എം.ടി, ഹരിഹരൻ, ഐ.വി. ശശി... മലയാളസിനിമയിലെ അതികായന്മാർക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് വിനീതിന്റെ അഭിനയജീവിതം തുടങ്ങുന്നത്. നടനായും നർത്തകനായും കാലത്തിനൊപ്പം സഞ്ചരിച്ച് സ്വയം പരിഷ്‌കരിച്ചുള്ള യാത്ര. റൊമാന്റിക് നായകനായി തിളങ്ങിനിൽക്കുമ്പോൾതന്നെ മമ്മൂട്ടി- മോഹൻലാൽ ചിത്രങ്ങളിൽ സഹനടന്റെ വേഷത്തിലും വിനീത് പ്രത്യക്ഷപ്പെട്ടു. നൃത്തവേദിയിലെ മെയ്വഴക്കവും ഭാവപ്രകാശനങ്ങളും കഥാപാത്രങ്ങളുടെ അവതരണത്തിന് തെളിച്ചമേകി. തലമുറകൾ കടന്നുള്ള അഭിനയയാത്രയിൽ, പ്രേക്ഷകന്റെ പ്രതീക്ഷകളെ പലതവണ ഉടച്ചുവാർത്ത വിനീത് പ്രതിനായകനായും കൈയടിനേടി. 'ലൂസിഫർ' സിനിമയിലെ വില്ലന്റെ ശബ്ദമായും 'എക്കോ'യിലെ മോഹൻ പോത്തനായുമുള്ള പ്രകടനങ്ങളുടെ തുടർച്ചയാണ് 'ഭൗമ'ത്തിലെ സാമുവൽ.

To advertise here,

'ഭൗമ' പ്രദർശനത്തിനെത്തി. ഇത്തരമൊരു കഥയ്ക്കൊപ്പം സഹകരിക്കാമെന്ന തീരുമാനത്തിലേക്കെത്തുന്നത് എങ്ങനെയാണ്?

സംവിധായകനിൽനിന്നാണ് 'ഭൗമ'യുടെ കഥ ആദ്യമായി കേൾക്കുന്നത്. പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കഥയിൽ, വിവിധ പ്രായത്തിൽ സഞ്ചരിക്കേണ്ട കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടതെന്ന് മനസ്സിലാക്കി. അഭിനേതാവെന്നനിലയിൽ അതെന്നെ ആകർഷിച്ചു. തീരുമാനമെടുക്കാൻ ഒരുപാട് ആലോചിക്കേണ്ടിവന്നില്ല. ശക്തമായ തിരക്കഥയായിരുന്നു സിനിമയുടേത്. ഒപ്പം സഹകരിക്കുന്ന ടെക്‌നീഷ്യൻസ് ഉൾപ്പെടെയുള്ള അണിയറപ്രവർത്തകരെല്ലാം സ്വന്തം മേഖലകളിൽ പേരെടുത്തവരാണ്. കഴിവുള്ള ഒരുപാടുപേർക്കൊപ്പം നല്ലൊരു കഥയുടെ ഭാഗമാകാൻ ലഭിച്ച അവസരമാണ് എനിക്കീ സിനിമ. 1960-കളിലെ രംഗങ്ങളെല്ലാം എങ്ങനെ അവതരിപ്പിക്കണം, കഥാപാത്രത്തിന്റെ സംസാരം, ശരീരഭാഷ തുടങ്ങിയവയെല്ലാം എത്തരത്തിൽ ചിട്ടപ്പെടുത്തണം എന്നെല്ലാം ഒരുപാട് ചർച്ചകൾക്കുശേഷമാണ് തീരുമാനിച്ചത്. മിസ്റ്ററി- ത്രില്ലർ- ഹൊറർ തലത്തിലൂടെയുള്ള യാത്ര, പ്രേക്ഷകന് രസകരവും വ്യത്യസ്തവുമായൊരു അനുഭവമായിരിക്കും.

ALSO READ | ഇത് ശരിക്കും ഞെട്ടിച്ചു, അമ്പരപ്പിക്കുന്ന പ്രകടനവുമായി വിനീത്, ത്രില്ലറുകളിലെ പുത്തൻ ചുവടുവെപ്പ്

അഭിനയജീവിതത്തിൽ നാല്പതു വർഷം പിന്നിടുമ്പോൾ, സിനിമയിൽ സംഭവിച്ച മാറ്റങ്ങളെ എങ്ങനെയാണ് കാണുന്നത്?

പ്രതിഭാധനന്മാരായ ഒരുപാടുപേർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതാണ് സിനിമ സമ്മാനിച്ച വലിയ സന്തോഷം. പേരെടുത്ത സിനിമക്കാർക്കൊപ്പം ചെറുപ്പത്തിലേ ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ നേട്ടം ഇപ്പോഴും അനുഭവിക്കുന്നുണ്ട്. അഭിനയത്തിന്റെ തുടക്കത്തിൽ നേടിയ പാഠങ്ങൾ, ഇന്നും കഥാപാത്രങ്ങളെ സ്വീകരിക്കാനുള്ള ആലോചനകളിൽ സഹായകമാകുന്നുണ്ട്.

കാലത്തിനനുസരിച്ച് സിനിമയിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും, ഒരു നടനെ മുന്നോട്ടുനയിക്കുന്നത് ഇന്നും അച്ചടക്കവും സമർപ്പണമനോഭാവവും തന്നെയാണെന്നാണ് വിശ്വാസം.

കഴിഞ്ഞ നാലുപതിറ്റാണ്ടിനിടെ ചിത്രീകരണരീതികളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഡിജിറ്റൈസേഷൻ, വോയ്‌സ് മോഡുലേഷൻ, സ്പോട്ട് എഡിറ്റിങ്, ഡബ്ബിങ്, സിങ്ക് സൗണ്ട് ഇതെല്ലാം പുതിയകാലത്തെ അറിവുകളാണ്. പുതുതലമുറയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമ്പോൾ അത്തരം കാര്യങ്ങളെല്ലാം പഠിക്കാനും പിന്തുടരാനും സാധിക്കുന്നു.

PODCAST | അമ്പരപ്പിക്കുന്ന പ്രകടനവുമായി വിനീത്; ഞെട്ടിക്കുന്ന 'ഭൗമ'

അഭിനയത്തിലെ പുത്തൻ പരീക്ഷണങ്ങൾ... നെഗറ്റീവ് ഷേഡുള്ള വേഷങ്ങൾ സ്വീകരിക്കുമ്പോൾ കൂടുതലായി ചിന്തിക്കാറുണ്ടോ?

അഭിനേതാവിന്റെ പ്രകടനമാണ് വിലയിരുത്തപ്പെടുന്നത്. നെഗറ്റീവായാലും പോസിറ്റീവായാലും കഥാപാത്രത്തിന്റെ കരുത്തും അവതരണത്തിലെ കൈയടക്കവും പ്രധാനമാണ്. കഥാപാത്രത്തെ എങ്ങനെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പ്രധാനം. അഭിനയസാധ്യതകളുള്ള വേഷങ്ങൾ തേടിവരുമ്പോൾ അവയെയെല്ലാം സ്വീകരിക്കുക എന്നതായിരുന്നു രീതി. എന്നാൽ, ഇന്ന്, ഈ പ്രായത്തിൽ നെഗറ്റീവ് വേഷങ്ങൾ ഏറ്റെടുക്കുന്നതിനുമുൻപ് സാമൂഹികപ്രതിബദ്ധത മുൻനിർത്തിയുള്ള ആലോചനകൾകൂടി നടത്താറുണ്ട്. നെഗറ്റീവ് വേഷങ്ങൾ ഏറ്റെടുക്കുമ്പോൾ പലതരം രംഗങ്ങൾ കടന്നുവന്നേക്കാം. അത് എങ്ങനെ അവതരിപ്പിക്കുന്നുവെന്നത് പ്രധാനമാണ്. എല്ലാറ്റിനുമൊരു ചിട്ടയും ക്രമാനുഗതമായ വളർച്ചയും ഉണ്ടെന്ന് ഉറപ്പുവരുത്താറുണ്ട്.

നർത്തകനായ നടനെന്ന വിശേഷണം ഒപ്പമുണ്ട്. നൃത്തം അഭിനയത്തെ എത്രത്തോളം സ്വാധീനിക്കുന്നു?

നൃത്തവും സിനിമാഭിനയവും രണ്ടും രണ്ടാണ്. സ്റ്റേജ് പെർഫോമൻസും ക്യാമറയ്ക്കുമുന്നിലെ പ്രകടനവും രണ്ടുരീതിയിലാണ് മുന്നോട്ടുപോകുന്നത്. നർത്തകനെന്നനിലയിൽ അഭ്യസിച്ചെടുത്ത കഴിവുകളല്ല പലപ്പോഴും കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആവശ്യമായിവരുക. ഇവ രണ്ടാണെന്ന തിരിച്ചറിവ് പ്രധാനമാണ്. ഇത്രയും കാലത്തെ പരിചയംകൊണ്ട് അഭിനയത്തെയും നൃത്തത്തെയും രണ്ടായി കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. ലഭിക്കുന്ന വേഷത്തെ, ഭാവത്തെ മനസ്സിലേക്ക് കൊണ്ടുവരുക എന്നതാണ് എല്ലാറ്റിലും പ്രധാനം. നാടകമായാലും സിനിമയായാലും നൃത്തമായാലും ചെയ്യാൻപോകുന്ന ഭാവം മനസ്സിൽ നിലനിൽക്കണം. കഥാപാത്രത്തിന്റെ മനസ്സ് മനസ്സിലാക്കിയാൽ കാര്യങ്ങൾ എളുപ്പമാകും.