ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്ക് വ്യാജ ലഹരിമരുന്നു കേസിൽ 72 ദിവസം ജയിലിൽ കഴിയേണ്ടിവന്നു എന്നത് സത്യമാണെങ്കിൽ ഏറെ ഗൗരവകരമായ കാര്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുകയാണ്. 72 ദിവസം ജയിലിൽ കിടന്നതിന് ഒരോ ദിവസവും ഒരു ലക്ഷം രൂപ എന്ന നിലയിൽ 72 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ഷീല സണ്ണി നൽകിയ ഹർജി നൽകിയത്. സർക്കാർ സമഗ്രമായ ഉത്തരം നൽകണമെന്നാണ് ഈ ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരിക്കുന്നത്.  ഹൈക്കോടതി തന്റെ നിസ്സാഹായാവസ്ഥ മനസ്സിലാക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഷീല സണ്ണി പറഞ്ഞു.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

വളരെ സാധാരണ ജീവിതം നയിച്ച് സ്വസ്ഥമായി മുന്നോട്ടു പോവുന്നതിനിടയിലാണ് അപ്രതീക്ഷിതമായ തിരിച്ചടികള്‍ താങ്കളുടെ ജീവിതത്തിലുണ്ടാവുന്നത്. ഹൈക്കോടതി താങ്കള്‍ക്കെതിരേയുള്ള കേസ് റദ്ദാക്കിയത് ഏതാനും മാസം മുന്നേയാണ്. ഇപ്പോൾ താങ്ങളുടെ നഷ്ടപരിഹാര ഹർജിയോടും അനുഭാവപൂർവമായ സമീപനം കൈക്കൊണ്ടിരിക്കുന്നു . ഈ നിമിഷത്തില്‍ എന്താണ് പറയാനുള്ളത് ?

ഹൈക്കോടതി എന്റെ ഭാഗം കേട്ട് ഒപ്പം നിലകൊണ്ടതിൽ സന്തോഷമുണ്ട്. 72 ദിവസമെന്നത് നിസ്സാര കാര്യമല്ല. ഞാന്‍ അനുഭവിച്ച വേദനകള്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നെങ്കിലും സത്യം പുറത്തുവരുമെന്നും എനിക്കറിയാമായിരുന്നു. ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു. കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയുമുണ്ടായിരുന്നു. അതിനാല്‍ നിരപരാധി എന്ന് തെളിഞ്ഞ് ഇപ്പോള്‍ പുറത്തു വരാനായി. 

ഇപ്പോഴും മുഖത്ത് പൂര്‍ണമായ തെളിച്ചം വന്നിട്ടില്ലല്ലോ

അത് എന്റെ മുഖം അങ്ങനെയായതുകൊണ്ടാണ് (ചിരിക്കുന്നു). എന്നെ കുടുക്കിയത് ആരാണെന്ന് എനിക്കറിയണം. അവർക്ക് ശിക്ഷ കിട്ടണം എന്തിനുവേണ്ടിയാണ് അവർ ഇതെന്നോട് ചെയ്തതെന്നും. അതെല്ലാമായാലെ എന്റെ സന്തോഷം പൂര്‍ണമാവൂ. ഞാന്‍ വളരെ സാധാരണ ജീവിതം നയിച്ചിരുന്ന ഒരു സ്ത്രീയായിരുന്നു. ചാലക്കുടിയില്‍ വന്നിട്ട് 25 വര്‍ഷമായി. ഇവിടെ കുറെ പരിചയങ്ങളും കൂട്ടുകാരുമുണ്ട്. ഒരു ചീത്തപ്പേരു പോലും കേള്‍പ്പിക്കാതെ ഇതുവരെ ജീവിച്ചു വന്നയാളാണ് ഞാന്‍. അങ്ങനെയുള്ള ഞാന്‍ മാരകമായ മയക്കുമരുന്ന് കൈവശം വെച്ച് പിടിക്കപ്പെട്ട വ്യക്തിയാണെന്ന് പറയുമ്പോഴുള്ള വിഷമം പറഞ്ഞറിയിക്കാന്‍ പറ്റില്ല. അതനുഭവിച്ചവര്‍ക്കേ അതറിയൂ. ഓരോ ദിവസം രാത്രി കിടക്കുമ്പോഴും എന്റെ മനസ്സിലേക്ക് അത് വരും. അവരിതെന്നോട് എന്തിനു വേണ്ടി ചെയ്തു എന്നറിയണം. മയക്കുമരുന്ന് എന്റെ ബാഗിൽ നിന്ന് ഉദ്യോഗസ്ഥർ പിടികൂടുന്നതിന്റെ തലേദിവസം മകന്റെ ഭാര്യയുടെ അനിയത്തി എനിക്കൊപ്പമുണ്ടായിരുന്നു. അവരെ സംശയമുണ്ടെന്ന് പറഞ്ഞ് എക്സൈസിൽ പിന്നീട് പരാതി നൽകിയിരുന്നു. എന്നാൽ അവരിപ്പോൾ മൂൻകൂർ ജാമ്യമെടുത്തിരിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്.  

അറസ്റ്റിലാവുന്നതിന് മുമ്പ് താമസിച്ച വീട്ടിലല്ലല്ലോ മകളുടെ വീട്ടിലല്ലേ ഇപ്പോള്‍ താമസിക്കുന്നത്. അങ്ങനെയൊരു കൂടുമാറ്റത്തിന് പ്രേരിപ്പിച്ച ഘടകമെന്താണ്.

ആ സമയത്ത് മകള്‍ ഗര്‍ഭിണിയായിരുന്നു. മാത്രമല്ല പിടിക്കപ്പെട്ട സമയത്ത് മരുമകളുടെ അനിയത്തിയെയായിരുന്നു സംശയം. അതുകൊണ്ട് കൂടിയാണ് മാറിനിൽക്കേണ്ടി വന്നത്. അത് ചില കുടുബപ്രശ്‌നങ്ങള്‍ക്കിടയാക്കി. അതാണ് ഇവിടെ താമസിക്കാന്‍ കാരണം. ഈ പ്രശ്നം കാരണം മകനുമായും ഇപ്പോൾ തീരെ ബന്ധമില്ല.

സംഭവത്തില്‍ അറസ്റ്റിലാവുന്നതിന് തൊട്ടു മുമ്പുള്ള ദിവസത്തെ രാത്രി, പിറ്റേന്ന് ചെയ്തു തീര്‍ക്കാനായി കരുതി വെച്ച ജോലികള്‍ എന്നിങ്ങനെ പലതുണ്ടാകാം. അപ്രതീക്ഷിതമായി ആണല്ലോ എക്സൈസ് സംഘം വന്നിട്ടുണ്ടാവുക. ആ ദിവസത്തെ ഓര്‍ത്തെടുക്കാമോ....

ഇങ്ങനൊരു സംഭവം നമ്മളൊട്ടും പ്രതീക്ഷിക്കുന്നില്ല. 27ന് വൈകിട്ട് കുറെ ഓഫീസര്‍മാര്‍ ബ്യൂട്ടി പാര്‍ലറിലേക്ക് കയറിവരികയാണ്. ഞാന്‍ മയക്കുമരുന്ന് ബിസിനസ് ചെയ്യുന്നെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ വന്നതെന്നായിരുന്നു എന്നോട് പറഞ്ഞത്. ഏഴ് വര്‍ഷമായി ഞാന്‍ നടത്തുന്ന സ്ഥാപനമാണ് ഈ ബ്യൂട്ടിപാര്‍ലര്‍. ഇതുവരെ അങ്ങനെ ഒരു ചീത്തപ്പേര് ഞാന്‍ കേള്‍പ്പിച്ചിട്ടില്ല. എവിടെ വേണമെങ്കിലും അന്വേഷിക്കാമെന്ന് ഞാന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്റെ ബാഗിലും വണ്ടിയിലും വെച്ചിട്ടുണ്ടെന്ന വിവരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ഓഫീസര്‍ പറഞ്ഞു. ഞാനെന്റെ ബാഗ് കൊടുത്തു. പേഴ്‌സിലും മറ്റ് കള്ളികളിലുമെല്ലാം നോക്കി. രണ്ടാമത്തെ കള്ളിയില്‍ ഒരു ചെറിയ ദ്വാരമുണ്ടായിരുന്നു. എന്റെ അടുത്ത് നിന്ന് ഉദ്യോഗസ്ഥര്‍ കത്രിക വാങ്ങി ആ ദ്വാരം പരിശോധിച്ചു. ആ സമയമൊക്കെ ഞാന്‍ വളരെ കൂള്‍ ആയി നില്‍ക്കുകയായിരുന്നു. ആരോ എന്റെ സ്ഥാപനത്തിന്റെയോ എന്റെയോ പേര് ചീത്തയാക്കാന്‍ വെറുതെ വിളിച്ച് പറഞ്ഞതായിരിക്കും എന്ന ചിന്തയില്‍ ഞാന്‍ ധൈര്യത്തോടെ നില്‍ക്കുകയായിരുന്നു. ആ ദ്വാരത്തില്‍ നിന്ന് ചെറിയ പൊതിയെടുത്ത് ഇതെന്താണെന്നറിയുമോ എന്നെന്നോട് ചോദിച്ചു. എനിക്കറിയില്ല എന്ന് പറഞ്ഞപ്പോള്‍ ഇതാണ് എല്‍എസ്ഡി സ്റ്റാമ്പെന്ന് പറഞ്ഞു. മയക്കുമരുന്നെന്നും കഞ്ചാവെന്നുമൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ എല്‍എസ്ഡി സ്റ്റാമ്പെന്നത് ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. ഞാന്‍ കരുതിയത് അവരപ്പോള്‍ തന്നെ പോവുമെന്നാണ്. ഇത്ര വലിയ കുറ്റമാണ്, ഇവരെന്നെ അറസ്റ്റ് ചെയ്യുമെന്നൊന്നും ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ഫോണ്‍ പരിശോധനയ്ക്ക് വേണമെന്ന് പറഞ്ഞപ്പോഴും ധൈര്യമായി ഞാന്‍ കൊടുത്തു. എനിക്കൊന്നും മറച്ചുവെക്കാനുണ്ടായിരുന്നില്ല. 

മാത്രവുമല്ല അത്യാവശ്യം ബോള്‍ഡായ സ്ത്രീയാണ് ഞാന്‍. ഈ സ്ഥാപനം കൊണ്ടാണ് ഞാന്‍ എന്റെ കുടുംബത്തെ നോക്കുന്നത്. കോവിഡ് കാലത്ത് ഭര്‍ത്താവുണ്ടായിരുന്നില്ല. ഞാന്‍ ഒറ്റയ്ക്കാണ് മോളുടെ വിവാഹം നടത്തിയത്. അതിനാല്‍ ധൈര്യത്തോടെയാണ് നേരിട്ടത്. എനിക്കൊന്നുമറിയില്ല എന്ന് മാത്രം പറഞ്ഞു. മകനെ വിളിച്ചു വരുത്തി താഴെ പാര്‍ക്ക് ചെയ്തിരുന്ന വണ്ടി മകന്റെ സാന്നിധ്യത്തില്‍ പരിശോധിച്ചു. ഹെല്‍മറ്റ് വെച്ച ഭാഗത്ത് സൂക്ഷിച്ച ഇന്‍ഷുറന്‍സ് കവറില്‍ നിന്നും അവരൊരു പൊതി കണ്ടെടുത്തു. നഗരമധ്യത്തിലെ ബ്യൂട്ടിപാര്‍ലറില്‍ പോലീസ് പരിശോധനയറിഞ്ഞ് ആ സമയം നാട്ടുകാരെല്ലാം കൂടി. അഞ്ചര ആറുമണിയോടു കൂടി അവരെന്നെ താഴെയിറക്കി എക്‌സൈസ് വണ്ടിയില്‍ കൊണ്ടുപോവുകയായിരുന്നു. കുറെ സാറുമാര്‍ വന്ന് ചോദ്യം ചെയ്തു. അപമാനിതയായി. ചില ഓഫീസര്‍മാര്‍ എന്റെ നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞ് പെരുമാറി. അപ്പോഴേക്കും മാധ്യമങ്ങള്‍ വന്നു. പക്ഷെ ഞാന്‍ ധൈര്യമായി ഇരുന്നു. മുഖം മറയ്ക്കണമെന്നൊന്നും ഞാന്‍ ആലോചിച്ചിരുന്നില്ല. അപ്പോള്‍ മുന്നിലിരുന്ന ഓഫീസറാണ് എന്നോട് മുഖം മറയ്ക്കാന്‍ പറയുന്നത്. അങ്ങിനെയാണ് ഞാന്‍ തല കുമ്പിട്ടിരിക്കുന്നത്. എന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയാണെന്നും ഞാന്‍ ജയിലിലാക്കപ്പെടുമെന്നൊന്നും അപ്പോഴും എനിക്കറിയില്ലായിരുന്നു. കുറച്ച് കഴിയുമ്പോള്‍ എന്നെ വിടുമെന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. മകനോട് ഓഫീസര്‍മാര്‍ ഒരു ജോഡി ഡ്രസ്സും ബ്രഷും സാധനങ്ങളും പോയി എടുത്തുവരാന്‍ പറഞ്ഞപ്പോഴാണ് എന്നെ എവിടെയോ കൊണ്ടുപോവുകയാണെന്ന തിരിച്ചറിവുണ്ടാകുന്നത്. ആരെയെങ്കിലും സംശയമുണ്ടോ, നിങ്ങളുടെ ബാഗ് ആരെങ്കിലും ഉപയോഗിക്കാറുണ്ടോ എന്നെല്ലാം ചില ഉദ്യോഗസ്ഥര്‍ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു. എന്റെ ബാഗും വണ്ടിയും ആരും ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. ചെയ്യാന്‍ സാധ്യതയുള്ള ചിലയാളുകളുടെ പേര് മനസ്സിലേക്കോടിയെങ്കിലും അങ്ങനെ ചെയ്യാന്‍ മാത്രമുള്ള വിരോധം അവര്‍ക്കൊക്കെ എന്നോടുണ്ടെന്ന് തോന്നിയില്ല.അതിനാല്‍ ആരുടെയും പേര് പറഞ്ഞില്ല. പിന്നീട് വൈകിട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. ഒരു കുറ്റവാളിയായി അവരുടെ മുന്നിലിരുന്ന ആ അവസ്ഥ എനിക്ക് മറക്കാന്‍ പറ്റില്ല. ആ നിമിഷം കുഴഞ്ഞുവീണ് മരിച്ചിരുന്നെങ്കിലെന്ന്‌ ചിന്തിച്ചിരുന്നു. പക്ഷേ, ഞാന്‍ നീതിയില്‍ വിശ്വസിച്ചു. ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. പിന്നെന്തിനാണ് ഞാന്‍ അതേ പറ്റിയൊക്കെ ആലോചിക്കുന്നതെന്ന്. 

മുന്‍പ് കുറ്റകൃത്യം ചെയ്തിട്ടില്ല, ഒരു സ്ത്രീ എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും പരിഗണിക്കാതെയാണല്ലോ അറസ്റ്റുണ്ടാവുന്നത്. ഒരു ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരി, തെറ്റ് ചെയ്തവള്‍ എന്നിങ്ങനെയുള്ള മുന്‍വിധികള്‍ എക്സൈസിനുണ്ടായിട്ടുണ്ടെന്ന് കരുതുന്നുണ്ടോ.

ബ്യൂട്ടിപാര്‍ലറിന്റെ മറവില്‍ ബിസിനസ്സ് എന്നതാണല്ലോ ഉദ്യോഗസ്ഥരടക്കം പറഞ്ഞിരുന്നത്. അതായിരിക്കാം ഇതിത്ര വലിയ വാര്‍ത്തയാക്കിയത്. ഞാനിത് ചെയ്തിട്ടില്ലെന്ന് കുറെ പറഞ്ഞു നോക്കി. എനിക്കിതേ കുറിച്ച് ഒരുകാര്യവും അറിയില്ലെന്ന് പറഞ്ഞപ്പോഴും നിങ്ങളെ ഞങ്ങള്‍ ഒരുമാസമായി നിരീക്ഷിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഞാന്‍ നിരീക്ഷണത്തിലാണെങ്കില്‍ ഞാന്‍ എവിടെ പോവുന്നു എന്താണ് ചെയ്യുന്നതെന്നെല്ലാം അവര്‍ക്ക് മനസ്സിലാക്കാനാവും. എന്റെ ഫോണ്‍കോള്‍ ട്രെയ്​സ് ചെയ്താല്‍ തന്നെ അവര്‍ക്ക് അത് മനസ്സിലാക്കാനാകും. ഞാന്‍ ഇറ്റലിക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിന്റെ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യുന്ന തിരക്കിലായിരുന്നു. ഒന്നന്വേഷിച്ചാല്‍ ഞാന്‍ എവിടെയാ പോകുന്നത് എന്താണ് ചെയ്യുന്നതെന്നെല്ലാം അവര്‍ക്ക് മനസ്സിലാക്കാം. പക്ഷേ, സാമ്പത്തിക ബാധ്യതയുള്ളതുകൊണ്ടാണ് ഇറ്റലിക്കു പോകുന്നതെന്നും അതിനാലാണ് ബിസിനസ്സ് ചെയ്യുന്നതെന്നും പാര്‍ലറില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് ഞാനത് വില്‍ക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. എത്ര പറഞ്ഞിട്ടും അവര്‍ ഞാന്‍ പറയുന്നത് മുഖവിലയ്‌ക്കെടുക്കുന്നുണ്ടായിരുന്നില്ല

എത്ര ട്രോമാറ്റിക് ആയിരുന്നു ചോദ്യം ചെയ്യല്‍. ഏറ്റവും അധികം വേദനിച്ച നിമിഷമേതായിരുന്നു.

ഭീകരമായി അപമാനിച്ചു. അവര്‍ പറഞ്ഞതൊക്കെ ഇപ്പഴും മനസ്സിലേക്ക് തെളിഞ്ഞു വരും. പഠിച്ച കള്ളിയാണ്. നിങ്ങളിതുപയോഗിക്കാറുണ്ടോ. നിങ്ങള്‍ ജയിലില്‍ പോയി കിടക്ക്. അവിടെ നൈജീരിയക്കാരും കുറെ കുറ്റവാളികളുമുണ്ട്. അവരുടെ കൂടെ നിങ്ങള്‍ക്കിനി വലിയ ബിസിനസ്സൊക്കെ ചെയ്യാം എന്നു വരെ പറഞ്ഞു. 

എല്ലാ ഉദ്യോഗസ്ഥരും ഒരു പോലെയാകണമെന്നില്ല. അനുഭാവപൂര്‍വം പെരുമാറിയവരും മനുഷ്യത്വം കാണിച്ചവരുമുണ്ടാകാം. ആ നല്ല പെരുമാറ്റങ്ങള്‍ കൂടി ഈ സംസാരത്തില്‍ നമ്മള്‍ അടയാളപ്പെടുത്തേണ്ടതുണ്ടെന്ന തോന്നുന്നു.

നിങ്ങള്‍ കുറ്റം ചെയ്തിട്ടില്ല എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. നിങ്ങള്‍ നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്ന നാള്‍ വരും എന്ന് പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്.

തെളിവെടുപ്പിന് വന്ന ദിവസം മകളെ കാണാന്‍ ഏതോ ഉദ്യോഗസ്ഥന്‍ അനുവദിച്ചിരുന്നെന്ന് പറഞ്ഞിരുന്നു.

ഞാന്‍ അറസ്റ്റിലാവുമ്പോള്‍ എന്റെ മകള്‍ നിറ ഗര്‍ഭിണിയായിരുന്നു. ചാലക്കുടിയില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ എനിക്ക് അവളെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു. അതുവരെ കരയാതിരുന്ന ഞാന്‍ മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു. മമ്മി ഒരിക്കലും തെറ്റായി ചിന്തിക്കരുത്. ഒരു കടുംകൈയും ചെയ്യരുത്. ഞങ്ങളുണ്ട് മമ്മിക്കൊപ്പം എന്നവളെന്നോട് പറഞ്ഞു. 

ജയിലില്‍ കഴിഞ്ഞിരുന്ന ദിവസങ്ങള്‍, അവിടത്തെ അതിജീവനം ഒക്കെ എങ്ങനെയായിരുന്നു.

ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഭക്ഷണമൊന്നും കഴിച്ചില്ല. ബന്ധുക്കളും നാട്ടുകാരുമൊക്കെ എന്ത് ചിന്തിക്കും എന്ന ആധിയായിരുന്നു. മാത്രവുമല്ല എന്റെ സ്ഥാപനം ഇനി അവര്‍ തുറക്കാന്‍ അനുവദിക്കുമോ എന്നതൊക്കെയായിരുന്നു ചിന്ത. ഇനിയുള്ള കാലം എനിക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ എന്ന പലവിധ ആശങ്കയിലായിരുന്നു ആദ്യ ജയില്‍ ദിനങ്ങള്‍. രണ്ട് മൂന്ന് ദിവസം വെള്ളം മാത്രമാണ് കുടിച്ചത്. കഴിച്ചില്ലെങ്കല്‍ വീണ്ടും പോലീസുകാരുടെ കൂടെ ആശുപത്രിയില്‍ പോവേണ്ടി വരുമെന്ന് അപ്പോള്‍ കൂടെയുള്ള തടവുകാരി എന്നോട് പറഞ്ഞു. അത് വീണ്ടും അപമാനമാവും എന്നൊക്കെ പറഞ്ഞു. അങ്ങനെ അരചപ്പാത്തിയൊക്കെ കഴിക്കാന്‍ തുങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുടുംബത്തില്‍ നിന്ന് പലരും വന്നു. രണ്ട് ദിവസം കൂടുമ്പോള്‍ 15 മിനിറ്റ് സംസാരിക്കാം. മോളോട് ആ സമയം സംസാരിക്കാനായി കാത്തിരുന്നു

സഹതടവുകാരുടെയും ജയില്‍ജീവനക്കാരുടെയുമെല്ലാം പെരുമാറ്റം എങ്ങനെയുള്ളതായിരുന്നു. റിമാന്‍ഡ് പ്രതികള്‍ക്കൊപ്പമായിരുന്നോ ജയില്‍വാസം.

റിമാന്‍ഡ് പ്രതികള്‍ക്കൊപ്പമായിരുന്നു താമസം. അതില്‍ കുറെ മയക്കുമരുന്ന് കേസ് പ്രതികള്‍, വഞ്ചന കേസ് മോഷണക്കേസ്  പ്രതികള്‍ എന്നിവരൊക്കെ ഉണ്ടായിരുന്നു. 22 പേരുള്ള ഹാളിലായിരുന്നു താമസം. സഹതടവുകാരൊന്നും കുഴപ്പമില്ലായിരുന്നു. മയക്കുമരുന്ന് എവിടെ കിട്ടും, കമേഴ്‌സ്യല്‍ ക്വാണ്ടിറ്റി എന്ന് വെച്ചാല്‍ എന്താണ്. സ്റ്റാമ്പ് എന്താണ് എന്നൊക്കെ ജയിലിലെ സഹതടവുകാരില്‍ നിന്നാണ് ഞാന്‍ ചോദിച്ചു മനസ്സിലാക്കിയത്. അവരെനിക്ക് അതെല്ലാം വിശദീകരിച്ചു തന്നിരുന്നു. നാക്കിന്റെ അടിയില്‍ വെക്കുന്നതാണെന്നും വില്‍ക്കാനുള്ളതാണ് കമേഴ്‌സ്യല്‍ ക്വാണ്ടിറ്റി എന്നുമൊക്കെ അവിടെ നിന്ന് മനസ്സിലായി. വെറുതെ ഇരിക്കുമ്പോള്‍ പലതും ചിന്തിക്കും. അടുക്കളയില്‍ സഹായിക്കട്ടെ എന്ന് ചോദിക്കും. അപ്പോ അവരെന്തെങ്കിലും ആവശ്യമുണ്ടേല്‍ എന്നെ സഹായത്തിന് വിളിപ്പിക്കും. ജയിലില്‍ ടെയ്‌ലറിങ് യൂണിറ്റുണ്ട്. മോട്ടിവേഷന്‍ ക്ലാസ്സുണ്ട്. ലൈബ്രറിയുണ്ട്. പകല്‍ അങ്ങനെ പലതും ചെയ്ത് കടന്നുപോകും. രാത്രിയാണ് ബുദ്ധിമുട്ടുണ്ട്‌. ഓരോന്ന് ആലോചിച്ച് ഉറക്കമില്ലാത്ത രാത്രകളായിരുന്നു പലതും. എന്റെ സത്യം മനുഷ്യരറിഞ്ഞു. പക്ഷേ, സത്യം പുറത്തുവരാത്ത ഇനിയും പല കേസുകളുണ്ട് ജയിലിൽ അതോർ്കകുമ്പോൾ ഇപ്പോൾ വിഷമമുണ്ട്.

അങ്ങനെ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നവരാണെന്ന് തോന്നിയ ആരെയെങ്കിലും ജയിലില്‍ കണ്ടിരുന്നോ?

ജയിലിലടക്കപ്പെട്ട ഒരു കുടുംബം തന്നെയുണ്ട്. ഭര്‍ത്താവ് അപ്പുറത്തെ ജയിലിലും ഭാര്യ ഞങ്ങടെ കൂടെയും. കര്‍ണാടകയില്‍ നിന്ന് കേരളം കാണാന്‍ വന്നതായിരുന്നു അവര്‍. അവരുടെ വണ്ടിയില്‍ നിന്ന് ലഹരി പിടിച്ചു. അവര്‍ തെറ്റ് ചെയതിട്ടില്ലെന്നാണ് അവരോട് സംസാരിച്ചതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്. ഇപ്പോള്‍ ഒന്നര വര്‍ഷമായി ജയിലില്‍ കിടക്കുകയാണ്. വിചാരണ നടക്കുകയാണ്. അവരുടെ നിരപരാധിത്വം വേഗം തെളിയിക്കപ്പെടണേ എന്ന് ഞാനിപ്പഴും പ്രാര്‍ഥിക്കാറുണ്ട്. 

ജാമ്യത്തില്‍ പുറത്തുവന്നാല്‍ കുടുംബാംഗങ്ങളെയും നാട്ടുകാരെയും അഭിമുഖീകരിക്കുന്നതിനെ കുറിച്ചുള്ള ആധികള്‍ അലട്ടിയിട്ടുണ്ടാവുമല്ലോ അന്ന്. ആ അര്‍ഥത്തില്‍ അകത്തു കടന്നതിനേക്കാള്‍ ഭയപ്പാടുണ്ടാക്കി കാണില്ലേ പുറത്തേക്കുള്ള വരവ്?

ജാമ്യം കിട്ടിയതിനു ശേഷം ഞാന്‍ പുറത്തിറങ്ങിയിട്ടില്ലായിരുന്നു. മോളുടെ വീട്ടില്‍ തന്നെയായിരുന്നു. എങ്ങനെ ഇറങ്ങും. അത്തരത്തിലായിരുന്നല്ലോ വന്ന ന്യൂസ്. മോള്‍ താമസിക്കുന്നത് ഫ്‌ളാറ്റിലാണ്. ഇവിടെ പ്രതിയായ ഒരാളെ താമസിപ്പിക്കാന്‍ പറ്റില്ലെന്ന് ചിലരൊക്കെ പറഞ്ഞിരുന്നെങ്കിലും എന്റെ മകളതൊന്നും എന്നെ അറിയിച്ചിരുന്നില്ല. ഒന്നരമാസത്തോളം ഞാന്‍ ജയിലിലായ സമയത്ത് പാര്‍ലര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന് ഉടമ മകനെ അറിയിച്ചിരുന്നു. സാധനങ്ങളെടുത്ത് ഒഴിഞ്ഞുകൊടുത്തിരുന്നു. നിരപരാധിത്വം തെളിയിക്കപ്പെട്ട ശേഷം ആ മുറി വീണ്ടും ഉപയോഗിച്ചോളാന്‍ ഉടമ ഇപ്പോള്‍ വീണ്ടും അറിയിച്ചിട്ടുണ്ട്.

പാർലർ വീണ്ടും തുറന്നുവെന്നറിഞ്ഞു. ആളുകളൊക്കെ നിരപരാധിത്വം മനസ്സിലാക്കി വീണ്ടും പാർലറിൽ വന്നു തുടങ്ങിയോ..

നിരപരാധിത്വം തെളിയിച്ച് ഓഗസ്റ്റിൽ പാർലർ തുറന്നതിനു ശേഷവും ആളുകൾ വരുന്നത് നന്നേ കുറവായിരുന്നു. ആളൊന്നും തീരെ വരാത്തതിനാൽ പാർലർ പൂട്ടിയാലോ എന്ന വരെ ചിന്തിച്ചു. പക്ഷേ, എന്നെ കുറിച്ച് വന്ന  നല്ല വാർത്തകളും അഭിമുഖങ്ങളും എന്റെ മുന്നോട്ടുള്ള ജീവിതത്തെ ഏറെ സഹായിച്ചു. പലരോടും വിശദീകരിക്കേണ്ടതിന്റെ ആവശ്യമുണ്ടായില്ല. വാർത്തകളിൽ നിന്ന് തന്നെ അവരിൽ പലരും എന്റെ നിരപരാധിത്വം മനസ്സിലാക്കി. ഇപ്പോൾ നവംബർ മുതൽ അത്യാവശ്യം ആളുകൾ വന്നു തുടങ്ങി. മാധ്യമങ്ങളോടും നിങ്ങളോടെല്ലാവരോടും അതിൽ നന്ദിയുണ്ട്.

എല്‍എസ്ഡി സ്റ്റാമ്പ് കൈവശം വെച്ചതിന്റെ പേരിലാണല്ലോ പിടിക്കപ്പെടുന്നത്.  ആ എല്‍എസ്ഡി സ്റ്റാമ്പില്‍ ലഹരിയംശമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ താങ്കളുടെ നിരപരാധിത്വം ഇത്ര എളുപ്പം തെളിയിക്കപ്പെടുമായിരുന്നില്ല. അതേ കുറിച്ചോര്‍ക്കാര്‍ത്തു നോക്കി ഭയപ്പെടാറുണ്ടോ...

ഇത് ഒറിജിനലാണെങ്കില്‍ പത്ത് വര്‍ഷം ശിക്ഷ അനുഭവിക്കേണ്ടി വന്നേനെ. അതേക്കുറിച്ചൊന്നും ഓര്‍ക്കുക കൂടി വയ്യ. ഒറിജിനലാണെങ്കില്‍ എന്റെ ജീവിതം ഇല്ലാതായേനെ..

ഒരു സാധാരണ സ്ത്രീയെ സംബന്ധിച്ച് അതിസങ്കീര്‍ണവും അസാധാരണവുമായ അനുഭവങ്ങളിലൂടെയാണല്ലോ ഇത്രനാളും കടന്നുപോയത്. ഇനി അങ്ങോട്ടേക്ക് ചെയ്യാനെന്താണ് ഉദ്ദേശിക്കുന്നത്. 

ഇനിയൊരു വ്യക്തിക്കും ഇതൊന്നും സംഭവിക്കാന്‍ പാടില്ല. എക്‌സൈസ് ഓഫീസര്‍ അയാളുടെ കടമയാണ് ചെയ്തത്. ഫോണ്‍ ട്രേസ് ചെയ്ത് പിടിച്ചു എന്ന് പറയുന്നു. പക്ഷേ, എന്റെ പശ്ചാത്തലം പോലും പരിശോധിച്ചില്ല. ഇതിന് മുമ്പ് ഞാന്‍ കുറ്റം ചെയ്തിരുന്നോ എന്നൊക്കെ അന്വേഷിക്കണമായിരുന്നു. മുഴുവന്‍ ബ്യൂട്ടിപാര്‍ലറുകള്‍ക്ക് തന്ന ഈ സംഭവം അപമാനമായി. പലരും ചെറിയ പാര്‍ലറുകള്‍ നടത്തി ജീവിതം കരുപ്പിടിപ്പിക്കുന്നവരാണ്. നാട്ടിലെ ബ്യൂട്ടിപാർലറുകൾക്കെല്ലാം നേരെ സംശയനോട്ടങ്ങൾ ഉണ്ടാക്കാൻ ഇടയായി ആ അറസ്റ്റും വാർത്തയും. ഇപ്പോൽ അതിൽ മാറ്റം വന്നുവെന്നതിൽ സന്തോഷമുണ്ട്.

ഒരു സ്ത്രീയാണല്ലോ പിടിക്കപ്പെട്ടത്. അതും മാധ്യമങ്ങളുടെ സൗന്ദര്യബോധത്തിന് ചേര്‍ന്നു നില്‍ക്കുന്ന ഒരു സ്ത്രീ. ലഹരിക്കേസില്‍ ഒരു സ്ത്രീ അറസ്റ്റ് ചെയ്യപ്പെടുക എന്നതു കൂടി കണക്കിലെടുത്ത് മാധ്യമങ്ങള്‍ ആവശ്യത്തില്‍ കൂടുതല്‍ ആ അറസ്റ്റ് വാര്‍ത്ത ആഘോഷിച്ചതായി തോന്നുന്നുണ്ടോ.

മാധ്യമങ്ങളാണല്ലോ ന്യൂസ് വൈറലാക്കിയത്. അവരെയും തെറ്റ് പറയാന്‍ പറ്റില്ല. ന്യൂസ് അറിഞ്ഞു അവരത് കൊടുത്തു. പക്ഷെ അതേ മാധ്യമങ്ങള്‍ തന്നെ ആ വാര്‍ത്ത തിരുത്തി. തെറ്റ് തിരുത്തി. അവര്‍ തന്നെ എല്ലാവിധ പിന്തുണയും ഇപ്പോഴും നല്‍കുന്നു.

എല്ലാം ഇപ്പോള്‍ സാധാരണഗതിയിലായല്ലോ. സമൂഹത്തോട് എന്താണ് പറയാനുള്ളത്.

എന്ത് സാഹചര്യം വന്നാലും നമ്മള്‍ തളരരുത്. നമ്മള്‍ തെറ്റ് ചെയ്തില്ലെങ്കില്‍ നമ്മള്‍ ആരെയും പേടിക്കേണ്ട കാര്യമില്ല. ഞാന്‍ ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ എന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമായിരുന്നില്ല. ഞാനത് ചെയ്യാതെ ധൈര്യത്തോടെ പിടിച്ചു നിന്നു എന്നെങ്കിലും സത്യം പുറത്തുവരുമെന്ന പ്രതീക്ഷയിൽ.