെ, സ്വന്തം ജീവനും കുടുംബത്തിന്റെ സുരക്ഷിതത്വവും ത്യജിച്ച് അവർ പോരാട്ടം തുടരും. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ കമ്മിഷണറായ തുക്കാറാം മുണ്ടെ രാജിയില്ലാത്ത നിലപാടുകൾകൊണ്ട് ഇപ്പോൾ രാജ്യമാകെ പ്രശസ്തനാണ്. എല്ലാവർക്കും പ്രചോദനാത്മകമാണ് മുണ്ടെയുടെ ജീവിതം

To advertise here,

താങ്കളുടെ കുട്ടിക്കാലത്തെക്കുറിച്ചും, മാതാപിതാക്കളെയും സഹോദരങ്ങളെയും കുറിച്ചുംപറയാമോ…

മഹാരാഷ്ട്രയിൽ ബീഡ് ജില്ലയിലെ ടാഡ്സോന എന്ന ചെറിയ ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിലാണ് ഞാൻ ജനിച്ചത്. ചേട്ടൻ, ഞാൻ, അനിയൻ, അച്ഛനും അമ്മയും -ഇതായിരുന്നു കുടുംബം. ബീഡ് നഗരത്തിൽനിന്ന് ഏകദേശം മുപ്പത്തിയഞ്ച് കിലോമീറ്റർ അകലെയാണിത്. കൃഷിമാത്രമായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ വരുമാനമാർഗം. കടബാധ്യതകളും ഉണ്ടായിരുന്നു. മറ്റു കുട്ടികളെപ്പോലെ കളിക്കാനോ അവധിക്കാലം ആസ്വദിക്കാനോ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. രാവിലെ പാടത്ത് ജോലി, പിന്നെ സ്കൂൾ, വീണ്ടും പാടത്ത് ജോലി എന്നതായിരുന്നു ദിനചര്യ. ഗ്രാമത്തിൽ വൈദ്യുതിമുടക്കം സ്ഥിരമായിരുന്നതിനാൽ, രാത്രിയിൽ കറന്റ് വരുമ്പോൾ ഉറക്കത്തിൽനിന്ന് എഴുന്നേറ്റ് പാടത്ത് വെള്ളം നനയ്ക്കേണ്ടിവന്നിരുന്നു. ഒരു സംഭവം ഇന്നും മറക്കാനാവില്ല: ഒരിക്കൽ ഞങ്ങൾ വിളവെടുത്ത ഉള്ളി കിലോയ്ക്ക് അഞ്ച് പൈസയ്ക്ക് വിൽക്കേണ്ടിവന്നു. മറ്റൊരിക്കൽ വാങ്ങാൻ ആരുമില്ലാതെ നൂറ് ക്വിന്റൽ ഉള്ളി മുഴുവൻ വലിച്ചെറിയേണ്ടിവന്നു. അതൊരു കയ്പേറിയ, വൈകാരികമായ ഓർമ്മയാണ്. അച്ഛനും കുടുംബവും യഥാർഥത്തിൽ കടക്കെണിയിലായിരുന്നു. എന്നിട്ടും ഞങ്ങളെ പഠിപ്പിക്കണമെന്ന ദൃഢനിശ്ചയം അവർക്കുണ്ടായിരുന്നു.

പത്താംക്ലാസുവരെ ഗ്രാമത്തിലെ സ്കൂളിലാണ് പഠിച്ചത്. ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് ആദ്യമായി പുറത്തുപോയി പഠിക്കുന്നത് മൂത്ത സഹോദരൻ അശോക് മുണ്ടെയാണ്. ഞാനും ജ്യേഷ്ഠനും തമ്മിൽ പത്തുവയസ്സിന്റെ അന്തരമുണ്ട്. അദ്ദേഹം ബീഡ് വിട്ടുപോയപ്പോൾ ഞാൻ ഏറെ സങ്കടപ്പെട്ടു. ഞങ്ങൾക്കിടയിൽ അത്രമേൽ സൗഹൃദം നിലനിന്നിരുന്നു. ജ്യേഷ്ഠൻ പോയതോടെ കൃഷിയിടത്തിൽ അച്ഛനെ പൂർണമായി സഹായിക്കേണ്ടത് എന്റെ ചുമതലയായി. ഇളയ അനിയന് പോളിയോ ആയതിനാൽ കൃഷിയിടത്തിൽ വരാനാവില്ലായിരുന്നു. എന്റെ മാതാപിതാക്കളെ പിന്തുണയ്ക്കാൻ ഞാൻ ഏഴാം വയസ്സിൽത്തന്നെ കൃഷിയിടത്തിൽ ജോലിചെയ്യാൻ തുടങ്ങി. പത്താംക്ലാസുവരെ അത് തുടർന്നു. ഏതൊരു കർഷക കുടുംബത്തിലും ചെയ്യുന്ന എല്ലാ ജോലികളും ഞാനുംചെയ്തു. കൃഷിയിടത്തിൽ ജലസേചനം നടത്താനും ഉഴുതുമറിക്കാനും വിതയ്ക്കാനും പ്രതിവാര മാർക്കറ്റിൽപ്പോയി പച്ചക്കറികൾ വിൽക്കാനും തുടങ്ങി. ആഴ്ചയിൽ രണ്ടുതവണ രണ്ട് പച്ചക്കറി വിപണികൾ ഉണ്ടായിരുന്നു, ബുധനാഴ്ചയും വ്യാഴാഴ്ചയും. ഞങ്ങൾ ഉണ്ടാക്കിയ ഉത്‌പന്നങ്ങൾക്ക് അധ്വാനത്തിന്റെ വില ഒരിക്കലും കിട്ടിയിരുന്നില്ല.

കൃഷി നൽകിയ ജീവിതപാഠങ്ങൾ എന്തൊക്കെയാണ്

കൃഷി പഠിപ്പിച്ചത് കഠിനമായ പാഠങ്ങളാണ്. അർധരാത്രിയിൽ മോട്ടോർ പമ്പ് ഉപയോഗിച്ചുള്ള ജലസേചനം, രാവിലെ സ്കൂൾ, പിന്നീട് എത്തിയാൽ പാടം... അത് ജീവിതത്തിൽ മറ്റൊരു പാഠം തന്നു. കൃഷിയോടൊപ്പം പഠനം. ഞങ്ങളെ നയിക്കാൻ എന്റെ മാതാപിതാക്കൾ ഉണ്ടെന്നത് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. വിപണിയിൽ ഉത്‌പന്നങ്ങൾ വിൽക്കുമ്പോഴുംമറ്റും ആളുകളുമായി ഇടപഴകുന്നതിലൂടെ പുതിയ ജീവിതപാഠങ്ങൾ പഠിച്ചു. കഠിനാധ്വാനം, അച്ചടക്കം, സത്യസന്ധത, മൂല്യങ്ങൾ, സുതാര്യത, ധാർമികത എല്ലാം പഠിപ്പിച്ചത് അച്ഛനുമമ്മയ്ക്കുമൊപ്പമുള്ള കൃഷിയിടത്തെ ജീവിതമാണ്. പിതാവിന് ഞങ്ങളെ പഠിപ്പിക്കാൻ പൂർവികസ്വത്ത് വിൽക്കേണ്ടി വന്നു. അത് ഇന്ന് നോക്കുമ്പോൾ നല്ലതും മികച്ചതുമായ തീരുമാനവുമായിരുന്നു. മാതാപിതാക്കളുടെ ദീർഘവീക്ഷണമാണ് എന്നെയും ചേട്ടനെയും വലിയ പദവിയിൽ എത്തിച്ചത്. ദാരിദ്ര്യത്തിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. അതെന്റെ ജീവിതാനുഭവമാണ്. പിതാവിന് ഒട്ടേറെ കോടതി കേസുകൾ ഉണ്ടായിരുന്നു, അതിനാൽ ജുഡീഷ്യൽ ഇടപെടലുകളും പഠിച്ചു.

അമ്മ താങ്കളെ ഏറെ സ്വാധീനിച്ചുവെന്ന് കേട്ടിട്ടുണ്ട്…

അമ്മ ആത്മീയതയുള്ള സ്ത്രീയായിരുന്നു. നമ്മൾ ആരെയും വേദനിപ്പിക്കരുതെന്ന് അമ്മ എപ്പോഴും നിർബന്ധിച്ചു. മൂല്യങ്ങളിൽ ഉറച്ചുനിൽക്കണമെന്നും വൃക്ഷങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, മനുഷ്യർ അങ്ങനെ ഓരോ ജീവസമൂഹത്തെയും ബഹുമാനിക്കണമെന്നും പഠിപ്പിച്ചത് അമ്മയാണ്. ആരെങ്കിലും നമ്മളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ പ്രകോപിതരാകരുതെന്നും തിരിച്ചടിക്കരുതെന്നുമായിരുന്നു അമ്മയുടെ തത്ത്വശാസ്ത്രം. നിങ്ങൾ വാദിക്കാൻ തുടങ്ങുന്ന നിമിഷം, അത് തുടർന്നു കൊണ്ടേയിരിക്കും. അതിന് അവസാനമില്ല. അത്തരം അവസരത്തിൽ ഒരുപടി പിന്നോട്ടുപോകുന്നതും ചുറ്റുപാടുകളെ നോക്കുന്നതും ചില കാര്യങ്ങൾ അവഗണിക്കുന്നതും നല്ലതാണെന്നതായിരുന്നു അമ്മയുടെ അഭിപ്രായം. ആരെങ്കിലും നമുക്കെതിരേ എന്തെങ്കിലും തെറ്റ് ചെയ്യുകയാണെങ്കിൽ, അത് കാര്യമായി എടുക്കരുതെന്ന് അച്ഛനും ഓർമ്മിപ്പിച്ചു. ആ ഇരുവരുടെയും രീതികൾ വ്യത്യസ്തമായിരുന്നു. പക്ഷേ, തത്ത്വചിന്ത ഒന്നുതന്നെയായിരുന്നു.

ഒരു സംഭവം പറയാം: കൃഷിയിടത്തിൽ എല്ലായ്‌പ്പോഴും വലിയ മരങ്ങൾ ഉണ്ടാകും. എന്റെ അച്ഛന്റെ സഹോദരൻ അദ്ദേഹത്തിന്റെ കൃഷിയിടത്തിന്റെ ഭാഗമായ മരം വിറ്റു. മരപ്പണിക്കാരനോ മിൽ ഉടമയോ കൃഷിയിടത്തിൽ എത്തി അവരുടെ മരത്തിനുപകരം ഞങ്ങളുടെ വശത്തുനിന്ന മരമാണ് മുറിച്ചത്. നിങ്ങൾ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അച്ഛൻ ചോദിച്ചപ്പോൾ അവർ തെറ്റായി ചെയ്തതാണ് ആ പണം ഞാൻ നൽകാമെന്ന്‌ അനിയൻ പറഞ്ഞു. ആ തുകയിൽ പകുതിയും അച്ഛൻ അദ്ദേഹത്തിന്റെ അനിയന് നൽകി. ഉയരമുള്ള മരമാണ്. അത് അനിയന്റെ വിളയെയും ബാധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയാണ് പകുതി അനിയന് നൽകിയത്. തന്റെമരങ്ങളെച്ചൊല്ലി അദ്ദേഹത്തിനും നഷ്ടം സംഭവിക്കുന്നു. അതൊരു ജീവിതപാഠമായിരുന്നു. ആ മൂല്യങ്ങളും തത്ത്വങ്ങളും ഞാൻ ഇപ്പോഴും പിന്തുടരുന്നു. നിയമപരമായും ധാർമികമായും നിങ്ങൾ ശരിയായിരിക്കണമെന്ന് എന്റെ മാതാപിതാക്കളും എപ്പോഴും പറയാറുണ്ടായിരുന്നു. ആ ധാർമിക തത്ത്വങ്ങളും നിയമതത്ത്വങ്ങളും ഒപ്പം കൊണ്ടുപോകാൻ ഞാൻ ശ്രമിക്കുന്നു.

കുട്ടിക്കാലത്തെ അഭിലാഷം എന്തായിരുന്നു? ഐ.എ.എസ്. ഓഫീസർ ആവണമെന്ന് അക്കാലത്ത്‌ ആഗ്രഹിച്ചിരുന്നോ?

സ്കൂളിൽ ചേർത്തതുകൊണ്ട് ഞാൻ സ്കൂളിൽ പോകുന്നു എന്നേയുണ്ടായിരുന്നുള്ളൂ. അക്കാലത്ത് ഗ്രാമത്തിൽ വിദ്യാഭ്യാസംകൊണ്ടുള്ള നേട്ടമെന്താണ് എന്നുപോലും അറിയില്ലായിരുന്നു. ഒരു ജീവിത ദർശനവും അന്ന് ഉണ്ടായിരുന്നില്ല. പഠിക്കുക എന്നതുമാത്രമായിരുന്നു ആ സമയത്തെ അടിസ്ഥാനകാര്യം. എന്റെ സ്കൂൾ വിദ്യാഭ്യാസം നടക്കുന്നത് 1980-കളിലാണ്. അന്ന് ഐ.­എ.എസ്. എന്ന ഒന്നുണ്ടെന്ന് എനിക്ക്‌ അറിയുക പോലുമില്ലായിരുന്നു. ക്ലാസിലെ ബെസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ബെസ്റ്റ് വിദ്യാർഥിയായിരുന്നു ഞാൻ. അതിൽ കൂടുതലൊന്നുമില്ല. അധ്യാപകന്റെ മകനായ ഒരു വിദ്യാർഥി ഉണ്ടായിരുന്നതിനാൽ മിക്കപ്പോഴും അവൻ ക്ലാസിൽ മികച്ചവനായിരുന്നു. മത്സരം എല്ലായ്‌പ്പോഴും ഞാനും അദ്ദേഹവും തമ്മിലായിരുന്നു. മിക്ക സമയത്തും ഞാൻ ഒന്നാം സ്ഥാനത്തായിരുന്നു. അതൊരു ജില്ലാ പരിഷത്ത് സ്കൂളായിരുന്നു. അക്കാലത്ത് അത്തരം അഭിലാഷങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഞാൻ ഐ.എ.എസുകാരനാകണമെന്നത് എന്റെ മൂത്ത സഹോദരന്റെ സ്വപ്നമായിരുന്നു. കുടുംബത്തിലെ കടുത്ത സാമ്പത്തിക സാഹചര്യങ്ങൾ കാരണം അദ്ദേഹത്തിന് ഐ.എ.എസ്. ആകാൻ കഴിയാത്തതിനാൽ ഞാൻ ഐ.എ.എസ്. ആകണമെന്ന് അദ്ദേഹം സ്വപ്നം കണ്ടു. ബിരുദം നേടിയപ്പോഴേക്കും അദ്ദേഹം ബിരുദാനന്തര ബിരുദത്തിനായി ഔറംഗാബാദിലേക്കുപോയി. ഒരിക്കൽ അദ്ദേഹത്തെ കാണാൻ അവിടെ ചെന്നപ്പോഴാണ് നീ കളക്ടറാകണം എന്ന കാര്യം പറയുന്നത്. അപ്പോൾ കളക്ടർ എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ആ ആഗ്രഹമാണ് പിന്നീട് ദിശാബോധമായി മാറിയത്. പിന്നീട് അദ്ദേഹം സംസ്ഥാന സർക്കാർ ഉദ്യോഗ മികവിന്റെ അടിസ്ഥാനത്തിൽ കൺഫർ ചെയ്യപ്പെട്ട്‌ ഡെപ്യൂട്ടി കളക്ടറായി. പ്രീഡിഗ്രിക്ക് ശാസ്ത്രം എടുക്കണം, തുടർന്ന് സാമൂഹികശാസ്ത്രത്തിൽ ബിരുദം നേടണം, അതിനുശേഷം നിങ്ങൾ സിവിൽ സർവീസ് എടുക്കണം... ഇവയെല്ലാം അദ്ദേഹത്തിന്റെ പദ്ധതിയായിരുന്നു.

യു.പി.എസ്.സി. പരീക്ഷ താങ്കൾ ആദ്യശ്രമത്തിൽത്തന്നെ വിജയിച്ചതാണോ?

അല്ല, ഒട്ടും എളുപ്പമായിരുന്നില്ല. സംസ്ഥാനതല പരീക്ഷ ഞാൻ വിജയിച്ചത് നാലാമത്തെ ശ്രമത്തിൽ, 2001-ലാണ്. അതിനുശേഷമാണ് 2004-ലെ യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 20-ാം റാങ്ക് നേടിയത്. പരാജയങ്ങളിലൂടെ കടന്നുപോയാണ് ഞാൻ ഇവിടെയെത്തിയത്. എന്റെ സ്ഥിരോത്സാഹത്തിന്റെ കഥയാണ് യു.പി.എസ്.സി. പരീക്ഷാവിജയം. സിവിൽ സർവീസിൽ വന്നപ്പോൾ, ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്വമുണ്ടെന്ന് തിരിച്ചറിഞ്ഞു. അതിനുശേഷം ഇത് ജോലിയായല്ല, ഒരു ധർമമാണ് എന്ന് ഞാൻ മനസ്സിലാക്കി. ഞാൻ പരാജയപ്പെട്ടേക്കാം, വിജയിച്ചേക്കാം. അത് വിലയിരുത്താൻ എല്ലാവർക്കും അവകാശമുണ്ട്.

‘സിസ്റ്റത്തിന്റെ ഭാഗമാകാനല്ല, സിസ്റ്റത്തെ മാറ്റാനാണ് ഞാൻ വന്നത്’ എന്ന് താങ്കൾ പലതവണ പറഞ്ഞിട്ടുണ്ട്. അതിന്റെ അർഥം എന്താണ്…

സിവിൽ സർവീസ് ഒരു കരിയർ ഗോവണിയായിട്ടല്ല ഞാൻ കണ്ടത്. നിലവിലുള്ള തകർന്ന വ്യവസ്ഥകളെ അകത്തുനിന്ന് നന്നാക്കാനുള്ള ഒരു ഉപകരണമായിട്ടാണ്. അതുകൊണ്ടാണ് ഞാൻ എപ്പോഴും പറയാറുള്ളത് സിസ്റ്റത്തിൽ ലയിച്ചുചേരാൻ അല്ല, അതിനെ മാറ്റാൻ വേണ്ടിയാണ് ഞാൻ ഇവിടെ വന്നത് എന്ന്.

വിട്ടുവീഴ്ച ചെയ്ത സഹപ്രവർത്തകരെക്കുറിച്ച് താങ്കൾക്ക് എന്ത് തോന്നുന്നു

ഇത് പറയാൻ എനിക്ക് സങ്കടമുണ്ട്. എനിക്കൊപ്പം പഠിച്ച്, പിന്നീട് സിവിൽ സർവീസിൽ എത്തിയ ചിലർ വിട്ടുവീഴ്ചചെയ്യുന്നത് കാണുമ്പോൾ ശരിക്കും വിഷമം തോന്നാറുണ്ട്. അതാണ് ഞാൻ പറഞ്ഞത് അവരവരുടെ വഴികൾ അവരവർ തന്നെ കണ്ടെത്തണം എന്ന്‌.

ഇരുപത്തിയഞ്ച്‌ തവണ സ്ഥലംമാറ്റം നേരിട്ടയാളാണ്‌ താങ്കൾ. ഇത് താങ്കളെ എങ്ങനെ ബാധിക്കുന്നു

സ്ഥലംമാറ്റങ്ങൾ എന്നെ അലട്ടാറില്ല. ഞാൻ അതിനെ അംഗീകരിക്കുന്നു, കാരണം അവ എന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ കൊണ്ടുവരുന്നു. എന്നെ എവിടെ, എപ്പോൾ പോസ്റ്റ് ചെയ്യണമെന്നത് സർക്കാരിന്റെ അധികാരപരിധിയാണ്, എന്റേതല്ല. സർക്കാരിന്റെ പിന്തുണകൊണ്ടാണ് ഞാൻ ഇവിടെ നിൽക്കുന്നത്. എന്റെ പോസ്റ്റിങ്ങിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നാൽ എനിക്ക് ജോലി ചെയ്യാൻ കഴിയില്ല. എന്നെ ഏൽപ്പിച്ച ജോലിചെയ്യുക എന്നതാണ് എന്റെ ദൗത്യം. നാഗ്പുർമുതൽ മുംബൈവരെ മഹാരാഷ്ട്രയിലുടനീളമുള്ള ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ അവസരം കിട്ടിയത് ഇത്രയധികം സ്ഥലംമാറ്റങ്ങൾ ഉണ്ടായതുകൊണ്ടാണ് എന്ന് ഞാൻ കരുതുന്നു. അത് ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്.

നോക്കൂ, സ്ഥലംമാറ്റം കേവലം വിലാസമാറ്റം മാത്രമല്ല. അത് എപ്പോഴും ഒരു സന്ദേശമാണ്; നിങ്ങൾക്കുള്ള സന്ദേശം. ‘അനുസരിച്ചില്ലെങ്കിൽ ഇതായിരിക്കും ജീവിതത്തിൽ നിങ്ങൾ നൽകേണ്ടിവരുക’ എന്ന സൂക്ഷ്മസന്ദേശം. ഈ സമൂഹത്തിന്റെയും നിയമങ്ങളുടെയും ഭാഗമായതിനാൽ ഞാൻ അത് പാലിക്കുന്നു. അപ്പോൾ ഞാൻ അതിൽ നിന്ന് പിന്തിരിയേണ്ടതുണ്ടോ? ഇല്ല എന്നതാണ് എന്റെ ഉത്തരം, ഞാൻ വ്യതിചലിക്കരുത്. ഞാൻ ശരിയാണെങ്കിൽ, ഞാൻ ചെയ്യും... ആ പാതയിലേക്ക് പോകുക, അതാണ് ചെയ്യുന്നത്. അതിനാൽ സ്ഥലംമാറ്റത്തെ ഞാൻ ക്രിയാത്മകമായി എടുക്കുന്നു. ഇടയ്ക്കിടെയുള്ള സ്ഥലംമാറ്റങ്ങൾ, ശിക്ഷകൾ, ചിലപ്പോൾ ഒൻപത് മാസത്തിനുശേഷവും ഒരു പോസ്റ്റിങ്ങും ഇല്ലാതെ കാത്തിരിക്കുക എന്നിവയെല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഭാര്യയും മക്കളും അതിന് പിന്തുണ നൽകിയിട്ടുണ്ട്. മൂത്ത സഹോദരനും എന്നെ പിന്തുണച്ചിട്ടുണ്ട്. അവരുടെ പിന്തുണയില്ലെങ്കിൽ ഞാൻ ഉണ്ടാകുമായിരുന്നില്ല

21 വർഷത്തിനിടെ ഇത്രയധികം തവണ സ്ഥലംമാറ്റപ്പെടാൻ കാരണമെന്താണ്…

2005 ബാച്ച് മഹാരാഷ്ട്ര കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ എന്നെ ഏകദേശം 25 തവണ സ്ഥലംമാറ്റി. പല നിയമനങ്ങളിലും ഒരുവർഷം തികയും മുൻപേ മാറ്റമുണ്ടായി. അനധികൃത നിർമാണം, നികുതിവെട്ടിപ്പ്, ഹോർഡിങ്ങുകൾ, ഭക്ഷ്യസുരക്ഷാ ലംഘനം എന്നിവയ്ക്കെതിരായ കർശനനടപടികളും ജനപ്രതിനിധികളുമായുള്ള ഏറ്റുമുട്ടലുമാണ് പ്രധാന കാരണമായതെന്നാണ് പറയുന്നത്. ഞാൻ ജനകീയ ആവശ്യങ്ങളെ മുൻനിർത്തിയാണ് തീരുമാനങ്ങളെടുത്തത്. നാസിക്കിൽ ഏകദേശം എട്ടു മാസത്തിനുള്ളിലും നാഗ്പുരിൽ കോവിഡ് ബാധിച്ച് ഐസൊലേഷനിലായിരിക്കേയും (2020 ഓഗസ്റ്റ്) എന്നെ മാറ്റി.

താങ്കൾക്ക്‌ നേരിടേണ്ടിവന്ന വധഭീഷണികളും സുരക്ഷാഭീഷണികളും എന്തൊക്കെയാണ്

നന്ദേഡിലെ ഡെഗ്ലൂരിൽ അസിസ്റ്റന്റ് കളക്ടറായിരിക്കേ അനധികൃത മണൽഖനനത്തിനെതിരേ നടപടിയെടുത്തതിനെത്തുടർന്ന് മണൽമാഫിയയിൽനിന്ന് ‘രക്തം ചൊരിയും’ എന്ന അർഥത്തിലുള്ള ഭീഷണി ലഭിച്ചു. സോലാപുരിൽ കളക്ടറായിരിക്കേ എന്റെ വാഹനത്തെ ലക്ഷ്യമിട്ട് ആക്രമണശ്രമമുണ്ടായി. ആ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടു. ബർഷിയിൽ അനധികൃത മദ്യശാല പൊളിക്കുന്നതിനിടെ ഒരാൾ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അക്കാര്യം വീഡിയോയിൽ പകർത്താൻ ആരംഭിച്ചതോടെ അയാൾ ആത്മഹത്യാശ്രമം ഉപേക്ഷിച്ചു. പുതിയതായി എഫ്.ഡി.എ. കമ്മിഷണറായിരിക്കേ എന്നെയും കുടുംബത്തെയും ലക്ഷ്യമിട്ട്‌ ഒട്ടേറെ ഭീഷണിസന്ദേശങ്ങളുണ്ടായി. വിഷയം നിയമസഭയിൽ ചർച്ചയാകുകയും പോലീസ് കേസെടുത്തതായും അറിയാം. നിലവിൽ എനിക്ക് ശക്തമായ സുരക്ഷയുണ്ട്.

അത്തരം സന്ദർഭങ്ങളിൽ കടുത്ത മാനസികസമ്മർദമുണ്ടാകാറുണ്ടോ..

ഉണ്ടാകാറുണ്ട്. ഞാൻ ഒരു പൊതുസേവകനാണല്ലോ. നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല, നിങ്ങൾക്ക് ഒരു സൗകര്യവും ഇല്ല, നിങ്ങൾ വെറുതേ ഇരിക്കൂ, നിങ്ങൾക്ക് പോസ്റ്റില്ല. നിയമിക്കാത്ത സമയത്ത് ശമ്പളം ലഭിക്കില്ല. നിയമനം നടന്നാൽ നിങ്ങൾക്ക് എല്ലാ ശമ്പളവും ഒന്നിച്ച് ലഭിക്കും. അതൊരു ശിക്ഷയാണ്. കാത്തിരിക്കുക എന്നത് ഒരു തരത്തിലുള്ള ശിക്ഷയാണ്. ഒരുപക്ഷേ, സാങ്കേതികമായി ഇത് ഒരു ശിക്ഷയല്ലായിരിക്കാം, പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു ശിക്ഷയാണ്. എന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളവും അതൊരു ശിക്ഷയായിരുന്നു.

മഹാരാഷ്ട്ര എഫ്.ഡി.എ. കമ്മിഷണറായി ചുമതലയേറ്റശേഷം ഭക്ഷ്യസുരക്ഷാ പരിശോധനകൾ വലിയ ചർച്ചയായല്ലോ…

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ആർക്കുംതന്നെ ഇളവ് നൽകില്ല എന്നതാണ് എന്റെ നിലപാട്. 12,000-ത്തിലധികം പരിശോധനകളാണ് 100 ദിവസത്തിനുള്ളിൽ നടന്നത്. അതിൽ 5,000-ത്തിലധികം സ്ഥാപനങ്ങൾക്ക് മെച്ചപ്പെടുത്തൽ നോട്ടീസ് നൽകി, 600-ഓളം ലൈസൻസുകൾ സസ്പെൻഡ് ചെയ്തു. മരുന്നുമേഖലയിൽ 2,300-ലധികം പരിശോധനകൾ നടന്നു, ഫാർമസികൾ, നിർമാതാക്കൾ, ബ്ലഡ് സെന്ററുകൾ, സ്വകാര്യ ടെസ്റ്റിങ്‌ ലാബുകൾ എന്നിവയുൾപ്പെടെ 800-ഓളം ലൈസൻസുകൾ സസ്പെൻഡ് ചെയ്തു. മരുന്നുമേഖലയിൽ 11 കോടിയും ഭക്ഷ്യ മേഖലയിൽ 67 കോടിയും പിഴയായി ഈടാക്കി. 35,000-ത്തിലധികം സാംപിളുകൾ ശേഖരിച്ചു, അതിൽ 32,000 എണ്ണം പരിശോധിച്ചു. ഞാൻ ഒരിക്കലും ഭയം സൃഷ്ടിക്കുകയല്ല ചെയ്യുന്നത്. ജനകീയാരോഗ്യത്തെ സംരക്ഷിക്കുകയാണ്.

ഇസ്കോൺ ക്ഷേത്രവുമായി ബന്ധപ്പെട്ട റെസ്റ്ററന്റുകളുടെ ലൈസൻസ് താങ്കൾ സസ്പെൻഡ് ചെയ്തു. ‘നിയമപരമായി തൊട്ടുകൂടാത്തത്’ എന്ന് കരുതപ്പെട്ടിരുന്ന ഇത്തരം സ്ഥാപനങ്ങളെപ്പോലും തൊടാൻ എന്താണ് താങ്കളെ പ്രേരിപ്പിച്ചത്?

നിയമപരമായി തൊട്ടുകൂടാത്തതായി ഒരു സ്ഥാപനവുമില്ല. ഇവിടെ വിഷയം ഭക്ഷ്യസുരക്ഷയും നിലവാരവുമാണ് അതിൽ കൂടുതലും കുറവുകളുമില്ല. ആരൊക്കെ ഭക്ഷ്യ ബിസിനസ് നടത്തുന്നുവോ അവർ 2011 മുതൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കണം. ഇത് പുതിയ നിയമമൊന്നുമല്ല. ചെറുതോ വലുതോ ആയ ഏതൊരു ഭക്ഷ്യ ബിസിനസ് ഓപ്പറേറ്ററും ഇതിന്റെ പരിധിയിൽ വരും. ഈ കേസിൽ ഞങ്ങൾക്ക് ഒരു പരാതി ലഭിച്ചു, അതിനെ തുടർന്ന് പരിശോധന നടത്തി, ന്യൂനതകൾ കണ്ടെത്തി, നടപടിയെടുത്തു. അതേദിവസംതന്നെ ഐ.ആർ.സി.ടി.സി.യുടെ വെണ്ടർമാർക്കെതിരേയും നടപടിയെടുത്തിരുന്നു. മുംബൈ മേഖലയിൽ അഞ്ചാറ് സ്ഥലങ്ങളിൽ പരിശോധന നടത്തി, ഒന്നിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു, നാലെണ്ണത്തിന് മെച്ചപ്പെടുത്തൽ നോട്ടീസ് നൽകി. നിയമത്തിനുമുന്നിൽ ആരും തൊട്ടുകൂടാത്തവരല്ല. ഇത് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയമാണ്, അതാണ് എന്റെ ഉത്തരവാദിത്വം.