ലക്ഷങ്ങൾ മുടക്കിയത് മാലിന്യം സൂക്ഷിക്കാനോ
കൊടുമൺ : ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കൊടുമൺ വഴിയിടം-വഴിയോരവിശ്രമകേന്ദ്രത്തിൽ (ടേക്ക് എ ബ്രേക്ക് ) യാത്രക്കാർക്ക് പ്രവേശനം ഇല്ല. പകരം മാലിന്യംനിറഞ്ഞ ചാക്കുകെട്ടുകളും തെരുവുപട്ടികളും ഇവിടെ കൈയടക്കിയിരിക്കുകയാണ്. ഏഴംകുളം-കെെപ്പട്ടൂർ റോഡിനോട് ചേർന്ന് കൊടുമൺ സ്റ്റേഡിയത്തിന്
തെക്കുവശത്തായി അഞ്ചുവർഷം മുമ്പാണ് ലക്ഷങ്ങൾ മുടക്കി വഴി ടേക്ക് എ ബ്രേക്ക് പണി കഴിച്ചത്.
ഉദ്ഘാടനം രണ്ട് : പക്ഷേ, അടഞ്ഞുതന്നെ
വഴിയിടത്തിന്റെ ഉദ്ഘാടനം രണ്ടുവട്ടം കഴിഞ്ഞു. എന്നിട്ടും അടഞ്ഞുതന്നെ. പണി പൂർത്തിയായപ്പോൾ ഉദ്ഘാടനവും നടന്നിരുന്നു. അഞ്ച് വർഷവും അടഞ്ഞുതന്നെ കിടന്നു. കഴിഞ്ഞവർഷവും ഒരു ഉദ്ഘാടനം നടന്നു. പക്ഷേ, ഇത്രയും നാളായിട്ടും യാത്രക്കാർക്കായി തുറന്നുകൊടുത്തില്ല. വഴിയിടം ഇനി എല്ലാദിവസവും യാത്രക്കാർക്കായി തുറന്ന് കൊടുക്കുമെന്ന് കഴിഞ്ഞവർഷം അന്നത്തെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ പറഞ്ഞിരുന്നു. പക്ഷേ, നടപ്പായില്ല.
ജില്ലയിൽ ആദ്യമായി പണിത വഴിയിടങ്ങളിൽ ഒന്നാണ് കൊടുമൺ സ്റ്റേഡിയത്തിന് തെക്കുവശത്തുളളത്. കെ.എൻ. ബാലഗോപാൽ രാജ്യസഭ എം.പി. ആയിരിക്കേ അദ്ദേഹത്തിന്റെ പ്രാദേശിക വികസനഫണ്ടിൽ അഞ്ചുവർഷം മുമ്പ് ലക്ഷങ്ങൾ മുടക്കി പണിതതാണ് വഴിയിടം-ടേക്ക് എ ബ്രേക്ക്.
മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഇവ നിർമിച്ചത്. വളരെ തിരക്കുള്ള ഏഴംകുളം-കൈപ്പട്ടൂർ റോഡിന് അരികിലായി പണിത വഴിയിടം ശബരിമല തീർഥാടകർക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ്.
യാത്രക്കാർക്കുള്ള ഇരിപ്പിടം, കുടിവെള്ളം, ശൗചാലയം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട് .
ഇപ്പോൾ വീടുകളിൽനിന്നും ശേഖരിച്ചു കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വഴിയിടത്തിന്റെ വരാന്തയിൽ അടുക്കി വെച്ചിട്ടുണ്ട്. തെരുവുപട്ടികൾ ഇവിടെ കൈയടക്കിയിരിക്കുകയാണ്.
ഇതിന്റെ ചുറ്റുപാടും കാടുപിടിച്ച് വൃത്തികേടായി കിടക്കുകയാണ്. ഏഴംകുളം-കൈപ്പട്ടൂർ റോഡ് അന്താരാഷ്ട്രനിലവാരത്തിൽ വികസിപ്പിച്ചിരിക്കുകയാണ്.
കന്യാകുമാരി ,നാഗർകോവിൽ, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ഭാഗങ്ങളിലുള്ള അയ്യപ്പഭക്തർ ഏനാത്ത് നിന്നും തിരിഞ്ഞു ഏഴംകുളം, കൊടുമൺ വഴി ശബരിമലയ്ക്ക് പോകുന്നുണ്ട്. ഇങ്ങനെയുള്ള ദീർഘദൂര യാത്രക്കാർക്ക് കയറിയിരുന്ന് വിശ്രമിക്കുന്നതിനും മറ്റും ലക്ഷ്യമിട്ടുള്ള വഴിയിടം തുറന്നുകൊടുക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.
ഇതിന്റെ മുന്നിൽ കിടക്കുന്ന തെരുവ് പട്ടികളും വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യവും പരിസരത്തെ കാടും കാരണം ആരും അങ്ങോട്ട് കയറുക പോലുമില്ല.
Published: 26 Sept 2026, 01:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented