മുംബൈ നഗരത്തെ അധോലോക സംഘങ്ങള്‍ മുള്‍മുനയില്‍ നിര്‍ത്തിയ രണ്ട് പതിറ്റാണ്ട്. വന്‍കിട കെട്ടിട നിര്‍മാതാക്കളെയും രാഷ്ട്രീയ നേതാക്കളെയും സിനിമക്കാരെയുമടക്കം ഭീഷണിപ്പെടുത്തിയും പലരെയും വധിച്ചും പലരുമായും ചങ്ങാത്തംകൂടിയും ക്രിമിനല്‍ സംഘങ്ങള്‍ തഴച്ചുവളര്‍ന്നു. മുംബൈയിലെ അധോലോക സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിന് കടിഞ്ഞാണിടാനുള്ള നീക്കങ്ങള്‍ ഫലം കണ്ടുതുടങ്ങിയത് രാജ്യം പിന്നീട് പദ്മഭൂഷണ്‍ ബഹുമതിയടക്കം നല്‍കി ആദരിച്ച പ്രശസ്തനായ ഉദ്യോഗസ്ഥന്‍ ജൂലിയോ റിബൈറോ 1982-ല്‍ മുംബൈ പോലീസ് കമ്മീഷണറായി എത്തുന്നതോടെയാണ്. ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരേ കടുത്ത നടപടിതന്നെ വേണമെന്ന് വാദിച്ച അദ്ദേഹം അധോലോക കുറ്റവാളികളെ നേരിടാന്‍ സേനയിലെ യുവാക്കളും അതിസമര്‍ഥരുമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിച്ചു. 1983-ല്‍ മന്യ സര്‍വേ എന്ന അധോലോക കുറ്റവാളിയെ പോലീസ് സംഘം ഏറ്റുമുട്ടലില്‍ വധിച്ചു. ആ കാലഘട്ടത്തില്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്ന മുംബൈയിലെ ആദ്യ അധോലോക സംഘാംഗമായിരുന്നു അയാള്‍. തൊട്ടടുത്ത വര്‍ഷം രണ്ടാമത്തെ അധോലോക കുറ്റവാളിയേയും പോലീസിന് ഇല്ലാതാക്കാന്‍ കഴിഞ്ഞു. പിന്നീടങ്ങോട്ട് പോലീസിന്റെ ക്രിമിനല്‍ വേട്ടയായിരുന്നു.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ: https://mbi.page.link/mbes

അധോലോക കുറ്റവാളികളെ ഇല്ലാതാക്കാന്‍ കമ്മീഷണർ റിബൈറോ രംഗത്തിറക്കിയത് 1983-ല്‍ സേനയിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെയാണ് . മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച വിജയ് സലാസ്‌കര്‍, ബി. രാജു പിള്ളൈ, പ്രദീപ് ശര്‍മ, പ്രഫുല്‍ ഭോസ്‌ലെ, വിനായക് സൗദേ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതായിരുന്നു സംഘം. 2004-05 ഓടെ മുംബൈയില്‍നിന്ന് അധോലോക സംഘങ്ങളെ ഏതാണ്ട് തുടച്ചുനീക്കാന്‍ പോലീസിന് കഴിഞ്ഞു. ഒരുകാലത്ത് രാജ്യത്തെതന്നെ വിറപ്പിച്ചിരുന്ന മുംബൈയിലെ അധോലോക കുറ്റവാളികളെ അമര്‍ച്ചചെയ്യാന്‍ നാസിക്കിലെ പോലീസ് ട്രെയിനിങ് അക്കാഡമിയിലെ '83-ബാച്ചില്‍'പ്പെട്ട ആ ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കങ്ങളും പിന്നീട് അവര്‍തന്നെ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞത് പോലീസ് സേനയ്ക്കുതന്നെ തീരാക്കളങ്കമായ സംഭവവികാസങ്ങളാണ് ഇത്തവണ Their Story ചര്‍ച്ചചെയ്യുന്നത്. 

ദാവൂദ് തുടങ്ങിയ ചോരക്കളി; തൃശ്ശൂര്‍ സ്വദേശിയുടെ ഗുണ്ടാസംഘത്തിലെ ഛോട്ടോ രാജന്‍

1980-കളിലും 90-കളിലുമാണ് മുംബൈയിലെ ഒരുവിഭാഗം അതിസമ്പന്നരും അധികാരം കൈയ്യാളുന്നവരുമായി അധോലോക സംഘങ്ങള്‍ ശക്തമായ ഇഴയടുപ്പമുണ്ടാക്കുന്നത്. ഇതോടെ അഴിമതിയിലൂടെയും പലരെയും ഭയപ്പെടുത്തിയും രാജ്യത്തിന്റെ വാണിജ്യ നഗരത്തിലെ ക്രമസമാധാനനിലതന്നെ തകര്‍ക്കാനും വന്‍നഗരത്തെ വിറപ്പിച്ചു നിര്‍ത്താനും അവര്‍ക്കായി. മലയാളി സംരംഭകനും ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് മാനേജിങ് ഡയറക്ടറുമായ തക്കിയുദീന്‍ വാഹിദ് 1995-ല്‍ കൊല്ലപ്പെടുന്നത് മുംബൈയിലെ അധോലോക കുറ്റവാളികളുടെ തോക്കിന് ഇരയായാണ്. ടി-സീരീസ് ഉടമ ഗുല്‍ഷന്‍ കുമാര്‍, കെട്ടിടനിര്‍മാണക്കമ്പനി ഉടമ പ്രദീപ് ജെയിന്‍, ട്രേഡ് യൂണിയന്‍ നേതാവ് ഡോ. ദത്താ സാമന്ത്, അധോലോക സംഘങ്ങളുടെ ഉറക്കംകെടുത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ജെ ഡേ എന്നിങ്ങനെ പോകുന്നു ക്രിമിനലുകള്‍ കൊന്നൊടുക്കിയവരുടെ പട്ടിക. 

1940-കളില്‍തന്നെ അധോലോക സംഘങ്ങള്‍ കള്ളക്കടത്തും, ചൂതാട്ട കേന്ദ്രങ്ങളുടെ നടത്തിപ്പും മറ്റുമായി മുംബൈയില്‍ ചുവടുറപ്പിച്ചിരുന്നു. കരീം ലാല, ഹാജി മസ്താന്‍, വരദരാജ മുതലിയാര്‍ തുടങ്ങിയവരുടെ സംഘങ്ങളാണ് അക്കാലത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നത്.

placeholder
ദാവൂദ് ഇബ്രാഹീം, ഛോട്ടാ രാജന്‍

എന്നാല്‍ കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മുംബൈയില്‍ ചുവടുറപ്പിക്കാന്‍ നീക്കങ്ങള്‍ തുടങ്ങിയതോടെയാണ് അധോലോക സംഘങ്ങള്‍ ഏറ്റുമുട്ടലിലേക്കും നിരത്തില്‍ ചോരവീഴ്ത്തുന്നതിലേക്കും നീങ്ങിയത്. 1981-ല്‍ ദാവൂദിന്റെ സഹോദരന്‍ സാബിര്‍ ഇബ്രാഹിം കസ്‌കര്‍ കൊല്ലപ്പെട്ടതോടെ അധോലോക സംഘങ്ങള്‍ തമ്മിൽ ചോരക്കളിയായി. സാബിര്‍ ഇബ്രാഹിമിനെ വധിച്ചവരെ ഇല്ലാതാക്കാന്‍ ദാവൂദ് സംഘം രംഗത്തിറങ്ങിയതോടെ നിരവധി കൊലപാതകങ്ങള്‍ അരങ്ങേറി. പിന്നാലെ മുംബൈയുടെ നിരത്തുകളില്‍ പ്രമുഖരടക്കം നിരവധിപേര്‍ ക്രിമിനലുകളുടെ വെടിയേറ്റു വീണു. 1986-ല്‍ ദാവൂദ് രാജ്യംവിട്ടുവെങ്കിലും അയാള്‍ കുറ്റവാളികളെ വിദേശത്തിരുന്ന് നിയന്ത്രിക്കുകയും ദാവൂദ് സംഘം മുംബൈ അധോലോകത്തെ ഏതാണ്ട് നിയന്ത്രണത്തിലാക്കുകയും ചെയ്തു. അയാള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന മറ്റൊരു അധോലോക കുറ്റവാളി ഒരുപക്ഷേ, ഛോട്ടാ രാജന്‍ മാത്രമായിരുന്നിരിക്കാം. കരിഞ്ചന്തയില്‍ സിനിമാ ടിക്കറ്റ് വില്‍പ്പനയിലൂടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ രാജേന്ദ്ര സദാശിവ് നിഖല്‍ജി എന്ന ചെറുപ്പക്കാരന്‍ മലയാളിയും തൃശ്ശൂര്‍ സ്വദേശിയുമായ ബഡാ രാജന്റെ (രാജന്‍ മഹാദേവന്‍ നായര്‍) ക്രമിനല്‍ സംഘത്തില്‍ ചേര്‍ന്നശേഷം ഛോട്ടാ രാജനായി മാറിയത് ഏവര്‍ക്കും അറിയുന്ന കഥ. പിന്നീട് ദാവൂദിന്റെ വലംകൈയായി മാറിയ ഛോട്ടാരാജന്‍ 1993-ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്കുശേഷമാണ് ദാവൂദുമായി വേര്‍പിരിയുന്നത്. സ്വന്തം നിലയില്‍ കള്ളക്കടത്തും തട്ടിക്കൊണ്ടുപോകലും മയക്കുമരുന്ന് കടത്തുമായി ഛോട്ടാ രാജന്‍ സംഘവും മുംബൈയില്‍ ചുവടുറപ്പിച്ചു.

മലയാളിയുടെ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ്; വാഹിദിന്റെ ജീവനെടുത്ത ഗുണ്ടാപ്പക

placeholder
തക്കിയുദീന്‍ വാഹിദ്, ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനം

രാജ്യത്തെതന്നെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഉടമ വര്‍ക്കല സ്വദേശിയായ സംരംഭകന്‍ തക്കിയുദീന്‍ വാഹിദിന്റെ കൊലപാതകം മുംബൈയിലെ അധോലോക സംഘങ്ങള്‍ നിര്‍ഭയമായി അഴിഞ്ഞാടിയിരുന്നത് എങ്ങനെ എന്നതിന്റെ ഒരുദാഹരണം മാത്രം. 1995 നവംബര്‍ 13-ന് ഓഫീസില്‍നിന്ന് കാറില്‍ വീട്ടിലേക്കുപോയ വാഹിദിനെ ഛോട്ടാ രാജന്റ വിശ്വസ്തന്‍ ബണ്ടി പാണ്ഡെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം കാറിന്റെ വിന്‍ഡ് ഷീല്‍ഡ് തകര്‍ത്ത് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 30 വെടിയുണ്ടകളാണ് ശരീരത്തില്‍നിന്ന് കണ്ടെടുത്തത്. ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സില്‍ ദാവൂദ് നിക്ഷേപം നടത്തിയിട്ടുണ്ടെന്ന സംശയമാണ് മലയാളി സംരംഭകനെ ക്രൂരമായി കൊലപ്പെടുത്താന്‍ ഛോട്ടാ രാജനെ പ്രേരിപ്പിച്ചത്. ദാവൂദിന്റെ ഡി-കമ്പനിക്ക് 10 കോടിരൂപ നല്‍കണമെന്ന ആവശ്യം നിരസിച്ചതോടെയാണ് ദുബായില്‍വച്ച് തയ്യാറാക്കിയ പദ്ധതിയനുസരിച്ച് ടി-സീരീസ് ഉടമ ഗുല്‍ഷന്‍ കുമാറിനെ അധോലോക കുറ്റവാളികള്‍ വധിക്കുന്നത്. ട്രേഡ് യൂണിയന്‍ നേതാവ് ദത്ത സാമന്തിനെ ഛോട്ടാ രാജന്‍ സംഘം വധിച്ചതിലേക്ക് നയിച്ചതാകട്ടെ ടെക്‌സ്‌റ്റൈല്‍ മില്‍ തൊഴിലാളികളുടെ സമരം പൊളിക്കാനുള്ള നീക്കങ്ങളും ട്രേഡ് യൂണിയനുകള്‍ തമ്മിലുള്ള കുടിപ്പകയും അടക്കമുള്ളവ. വന്‍കിട കെട്ടിട നിര്‍മാതാക്കളെ ലക്ഷ്യമിട്ട് അധോലോക സംഘങ്ങള്‍ വന്‍ നീക്കങ്ങള്‍ അക്കാലത്ത് നടത്തിയിടുന്നു. ഒരു കോടി രൂപ ആവശ്യപ്പെട്ടത് നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് കെട്ടിട നിര്‍മാതാവ് പ്രദീപ് ജെയിനെ അബു സലീമിന്റെ നേതൃത്വത്തിലുള്ള കുറ്റവാളികള്‍ വധിക്കുന്നത്. ഇത്തരത്തില്‍ സമ്പന്ന വ്യവസായികളെ വധിക്കുന്നതിനും പലരെയും ചൊല്‍പ്പടിക്ക് നിര്‍ത്തുന്നതിനും എതിര്‍സംഘങ്ങളെ ഇല്ലാതാക്കുന്നതിനുംവേണ്ടി 900-ത്തോളം വെടിവെപ്പുകളോ ഏറ്റുമുട്ടലുകളോ ആണ് രണ്ട് പതിറ്റാണ്ടിനിടെ അധോലോക കുറ്റവാളികള്‍ മുംബൈ നഗരത്തില്‍ നടത്തിയതെന്നാണ് അനൗദ്യോഗിക കണക്ക്. ഇത്തരത്തില്‍ അധോലോക സംഘങ്ങള്‍ നിര്‍ഭയം അഴിഞ്ഞാടുന്നതിനിടെയാണ് ജൂലിയോ റിബൈറോ കമ്മീഷണറായി എത്തുന്നത്.

മാധ്യമ പ്രവര്‍ത്തകനില്‍നിന്ന് പോലീസ് കമ്മീഷണറായ റിബൈറോ

മാധ്യമ പ്രവര്‍ത്തകനായിരുന്ന ജൂലിയോ ഫ്രാന്‍സിസ് റിബൈറോ 1953-ലാണ് ഐ.പി.എസ് നേടി പോലീസ് സേനയിലെത്തുന്നത്. 1982 മുതല്‍ 86 വരെ മുംബൈ പോലീസ് കമ്മീഷണറായിരുന്നു. ഈ കാലഘട്ടത്തിലാണ് അധോലോക സംഘത്തെ അടിച്ചൊതുക്കാനുള്ള നീക്കം തുടങ്ങുന്നത്.

placeholder
ജൂലിയോ റിബൈറോ
 

''നിങ്ങളുടെ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു ഗുണ്ടയും ഉണ്ടാകാന്‍ പാടില്ല, ഒരേയൊരു ഗുണ്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരിക്കണം'' എന്ന് അദ്ദേഹം പോലീസുകാരോട് നിര്‍ദേശിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. അധോലോക കുറ്റവാളികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിക്കുമ്പോള്‍ അന്നത്തെ സാധാരണ ജനങ്ങള്‍ സന്തോഷിച്ചിരുന്നുവെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. പോലീസ് കമ്മീഷണറായിരുന്ന കാലത്തെ ആദ്യ ഏറ്റുമുട്ടലിന്റെ വിവരമറിഞ്ഞ് താന്‍ പ്രദേശത്തെ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ അവിടെ തടിച്ചുകൂടിയ ജനങ്ങള്‍ സന്തോഷവാന്മാരായാണ് കാണപ്പെട്ടത്. ക്രമിനലുകളെ കൊല്ലുകയല്ല പോലീസിന്റെ ജോലിയെന്ന് അന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍ നിങ്ങളുടെ പ്രദേശത്ത് ഒരു ഗുണ്ടയും ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചത് താങ്കള്‍ തന്നെയല്ലേ എന്ന് അവര്‍ ചോദിച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

റിബൈറോയുടെ പദ്ധതി; കൃത്യമായി നടപ്പിലാക്കി 83 ബാച്ച്    

അധോലോക കുറ്റവാളി മന്യ സര്‍വെയേ കൊലപ്പെടുത്താനുള്ള റിബൈറോയുടെ പദ്ധതി വളരെ കൃത്യമായിതന്നെ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കി. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയരുന്ന കാലമായിരുന്നില്ല അത് എന്നുമാത്രമല്ല കൊടുംക്രിമിനലുകളെ ഇല്ലാതാക്കാന്‍ പോലീസ് നടത്തുന്ന ഏറ്റുമുട്ടലുകളെ പൊതുസമൂഹം സ്വാഗതം ചെയ്യുകയാണുണ്ടായത്. അധോലോക കുറ്റവാളികള്‍ക്ക് കടിഞ്ഞാണിടാന്‍ റിബൈറോ രംഗത്തിറക്കിയ യുവാക്കളായ പോലീസ് ഉദ്യോഗസ്ഥര്‍ വൈകാതെ 'എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റുകള്‍' എന്നറിയപ്പെട്ടു തുടങ്ങി.

placeholder
83 ബാച്ചില്‍പ്പെട്ട പ്രദീപ് ശര്‍മ, വിജയ് സലാസ്‌കര്‍, സച്ചിന്‍ വാസ, രവീന്ദ്ര അങ്‌ഗ്രേ | File Photo

83 ബാച്ചില്‍പ്പെട്ട ആ പോലീസ് ഉദ്യോഗസ്ഥര്‍ മുംബൈയിലെ ഓരോ പോലീസ് സ്‌റ്റേഷനിലും നിയോഗിക്കപ്പെടുന്നത് പോലീസിന്റെ ഏറ്റുമുട്ടല്‍ പദ്ധതിയുടെ ഭാഗമായാണെന്ന് വിലയിരുത്തപ്പെട്ടു. നഗരത്തിലെ തന്ത്രപ്രധാന മേഖലകളില്‍ വിന്യസിക്കപ്പെട്ട ആ ഉദ്യോഗസ്ഥര്‍ അധോലോക കുറ്റവാളികളുടെ നീക്കങ്ങളെപ്പറ്റി പോലീസിന് വിവരം കൈമാറുന്നവരുടെ വലിയ ശൃംഖല കെട്ടിപ്പടുക്കുന്നതിലും അധോലോക സംഘങ്ങളെപ്പറ്റി വലിയ വിവരശേഖരണം നടത്തുന്നതിലും വന്‍ വിജയം കൈവരിച്ചു. വന്‍കിട വ്യവസായികളുടെ ഒത്തുചേരലുകളിലേയ്ക്കും അധോലോക സംഘങ്ങളുമായി ബന്ധമുള്ളവരിലേക്കും പോലീസ് നിയോഗിച്ചവര്‍ നുഴഞ്ഞുകയറി. ഇതോടെ മുംബൈയിലെ കൊടുംക്രമിനലുകള്‍ളെക്കാള്‍ മേല്‍ക്കൈ നേടാന്‍ പോലീസിന് കഴിഞ്ഞു. തുടര്‍ന്ന് നടത്തിയ വലിയ ഏറ്റുമുട്ടലിലൂടെയാണ് ദാവൂദിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന മായ ഡോലസിനെയും അയാളുടെ നാല് കൂട്ടാളികളെയും പോലീസ് ഏറ്റുമുട്ടലില്‍ വധിക്കുന്നത്. 1993-ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്കുശേഷം അധോലോക സംഘങ്ങള്‍ക്കെതിരായ നീക്കം പോലീസ് ശക്തിപ്പെടുത്തി. ഓരോ അധോലോക സംഘത്തെയും ലക്ഷ്യംവച്ച് ഏറ്റുമുട്ടല്‍ വിദഗദ്ധരെ നഗരത്തിലെ പ്രത്യേക ക്രൈംബ്രാഞ്ച് യൂണിറ്റുകളില്‍ വിന്യസിച്ചു. 

പോലീസ് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടം, ആരെയും വധിക്കാം, ആരും ചോദിക്കില്ല

ക്രമിനല്‍ സംഘാംഗങ്ങള്‍ ഓരോരുത്തരായി വെടിയേറ്റുവീണ് തുടങ്ങിയതോടെ 83 ബാച്ചിലെ ഉദ്യോഗസ്ഥര്‍ക്ക് ഇനി ഒന്നും നോക്കാനില്ല എന്ന സ്ഥിതിയായി. നിയന്ത്രിക്കാന്‍ ആരുമില്ലെന്ന സ്ഥിതിവന്നതോടെ മുംബൈ നഗരത്തെ കൊലക്കളമാക്കി പോലീസ് ഉദ്യോഗസ്ഥര്‍തന്നെ അഴിഞ്ഞാടിത്തുടങ്ങി എന്ന വിമര്‍ശനമുയര്‍ന്നു. മിക്ക ഏറ്റുമുട്ടല്‍ കൊലകളെപ്പറ്റിയും അവര്‍ മാധ്യമങ്ങളോട് വിശദീകരിച്ചത് ഒരേ രീതിയിലായിരുന്നു. ''അധോലോക കുറ്റവാളിയെ അറസ്റ്റുചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചു. അതോടെ അയാള്‍ വെടിയുതിര്‍ത്തു. പ്രാണരക്ഷാര്‍ഥം ഞങ്ങള്‍ തിരിച്ചുവെടിവെച്ചതോടെ ആയാള്‍ കൊല്ലപ്പെട്ടു''. ഇതായിരുന്നു വിശദീകരണം. അവര്‍ക്കെതിരേ ആരും ചോദ്യമുന്നയിച്ചില്ല, കാരണം കൊടുംക്രമിനലുകളായ അധോലോക കുറ്റവാളികളെ ജീവന്‍പോലും പണയംവച്ച് നേരിടുന്നവരാണ് അവര്‍ എന്നാണ് വിലയിരുത്തപ്പെട്ടത്. സംഘത്തില്‍പ്പെട്ട പലരും കൊന്നൊടുക്കിയ അധോലോക സംഘാംഗങ്ങളുടെയെണ്ണം 50-ഉം 60-ഉം നൂറും അതിനുമുകളിലും വരെയെത്തി. 500 ഓളം അധോലോക കുറ്റവാളികളെ കൊന്നൊടുക്കിക്കൊണ്ട് 1983-ല്‍ തുടങ്ങിയ ദൗത്യം 2004-05 കാലത്തോടെയാണ് ഏതാണ്ട് അവസാനിക്കുന്നത്. അതിനിടെ കുറ്റവാളികളെ നേരിടാന്‍ നല്‍കിയ അധികാരം പോലീസ് ഉദ്യോഗസ്ഥര്‍ ദുരുപയോഗംചെയ്തു. പലരും അധോലോക സംഘങ്ങളുമായിതന്നെ ചങ്ങാത്തമുണ്ടാക്കുകയും അഴിമതിക്കാരാകുകയും വലിയതോതിലുള്ള ക്രമിനില്‍ പ്രവര്‍ത്തനങ്ങളിലേക്ക് വഴിതിരിയുകയും ചെയ്തു.

placeholder
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രദീപ് ശര്‍മയെ എന്‍ഐഎ അറസ്റ്റു ചെയ്തപ്പോള്‍. File Photo - PTI

83 ബാച്ചില്‍പ്പെട്ട പ്രദീപ് ശര്‍മയെന്ന ഉദ്യോഗസ്ഥന്‍ 113 അധോലോക കുറ്റവാളികളെ ഏറ്റുമുട്ടലില്‍ വധിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്. 300-ലധികം ഏറ്റുമുട്ടല്‍ കൊലകള്‍ക്കുപിന്നില്‍ ശര്‍മയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ അധോലോകത്തെ നേരിടാന്‍ നിയോഗിക്കപ്പെട്ടവരില്‍ ഏറ്റവും കുപ്രസിദ്ധനായ ഒരാളായി ശര്‍മ പിന്നീട് മാറി. ഇയാളെപ്പറ്റി നിറംപിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഏറ്റുമുട്ടലിനുശേഷം യൂണിഫോം ധരിച്ച് സ്വന്തം വീട്ടിലെത്തി സിനിമ കണ്ടശേഷം ഉറങ്ങുക എന്നതായിരുന്നു പതിവ് എന്നതടക്കമുള്ള കഥകളാണ് പ്രചരിച്ചിരുന്നത്. അധോലോക കുറ്റവാളി ദാവൂദുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് 2008-ല്‍ പിരിച്ചുവിടപ്പെട്ടുവെങ്കിലും മഹാരാഷ്ട്രാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍നിന്ന് അനുകൂല വിധി നേടി 2017-ല്‍ സര്‍വീസില്‍ തിരിച്ചെത്തി. അധോലോക ബന്ധത്തിന് പുറമെ വ്യാജ ഏറ്റുമുട്ടല്‍, കസ്റ്റഡി മരണം എന്നിവ സംബന്ധിച്ച ആരോപണങ്ങളും ഇയാള്‍ക്കെതിരേ ഉയര്‍ന്നു. ലഖന്‍ ഭയ്യ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബോംബെ ഹൈക്കേടതി പിന്നീട് ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യുവരിച്ച വിജയ് സലാസ്‌കര്‍ 80 അധോലോക കുറ്റവാളികളെയെങ്കിലും വകവരുത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ദയാ നായക് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഏറ്റുമുട്ടലില്‍ വധിച്ചവരുടെയെണ്ണം 83 ആണ്. വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതോടെ ഇയാള്‍ക്ക് പിന്നീട് നിയമനടപടികള്‍ നേരിടേണ്ടിവന്നു. 90 അധോലോക കുറ്റവാളികളെ കൊലപ്പെടുത്തിയെന്ന് പറയപ്പെടുന്ന പ്രഫുല്‍ ഭോസ്‌ലെ പിന്നീട് കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലാകുകയും നിയമനടപടി നേരിടുകയും ചെയ്തു. സച്ചിന്‍ വാസേ എന്ന ഉദ്യോഗസ്ഥന്‍ 83 അധോലോക കുറ്റവാളികളെ കൊലപ്പെടുത്തിയെന്നാണ് പറയപ്പെടുന്നത്. വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിലും ഈ വാഹനത്തിന്റെ ഉടമയും വ്യവസായിയുമായ മന്‍സുഖ് ഹിരണ്‍ പിന്നീട് കൊല്ലപ്പെട്ട കേസിലും കുറ്റാരോപിതനാണ് വാസെ. പ്രദീപ് ശര്‍മയെക്കെതിരെയും ഈ കേസുകളില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. 51 അധോലോക കുറ്റവാളികളെ കൊലപ്പെടുത്തിയെന്ന് കരുതപ്പെടുന്ന രവീന്ദ്ര അങ്‌ഗ്രേയ്‌ക്കെതിരെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, മുംബൈ അധോലോകത്തെ വരിഞ്ഞുമുറുക്കുന്നതിന് തുടക്കമിട്ട ജൂലിയോ റിബൈറോ പ്രഗത്ഭനായ പോലീസ് ഉദ്യോഗസ്ഥനായിത്തന്നെ സര്‍വീസില്‍ തുടര്‍ന്നു. പിന്നീട് പഞ്ചാബിലും ഗുജറാത്തിലും ഡിജിപിയായും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചു. പഞ്ചാബ് ഡിജിപി ആയിരുന്ന കാലത്ത് സിഖ് ഭീകരര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ പേരിലടക്കം റിബൈറോ പ്രശസ്തിനേടി. റൊമേനിയയിലെ ഇന്ത്യന്‍ സ്ഥാനപതി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറി, പഞ്ചാബ് ഗവര്‍ണറുടെ ഉപദേഷ്ടാവ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. രണ്ടുതവണ അദ്ദേഹം വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടു. Bullet for Bullet; My Life as a Police Officer അദ്ദേഹത്തിന്റെ ആത്മകഥയാണ്.

placeholder

റിബൈറോ തന്നെ പറഞ്ഞു; 'പോലീസിനെ അഴിച്ചുവിട്ടാല്‍ അവര്‍ ക്രിമിനലുകളാകും'

ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തെറ്റാണെന്ന് അറിയാമെങ്കിലും ഒരുകാലത്ത് അത് അനിവാര്യമായിരുന്നു എന്നതിനാലാണ് ഇത്തരം നടപടികള്‍ സ്വീകരിക്കേണ്ടിവന്നതെന്ന് മുംബൈ പോലീസിലെ ഉദ്യോഗസ്ഥര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് മുംബൈ അധോലോകത്തെ തുടച്ചുനീക്കിയത് എന്ന വാദം തെറ്റാണെന്നും വിമര്‍ശകര്‍ കണക്കുകള്‍ നിരത്തി വിശദീകരിച്ചിട്ടുണ്ട്. ദാവൂദ് ഇബ്രാഹീം, ഛോട്ടാ രാജന്‍, അരുണ്‍ ഗാവ്‌ലി, അമര്‍ നായിക് എന്നീ അധോലോക കുറ്റവാളികളുടെ സംഘങ്ങളില്‍പ്പെട്ട 896 പേരെ 90-കളുടെ അവസാനത്തോടെ പോലീസിന് അറസ്റ്റുചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. എ.കെ 47 തോക്കുകളടക്കം 1400-ലധികം തോക്കുകള്‍ പോലീസ് പിടിച്ചെടുത്തു. മക്കോക്ക നിയമപ്രകാരം 212 പേരെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 1290 പേരെയും മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഛോട്ടാ രാജന്‍ അടക്കമുള്ള കുപ്രസിദ്ധ അധോലോക കുറ്റവാളികള്‍ ജയിലിലായി. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കപ്പുറം ഇത്തരം നീക്കങ്ങളാണ് അധോലോകത്തെ തുടച്ചുനീക്കിയതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. പോലീസ് ഏറ്റുമുട്ടലുകളെ പ്രോത്സാഹിപ്പിക്കുന്നത് വലിയ അപകടമാണെന്നും അരെയും കൊല്ലാനുള്ള മൗനാനുവാദം ലഭിക്കുന്നതോടെ പോലീസുകാര്‍ ക്രമിനലുകളായി മാറുമെന്നും ജൂലിയോ റിബൈറോ തന്നെ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. നിരവധി ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അടുത്തിടെ നടന്ന ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും റിബൈറോ ചൂണ്ടിക്കാട്ടിയിരുന്നു. 80കളുടെ തുടക്കത്തില്‍ അധോലോകത്തെ നേരിടാന്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ പിന്നിട് നിരവധി കേസുകളിലും ആരോപണങ്ങളിലും കുടുങ്ങുകയും, മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തു കണ്ടെത്തിയതടക്കമുള്ള അടുത്തിടെ നടന്ന സംഭവങ്ങളില്‍പ്പോലും കുറ്റാരോപിതരാകുകയും ചെയ്തത് ജൂലിയോ റിബൈറോയുടെ വാക്കുകള്‍ അടിവരയിടുന്നതാണ്.