രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ എട്ട് ദിവസങ്ങള്‍. നേപ്പാളിലെ കാഠ്മണ്ഡുവില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കു പറന്ന ഐ.സി 814 ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഭീകരവാദികള്‍ തട്ടിയെടുത്ത് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോയത് 25 വര്‍ഷങ്ങള്‍ക്കുമുമ്പാണ്. 1999 ഡിസംബറില്‍ പാക് ഭീകരര്‍ റാഞ്ചിയ വിമാനം പൈലറ്റ് ആദ്യം അമൃത്സറില്‍ ഇറക്കി. നാടകീയ സംഭവങ്ങള്‍ക്കിടെ പിന്നീട് ലാഹോറിലും ദുബായിലും ഇറങ്ങിയ ശേഷമാണ് കാണ്ഡഹാറില്‍ എത്തിയത്. യാത്രക്കാരില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെങ്കിലും ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കും നയതന്ത്ര നീക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഇന്ത്യന്‍ ജയിലില്‍ ഉണ്ടായിരുന്ന മൂന്ന് കൊടുംഭീകരരെ മോചിപ്പിക്കുകയും പിന്നാലെ വിമാനയാത്രക്കാരുടെ മോചനം സാധ്യമാകുകയും ചെയ്തു. ഉന്നതതല ഇടപെടലുകളിലൂടയാണ് യാത്രക്കാരെ സുരക്ഷിതരായി മോചിപ്പിച്ചതെങ്കിലും അവസാന നിമിഷംവരെ മനസാന്നിധ്യത്തോടെ നിലകൊള്ളുകയും റാഞ്ചികളുടെ നിയന്ത്രണത്തിലായ വിമാനം തകര്‍ന്നുവീഴാതെ സുരക്ഷിതമായി പറത്തുകയും രക്തച്ചൊരിച്ചിൽ ഒഴിവാക്കുകയും ചെയ്തത് വിമാനത്തിന്റെ ക്യാപ്റ്റന്‍ ദേവി ശരണ്‍, കോ-പൈലറ്റ് രജീന്ദര്‍ കുമാര്‍, ഫ്‌ളൈറ്റ് എന്‍ജിനിയര്‍ എ.ജെ ജാഗ്ഗിയ എന്നിവര്‍ അടക്കമുള്ളവരാണ്.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ഇന്ധനം തീര്‍ന്ന വിമാനം പാകിസ്താനിലെ ലാഹോറിന് സമീപം തകര്‍ന്നുവീഴേണ്ടതായിരുന്നു. തകര്‍ന്നുവീണാലും ഞങ്ങള്‍ക്ക് പ്രശ്നമില്ല എന്നായിരുന്നു റാഞ്ചികളുടെ നിലപാട്. തന്ത്രപരവും അതിസാഹസികവുമായ നീക്കത്തിലൂടെയാണ് വിമാനം ലാഹോറില്‍ ഇറക്കാന്‍ അവസാന നിമിഷം പാക് അധികൃതരുടെ അനുമതി ക്യാപ്റ്റന്‍ നേടിയെടുത്തത്. ഈ നീക്കം ഫലംകണ്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ചരിത്രത്തിലെ നടുക്കുന്ന അധ്യായങ്ങളിലൊന്നായ കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ ഒരു വന്‍ വിമാന ദുരന്തമായി മാറിയേനെ. ഉന്നതതല നീക്കങ്ങള്‍ ഫലംകണ്ട അവസാന നിമിഷംവരെ വിമാന റാഞ്ചികളെ ശാന്തരാക്കിയും യാത്രികര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നും അവര്‍ വിമാനത്തില്‍ നിലയുറപ്പിച്ചില്ലായിരുന്നുവെങ്കില്‍ 176 യാത്രക്കാര്‍ക്കും ഒരുപക്ഷെ ഭീകരവാദികളുടെ തോക്കിനുമുന്നില്‍ പിടഞ്ഞുവീഴേണ്ടിവന്നേനെ.

ആ എട്ടു ദിവസം രാജ്യത്തിന്റെ മുഴുവന്‍ നെഞ്ചിടിപ്പ് ഉയര്‍ത്തിയ കാണ്ഡഹാര്‍ വിമാനറാഞ്ചലും 176 യാത്രക്കാരുടെ മോചനം സധ്യമാക്കിയതില്‍ ക്യാപ്റ്റന്‍ അടക്കമുള്ള വിമാന ജീവനക്കാരുടെ നിര്‍ണായക ഇടപെടലുകളുമാണ് ഇത്തവണ Their Story ചര്‍ച്ചചെയ്യുന്നത്.
placeholder
ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തെ താലിബാന്‍ വളഞ്ഞപ്പോള്‍ | File Photo - AFP

അമൃത്സറില്‍ നടക്കാതെപോയ കമാന്‍ഡോ ഓപ്പറേഷന്‍

1999 ഡിസംബര്‍ 24. ആ ദിവസം വൈകീട്ട് നാലിനാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി 814 വിമാനം കാഠ്മണ്ഡുവില്‍നിന്ന് യാത്രതിരിക്കുന്നത്. 40 മിനിറ്റ് പിന്നിട്ടതോടെ റാഞ്ചികളിലൊരാള്‍ കോക്പിറ്റിലേക്ക് കടന്നുവന്നു. മങ്കിക്യാപ്പ് ധരിച്ച് ഒരാള്‍ വരുന്നത് കണ്ടപ്പോള്‍ ആദ്യം തമാശയാണെന്ന് തോന്നിയെന്നും പിന്നീടാണ് അയാളുടെ റിവോള്‍വര്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും പൈലറ്റുമാര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. റാഞ്ചികള്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. വിമാനം പാകിസ്താനിലേക്ക് പറത്തണം എന്നായിരുന്നു അവരുടെ ആവശ്യം. അത് അതേപടി അനുസരിക്കാന്‍ വിമാനത്തിന്റെ ക്യാപ്റ്റന്‍ ശരണ്‍ തയ്യാറായില്ല. വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തിവിട്ട് പറക്കുന്ന സാഹചര്യം ഉണ്ടായിക്കൂടാ എന്ന് അദ്ദേഹം മനസിലുറപ്പിച്ചു. വിമാനത്തില്‍ ഡല്‍ഹിവരെ പറക്കാനുള്ള ഇന്ധനമേയുള്ളൂ, പാകിസ്താനിലെ ലാഹോര്‍വരെ എത്താനാകില്ലെന്ന് അദ്ദേഹം റാഞ്ചികളെ ധരിപ്പിച്ചു. ഇന്ത്യയിലെ ഏതെങ്കിലും വിമാനത്താവളത്തിലിറക്കി ഇന്ധനം നിറയ്‌ക്കേണ്ടിവരും എന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും റാഞ്ചികള്‍ ആദ്യം വിശ്വസിച്ചില്ല. എന്നാല്‍ പിന്നീടവര്‍ വഴങ്ങി. ഇന്ധനം നിറച്ചശേഷം പാകിസ്താനിലേക്ക് പറത്താം എന്ന ക്യാപ്റ്റന്‍ ശരണ്‍ ഉറപ്പുനല്‍കിയതോടെ വിമാനം അമൃത്സറിലിറക്കി ഉടന്‍ ഇന്ധനം നിറച്ചശേഷം പറന്നുയരണം എന്ന് റാഞ്ചികള്‍ നിര്‍ദേശിച്ചു. ഇന്ധനം നിറയ്‌ക്കേണ്ടത് അത്യാവശ്യമായിരുന്നെങ്കിലും ഇന്ത്യന്‍ അധികൃതര്‍ക്ക് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിയുമെങ്കില്‍ അതിനുള്ള സാവകാശം നല്‍കുക എന്നതുകൂടി ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍, അദ്ദേഹം പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. വിമാനത്തിനടുത്തേക്ക് ഇന്ധന ടാങ്കര്‍ എത്തുന്നത് അധികൃതര്‍ വൈകിപ്പിച്ചു. എന്നാല്‍ ഇനി എന്തുചെയ്യണം എന്നതുസംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് ലഭിച്ചില്ല. റാഞ്ചികളെ കീഴ്‌പ്പെടുത്താന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്നതുസംബന്ധിച്ച ഒരു സൂചനയും ആരും കൈമാറിയില്ല. എന്നാല്‍, ഇന്ധനം നിറയ്ക്കാന്‍ വൈകിയതോടെ റാഞ്ചികള്‍ അപകടം മണത്തു. സുരക്ഷാസേന വിമാനത്തിലേക്ക് ഇരച്ചുകയറുമെന്ന് ഭയന്ന ഭീകരര്‍ വിമാനം ഇന്ത്യന്‍ മണ്ണില്‍നിന്ന് ഉടന്‍ പാകിസ്താനിലേക്ക് പറത്തണമെന്ന് നിര്‍ബന്ധിച്ചു. ഈ ആവശ്യം അംഗീകരിക്കാത്തപക്ഷം യാത്രക്കാരെയെല്ലാം വധിക്കുമെന്ന ഭീഷണി അവര്‍ മുഴക്കി. തുടര്‍ന്ന് അവര്‍ ഒരു യാത്രക്കാരന്റെ നെഞ്ചില്‍ കത്തികൊണ്ട് കുത്തി. ഇതോടെ, എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് ഒരു നിര്‍ദേശവും ലഭിക്കാതെതന്നെ വിമാനം ലാഹോറിലേക്ക് പറത്താന്‍ അവര്‍ നിര്‍ബന്ധിതരായി. കരസേനയും പഞ്ചാബ് പോലീസ് കമാന്‍ഡോകളും ഭീകരര്‍ക്കെതിരായ നീക്കത്തിന് ഒരുങ്ങിയിരുന്നുവെന്നും എന്നാല്‍ അപ്പോഴേക്കും റാഞ്ചികള്‍ യാത്രക്കാരെ കൊലപ്പെടുത്താന്‍ തുടങ്ങിയെന്ന വിവരം പുറത്തുവന്നതോടെ പിന്മാറുകയായിരുന്നുവെന്നും സൈനിക ഉദ്യോഗസ്ഥര്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് എന്‍എസ്​ജി കമാന്‍ഡോകള്‍ എത്തുന്നതുവരെ കാത്തുനില്‍ക്കൂ എന്ന സന്ദേശമാണ് അവര്‍ക്ക് ലഭിച്ചത് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus

റണ്‍വേ അടച്ചു; ഇന്ധനം തീര്‍ന്ന വിമാനം എവിടെ ഇറക്കും?

അമൃത്സറില്‍ കമാന്‍ഡോ ഓപ്പറേഷന്‍ നടക്കാതെപോയെങ്കിലും ആ സമയത്ത് വിമാനത്തില്‍ ഇന്ധനം തീരെക്കുറവായിരുന്നു എന്നത് യാഥാര്‍ഥ്യമായിരുന്നു. ഇന്ധനം തീര്‍ന്ന വിമാനത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക ക്യാപ്റ്റന്റെയും സഹപൈലറ്റുമാരുടെയും ഹൃദയമിടിപ്പ് വര്‍ധിപ്പിച്ചു. വിമാനം പാകിസ്താനിലേക്കുതന്നെ പറത്തണമെന്ന് റാഞ്ചികള്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ''ഇന്ത്യയില്‍ മരിച്ചുവീഴാന്‍ ഞങ്ങള്‍ തയ്യാറല്ല, മരിക്കുകയാണെങ്കില്‍ അത് പാക് മണ്ണില്‍വെച്ചുതന്നെ വേണം. വിമാനം ലാഹോറിലേക്ക് പറത്തൂ'' ... റാഞ്ചികള്‍ ആജ്ഞാപിച്ചു. ഇന്ധനം തീരാറായ വിമാനം അദ്ദേഹം പാകിസ്താനിലെ ലാഹോര്‍ ലക്ഷ്യമാക്കി പറത്തിയെങ്കിലും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ് പിന്നീട് ഉണ്ടായത്. വിമാനത്തിന് ലാഹോറില്‍ ഇറങ്ങാന്‍ പാക് അധികൃതര്‍ അനുമതി നല്‍കിയില്ല. അവര്‍ റണ്‍വേ അടച്ചു. വിമാനത്താവളത്തിലെ മുഴുവന്‍ ലൈറ്റുകളുമണച്ചു. വിമാനം ഇറക്കുന്നതിനുള്ള അനുമതി തേടിയെങ്കിലും അനുകൂല പ്രതികരണം ലഭിക്കുന്നില്ല. വിലപ്പെട്ട സമയം നഷ്ടപ്പെടുകയാണ്. ഇന്ധനംതീര്‍ന്ന വിമാനം എങ്ങനെ നിലത്തിറക്കും? വിമാനം അപകടകരമായി ഇടിച്ചിറക്കാന്‍ പോകുകയാണെന്ന് തോന്നിപ്പിക്കുംവിധം ക്യാപ്റ്റന്‍ ദേവി ശരണ്‍ റണ്‍വേയ്ക്കുനേരെ വിമാനം പറത്തി.

placeholder
ക്യാപ്റ്റണ്‍ ദേവി ശരണ്‍ | File Photo - ANI
വിമാനം തകര്‍ന്നുവീണാലും പ്രശ്‌നമില്ല, പാക് മണ്ണില്‍ മരിച്ചുവീഴണമെന്നത് മാത്രമാണ് ആഗ്രഹമെന്ന നിലപാടില്‍ ഉറച്ചുനിന്ന റാഞ്ചികള്‍ യാതൊരു കുലുക്കവുമില്ലാതെ ആ സമയത്തും കോക്ക്പിറ്റിലടക്കം നിലയുറപ്പിച്ചിരുന്നു.

എന്നാല്‍ വിമാനം ഇടിച്ചിറക്കാന്‍ പോവുകയാണെന്ന് ഉറപ്പിച്ച ലാഹോര്‍ വിമാനത്താവള അധികൃതര്‍ അവസാന നിമിഷം ലാന്‍ഡിങ്ങിനുള്ള അനുമതി നല്‍കി. ഇന്ധനം അപ്പോഴേക്കും ഏതാണ്ട് പൂര്‍ണമായും തീര്‍ന്നിരുന്നു. വിമാനം റണ്‍വേ തൊട്ടയുടന്‍ ആദ്യ എന്‍ജിനും തൊട്ടുപിന്നാലെ രണ്ടാമത്തെ എന്‍ജിനും നിലച്ചു.

അത് റണ്‍വേ ആയിരുന്നില്ല, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ക്യാപ്റ്റന്‍ ദേവി ശരണും കോ-പൈലറ്റ് രജീന്ദര്‍ കുമാറും ഫ്‌ളൈറ്റ് എന്‍ജിനിയര്‍ എ.ജെ ജാഗ്ഗിയയും ഒന്നിച്ച് തീരുമാനമെടുത്തശേഷമാണ് വിമാനം ഇടിച്ചിറക്കാന്‍ ശ്രമിക്കുകയും പിന്നിട് ലാന്‍ഡിങ്ങിനുള്ള അനുമതി നേടുകയും ചെയ്തത് എന്നാണ് സംഭവം നടന്നശേഷവും ദീര്‍ഘകാലം കരുതപ്പെട്ടിരുന്നത്. എന്നാല്‍ അത് തന്റെ രഹസ്യ പദ്ധതി ആയിരുന്നുവെന്ന് ക്യാപ്റ്റന്‍ ശരണ്‍ പിന്നീട് വെളിപ്പെടുത്തി. വിമാനറാഞ്ചികള്‍ രണ്ടുപേര്‍ കോക്ക്പിറ്റില്‍ തന്റെ തൊട്ടുപിന്നില്‍ തോക്കേന്തി നിലയുറപ്പിച്ചിരുന്നതിനാല്‍ കോ പൈലറ്റിനോടോ ഫ്‌ളൈറ്റ് എന്‍ജിനീയറോടോ ഒന്നും സംസാരിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. രഹസ്യനീക്കം സംബന്ധിച്ച എന്തെങ്കിലും സൂചന റാഞ്ചികള്‍ക്ക് ലഭിച്ചാല്‍ പൈലറ്റുമാര്‍ അടക്കമുള്ളവര്‍ അവരുടെ തോക്കിനിരയാകുന്ന സാഹചര്യവും നിലനിന്നിരുന്നു. അതിനാല്‍ ആരോടും ആലോചിക്കാതെതന്നെ സാഹസിക നീക്കം നടത്താന്‍ നിര്‍ബന്ധിതനായി എന്നാണ് ഒരു ചടങ്ങില്‍ സംസാരിക്കവെ ക്യാപ്റ്റന്‍ ശരണ്‍ വെളിപ്പെടുത്തിയത്.

ലാന്‍ഡ് ചെയ്യാന്‍ അനുമതി തേടിയതിന് പിന്നാലെ ലാഹോര്‍ വിമാനത്താവളത്തിലെ ലൈറ്റുകള്‍ മുഴുവന്‍ കെടുത്തിയത് വലിയൊരു ദുരന്തത്തിന്റെ വക്കിലേക്കാണ് വിമാനത്തിലെ മുഴുവന്‍പേരെയും നയിച്ചതെന്ന് പിന്നീട് വെളിപ്പെടുത്തിയത് ഫ്‌ളൈറ്റ് എന്‍ജിനിയര്‍ ജാഗ്ഗിയയാണ്. ഇന്ധനം മുഴുവന്‍ തീരാറായ അവസ്ഥയില്‍ വിമാനം എങ്ങനെയും നിലത്തിറക്കുകയല്ലാതെ മറ്റൊരുപോംവഴിയും ക്യാപ്റ്റന്‍ അടക്കമുള്ളവരുടെ മുന്നിലുണ്ടായിരുന്നില്ല. വിമാനത്തിലെ യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ച് അവര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സ്ഥാനം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കൂരിരുട്ടില്‍ റണ്‍വേയെന്ന് തോന്നിയ സ്ഥലത്തേക്ക് വിമാനം താഴ്ന്ന് പറന്ന് സമീപിച്ചുവെങ്കിലും അത് പ്രദേശത്തെ ദേശീയപാത ആയിരുന്നുവെന്ന് അവസാന നിമിഷമാണ് പൈലറ്റുമാര്‍ തിരിച്ചറിഞ്ഞത്. ഉടന്‍തന്നെ വിമാനം ഉയര്‍ന്ന് പറന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണെന്ന് ജാഗ്ഗിയ പിന്നീട് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ശരിയായ റണ്‍വേ തിടുക്കപ്പെട്ട് കണ്ടെത്തിയ പൈലറ്റുമാര്‍ അവിടേയ്ക്ക് വിമാനം പറത്തി. അതിനിടെയാണ് ക്യാപ്റ്റന്‍ ദേവി ശരണ്‍ തന്റെ രഹസ്യ പദ്ധതി നടപ്പാക്കാനുള്ള തീരുമാനമെടുത്തത്. മുഴുവന്‍ യാത്രക്കാരുമായി വിമാനം ഇടിച്ചിറക്കാന്‍ പോകുന്നുവെന്ന പ്രതീതി സൃഷ്ടിച്ചതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എ.ടി.സി) നിന്നുള്ള സന്ദേശം പൈലറ്റുമാര്‍ക്ക് ലഭിച്ചു. റണ്‍വേ തുറന്നിരിക്കുന്നു, സുരക്ഷിതമായി വിമാനമിറക്കാം എന്നതായിരുന്നു ആ സന്ദേശം.

placeholder
വിമാനത്തിന് സമീപത്തുനിന്നുള്ള ദൃശ്യം | AFP

ലാഹോറില്‍നിന്ന് വിമാനം പറന്നുയര്‍ന്നു; എവിടേക്കെന്ന് അറിയില്ല

ലാഹോറില്‍ ഇറക്കിയ വിമാനത്തില്‍ ഇന്ധനം നിറച്ചു. എന്നാല്‍ വിമാനം എത്രയുംവേഗം അവിടെനിന്ന് കൊണ്ടുപോകണമെന്നായിരുന്നു പാക് നിലപാട്. ഇതോടെയാണ് വിമാനം വീണ്ടും പറന്നുയര്‍ന്നത്. എന്നാല്‍ എവിടേയ്ക്കാണ് പോകേണ്ടതെന്ന് ആര്‍ക്കും അറിയില്ല. വിമാനം കാബൂളിലും മസ്‌ക്കറ്റിലും ഇറക്കാന്‍ ശ്രമം നടത്തിയെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല. അപ്പോഴേക്കും അമൃത്സറില്‍വച്ച് കുത്തേറ്റ യാത്രക്കാരന്‍ രക്തംവാര്‍ന്ന് മരിച്ചിരുന്നു. അതിനിടെയാണ് വിമാനം ദുബായ് ലക്ഷ്യമാക്കി പറന്നത്. എന്നാല്‍ റാഞ്ചിയ ഒരു വിമാനം സ്വന്തം മണ്ണില്‍ ഇറക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാട് യു.എ.ഇ അധികൃതരും സ്വീകരിച്ചു. പിന്നീട് ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങളുടെ ഫലമായി മാനുഷിക പരിഗണന മാത്രം മുന്‍നിര്‍ത്തി വിമാനം നിലത്തിറക്കാന്‍ ദുബായ് അനുമതി നല്‍കി. അപ്പോഴേക്കും വിമാനം തട്ടിയെടുക്കപ്പെട്ടിട്ട് ഒന്‍പത് മണിക്കൂര്‍ പിന്നിട്ടിരുന്നു. വിമാനം ഉടന്‍തന്നെ ദുബായില്‍നിന്ന് കൊണ്ടുപോകണമെന്ന് നിര്‍ദേശിച്ച അധികൃതര്‍ ഇന്ധനം നിറയ്ക്കണമെങ്കില്‍ അതിനുമുമ്പ് വിമാനത്തിലുള്ള പ്രായമായവരെയും സ്ത്രീകളെയും രോഗികളെയുമെങ്കിലും വിട്ടയയ്ക്കണമെന്ന കര്‍ശന നിര്‍ദേശം മുന്നോട്ടുവച്ചു. ഇതോടെ 26 യാത്രക്കാരെ റാഞ്ചികള്‍ മോചിപ്പിച്ചു. കുത്തേറ്റ് ജീവന്‍ നഷ്ടമായ യാത്രക്കാരന്റെ മൃതദേഹം വിട്ടുകൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് വിമാനം കാണ്ഡഹാറിലേക്ക് പറക്കുന്നത്.

placeholder
കാണ്ഡഹാര്‍ വിമാനത്താവളത്തില്‍നിന്നുള്ള ദൃശ്യം | AFP

റോക്കറ്റ് ലോഞ്ചര്‍ ഘടിപ്പിച്ച ജീപ്പുകളില്‍ താലിബാന്‍, കമാന്‍ഡോ നീക്കം അസാധ്യം

വിമാനം കാണ്ഡഹാറില്‍ എത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായി. താലിബാന്റെ നിയന്ത്രണത്തിലായിരുന്നു അന്നും അഫ്ഗാനിസ്താന്‍. ഇന്ത്യയുടെ ഭാഗത്തുനിന്ന് കമാന്‍ഡോ ഓപ്പറേഷന്‍ അടക്കമുള്ളവയുടെ സാധ്യത മുന്നില്‍ക്കണ്ട് താലിബാന്‍ വിമാനത്തിന് ചുറ്റും നിലയുറപ്പിച്ചു. താലിബാന്‍ സംഘത്തില്‍പ്പെട്ട ഒരാള്‍ വിമാനറാഞ്ചിയെ അഭിവാദ്യം ചെയ്യുന്നത് കണ്ടതോടെ താന്‍ തീര്‍ത്തും നിരാശനായെന്ന് ക്യാപ്റ്റനടക്കമുള്ളവര്‍ പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. റോക്കറ്റ് ലോഞ്ചറുകള്‍ ഘടിപ്പിച്ച ജീപ്പുകളില്‍ താലിബാന്‍കാര്‍ വിമാനത്തിനുചുറ്റും റോന്തുചുറ്റുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. റാഞ്ചികളുടെ കൈവശം തങ്ങള്‍ കണക്കുകൂട്ടിയതിലധികം ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമുണ്ടെന്നും പ്രകോപനമുണ്ടായാല്‍ വിമാനം സ്‌ഫോടനത്തില്‍ തകര്‍ത്തുകളയാന്‍തന്നെ സാധ്യതയുണ്ടെന്നും ഇന്ത്യന്‍ അധികൃതര്‍ തിരിച്ചറിഞ്ഞത് ഈ സമയത്താണ്. ഇതോടെ, യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ചര്‍ച്ച നടത്തുകയാവും ഉചിതമെന്ന നിലപാടിലേക്ക് ഇന്ത്യ എത്തി.

placeholder
കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം | AFP

'ജീവന്‍ നഷ്ടപ്പെട്ടേക്കാം, എങ്കിലും നമുക്കവരെ നേരിടാം'

എന്നാല്‍ ദിവസങ്ങള്‍ കഴിയുന്നതോടെ വിമാനത്തിനുള്ളിലെ സാഹചര്യവും യാത്രക്കാരുടെ അവസ്ഥയും വളരെ മോശമായിത്തുടങ്ങിയിരുന്നു. യാത്രക്കാരില്‍ മിക്കവരും വളരെയധികം ക്ഷീണിതരായി. ശൗചാലയങ്ങള്‍ വൃത്തിഹീനമായി, വിമാനത്തിനുള്ളില്‍ ദുര്‍ഗന്ധം പരന്നു തുടങ്ങി. അതിനിടെ, പ്രമേഹ രോഗബാധിതനായ ഒരാള്‍ക്ക് അടിയന്തര വൈദ്യസഹായം വേണ്ടിവരികയും അദ്ദേഹത്തെ റാഞ്ചികള്‍ വിട്ടയയ്ക്കുകയും ചെയ്തു. ദിവസങ്ങള്‍ കഴിയുംതോറും ക്ഷമ നശിച്ചുതുടങ്ങിയെന്നും എങ്കിലും ശുഭാപ്തിവിശ്വാസത്തോടെ നിലയുറപ്പിക്കുകയല്ലാതെ മറ്റുമാര്‍ഗമൊന്നും ഉണ്ടായിരുന്നില്ലെന്നും വിമാന ജീവനക്കാര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. അതിനിടെയിലും റാഞ്ചികളുടെ വിശ്വാസം നേടിയെടുക്കുന്നതില്‍ ക്യാപ്റ്റന്‍ വിജയിച്ചിരുന്നു. വിമാനത്തിനുള്ളിലൂടെ നടക്കുന്നതിനും യാത്രക്കാരുമായി സംസാരിക്കുന്നതിനും റാഞ്ചികള്‍ അദ്ദേഹത്തെ അനുവദിച്ചു. ''ഭീകരവാദികള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ടിവരരുത്, ജീവന്‍ നഷ്ടപ്പെട്ടാലും നമുക്കവരെ നേരിടാം'' - ചില യാത്രക്കാര്‍ അതിനിടെ ക്യാപ്റ്റന്‍ ശരണിനോട് പറഞ്ഞു. എന്നാല്‍, കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി അദ്ദേഹം എല്ലാവരെയും പിന്തിരിപ്പിച്ചു. അത്തരത്തിലുള്ള എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ പിടഞ്ഞുവീഴുന്നത് നൂറോളം പേര്‍ ആയിരിക്കുമെന്നും അത്തരം സാഹചര്യം ഒരിക്കലും അനുവദിക്കാനാവില്ലെന്നും ക്യാപ്റ്റന്‍ തറപ്പിച്ചു പറഞ്ഞു. അനുനയ നീക്കങ്ങള്‍ വൈകിയതോടെ വിമാനയാത്രക്കാരെ ഒന്നൊന്നായി വധിക്കുമെന്ന് റാഞ്ചികള്‍ ഭീഷണി മുഴക്കിയെങ്കിലും അതില്‍നിന്ന് പിന്നീടവര്‍ പിന്‍തിരിഞ്ഞു. അതിനിടെ വിമാനയാത്രക്കാരുടെ മോചനം സാധ്യമാക്കേണ്ടതില്‍ ഭരണാധികാരികള്‍ക്കുമേല്‍ സമ്മര്‍ദം ശക്തമായി.

placeholder
ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന് സമീപം താബിബാന്‍ | Reuters

കൊടുംഭീകരര്‍ പുറത്തിറങ്ങി; റാഞ്ചികള്‍ സ്വതന്ത്രരായി പാകിസ്താനിലേക്ക്  

റാഞ്ചികളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 27-ന് വിവേക് കട്ജു, അജിത് ഡോവല്‍, സി.ഡി സാഹേയ് എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘത്തെ നിയോഗിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ കൊടുംഭീകരരായ മൗലാന മസൂദ് അസര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ക്കാര്‍ എന്നിവരെ ഇന്ത്യന്‍ ജയിലുകളില്‍നിന്ന് മോചിപ്പിച്ചു. ഇതോടെ വിമാനത്തിലെ യാത്രക്കാരെ റാഞ്ചികളും മോചിപ്പിച്ചു. റാഞ്ചികള്‍ ആയുധംവെച്ച് കീഴടങ്ങി. എന്നാല്‍ താലിബാന്‍ അവരെ അറസ്റ്റു ചെയ്യുന്നതിനുപകരം പാകിസ്താന്‍ - അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ എത്തിച്ച് സ്വതന്ത്രരായി വിട്ടയച്ചു.

placeholder
ദിവസങ്ങള്‍ക്കുശേഷം യാത്രക്കാരെ മോചിപ്പിച്ചപ്പോള്‍ | Reuter

ഭീകരവാദികള്‍ മോചിപ്പിച്ച വിമാനയാത്രക്കാരുമായി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം 1999 ഡിസംബര്‍ 31-നാണ് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നത്. രാജ്യത്ത് വന്‍ താരപരിവേഷം ലഭിച്ച ക്യാപ്റ്റന്‍ ശരണ്‍ അടക്കമുള്ളവര്‍ക്ക് വന്‍ സ്വീകരണമാണ് അന്ന് ലഭിച്ചത്. പിന്നീട് ഡിസ്‌കവറിലും നാഷണല്‍ ജ്യോഗ്രഫിക് ചാനലും അടക്കമുള്ളവ ഐ.സി-814 റാഞ്ചലിനെപ്പറ്റി ഡോക്യുമെന്ററികള്‍ ചെയ്തിരുന്നു. ക്യാപ്റ്റന്‍ ശരണ്‍ പിന്നീട് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജറായി. ഫ്ളൈറ്റ് എന്‍ജിനിയര്‍ ജാഗ്ഗിയ പിന്നീട് സ്വകാര്യ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചു. വീണ്ടും കാണേണ്ടിവരുമെന്ന് കാണ്ഡഹാറില്‍വച്ച് റാഞ്ചികള്‍ ഭീഷണി മുഴക്കിയിരുന്നുവെന്നും അതിനാല്‍ ഭയം തന്നെ വിട്ടുപിരിയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ആഭ്യന്തര വിമാന സര്‍വീസുകളും അയല്‍രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പൊതുമേഖലയിലുള്ള വിമാനക്കമ്പനിയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് 2005-ല്‍ ഇന്ത്യന്‍ എന്ന് പേരുമാറ്റുകയും 2007-ല്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ എയര്‍ഇന്ത്യയില്‍ ലയിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ ജയിലില്‍നിന്ന് വിട്ടയച്ച കൊടുംഭീകരന്‍ മസൂദ് അസര്‍ പിന്നീട് ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടന രൂപവത്കരിച്ചു. 2001-ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ ഭീകരസംഘടനയാണ്. വിട്ടയച്ച മറ്റൊരു ഭീകരന്‍ ഷെയ്ഖാണ് 2002-ല്‍ അമേരിക്കന്‍ ജേണലിസ്റ്റ് ഡാനിയേല്‍ പേളിനെ വധിച്ചത്. അഞ്ച് വിമാനറാഞ്ചികളും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി പാകിസ്താനില്‍ സ്വതന്ത്രരായി വിഹരിക്കുന്നുവെന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.