
നിരപരാധികളെ ശിക്ഷിക്കാന്‍ നിയയമമത്തിനാവുമെന്നും താനും അതിലൊരാളാണെന്നും പേരറിവാളന്‍. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിനു നല്‍കിയ അഭിമുഖത്തിലാണ് 19ാം വയസ്സുമുതല്‍ 31 വര്‍ഷക്കാലം താന്‍ നേരിട്ട അനീതികളെ കുറിച്ചും തന്റെ അതിജീവനത്തെകുറിച്ചും പേരരിവാളന്‍ സംസാരിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യസൂത്രധാരകനും പ്രധാനപ്രതികളിലൊരാളുമായ ശിവരസന് ഒന്‍പതി വോള്‍ട്ടിന്റെ രണ്ട് ബാറ്ററികള്‍ നല്‍കിയെന്നു പറഞ്ഞാണ് പേരളിവാളന്‍രെ പേരില്‍ കേസെടുക്കുന്നത്. പിന്നീട് പുറം ലോകം കാണാന്‍ 31 വര്‍ഷമെടുത്തു.
രാഷ്ട്രീയത്തിലേക്കുതാനില്ലെന്നും നിയമം പഠിച്ച് അഭിഭാഷകനാകാനാണ് താത്പര്യമെന്നും പേരറിവാളന്‍ പറഞ്ഞു. 'ജീവിതത്തിന്റെ വലിയൊരു പങ്ക് നഷ്ടമായതിന് കാരണം നിയമമറിയാത്തതാണ്. ശരിയായ നിയമസഹായം ലഭിച്ചിരുന്നുവെങ്കില്‍ മോചനം നേരത്തെ സംഭവിക്കുമായിരുന്നു. ഔപചാരികമായി നിയമം പഠിച്ച് അഭിഭാഷകനായി പ്രവര്‍ത്തിക്കണം. നിരപരാധികളെ ശിക്ഷിക്കുന്നതിന് നിയമത്തിന് സാധിക്കും. ഇത്തരത്തില്‍ നിയമം അകാരണമായി ശിക്ഷിച്ച തടവുകാരെ സഹായിക്കണം. അതിനാണ് അഭിഭാഷകനാകുന്നത്, പേരറിവാളന്‍ കൂട്ടിച്ചേര്‍ത്തു.
അഭിമുഖത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍
കുറ്റസമ്മതമൊഴിയല്ലേ വധശിക്ഷയില്‍വരെ എത്തിച്ചത്?
കസ്റ്റഡിയില്‍ ഏറെ പീഡനങ്ങള്‍ നേരിടേണ്ടിവന്നു. നിയമവിരുദ്ധമായി കസ്റ്റഡിയില്‍ പോകേണ്ടിവന്നില്ലായിരുന്നുവെങ്കില്‍ 31 വര്‍ഷം മുന്‍പുതന്നെ മോചിതനാകുമായിരുന്നു. പക്ഷേ, നിയമവശങ്ങളൊന്നും അറിയാത്തതിനാല്‍ കടുത്ത അനീതി നേരിടേണ്ടിവന്നു. ജീവിതത്തിന്റെ വലിയൊരുകാലംതന്നെ നഷ്ടമായി. ടാഡ നിയമത്തെ കുറിച്ച് അന്ന് മിക്കവര്‍ക്കും കാര്യമായ അറിവുണ്ടായിരുന്നില്ല. തമിഴ്‌നാട്ടില്‍ ടാഡ നിയമപ്രകാരമുള്ള ആദ്യകേസായിരുന്നു ഞങ്ങളുടെത്. ഇതിലെ നിയമവശങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ല. സംസ്ഥാനത്തെ ആദ്യകേസായതിനാല്‍ തമിഴ്‌നാട്ടിലെ അഭിഭാഷകര്‍ക്കുപോലും മറ്റുനിയമങ്ങളുമായുള്ള പ്രധാന വ്യത്യാസങ്ങള്‍ അറിയില്ലായിരുന്നു. എഴുതിയതും എഴുതാത്തതുമായ നിരവധി കടലാസുകളില്‍ പോലീസ് ഒപ്പിട്ടുവാങ്ങി. ഇതേക്കുറിച്ച് അഭിഭാഷകനോട് ചോദിച്ചിരുന്നു. അന്വേഷണോദ്യോഗസ്ഥനുമുന്നില്‍ നല്‍കുന്ന മൊഴി കോടതിയില്‍ പ്രധാന തെളിവായി സ്വീകരിക്കില്ലെന്നായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്. സപ്പോര്‍ട്ടീവ് എവിഡന്‍സ് എന്ന നിലയിലായിരുന്നു മൊഴി പരിഗണിച്ചിരുന്നത്. അതിനാല്‍ മൊഴി വലിയ കുരുക്കാകുമെന്ന് കരുതിയില്ല. എന്നാല്‍, ടാഡ നിയമപ്രകാരം കുറ്റസമ്മതമൊഴി പ്രധാന തെളിവാണ്.

നീതി നടപ്പാക്കേണ്ടിയിരുന്ന നിയമം, അനീതി കാട്ടിയെന്നാണോ?
പല ഘട്ടത്തിലും അനീതി നേരിട്ടുവെന്നത് സത്യമാണ്. ഒരു ഉദാഹരണം കൂടി പറയാം. ടാഡ നിയമപ്രകാരം കുറ്റം ചുമത്തേണ്ട കേസായിരുന്നില്ല ഇത്. ഐ.പി.സി. പ്രകാരം കുറ്റംചുമത്തേണ്ട സാധാരണ കൊലപാതക കേസാണിത് എന്ന് സുപ്രീം കോടതിതന്നെ നിരീക്ഷിച്ചിട്ടുണ്ട്. ഇതിന് പിന്നില്‍ തീവ്രവാദ പ്രവര്‍ത്തനവും ദേശവിരുദ്ധ ഗൂഢാലോചനയും നടന്നിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചതാണ്. സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാരും ഈ നിഗനമത്തില്‍ എത്തിയപ്പോള്‍ വലിയ ആശ്വാസമായിരുന്നു. ഒരു കേസില്‍ ടാഡ നിയമം ബാധകമല്ലാതെ വരുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ സമര്‍പ്പിച്ച കുറ്റസമ്മത മൊഴിയും പ്രധാന തെളിവല്ലാതെ വരും. അതോടെ മോചിപ്പിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നടന്നത് മറ്റൊന്നായിരുന്നു. ടാഡ നിയമം ഒഴിവാക്കിയാലും കുറ്റസമ്മത മൊഴി തെളിവായി സ്വീകരിക്കപ്പെട്ടു. ഇത് വലിയ അനീതിയായി. 26 പേര്‍ക്കാണ് വിചാരണ ക്കോടതി വധശിക്ഷ വിധിച്ചത്. ഇതും കടുത്ത അനീതിയായിരുന്നു. സമാധാനപൂര്‍ണമായ ഒരു രാജ്യത്ത് ഒരിക്കലും ഒരു കേസില്‍ ഇത്രയധികം പേര്‍ക്ക് വധശിക്ഷ നല്‍കിയിട്ടില്ല. നീതിന്യായവ്യവസ്ഥയുടെ കൂട്ടക്കൊല എന്നാണ് സുപ്രീം കോടതിതന്നെ ഇതിനെ വിശേഷിപ്പിച്ചത്.
ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമയുമായി ജയിലില്‍ പോയി. ഇപ്പോള്‍ എം.സി.എ.ക്കാരനാണ്. പഠനത്തിന് വലിയ ശ്രദ്ധ നല്‍കിയോ?
വായനയിലും പഠനത്തിലുമായിരുന്നു കഴിഞ്ഞ 31 വര്‍ഷത്തില്‍ കൂടുതലും ചെലവഴിച്ചത്. എനിക്കതല്ലാതെ മറ്റൊന്നും ചെയ്യാനറിയില്ലായിരുന്നു. മനോവേദനയുടെ നടുവിലും പഠിക്കണമെന്ന് തീരുമാനിച്ചു. ജയിലില്‍നിന്ന് നല്ല സഹകരണം ലഭിച്ചു. നിരപരാധിയായതിനാല്‍ മോചനം ലഭിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. അതിനാല്‍ മരണത്തെ മുന്നില്‍ കണ്ടപ്പോഴും പഠിച്ചുകൊണ്ടിരുന്നു. 2012-ല്‍ പ്ലസ്ടു പരീക്ഷയില്‍ തടവുകാരിലെ ടോപ്പ് സ്‌കോററായി. തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സ്വര്‍ണമെഡലോടെ ഡി.ടി.പി. ഡിപ്ലോമ കോഴ്‌സ് വിജയിച്ചു. എട്ട് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇംഗ്ലീഷിലും തമിഴിലും ലോവറും ഹൈയറും ടൈപ്പിങ് പാസായി. പുഴല്‍ ജയിലില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്നുണ്ട്. അവിടെ ഡ്രൈവിങ് പഠിച്ച് ലൈസന്‍സെടുത്തു. തമിഴ്‌നാട്ടില്‍ ജയിലില്‍ ഡ്രൈവിങ് പഠിച്ച് ലൈസന്‍സെടുത്ത ആദ്യത്തെയാള്‍ ഞാനാണ്.
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ പിന്തുണ?
വധശിക്ഷ വിധിച്ചതിന് ശേഷമാണ് കേസില്‍ വി.ആര്‍. കൃഷ്ണയ്യര്‍ കൂടുതല്‍ ശ്രദ്ധിച്ചത്. കേസ് പഠിച്ചതോടെ അദ്ദേഹത്തിന് ഞാന്‍ നേരിട്ട അനീതി വ്യക്തമായി. എന്റെ മോചനത്തിനുവേണ്ടി സാധ്യമായ എല്ലാ ഇടപെടലും നടത്തി അമ്മ. നിയമപോരാട്ടത്തിന് അമ്മ അര്‍പുതമ്മാളിനും വലിയ പ്രേരകശക്തിയായിരുന്നു കൃഷ്ണയ്യര്‍. എന്റെ വധശിക്ഷ ഒഴിവാക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് അമ്മ കേരളത്തില്‍പോയി കൃഷ്ണയ്യരെ കണ്ടു. അതോടെ വധശിക്ഷയ്ക്ക് എതിരായി ഒരാഴ്ച നീളുന്ന പ്രചാരണം അദ്ദേഹം നടത്തി. 2014ല്‍ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയപ്പോള്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് നന്ദി പറഞ്ഞു. മോചിപ്പിക്കപ്പെട്ട സമയം അദ്ദേഹമില്ലാത്തത് വിഷമമുണ്ടാക്കുന്നു. കേരളത്തില്‍പോയി അദ്ദേഹത്തിന്റെ കുടുംബത്തെ കാണണം.
കൂടുതല്‍ വായിക്കാം മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ഏറ്റവും പുതിയ ലക്കത്തില്‍.............
Content Highlights: A. G. Perarivalan interview, Mathrubhumi weekly, social, Mathrubhumi latest
Published: 07 Jun 2022, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented