ദുബായ്: യു.എ.ഇയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശന വിസയിൽ രാജ്യത്തേക്ക് കൊണ്ടുവരുന്നത് മുൻപത്തേക്കാൾ കൂടുതൽ എളുപ്പമാക്കി അധികൃതർ. ടൂറിസ്റ്റ് വിസകളിൽ നിന്ന് വ്യത്യസ്തമായി, യു.എ.ഇയിൽ താമസ വിസയുള്ള ഒരാൾക്ക് സ്‌പോൺസർ ചെയ്യാൻ സാധിക്കുന്ന വിസകളാണ് വിസിറ്റ് വിസകൾ. 30, 60, അല്ലെങ്കിൽ 90 ദിവസത്തെ ഒറ്റത്തവണ പ്രവേശനത്തിനോ അല്ലെങ്കിൽ ഒന്നിലധികം പ്രവേശനത്തിനോ ഉള്ള വിസകളാണ് ഇതിലൂടെ അനുവദിക്കുന്നത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജി.ഡി.ആർ.എഫ്.എ) നിബന്ധനകൾ അനുസരിച്ച് വിസ കാലാവധി ആവശ്യമെങ്കിൽ നീട്ടി നൽകാൻ സാധിക്കും. എന്നാൽ ഒരു സന്ദർശകന് തുടർച്ചയായി രാജ്യത്ത് തങ്ങാവുന്ന പരമാവധി സമയം 120 ദിവസമാണ്. അതിൽ കൂടുതൽ നിൽക്കുന്നത് നിയമവിരുദ്ധമാണ്. നിലവിൽ ഒക്ടോബർ 31 വരെ ദുബായിൽ നടക്കുന്ന 'എ ദുബായ് ഇൻവൈറ്റ്' ടൂറിസം പ്രചാരണ പദ്ധതിയുടെ ഭാഗമായി ഹോട്ടൽ താമസത്തിനും മറ്റ് വിനോദ കേന്ദ്രങ്ങൾക്കും വൻ ഇളവുകൾ ലഭ്യമാണ്.
വിസ സ്‌പോൺസർ ചെയ്യാനുള്ള യോഗ്യതയും ശമ്പള പരിധിയും
സാധുതയുള്ള യു.എ.ഇ റെസിഡൻസ് വിസയും എമിറേറ്റ്‌സ് ഐ.ഡിയും ഉള്ള പ്രവാസികൾക്ക് വിസിറ്റ് വിസ സ്‌പോൺസർ ചെയ്യാം. എന്നാൽ സ്‌പോൺസർ ചെയ്യുന്ന വ്യക്തിയുടെ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞ ശമ്പള പരിധിയിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അച്ഛൻ, അമ്മ, ഭർത്താവ്, ഭാര്യ, മക്കൾ തുടങ്ങിയ ഒന്നാം ഘട്ട കുടുംബാംഗങ്ങളെ (First-degree relatives) കൊണ്ടുവരുന്നതിനായി സ്‌പോൺസർക്ക് കുറഞ്ഞത് 4,000 ദിർഹം മാസശമ്പളം ഉണ്ടായിരിക്കണം.
സഹോദരങ്ങൾ, മുത്തശ്ശിമാർ, പേരക്കുട്ടികൾ തുടങ്ങിയ രണ്ടാം ഘട്ട ബന്ധുക്കളെയും അമ്മാവൻ, അമ്മായി, ബന്ധുക്കൾ തുടങ്ങിയ മൂന്നാം ഘട്ട ബന്ധുക്കളെയും (Second or third-degree relatives) സ്‌പോൺസർ ചെയ്യാൻ പ്രതിമാസം കുറഞ്ഞത് 8,000 ദിർഹം ശമ്പളം ആവശ്യമാണ്. എന്നാൽ സുഹൃത്തുക്കളെ വിസിറ്റ് വിസയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് പ്രതിമാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം.
ആവശ്യമായ രേഖകൾ
സന്ദർശകന്റെ കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്പോർട്ട് പകർപ്പ്, അടുത്തിടെയെടുത്ത പാസ്പോർട്ട് സൈസ് ചിത്രം, മടക്കയാത്രക്കുള്ള വിമാന ടിക്കറ്റ്, സന്ദർശന കാലയളവിലേക്ക് ബാധകമായ ഹെൽത്ത് ഇൻഷുറൻസ് എന്നിവ അടിസ്ഥാന രേഖകളാണ്. സ്‌പോൺസറുടെ എമിറേറ്റ്‌സ് ഐ.ഡി, പാസ്പോർട്ട് കോപ്പി, വാടക കരാർ (Ejari) അല്ലെങ്കിൽ ഹോട്ടൽ ബുക്കിംഗ്, ശമ്പള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തൊഴിൽ കരാർ എന്നിവയും സമർപ്പിക്കണം. കുടുംബാംഗങ്ങളെ കൊണ്ടുവരുമ്പോൾ ബന്ധം തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അനിവാര്യമാണ്.
വിസ നിരക്കുകളും സെക്യൂരിറ്റി ഡെപ്പോസിറ്റും
സിംഗിൾ എൻട്രി വിസയ്ക്ക് 30 ദിവസത്തേക്ക് 200 ദിർഹവും, 60 ദിവസത്തേക്ക് 300 ദിർഹവും, 90 ദിവസത്തേക്ക് 400 ദിർഹവുമാണ് അടിസ്ഥാന ഫീസ്. ഇതിനൊപ്പം അഞ്ച് ശതമാനം വാറ്റ്, തിരികെ ലഭിക്കുന്ന 1,000 ദിർഹത്തിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ്, നോളജ്/ഇന്നൊവേഷൻ ദിർഹം ഉൾപ്പെടെയുള്ള മറ്റ് സേവന നിരക്കുകൾ എന്നിവ നൽകണം. മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് യഥാക്രമം 30 ദിവസത്തേക്ക് 300 ദിർഹം, 60 ദിവസത്തേക്ക് 500 ദിർഹം, 90 ദിവസത്തേക്ക് 700 ദിർഹം എന്നിങ്ങനെയാണ് അടിസ്ഥാന നിരക്ക്. മൾട്ടിപ്പിൾ എൻട്രിക്ക് തിരികെ ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് 2,000 ദിർഹമാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ദുബായ് നിവാസികൾക്ക് ജി.ഡി.ആർ.എഫ്.എ ഔദ്യോഗിക പോർട്ടൽ വഴിയോ (gdrfad.gov.ae), ദുബായ് നൗ (DubaiNow) ആപ്പ് വഴിയോ, അല്ലെങ്കിൽ ആമർ കേന്ദ്രങ്ങൾ വഴിയോ നേരിട്ട് അപേക്ഷ സമർപ്പിക്കാം. യു.എ.ഇ പാസ് ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത്, എൻട്രി പെർമിറ്റ് വിഭാഗത്തിൽ സ്‌പോൺസർ ചെയ്യപ്പെടുന്നയാളുടെ വിശദാംശങ്ങളും രേഖകളും നൽകി ഓൺലൈനായി പണമടയ്ക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച് സാധാരണയായി 48 മണിക്കൂറിനുള്ളിൽ പ്രോസസ്സിംഗ് പൂർത്തിയായി ഇ-വിസ ഇമെയിൽ വഴി ലഭിക്കും. മറ്റ് എമിറേറ്റുകളിൽ താമസിക്കുന്ന പ്രവാസികൾക്ക് ഐ.സി.പി വെബ്സൈറ്റ് (icp.gov.ae) അല്ലെങ്കിൽ UAEICP മൊബൈൽ ആപ്പ് വഴി ഇതേ നടപടിക്രമങ്ങൾ പാലിച്ച് വിസയ്ക്കായി അപേക്ഷിക്കാം.
Published: 25 Sept 2026, 02:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented