
166 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട മുംബൈ ഭീകരാക്രമണം. നിരവധി കുടുംബങ്ങളുടെ കണ്ണീര് ഇനിയും മാഞ്ഞിട്ടില്ല. നികത്താനാകാത്തതാണ് നഷ്ടം. എന്നാല്‍, രാജ്യത്തിന്റെ അഭിമാനമായ സുരക്ഷാസേനകള്‍ സര്‍വശക്തിയുമെടുത്ത് ഭീകരരെ നേരിടുകയും പാകിസ്താനില്‍നിന്നെത്തിയ 10 ഭീകരരില്‍ ഒന്‍പതുപേരെയും വധിക്കുകയും ചെയ്തു. അജ്മല്‍ കസബ് എന്ന കൊടുംഭീകരനെ ജീവനോടെ പിടികൂടി. എ.കെ. 47 തോക്കുമായി കണ്ണില്‍കണ്ടവരെയെല്ലാം തലങ്ങും വിലങ്ങും കൊന്നൊടുക്കിക്കൊണ്ടിരുന്ന കസബിനെ മുംബൈ പോലീസിലെ 16-അംഗ സംഘം പിടികൂടിയത് അതിസാഹസികമായാണ്. ഭീകരനെ കീഴടക്കിയ തുക്കാറാം ഓംബ്ലെ എന്ന പോലീസുകാരന് വീരമൃത്യു വരിച്ചു. കസബിനെ പിടികൂടിയ ആ 16 പോലീസ് ഉദ്യോഗസ്ഥര്‍ ജീവന്‍പോലും വകവയ്ക്കാതെ നടത്തിയ നീക്കങ്ങളാണ് ഇത്തവണ Their Story ചര്‍ച്ച ചെയ്യുന്നത്.

സ്കോഡ കാര്‍ വരുന്നു, തടയണമെന്ന് നിര്‍ദേശം
2008 നവംബര്‍ 26. സൗത്ത് മുംബൈയില്‍ ചിലര്‍ നിരത്തിലിറങ്ങി തലങ്ങും വിലങ്ങും വെടിവെപ്പ് നടത്തുന്നുവെന്ന വാര്‍ത്തകള്‍ ഡി.ബി. മാര്‍ഗ് പോലീസ് സ്റ്റേഷനിലുമെത്തി. നഗരത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യമൊന്നും വ്യക്തത ഉണ്ടായിരുന്നില്ല. എങ്കിലും എന്തിനും സന്നദ്ധരായിരിക്കണമെന്ന നിര്‍ദേശം അവര്‍ക്ക് ലഭിച്ചു. ചെറുസംഘങ്ങളായി പോലീസ് ഉദ്യോഗസ്ഥരെ ഓരോരോ പ്രദേശത്ത് നിയോഗിക്കുകയുംചെയ്തു. നിയോഗിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് പോകുന്നതിനിടെയാണ് ആയുധധാരികളായ ഭീകരര്‍ ബോംബുകളും ഗ്രനേഡുകളും ഓട്ടോമാറ്റിക് തോക്കുകളുമായി നരിമാന് ഹൗസ്, കൊളാബ, ഛത്രപതി ശിവജി മഹാരാജ് റെയില്‍വേ സ്റ്റേഷന്, താജ്, ട്രൈഡന്റ് ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ കൂട്ടക്കൊല നടത്തുന്നുവെന്ന സന്ദേശം വയര്‍ലെസിലൂടെ അവര്‍ക്ക് ലഭിക്കുന്നത്. വന്‍ഭീകരാക്രമണം നേരിടാനാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നതിന്റെ സൂചന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത് അപ്പോഴാണ്.
രാത്രി 12.15-ന് ആ സന്ദേശം ഡി.ബി. മാര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി. ഗിര്‍ഗാവ് ചൗപ്പട്ടി ഭാഗത്തേക്ക് സംശയകരമായ സാഹചര്യത്തില്‍ ഒരു സ്കോഡ കാര്‍ വരുന്നു. ഒരു നഗരം മുഴുവന്‍ ഭയത്തിന്റെ മുള്മുനയില്നില്ക്കുമ്പോഴാണിത്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. എന്തും നേരിടുന്നതിന് തയ്യാറെടുത്ത് ഡി.ബി. മാര്‍ഗ് പോലീസ് സ്റ്റേഷനില്‍നിന്ന് എ.പി.ഐ. ഹേമന്ദ് ഭാവ്ധന്കറുടെ നേതൃത്വത്തില്‍ 16 അംഗ സംഘം ഗിര്‍ഗാവ് ചൗപ്പട്ടി ഭാഗത്തേക്ക് നീങ്ങുന്നു. തുക്കാറാം ഓംബ്ലൈ, ഭാസ്കര്‍ കദം, സഞ്ജയ് ഗോവില്‍ക്കര്‍ എന്നിവരടക്കം ഉള്‍പ്പെട്ടതായിരുന്നു ആ സംഘം.

| Mathrubhumi archives
തോക്കില്ല, ഭീകരരെ നേരിടാനിറങ്ങുന്നത് യൂണിഫോമിന്റെമാത്രം ബലത്തില്‍
പോലീസ് സംഘത്തില്‍ 16 പേര് ഉണ്ടായിരുന്നുവെങ്കിലും തോക്കുണ്ടായിരുന്നത് ചിലരുടെ കൈവശം മാത്രം. ധരിച്ചിട്ടുള്ള കാക്കി യൂണിഫോമിന്റെ ബലത്തിലാണ് ഏത് ഭീകരനും വരട്ടെ നേരിടാം എന്നുറപ്പിച്ച് ഇറങ്ങിപ്പുറപ്പെട്ടതെന്ന് സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. യൂണിഫോം ധരിക്കുമ്പോള്തന്നെ മനസ്സിൽനിന്ന് ഭീതി അകലും. എന്തിനെയും നേരിടാനുള്ള ചങ്കൂറ്റം ലഭിക്കും. മുംബൈ പോലെയുള്ള ഒരു നഗരത്തില്‍ ഏത് പ്രതികൂല സാഹചര്യത്തില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടാലും ഇറങ്ങിത്തിരിക്കുന്നത് യൂണിഫോമിന്റെ ബലത്തില്‍ മാത്രമാണ്. കസബിനെ നേരിടാന്‍ ഇറങ്ങിത്തിരിച്ചതും ആ മനോബലം ഒന്നുകൊണ്ട് മാത്രമാണെന്നും ആ ഉദ്യമത്തില്‍ വിജയിച്ചതില്‍ അഭിമാനം കൊള്ളുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.
റോഡിലെ പോലീസ് ചെക്ക്പോയിന്റില്‍ സംഘം നിലയുറപ്പിച്ച് ഏറെ വൈകാതെതന്നെ ആ സ്കോഡ കാര്‍ ചീറിപ്പാഞ്ഞെത്തി. കാറിന്റെ ഹെഡ്ലൈറ്റില്‍നിന്നുള്ള തീവ്രതയേറിയ പ്രകാശമടിച്ച് അല്പനേരം പോലീസ് ഉദ്യോഗസ്ഥരുടെ കാഴ്ച തടസ്സപ്പെട്ടു. റോഡില്‍ ബാരിക്കേഡുകള്‍ നിരത്തിയിരുന്നതിനാല്‍ അതുവഴി കടന്നുപോകാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി കാറിലുണ്ടായിരുന്നവര്‍ അതിവേഗം കാര്‍ വെട്ടിത്തിരിക്കാന് ശ്രമിച്ചു. ആ ശ്രമം വിജയിച്ചില്ല. ഡിവൈഡറിലിടിച്ച് കാര്‍ നിന്നു. മുംബൈ ഭീകരാക്രമണത്തിനിടെ പോലീസ് ജീവനോടെ പിടികൂടിയ അജ്മല്‍ കസബ്, അയാള്‍ക്കൊപ്പം പാകിസ്താനില്‍ നിന്നെത്തിയ മറ്റൊരു ഭീകരന് അബു ഇസ്മയില്‍ എന്നിവര്‍ ആയിരുന്നു അവര്‍ തട്ടിയെടുത്ത കാറിനുള്ളില്‍. ഹേമന്ദ് ഭാവ്ധന്കര്, ഭാസ്കര്‍ കദം എന്നിവര്‍ ചെക്ക്പോയിന്റിലെ തൂണിന് പിന്നിലും തുക്കാറാം ഓംബ്ലെയും സഞ്ജയ് ഗോവില്‍ക്കറും സ്കോഡ കാറിന് എതിര്‍വശത്തും നിലയുറപ്പിച്ചു. കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിന്നയുടന് കസബിനൊപ്പമുണ്ടായിരുന്ന ഭീകരനായ അബു ഇസ്മയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ തുരുതുരാ വെടിയുതിര്‍ത്ത് തുടങ്ങി. തയ്യാറെടുത്തുനിന്ന ഭാവ്ധന്കറും ഭാസ്കര്‍ കദമും ഒരു നിമിഷംപോലും പാഴാക്കാതെ തിരിച്ചടിച്ചതോടെ അബു ഇസ്മയിലെന്ന ഭീകരന്റെ ശരീരത്തില്‍ നിരവധി വെടിയുണ്ടകള്‍ തുളച്ചുകയറി. ഒരു നിമിഷംപോലും പാഴാക്കാതെ പോലീസ് ഉദ്യോഗസ്ഥര്‍ ആ ഭീകരനെ വധിച്ചു.
തുക്കാറാം ഓംബ്ലെയുടെ ജീവത്യാഗം; കസബ് വലയിലായി
ഇതോടെ കാറില്‍ ഒപ്പമുണ്ടായിരുന്ന കസബ് കൈകളുയര്‍ത്തി. ഭയന്നുവിറച്ച ഭീകരന് കൈകളുയര്‍ത്തി പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ ഒരുങ്ങുകയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ ധരിച്ചത്. എന്നാല്‍, കൊടുംഭീകരന് ചതിപ്രയോഗത്തിന് ഒരുങ്ങിയതാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത് പിന്നീടാണ്. കൈകളുയര്‍ത്തി കാറില്‍നിന്നിറങ്ങിയ കസബിനെ പോലീസ് ഉദ്യോഗസ്ഥര്‍ വളയാന്‍ തുടങ്ങിയതിന് തൊട്ടുപിന്നാലെ അയാള്‍ ജാക്കറ്റിനുള്ളില്‍നിന്ന് എ.കെ 47 തോക്ക് വലിച്ചെടുത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഒരു നിമിഷം പോലും പാഴാക്കാതെ കസബിനുമേല്‍ ചാടിവീണ് അയാളെ കീഴ്പ്പെടുത്തിയത് തുക്കാറാം ഓംബ്ലെ എന്ന പോലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെയ ശരീരത്തില്‍ നിരവധി വെടിയുണ്ടകള്‍ പതിച്ചു. ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ക്കും വെടിയേറ്റു.
എല്ലാവരും സ്തബ്ധരായിനിന്ന നിമിഷങ്ങള്‍. ലാത്തി മാത്രമാണ് പലരുടെയും കൈവശമുള്ളത്. തോക്കുള്ളത് സംഘത്തിലുള്ള ചില ഉന്നത ഉദ്യോഗസ്ഥരുടെ കൈവശം മാത്രം. എന്നാല്‍, ഭയന്ന് പിന്മാറാന് ആരും തയ്യാറായില്ല. കസബിനെ ഓംബ്ലെ കീഴടക്കിയ ഉടന്‍തന്നെ മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അയാളുടെ കൈവശമുണ്ടായിരുന്ന എ.കെ. 47 പിടിച്ചുവാങ്ങുകയും സര്‍വശക്തിയുമെടുത്ത് അയാളെ നിലത്തിട്ട് മര്‍ദിക്കുകയുംചെയ്തു. സഹപ്രവര്‍ത്തകന്റെ ജീവനെടുത്ത, ഇനിയും നിരപരാധികളായ നിരവധി പേരുടെ ജീവനെടുക്കാന്‍ സാധ്യതയുള്ള കൊടുംഭികരനാണ് മുന്നിലുള്ളതെങ്കിലും സുപ്രധാന കേസ് തെളിയിക്കാന്‍ പ്രതികള്‍ ജീവനോടെയുണ്ടാകണം എന്നത് അത്യാവശ്യമാണ് എന്ന ചിന്ത മനസ്സില്‍ വന്നതോടെയാണ് അയാളെ ക്രൂരമായി മര്‍ദിക്കുന്നതില്‍നിന്ന് പിന്മാറിയതെന്ന് ധീരന്മാരായ ആ പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. 16 അംഗ പോലീസ് സംഘത്തിന്റെ ധീരതയും മനസ്സാന്നിധ്യവുംകൊണ്ട് മാത്രമാണ് കസബ് എന്ന ഭീകരനെ ജീവനോടെ പിടികൂടാന്‍ കഴിഞ്ഞത്. എന്നാല്‍, തുക്കാറാം ഓബ്ലെ എന്ന ധീരനായ പോലീസ് ഉദ്യോഗസ്ഥന് ആ ദൗത്യം വിജയം കാണുന്നതിനുവേണ്ടി ജീവത്യാഗം ചെയ്യേണ്ടിവന്നു. ആ 16 അംഗ സംഘത്തില്‍ അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ കസബിനെ ജീവനോടെ പിടികൂടാന്‍ കഴിയുമായിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തറപ്പിച്ചുപറയുന്നു.

അശോകചക്രം സമ്മാനിച്ച് രാജ്യം; കുടുംബത്തെ ചേര്‍ത്തുപിടിച്ച് ജനങ്ങള്‍
തുക്കാറാം ഓംബ്ലെയ്ക്ക് പിന്നീട് മരണാനന്തര ബഹുമതിയായി അശോകചക്രം നല്കി രാജ്യം ആദരിച്ചു. കസബിനെ പിടികൂടിയ പോലീസ് സംഘത്തില്‍പ്പെട്ടവര്‍ അടക്കമുള്ളവര്‍ക്ക് പിന്നീട് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ഉള്‍പ്പെടെയുള്ള അംഗീകാരങ്ങളും സ്ഥാനക്കയറ്റം അടക്കമുള്ളവയും ലഭിച്ചു. പിടിയിലാകുന്നതിനുമുമ്പ് മുംബൈയിലെ കാമാ ഹോസ്പിറ്റലില്‍ ഭീതി വിതച്ച കസബിനെയും അബു ഇസ്മായിലിനെയും നേരിട്ട ഐ.പി.എസ്. ഉദ്യോഗസ്ഥന് സദാനന്ദ് വസന്ത് ദത്തെ പിന്നിട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.)യുടെ തലവനായി. കസബിനും ഇസ്മയിലിനും അനങ്ങാന്‍പോലും കഴിയാത്തവിധം അവര്‍ക്കുനേരെ ദീര്‍ഘനേരം പ്രത്യാക്രമണം നടത്തുന്നതിനിടെയാണ് ആശുപത്രിയില്‍ ബന്ദികളാക്കപ്പെട്ട നിരവധി പേരെ സുരക്ഷാ സൈനികര്‍ക്ക് മോചിപ്പിക്കാനായത്. ഭീകരരുടെ വെടിവെപ്പിലും ഗ്രനേഡ് ആക്രമണത്തിനും പരിക്കേറ്റ അദ്ദേഹം അബോധാവസ്ഥയിലാകുംവരെ ഭീകരരെ പ്രതിരോധിച്ചു.
കസബിന്റെയും ഇസ്മയിലിന്റെയും മനോവിര്യം ചോര്‍ത്തിയ ദത്തെയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നടപടിയാണ് പിന്നീട് അയാള്‍ പോലീസിന്റെ പിടിയിലാകുന്നതിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. തുക്കാറാം ഓംബ്ലെയുടെ സ്മാരകം ഗിര്‍ഗാവ് ചൗപ്പട്ടി ജംഗ്ഷനില്‍ സ്ഥാപിക്കപ്പെട്ടു. കരസേനയുടെ സിഗ്നല്‍ കോര്‍പ്സില്‍ ജോലി ചെയ്ത ശേഷമാണ് അദ്ദേഹം മുംബൈ പോലീസിലെത്തുന്നത്. ഭാര്യയും നാല് പെണ്‍കുട്ടികളും ഉള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ഓംബ്ലെയുടെ മരണത്തിനു ശേഷം സാധാരണ ജനങ്ങളില്‍നിന്ന് വലിയ സ്നേഹവും പിന്തുണയുമാണ് ലഭിക്കുന്നതെന്ന് കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ദീപാവലി അടക്കമുള്ള ഉത്സവസമയങ്ങളില്‍ നിരവധി പേര് മധുരപലഹാരങ്ങളും സമ്മാനങ്ങളുമായി അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്താറുണ്ട്. മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട 18 സുരക്ഷാ സൈനികരുടെ കുടുംബങ്ങള്‍ക്കും പെട്രോള്‍ പമ്പുകളും സി.എന്‍.ജി. സ്റ്റേഷനുകളും അനുവദിക്കുമെന്ന് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അന്നത്തെ കേന്ദ്രമന്ത്രി പി. ചിദംബരമാണ് ഓംബ്ലെയുടെ കുടുംബത്തിന് പെട്രോള്‍ പമ്പ് കൈമാറിയത്.

ലോകം നടുങ്ങിയ ചിത്രങ്ങള്‍; നിര്‍ണായക തെളിവ് നല്കിയതും അവര്‍
ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് തുറന്നുകാട്ടുന്നതില്‍ രാജ്യത്തെ സുരക്ഷാ സൈന്യം മാത്രമല്ല, രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ വഹിച്ച പങ്കും വിസ്മരിക്കാനാകാത്തതാണ്. ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫര്‍ ശ്രീറാം വെര്ണേകാര്, മുംബൈ മിറര്‍ ഫോട്ടോ എഡിറ്റര്‍ സെബാസ്റ്റ്യൻ ഡിസൂസ എന്നിവര്‍ ആയിരുന്നു അവര്‍. മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണയ്ക്കിടെ സുപ്രീം കോടതി ഇരുവരെയും പ്രശംസിച്ചിരുന്നു. 'അസാമാന്യ ധൈര്യവും മനസാന്നിധ്യവും പ്രകടിപ്പിച്ച ഇരുവരും സുപ്രധാന സംഭവങ്ങള്‍ക്ക് ദൃക്സാക്ഷികളായി എന്നുമാത്രമല്ല നിര്‍ണായക തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. സ്വന്തം സുരക്ഷപോലും അവഗണിച്ചാണ് ഇരുവരും കൊലയാളികളെ പിന്തുടരുകയും പിന്നീട് നിര്‍ണായക തെളിവുകളായ മാറിയ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തത്' - സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഭീകരാക്രമണം ഉണ്ടായ സമയത്ത് ഛത്രപതി ശിവജി ടെര്‍മിനസിന് എതിര്‍വശത്തുള്ള ടൈംസ് ഓഫ് ഇന്ത്യ ഓഫീസിലാണ് ശ്രീറാം വെര്ണേകര് ഉണ്ടായിരുന്നത്. വെടിയൊച്ചകള്‍ കേട്ടയുടന്‍ അദ്ദേഹം ക്യാമറയുമായി പുറത്തിറങ്ങി ഭീകരരുടെ ചിത്രങ്ങള്‍ പകര്‍ത്തി. പിന്നീട് ഓഫീസില്‍ തിരിച്ചെത്തിയ അദ്ദേഹം രണ്ടാം നിലയില്‍നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്നത് തുടര്‍ന്നു. ക്യാമറയുടെ ഫ്ളാഷ് കണ്ട് ഭീകരര്‍ അദ്ദേഹത്തിനുനേരെ വെടിയുതിര്‍ക്കുന്നതുവരെ അദ്ദേഹം ചിത്രങ്ങളെടുക്കുന്നത് തുടര്‍ന്നു. നിര്‍ത്തിയിട്ടിരുന്ന തീവണ്ടി കോച്ചിനുള്ളില്‍ ഒളിച്ചിരുന്നാണ് കസബിന്റെ ചിത്രങ്ങള്‍ സെബാസ്റ്റ്യൻ ഡിസൂസ പകര്‍ത്തിയത്. തീവണ്ടി കോച്ചിനുള്ളില്‍ ഏറെനേരം കാത്തിരുന്ന ശേഷമാണ് എ.കെ. 47 തോക്കുമായി നടന്നുനീങ്ങുന്ന കസബിന്റെ ചിത്രം പകര്ത്താനായതെന്ന് ഡിസൂസ പറഞ്ഞിട്ടുണ്ട്. ഫോട്ടോ പകര്‍ത്തുന്നത് ഭീകരര്‍ കാണുകയും തന്നെ വധിക്കുകയും ചെയ്യുമെന്ന ആശങ്ക മനസ്സിലുണ്ടായിരുന്നുവെങ്കിലും ആ ഫോട്ടോയ്ക്കുവേണ്ടി ഏറെനേരം കാത്തിരിക്കേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഭീകരാക്രമണത്തിനിടെ കാലില്‍ വെടിയേറ്റ ദേവിക റൊതാവന് എന്ന പെണ്‍കുട്ടിയടക്കം കോടതിയില്‍ കസബിനെതിരെ സാക്ഷിമൊഴി നല്‍കിയിരുന്നു. അന്ന് 11 വയസ് മാത്രം പ്രായമുണ്ടായിരുന്ന ദേവിക ആയിരുന്നു കേസിലെ ഏറ്റവും പ്രായം കുറഞ്ഞ സാക്ഷി.

വീരമൃത്യു വരിച്ചത് സന്ദീപ് അടക്കം 18 സുരക്ഷാസേനാംഗങ്ങള്‍
2008 നവംബര്‍ 26-ന് പാകിസ്താനില്‍നിന്ന് കടല്‍മാര്‍ഗം മുംബൈയിലെത്തിയ ലഷ്കറെ തൊയ്ബ ഭീകരര്‍ 60 മണിക്കൂറോളമാണ് അഴിഞ്ഞാട്ടം നടത്തിയത്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, ഒബറോയ് ട്രൈഡന്റ്, താജ്മഹല്‍ ഹോട്ടലുകള്‍, ലിയോപോള്‍ഡ് കഫേ, കാമാ ഹോസ്പിറ്റല്‍, നരിമാന് ഹൗസ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഭീകരര്‍ കൂട്ടക്കുരുതി നടത്തിയത്. ഭീകരര്‍ കൊന്നൊടുക്കിയ 166 ഇന്ത്യക്കാരില്‍ തുക്കാറാം ഓംബ്ലെയ്ക്ക് പുറമെ 18 സുരക്ഷാ സേനാംഗങ്ങളും ഉള്‍പ്പെട്ടിരുന്നു. മുംബൈ തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവനായിരുന്ന ഹേമന്ദ് കര്‍ക്കറെ, മലയാളിയായ ആര്‍മി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്, മുംബൈ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ അശോക് കാംതെ, സീനിയര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വിജയ് സലാസ്കര്‍ എന്നിവർ ഭീകരരെ നേരിട്ട് വീരമൃത്യുവരിച്ച സുരക്ഷാ സേനാംഗങ്ങളാണ്.

ഭീകരവാദികള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്കുന്നതില് പാകിസ്താന്റെ പങ്ക് ലോകത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത് കസബിനെ ജീനോടെ പിടികൂടി വിചാരണചെയ്യാനും പിന്നീട് 2012 നവംബര്‍ 21-ന് തൂക്കിലേറ്റാനും കഴിഞ്ഞതോടെയാണ്. അതുമാത്രമല്ല, കസബിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ഭീകരരുടെ പദ്ധതി സംബന്ധിച്ച വ്യക്തമായ വിവരം പോലീസിന് ലഭിച്ചത്. എത്ര ഭീകരര്‍ എത്തിയിട്ടുണ്ടെന്നും അവരുടെ കൈവശം എന്തൊക്കെ ആയുധങ്ങളുണ്ടെന്നും എത്രത്തോളം സ്ഫോടകവസ്തുക്കള്‍ ഉണ്ടെന്നതും അടക്കമുള്ള സുപ്രധാന വിവരങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ലഭിച്ചത് കസബിനെ ചോദ്യം ചെയ്തതില്‍നിന്നാണ്. ഭീകരവാദികളെ വളഞ്ഞ് അവന് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനും ഒന്‍പതു പേരെയും കൊന്നൊടുക്കി രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും കസബില്നിന്ന് ലഭിച്ച വിവരങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചു. ആ വിവരങ്ങള്‍ ലഭിച്ചില്ലായിരുന്നെങ്കില്‍ മുംബൈയില്‍ എത്രത്തോളം സാധാരണക്കാര്‍ ഭീകരവാദികളുടെ തോക്കിനിരയാകുമെന്ന കാര്യം സങ്കല്‍പ്പിക്കാന്‍പോലും കഴിയുമായിരുന്നില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.





Content Highlights: Their Story Tukaram Omble Mumbai terror attack ajmal Kasab Social
Published: 02 Jul 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented