ഷാർജ : സൂഖ് അൽ ജുബൈൽ ഈന്തപ്പഴ മേളയുടെ പതിനൊന്നാം പതിപ്പ് 11.31 ലക്ഷത്തിലേറെ സന്ദർശകരെ ആകർഷിച്ചതായി അധികൃതർ അറിയിച്ചു. മൂന്ന് മാസത്തോളമാണ് മേള നീണ്ടുനിന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വിവിധതരം ഈന്തപ്പഴങ്ങൾ, സീസണൽ ഉത്പന്നങ്ങൾ എന്നിവ മേളയിലുണ്ടായിരുന്നു.
പ്രാദേശിക കർഷകരെയും വ്യാപാരികളെയും പ്രോത്സാഹിപ്പിക്കുന്നതിലും ഈന്തപ്പഴ വൈവിധ്യങ്ങൾ പ്രദർശിപ്പിക്കുന്നതിലും മേള മികച്ച സംഭാവനകൾ നൽകി. ഷോപ്പിങ് പ്രേമികൾക്ക് വിപുലമായ തിരഞ്ഞെടുപ്പുകളാണ് മേള നൽകിയത്.
ഈന്തപ്പഴ സീസണിൽ പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങാനെത്തുന്നവർക്ക് സൂഖ് അൽ ജുബൈൽ പ്രധാന കേന്ദ്രമാണെന്ന് ഷാർജ മാർക്കറ്റ്‌സ് സീനിയർ മാനേജർ അബ്ദുല്ല അൽ ഷംസി പറഞ്ഞു. വ്യത്യസ്ത ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിലും പ്രാദേശിക വ്യാപാരികൾക്ക് കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാനുള്ള അവസരങ്ങൾ ഒരുക്കുന്നതിലുമാണ് മേള ശ്രദ്ധകേന്ദ്രീകരിച്ചത്. ഇതിലൂടെ വാണിജ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും സന്ദർശകരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്താനുമായി. കാർഷിക-ഭക്ഷ്യ ഉത്പന്ന സീസണുകളോട് അനുബന്ധിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പരിപാടികൾക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്നത്. എമിറേറ്റിലെ പ്രധാന വാണിജ്യ - സാമൂഹിക കേന്ദ്രമെന്ന നിലയിലെ സൂഖിന്റെ പ്രാധാന്യമാണ് ജനപങ്കാളിത്തത്തിൽ വ്യക്തമാകുന്നത്- അബ്ദുല്ല അൽ ഷംസി പറഞ്ഞു.
ഈ വർഷം ആദ്യപകുതിയിൽമാത്രമായി 20 ലക്ഷത്തിലേറെ ആളുകൾ സൂഖ് അൽ ജുബൈൽ സന്ദർശിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ, വിപുലമായ തിരഞ്ഞെടുപ്പുകൾ, സംയോജിത സേവനങ്ങൾ എന്നിവയിലൂടെയാണ് സൂഖ് ജനപ്രിയമാകുന്നത്. പാരമ്പര്യവും ആധുനികതയും സമന്വയിക്കുന്ന ഷോപ്പിങ് രീതികളും ഒട്ടേറെപ്പേരെ ആകർഷിക്കുന്നുണ്ട്.
സൗകര്യങ്ങളുടെയും സേവനങ്ങളുടെയും കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രവർത്തന രീതികൾ മെച്ചപ്പെടുത്തുന്നതിനും സന്ദർശകർക്ക് മികച്ച അനുവഭങ്ങൾ നൽകുന്നതിലും ലക്ഷ്യമിട്ടാണ് വിവിധ വികസനപദ്ധതികൾ നടപ്പാക്കുന്നത്. വാണിജ്യ പ്രവർത്തനങ്ങളെയും ഭക്ഷ്യ സുരക്ഷയെയും പിന്തുണയ്ക്കുന്നതിലും മുൻനിര ഷോപ്പിങ് കേന്ദ്രമെന്ന നിലയിലെ സ്ഥാനം ഉയർത്തുന്നതിനും മുൻഗണന നൽകുന്നത് തുടരുകയാണ്.
Published: 26 Sept 2026, 01:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented