
നിസ്സഹായതയുടെ നടുവില്‍നിന്നുയരുന്ന നീതിയുടെ ശബ്ദമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേത്. എല്ലാ പ്രതീക്ഷകളും അറ്റു എന്ന് കരുതുന്ന എത്രയോ സന്ദര്‍ഭത്തില്‍ മലയാളിക്ക് ദേവന്‍ രാമചന്ദ്രന്റെ നിരീക്ഷണങ്ങളും വിധിപ്രസ്താവങ്ങളും ആശ്വാസമായിട്ടുണ്ട്. അധികാരകേന്ദ്രങ്ങളുടെ ഹുങ്കുകളെ അത് പലപ്പോഴും തല്ലിയമര്‍ത്തുന്നു. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നു. അപ്പോഴും ഈ ജസ്റ്റിസ് പറയുന്നു: ഞാനിവിടെ ഇരിക്കുന്നത് ദൈവമായിട്ടല്ല. മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ദേവന്‍ രാമചന്ദ്രനുമായി പത്രാധിപർ മനോജ് കെ.ദാസ് നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍.
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിനുശേഷം വളരെയധികം കൊളോണിയൽ നിയമങ്ങളുടെ അഴിച്ചുപണി നടക്കുന്നൊരു കാലഘട്ടമാണിത്. ക്രിമിനൽ നിയമങ്ങൾ മാറുന്നു. ഇന്നു നടന്നുകൊണ്ടിരിക്കുന്ന കേസുകളെ ഈ നിയമങ്ങളുടെ പൊളിച്ചെഴുത്ത് ഏതെങ്കിലും രീതിയിൽ ബാധിക്കുമോ? ഇതിനായി എത്രമാത്രം സജ്ജമാണ് നമ്മുടെ ന്യായസംഹിത
നിയമമെന്നു പറയുന്നത് തുടർച്ചയായി വികസിച്ചുവരുന്ന, വളരെ ചലനാത്മകമായ ഒരു ആശയമാണ്. ഓരോ കാലഘട്ടത്തിലെ ആളുകൾക്കു വേണ്ടതും അല്ലെങ്കിൽ ആളുകളെ സ്വാധീനിക്കേണ്ടതുമായ ആശയങ്ങൾവെച്ചിട്ടാണ് നമ്മൾ നിയമങ്ങൾ മാറ്റിക്കൊണ്ടുവരുന്നത്. ശരിക്കു പറഞ്ഞാൽ ഒരു നിയമവും നിശ്ചലമല്ല. ഇന്ത്യൻ പീനൽ കോഡ് ആയാലും മറ്റുള്ളവയായാലും എല്ലാ നിയമങ്ങളും നമ്മൾ സ്വീകരിച്ചിരിക്കുന്നത് ആംഗ്ലോ-സാക്സൺ എന്നുപറയുന്ന തത്ത്വസംഹിതയിൽനിന്നായതുകൊണ്ട് നമ്മുടെ വിചാരം അത് നിശ്ചലമാണെന്നാണ്. എന്നാൽ, അങ്ങനെയല്ല. കാരണം, അതിന്റെ വ്യാഖ്യാനത്തിന് ഓരോ കാലഘട്ടത്തിലും മാറ്റംവന്നുകൊണ്ടേയിരുന്നു. ഓരോ തലമുറ ജഡ്ജിമാരും അഭിഭാഷകരുമാണ് ഇത് ചെയ്തുകൊണ്ടിരിക്കുന്നത്.
നമ്മൾ സാധാരണ പറയാറുണ്ട്, ഒരു തലമുറ എന്നു പറയുന്നത് ചുരുങ്ങിയത് ഇരുപത്തിയഞ്ച് കൊല്ലമായിരിക്കും എന്ന്. ഇന്നത്തെക്കാലത്ത് തലമുറമാറ്റം അതിലും വേഗത്തിലാണ്. അഞ്ചും പത്തും കൊല്ലത്തിൽ, അല്ലെങ്കിൽ അതിലും താഴെ മാറ്റംവരുന്നു. അപ്പോൾ ഇതേ നിയമങ്ങളെ ഉപയോഗിക്കുന്ന അഭിഭാഷകരും ജഡ്ജിമാരും മാറുന്നതിനനുസരിച്ച്, നമ്മുടെ തത്ത്വസംഹിത മാറുന്നതിനനുസരിച്ച് വ്യാഖ്യാനവും മാറുന്നുണ്ട്. ചിലപ്പോൾ നമ്മളതത്രപെട്ടെന്ന് കാര്യമായി ശ്രദ്ധിക്കുന്നുണ്ടാവില്ല. ഈ നിയമങ്ങളെല്ലാം കാലക്രമേണ മാറിക്കൊണ്ടിരിക്കുകയാണ്. കടലാസിൽ അത് ഒന്നുതന്നെയാണെങ്കിലും അതിന്റെ വ്യാഖ്യാനത്തിൽ മാറ്റമുണ്ട്.
ഇപ്പോഴത്തെ ഭാരതീയ ന്യായസംഹിതയെക്കുറിച്ച് പറയാം: ഞങ്ങളാരും അത് മുഴുവനായി വായിച്ചിട്ടില്ല. ബാഹ്യമായി നോക്കിയപ്പോൾ മാറ്റംവരുന്നത് നടപടിക്രമങ്ങളിലാണെന്നാണ് എനിക്കുതോന്നിയത്. അതിൽ അന്തർലീനമായ ആശയത്തിലൊന്നും വലിയൊരു മാറ്റമുണ്ടെന്നുതോന്നുന്നില്ല. എന്നിരുന്നാലും കാലക്രമേണ വികസിച്ചുവരുന്നതുപോലെ നിയമനിർമാതാക്കൾക്കും തോന്നിയിട്ടുണ്ടാകാം അതിലൊരു മാറ്റംവേണമെന്ന്. പക്ഷേ, ഇതെല്ലാം ആശ്രയിച്ചിരിക്കുന്നത് കോടതി ഭാവിയിൽ എന്തുപറയുന്നു എന്നുള്ളതിലാണ്.
ഇന്ത്യയുടെ ഒരു ശക്തി എന്നുപറയുന്നതുതന്നെ എന്റെ അഭിപ്രായത്തിൽ നമുക്ക് വളരെ ചലനാത്മകമായി നിൽക്കാൻ കഴിയുന്നുവെന്നതാണ്. നമ്മുടെ ഭരണഘടന ഉൾപ്പെടെ എല്ലാംതന്നെ വളരെ ചലനാത്മകമാണ്. നമ്മുടെ ഭരണഘടനയെപ്പറ്റി ഞാൻ വളരെ വികാരാധീനനാണ്. അത് ഏറ്റവും മികച്ചതാണെന്ന അഭിപ്രായമാണ് ഇപ്പോഴും എനിക്കുള്ളത്. ഭരണഘടന ഉള്ളിടത്തോളംകാലം നമ്മൾ മാറുകയോ ആർക്കെങ്കിലും നമ്മളെ മാറ്റാനോ സാധിക്കില്ല. ചില ആളുകൾ എന്നെ കളിയാക്കാൻവേണ്ടി ചോദിക്കാറുണ്ടായിരുന്നു, നിങ്ങളുടെ ഭരണഘടന ഇത്ര ശക്തമാണെങ്കിൽ എന്തുകൊണ്ട് അത് ഇത്ര ഭേദഗതികൾക്കു വിധേയമായി എന്ന്. 105 ഭേദഗതികൾ, നൂറ്റിമുപ്പത്താറോ മറ്റോ ഭേദഗതി നിർദേശങ്ങൾ അഥവാ ബില്ലുകൾ വന്നു. അതിന്റെ ഉത്തരം അതിൽത്തന്നെ അടങ്ങിയിട്ടുണ്ട്. ഭരണഘടന ശക്തമായതുകൊണ്ടുതന്നെ, അതിന് അത്രയും മാറ്റങ്ങളും ഉൾക്കൊള്ളാനാകും. നമ്മൾ ശക്തരാണെങ്കിലേ നമുക്ക് നമ്മെ മാറ്റാനുള്ള ശക്തിയുണ്ടാവൂ. നമ്മൾ ദുർബലരാണെങ്കിൽ അതിന് സാധിക്കില്ല. നമ്മുടെ ഭരണഘടന ശക്തമാണ്. അതുകൊണ്ടുതന്നെ നമുക്കതിൽ ഭേദഗതികൾ വരുത്താനാകും.

താങ്കൾ ഭരണഘടനയെപ്പറ്റി പറഞ്ഞപ്പോൾത്തന്നെ സദസ്സിൽനിന്ന് അതിന്റെയൊരു സ്വീകാര്യത കണ്ടു. അതൊരുപക്ഷേ, ഇന്നത്തെ രാഷ്ട്രീയനേതൃത്വത്തെക്കുറിച്ചോ ആ രാഷ്ട്രീയനേതൃത്വത്തിന്റെ ചില അജൻഡകളെപ്പറ്റിയോ ജനമനസ്സുകളിൽ വന്നിരിക്കുന്ന ചില സംശയങ്ങളുടെ പ്രതിഫലനമോ ആണ്. അങ്ങനെവരുമ്പോൾ അത്തരത്തിലൊരു സമ്മർദം താങ്ങാനും തടയാനും നീതിന്യായവ്യവസ്ഥയ്ക്കുള്ള ശക്തി അതേപോലെ ഇപ്പോഴുമുണ്ടോ
എനിക്ക് ഒരു സംശയവുമില്ല. ഇവിടെയിരിക്കുന്ന എത്രപേർക്ക് നീതിന്യായവ്യവസ്ഥയെപ്പറ്റി വിശദമായി അറിയുമെന്നറിയില്ല. അഭിഭാഷകർക്കറിയാമെന്നു ഞാൻ വിചാരിക്കുന്നു. ലോകത്ത് ഇന്ത്യൻ സുപ്രീംകോടതിയുടെ അത്രയും ശക്തമായൊരു കോടതി രൂപകല്പനചെയ്തിട്ടില്ല, ഇതുവരെ. കാരണം നമ്മുടെ രണ്ട് ആർട്ടിക്കിളുകളാണ്. ആർട്ടിക്കിൾ 141, 142. ആർട്ടിക്കിൾ 141 പറയുന്നത് സുപ്രീംകോടതി പുറപ്പെടുവിക്കുന്ന എല്ലാ വിധിന്യായങ്ങളും നിയമമാവും എന്നാണ്. നിയമനിർമാതാക്കൾ പറയുന്നത് മാത്രമല്ല, സുപ്രീംകോടതി പറയുന്നതും നിയമമാണ്. അക്ഷരാർഥത്തിൽ നിയമമാവുകയാണ്. പൊതുവിൽ, നമ്മൾ നിയമനിർമാണസഭയുടെ അതിർത്തികളെ ലംഘിക്കാൻ നോക്കാറില്ല. പക്ഷേ, ആർട്ടിക്കിൾ 141 പറയുന്നത് നിയമമാകുമെന്നാണ്. അതുപോലെത്തന്നെ ആർട്ടിക്കിൾ 142. നീതി ഉറപ്പാക്കാനായി സുപ്രീംകോടതിക്ക് എന്തും ചെയ്യാമെന്ന രീതിയിലുള്ളതാണ് ആർട്ടിക്കിൾ 142. അതും ഇപ്പോൾ പറഞ്ഞതുപോലെ ആര് ഈ വ്യവസ്ഥിതി കൈകാര്യംചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഓരോ കാലഘട്ടത്തിൽവരുന്ന തത്ത്വസംഹിതകളും, രാഷ്ട്രീയതത്ത്വസംഹിതകളല്ല ഞാൻ പറയുന്നത്. വ്യക്തികളായ ജഡ്ജിമാരുടെ തത്ത്വസംഹിതകളിൽ മാറ്റംവരാം. അതിനനുസരിച്ച് ഭരണഘടനയിന്മേലുള്ള വ്യാഖ്യാനങ്ങൾ മാറിക്കൊണ്ടിരിക്കാനും അത് മുന്നോട്ടുകൊണ്ടുപോകാനും സാധിക്കും. പക്ഷേ, ഞാൻ അടിവരയിട്ടു പറയുന്നു, ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങൾ അത് ആരുവിചാരിച്ചാലും മാറ്റാൻ സാധിക്കില്ല. ഇന്ത്യ എല്ലായ്‌പ്പോഴും ഇന്ത്യതന്നെയായിരിക്കും; അവസാന 75 വർഷം എങ്ങനെയായിരുന്നോ അതുപോലെത്തന്നെ. ഉള്ളടക്കം മാറ്റിനിർത്തിയാൽ ബാഹ്യമായി അതിന്റെ ചില കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുമായിരിക്കാം.
ആർട്ടിക്കിൾ 226 ആണ് ഹൈക്കോടതികൾക്ക് ശക്തിതരുന്നത്. അതൊരു വിശാലമായ ആർട്ടിക്കിളാണ്. ഒരു സംസ്ഥാന ഹൈക്കോടതിക്കു കൊടുത്തിരിക്കുന്ന അധികാരം ആർട്ടിക്കിൾ 226 ആണ്. ഇതനുസരിച്ച് നിങ്ങളുടെ മൗലികാവകാശങ്ങൾ മാത്രമല്ല, ഏത് അവകാശങ്ങൾക്കും ഭംഗംവരുകയാണെങ്കിൽ നിങ്ങൾക്ക് ഹൈക്കോടതിയെ സമീപിക്കാം. ഏതൊരു അവകാശത്തിലുമുള്ള കടന്നുകയറ്റത്തിലും ഹൈക്കോടതിക്ക് ഇടപെടാം. ഇത്തരത്തിൽ നീതിന്യായവ്യവസ്ഥയ്ക്ക് അവകാശം കൊടുത്തിരിക്കുന്ന ഭരണഘടന ലോകത്തിൽത്തന്നെ വളരെ അപൂർവമാണ്. ഇന്ത്യൻ ഭരണഘടനയിൽ ബാബാ സാഹേബ് അംബേദ്കറുടെ വീക്ഷണം, കൂടെനിന്ന ഭരണഘടനാ നിർമാണസഭയിലെ അംഗങ്ങളുടെ ആഴത്തിലുള്ള തത്ത്വാധിഷ്ഠിതമായ തെളിച്ചം എന്നിവ വളരെ പ്രകടമാണ്. അത് മാറിയിട്ടൊന്നുമില്ല. ഇതൊക്കെ മാറ്റിമറിക്കും എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഒന്നും തെറ്റായിവരാൻ പോകുന്നില്ല. ഭരണഘടന കൂടുതൽ ശക്തമാണ്.
ഒരു കാര്യംകൂടി ഞാനിതിൽ തമാശരൂപേണ പറയാം: ഇന്ത്യൻ ഭരണഘടന എഴുതിയ ആൾക്കാർക്ക്, നമ്മുടെ ഭരണഘടന നിർമാണസമിതിയിലുള്ളവർക്ക് 13 എന്ന സംഖ്യയോട് ഒരു പേടിയും ഉണ്ടായിരുന്നില്ല എന്നെനിക്കറിയാം. നമുക്കറിയാം 13 എന്നു പറയുന്നത് സാധാരണ ഒരു ഭയമാണ്. ഭരണഘടനയിൽ ആർട്ടിക്കിൾ 13 എന്താണെന്നറിയാമോ? സുപ്രീംകോടതിക്കും ഹൈക്കോടതിക്കുമുള്ള ജുഡീഷ്യൽ റിവ്യൂവിനുള്ള അധികാരമാണ്. ഇത് ഭരണഘടനയിലെ ഏറ്റവും ശക്തമായ ആർട്ടിക്കിളാണെന്നാണ് ഞാൻ എന്നും പറയാറുള്ളത്. കാരണം അവിടെയാണ് ആ പരിശോധനയും തുലനവും ഏറ്റവും കൂടുതൽ തിരിച്ചറിയപ്പെടുന്നത്. എല്ലാവരും ഭയപ്പെടുന്ന ആർട്ടിക്കിൾ 13. പാശ്ചാത്യരെപ്പോലെ ഇന്ത്യക്ക് 13-നോട് ഒരു ഭയവുമില്ല. കാരണം നമ്മുടെ ഭരണഘടനയിൽ പറയുന്ന ആർട്ടിക്കിൾ 13 വെച്ചിട്ടാണ് നമ്മുടെ ജുഡീഷ്യറി മുഴുവനായും പ്രവർത്തിക്കുന്നത്. ഭരണഘടനാവിരുദ്ധമായ ഏതു നിയമങ്ങളും ഭരണഘടനാവിരുദ്ധമായ ഏതു ലെജിസ്ളേഷനും മോശമാണ്. ഒരു നിയമം വഴിയും നമ്മുടെ ഭരണഘടന മാറ്റിമറിക്കാൻ സാധിക്കില്ല. ആർട്ടിക്കിൾ 13 പ്രകാരം സുപ്രീംകോടതിയോ ഹൈക്കോടതിയോ അത് ഒഴിവാക്കിയിരിക്കും.
ഹൈക്കോടതിയിൽ 13-ാം നമ്പർ കോടതിമുറിയില്ല എന്നുപറയുന്നത് എന്തുകൊണ്ടാണ്? അതിനുപിന്നിൽ എന്തെങ്കിലും ഭീതിയാണോ, അന്ധവിശ്വാസമാണോ? വിഷയം അതല്ലെങ്കിലും പതിമ്മൂന്നിനെപ്പറ്റി പറഞ്ഞപ്പോൾ ചോദിച്ചതാണ്
ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു. അതു ശരിയാണ്. ഹൈക്കോടതിയിൽ പതിമ്മൂന്നാം നമ്പർ മുറി ഇല്ല. ഹൈക്കോടതിയിൽ ആകെ എട്ടുനിലയാണ്. ഈ എട്ടു നിലകളിൽ എൻജിനിയർമാർ തീരുമാനിച്ചത് 1എ, 1ബി, 1സി, 1ഡി, 2എ, 2ബി, 2സി, 2ഡി എന്നിങ്ങനെയാണ്. പതിമൂന്നാം നമ്പർ നിലയില്ലാത്തിടത്തോളം കാലം പതിമ്മൂന്നാം നമ്പർ മുറിയില്ല.
സുപ്രീംകോടതിയുടെ ശക്തിയെക്കുറിച്ചു പറഞ്ഞു. അയോധ്യാവിധി എഴുതിയതാര് എന്നുപറയാൻ പിന്നെന്തിനാണ് സുപ്രീംകോടതി മടിച്ചത്? അല്ലെങ്കിൽ ഭയക്കുന്നത്
ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാൻ ഞാനാളല്ല. ഒരു നിയമവിദ്യാർഥി എന്നനിലയിൽ എനിക്കും ഇതു തോന്നിയിട്ടുണ്ട്്്. ഞാനാ ബെഞ്ചിന്റെ ഭാഗമല്ല. ഇതിനൊരു വിശദീകരണം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൊടുത്തതായി ഞാൻ വായിച്ചു. അതൊരു ഏകകണ്ഠമായ തീരുമാനമായിരുന്നു. എല്ലാവരും ഒരുപോലെ ചിന്തിച്ചു. അതുകൊണ്ട് ആരാണ് ഈ വിധി എഴുതിയതെന്നു പ്രസക്തമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, തുറന്നുപറഞ്ഞാൽ അതിന്റെ കാലഘട്ടം നോക്കിയാൽ, വിധിന്യായം വായിച്ചാൽ ഞങ്ങളെപ്പോലുള്ളവർക്ക് ഊഹിക്കാം ആരാണ് അത് എഴുതിയതെന്ന്. പക്ഷേ, അതു പ്രസക്തമല്ല. അവർ പറയുന്നത് എല്ലാവർക്കും ഒരേ ചിന്തയായിരുന്നു, എല്ലാവരും ഒരേ നിഗമനത്തിലെത്തി, അതിനാൽ വിധിന്യായത്തിൽ ഒരാളുടെയും പേരുപറഞ്ഞില്ല എന്നാണ്. അതു സ്വാഭാവികമാണ്.
ഹൈക്കോടതിയിൽവരുന്ന കേസുകളുടെ ഒരു ഘടന നോക്കിയാൽ പലതും ആവർത്തിച്ചുവരുന്നതു കാണാം. കെ.എസ്.ആർ.ടി.സി.യിലെ പെൻഷൻ, തെരുവുനായശല്യം... ഭരണകൂടത്തിന്റെ പരാജയവും അതിനെ ശാസിക്കുന്ന ഹൈക്കോടതിയും അല്ലെങ്കിൽ സുപ്രീംകോടതിയും. ഈയൊരു രീതിയിൽ പോകുമ്പോൾ ജനങ്ങളുടെ വിശ്വാസം കൂടുതൽ നീതിന്യായവ്യവസ്ഥയിലേക്കു മാറുകയാണ്. അത് ജനാധിപത്യത്തിനു നല്ലതാണോ
മോശമാണ് എന്നു ഞാൻ പറയും. അത് എനിക്കു മാത്രമാണ് നല്ലതാവുന്നത്. സർക്കാരുകൾ എപ്പോഴും നല്ലതു ചെയ്യുകയാണെങ്കിൽ പിന്നെ ഹർജികളില്ല. പക്ഷേ, സർക്കാർ ശരിചെയ്താലും ഹർജികളുണ്ടാവും. സർക്കാർ ശരിയായ തീരുമാനമെടുത്താൽപ്പോലും അതിഷ്ടമല്ലാത്ത ആളുകൾ കോടതിയിൽ കേസുംകൊണ്ടുവരാറുണ്ട്. ശരിയോ തെറ്റോ എന്നല്ല. ഇവിടെയിരിക്കുന്ന ആർക്കാണ് ശരിയേത്, തെറ്റേത് എന്ന് ശരിയായി നിർവചിക്കാൻ പറ്റുക? അത് ഓരോ സമയവും ഓരോ സാഹചര്യവും അനുസരിച്ച് മാറിക്കൊണ്ടിരിക്കില്ലേ? കളവ് നിശ്ചയമായും തെറ്റാണ്. എന്നാൽ, വളരെയധികം വിശന്ന് മരിക്കാൻകിടക്കുന്നൊരാൾ ഒരു റൊട്ടിയുടെ കഷണം എടുത്തുകൊണ്ടുപോയാൽ അതിനെ കളവ് എന്നുവിളിക്കുമോ? ഇതുകൊണ്ടാണ് നിയമം വിശകലനം ചെയ്യണമെന്നു പറയുന്നത്. ഇതാണു ശരി, ഇതാണു തെറ്റ് എന്നുള്ളത് പറയാൻ ഒരു ജഡ്ജിയുണ്ടെങ്കിൽ അദ്ദേഹം തീർച്ചയായും പണി നിർത്തണം. നമ്മളാരും മനുഷ്യനെ വിലയിരുത്താൻ കഴിവുള്ള ആൾക്കാരല്ല. ഒരു മനുഷ്യനെ വിലയിരുത്താൻ നമുക്ക് കഴിവോ അധികാരമോ ഇല്ല. ഒരു ജഡ്ജി എന്നനിലയിൽ എന്നെ ഏൽപ്പിച്ചിരിക്കുന്ന ജോലി നിങ്ങളെ വിലയിരുത്തലല്ല. ഒരാൾ നല്ല മനുഷ്യനാണ്, മോശം മനുഷ്യനാണ് എന്നു പറയാനല്ല എന്നെ ഏൽപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ അല്ലെങ്കിൽ സർക്കാരിന്റെ പ്രവർത്തനത്തിൽ വരുന്നത് ശരിയാണോ തെറ്റാണോ എന്നു പറയാൻമാത്രം. അതിന്റെ വിശകലനത്തിനുള്ള അധികാരംമാത്രമേ എന്റെ ഭരണഘടന എനിക്കു തന്നിട്ടുള്ളൂ. ഞാനിവിടെ ഇരിക്കുന്നത് ദൈവമായിട്ടല്ല. ഈശ്വരനു മാത്രമേ ഒരു മനുഷ്യൻ ശരിയാണോ തെറ്റാണോ എന്നു പറയാനാകൂ. ഈശ്വരൻ എന്ന്്് ഞാൻ മതനിരപേക്ഷമായിത്തന്നെയാണ് പറയുന്നത്. ഇന്ന ഈശ്വരൻ എന്നല്ല, നമ്മൾ വിശ്വസിക്കുന്ന ഒരു വലിയ ശക്തി. ആ ശക്തിക്കല്ലാതെ ലോകത്ത് ഒരു ശക്തിക്കും ഒരു മനുഷ്യനോ ഒരു ജീവജാലമോ ശരിയാണെന്നോ ശരിയല്ലെന്നോ നിശ്ചയമായി പറയാനാവില്ല. നമ്മൾ വിലയിരുത്തുന്നത് പ്രവൃത്തികളെയാണ്.
കെ.എസ്.ആർ.ടി.സി. പെൻഷൻ കാര്യത്തിലേക്കുവന്നാൽ, അതിന്റെ തെറ്റും ശരിയും എവിടെയാണെന്ന് സത്യം പറഞ്ഞാൽ മനസ്സിലാവില്ല. നമ്മൾ എടുക്കുന്നൊരു നിലപാട് പെൻഷൻ കിട്ടുന്ന ആൾക്കാർ, അവരുടെ സാഹചര്യം എന്നതൊക്കെ അടിസ്ഥാനമാക്കിയാണ്. ഇതൊന്നും ശരിതെറ്റിന്റെ ആശയത്തിലല്ല പോകുന്നത്. തികച്ചും മനുഷ്യാവകാശത്തിന്റെ വീക്ഷണകോണിലാണ് നമ്മൾ സംസാരിക്കുന്നത്. ഇതാണ് മറ്റുകോടതികളിൽനിന്ന് ഇന്ത്യയിലെ കോടതികളെ വ്യത്യസ്തമാക്കുന്നത്. പെൻഷൻ കിട്ടാതാവുന്ന അവസ്ഥയ്ക്ക് സർക്കാരിന് ചില കാരണങ്ങളുണ്ടായിരിക്കാം. സർക്കാരിനു പറയാം, ഇന്ന കാരണംകൊണ്ട് ഞങ്ങൾക്കിതു ചെയ്യാൻ പറ്റുന്നില്ല. പക്ഷേ, കിട്ടാത്ത ഒരാളുടെ വശത്തുനിന്ന് നമ്മൾ നോക്കണം. എവിടെയാണ് കൂടുതൽ ബുദ്ധിമുട്ട് എന്നതാണ് നമ്മൾ കൂടുതലായി വിശകലനം ചെയ്യേണ്ടിവരുക. നിയമത്തിൽ ഒന്നും ഒന്നും എപ്പോഴും രണ്ടാവണമെന്നില്ല. ചില സമയങ്ങളിൽ ഒന്നും ഒന്നും പതിനൊന്നാവാം.
ഇത്രയധികം നിയമപരമായ നടപടിക്രമങ്ങൾ നമുക്ക് ആവശ്യമുണ്ടോ? വിദേശത്തെ പലകോടതികളിലും നമുക്ക് നമ്മുടെ കേസുകൾ നേരിട്ടുപോയി പറയാം. യുട്യൂബിലൊക്കെ അത് കാണുന്നുണ്ട്. അമേരിക്കയിലെ ഒരു ജഡ്ജി ട്രാഫിക് കേസുകൾ കേൾക്കുന്നു. പിഴയടയ്ക്കാൻ പറയുന്നു. നമ്മുടെ കോടതികൾ ജനകീയമാകേണ്ട സമയം അതിക്രമിച്ചില്ലേ
ആ പറഞ്ഞ അമേരിക്കയിലെ ജഡ്ജി ലോകത്താകെ പ്രശസ്തനാണ്. പക്ഷേ, മനസ്സിലാക്കൂ, അദ്ദേഹം നയിക്കുന്നത് കോർട്ട് ഓഫ് റെക്കോഡ് അല്ല. എന്നുപറഞ്ഞാൽ നമ്മൾ ഫയൽ ചെയ്യുന്ന ഓരോ വിഷയവും റെക്കോഡഡ് ആണ്. ഈ പറയുന്ന ലക്ഷക്കണക്കിനു കേസുകൾ ഇന്ത്യയിൽ ഓരോ വരിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഘടനാപരമായി ഏറ്റവും ചെറിയ കോടതിയെക്കാളും ചെറിയ ഒരു കോടതിയിലാണ് അദ്ദേഹം ഇരിക്കുന്നത്. നമ്മുടെയിവിടെ മുൻസിഫ് മജിസ്ട്രേറ്റ് എന്നു പറയുന്നതുപോലെ.
സുതാര്യതയെക്കുറിച്ചാണ് ഞാൻ ചോദിച്ചത്...
നമ്മൾ റെക്കോഡ് ആവുന്നതുപോലെ സ്വാഭാവികമായി ഇത് ഫയൽ ചെയ്യണം. ഹർജി തയ്യാറാക്കണം. അതിന്റെ കൗണ്ടർ കൊടുക്കണം. അതിൽക്കൂടുതൽ പ്രശ്നമാണ് ഇന്ത്യൻ കോടതി എന്ന് സത്യത്തിൽ തോന്നുന്നില്ല. ഇവിടെ അഭിഭാഷകർ വരുന്നത് നടപടിക്രമങ്ങൾ ഉള്ളതുകൊണ്ടാണ്. യഥാർഥത്തിൽ ആർക്കുവേണമെങ്കിലും കോടതിയിൽ കയറിച്ചെന്ന് നമ്മുടെ ഒരു സങ്കടം പറയാനും അതിനൊരു വിധികിട്ടാനുമുള്ള സാഹചര്യം വരുക എന്നത് നല്ലകാര്യം തന്നെയാണ്. പക്ഷേ, ഇത്രയും ജനസംഖ്യയുള്ളൊരു രാജ്യത്ത് അത് എത്രത്തോളം സാധ്യമാകും എന്നെനിക്കു സംശയമാണ്. എല്ലാ രേഖകളും നമുക്ക് സൂക്ഷിക്കേണ്ട സ്ഥിതിക്ക്.
വ്യവഹാരമുള്ളൊരു വ്യക്തിക്ക് അതുമായി മുന്നോട്ടുപോകുമ്പോൾ നിയമസാക്ഷരതയുടെ കുറവ് ധാരാളം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും പറ്റിക്കപ്പെടുന്നുമുണ്ട്. ഭാഷയിലെ പലകാര്യങ്ങളും സാധാരണക്കാർക്ക് മനസ്സിലാകുന്നില്ല. ഒരു സാധാരണക്കാരൻ, ഉദാഹരണത്തിന് ഒരു പെൻഷണർ അദ്ദേഹത്തിനു പലപ്പോഴും മനസ്സിലാവില്ല എന്താണ് എഴുതിവരുന്നതെന്ന്. അതാണ് ഞാൻ ചോദിച്ചത്.
തികച്ചും ശരിയാണ്. ഇതിന് ഏറ്റവും വലിയ കുറ്റബോധമുള്ള ആൾ ഞാനായിരിക്കാം. എന്റെ ഭാഷയുടെ ഉപയോഗം പലരും പറയാറുണ്ട് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന്. നമ്മുടെ ഭാഷാനൈപുണ്യം കാണിക്കുമ്പോൾ മറ്റൊരാൾക്ക് ബുദ്ധിമുട്ട് വരുകയാണ്. ഒരിക്കൽ ഒരു കേസിൽ വിധിന്യായം അനുസരിക്കാതെ കോടതിയലക്ഷ്യക്കേസ് വന്നു. അപ്പോൾ ഗവ. പ്ലീഡറോട് ഞാൻ ചോദിച്ചു, എന്താണ് കോടതിയലക്ഷ്യമായതെന്ന്. അദ്ദേഹം പറഞ്ഞു, സാറിന്റെ വിധിന്യായം അയാൾക്ക് മനസ്സിലായില്ല എന്ന്. അപ്പോൾ അത് തർജമചെയ്യാൻ ഞാൻ ആവശ്യപ്പെട്ടു. ഇപ്പോൾ നമുക്ക് തർജമയ്ക്കൊരു സാധ്യതയുണ്ട്. സത്യംപറഞ്ഞാൽ, വിധിന്യായം അത്ര ബുദ്ധിമുട്ടുള്ള ഭാഷയിൽ എഴുതുന്ന ആളല്ല ഞാൻ. നമ്മളെല്ലാവരുംതന്നെ ഇംഗ്ലീഷ് അങ്ങനെ പഠിച്ചുവരുന്ന ആൾക്കാരാവണം എന്നില്ല. പിന്നെ, നിങ്ങൾക്ക് നിയമപരമായ സഹായമുണ്ട്. കെൽസ എന്നു പറയും. ഇങ്ങനെ പലപല സംഗതികൾ നമുക്ക് പ്രാപ്യമാണ്. ഇതെല്ലാം എല്ലാവർക്കും ലഭ്യമാണോ എന്നു ചോദിച്ചാൽ അല്ല എന്നുതന്നെയായിരിക്കാം ഉത്തരം. പക്ഷേ, ഭൂരിപക്ഷത്തിനു കിട്ടുകയാണെങ്കിൽ, എന്നെങ്കിലുമൊരു കാലം അങ്ങനെ വരുകയാണെങ്കിൽ, നമുക്കതിനുവേണ്ടി പ്രാർഥിക്കാം.
സുപ്രീംകോടതിയിൽ 65 വയസ്സാണ് വിരമിക്കൽ പ്രായം. ഹൈക്കോടതിയിൽ അത് 62 ആണ്. അത് കുറച്ചുകൂടി കൂട്ടേണ്ടതല്ലേ
ഞാനതിലേക്കു കടക്കുന്നില്ല. കാരണം, എനിക്ക് 62 ആവാത്തതുകൊണ്ടാണ്. വിരമിച്ചിട്ടാണെങ്കിൽ ഇതു പറഞ്ഞാൽ വിവാദമുണ്ടാകില്ല. നമ്മുടെ ആയുർദൈർഘ്യത്തിലും ജീവിതനിലവാരത്തിലും വല്ലാതെ വ്യത്യാസം വന്നുകഴിഞ്ഞു. ഇന്ന് 60 വയസ്സായാൽ മനസ്സിലാകുകപോലുമില്ല. അറുപതൊന്നും ഒരു പ്രായമേ അല്ലാതായിക്കഴിഞ്ഞു. നമ്മുടെ നാട്ടിൽ നീതിന്യായവ്യവസ്ഥയിൽ മാത്രമല്ല, പ്രായം വളരെ കൂടുതലല്ല. നമ്മുടെ അനുഭവപരിചയമാണ് നമ്മുടെ ഗുണമേന്മ കൂട്ടുന്നത്. തെറ്റില്ലാത്തൊരു ജഡ്ജി എന്നു തോന്നണമെങ്കിൽ അഞ്ചോ ആറോ വർഷത്തെ പരിചയം വേണം. ആകെ എനിക്ക് 14 വർഷത്തിനടുത്താണ് കിട്ടുന്നത്. ഇതു കഴിയുമ്പോഴായിരിക്കും ഞാനീ ജോലിക്ക് തെറ്റില്ല എന്ന് എനിക്ക് തോന്നുന്നത്. രണ്ടും അഞ്ചും വർഷമൊക്കെ മാത്രം കിട്ടുന്നവരുണ്ട്. അവരുടെയൊക്കെ ധൈഷണിക ഊർജം നഷ്ടമാവുകയാണോ എന്നു നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നു. ഇതിനൊന്നും ഒരു ശരിതെറ്റ് ഇല്ല. ഇതിനുനടുവിലാണ് കാര്യങ്ങൾ എവിടെയൊക്കെയോ കിടക്കുന്നത്. ഭാവിയിൽ അതു മാറുമെന്നു കരുതുന്നു.
Content Highlights: justice devan ramachandran interview
Published: 17 Mar 2024, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented