തിരുവല്ല: മലയോരത്ത് രണ്ടുദിവസം മഴ കനത്താൽ അപ്പർകുട്ടനാട്ടുകാർക്ക് ആശങ്കയാകും. ഏതുനിമിഷവും വെള്ളപ്പൊക്കം വരും. 2018-ലെ പ്രളയത്തിന് ശേഷമാണ് ഇത്തരമൊരു അവസ്ഥ തിരുവല്ലയ്ക്ക് പടിഞ്ഞാറുള്ളവർ അഭിമുഖീകരിക്കുന്നത്. ദിവസങ്ങൾ നീളുന്ന മഴയ്ക്കുശേഷം സാവധാനമെത്തുന്ന വെള്ളപ്പൊക്കമായിരുന്നു നാട്ടുകാർ കണ്ടിരുന്നത്.

To advertise here,

2018-ഓടെ അത് മാറി. 2019 മുതൽ ഇതുവരെ 13 വെള്ളപ്പൊക്ക കാലമാണ് തിരുവല്ല നേരിട്ടത്. 5000 മുതൽ 9000 വരെ ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് ഓരോതവണയും മാറ്റി. ഓരോവർഷവും രണ്ട് തവണയെങ്കിലും വലിയ വെള്ളപ്പൊക്കത്തെ നാട് നേരിട്ടു. നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തുകളിലാണ് ദുരിതം ഏറെയും. മിന്നൽ പ്രളയം ഇല്ലെങ്കിലും പ്രവചനം തെറ്റിക്കുന്ന ജലനിലയാണ് ഓരോ തവണയും. പ്രളയത്തിന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇത്തവണ ഓഗസ്റ്റ് ആദ്യം ഉണ്ടായത്. മുമ്പ് സംഭവിക്കാത്തവിധം ഒരുദിവസംകൊണ്ട് വെള്ളം പൊങ്ങി വീടുകളിൽ കയറി. 21000-ഓളം വീടുകളിലാണ് ഇത്തവണ വെള്ളം കയറിയത്. 2018-ലേതിനുശേഷം ഏറ്റവും കൂടുതൽ വീടുകൾ വെള്ളത്തിലായ നാളുകൾ.

ദുരിതം പലവിധം

മലയോരത്ത് മിന്നൽ പ്രളയം സൃഷ്ടിക്കുന്നതിന്റെ പലമടങ്ങ് ദുരിതമാണ് അപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്കം വിതയ്ക്കുന്നത്. കയറിയ വെള്ളം ഒഴിയാൻ ഒരാഴ്ചയിലധികമെടുക്കുമെന്നതാണ് പ്രധാനം. പ്രധാന വഴികളുൾപ്പടെ മുങ്ങും. യാത്രചെയ്യാൻ മാർഗമില്ലാതെ വീടുകൾ ഒറ്റപ്പെടും വെള്ളം കയറാത്ത വീട്ടിലുള്ളവരും ഒറ്റപ്പെട്ടിരിക്കണം. ട്രാൻസ്‌ഫോർമറുകൾക്ക് ചുവട്ടിൽ വെള്ളമെത്തുന്നതോടെ വൈദ്യുതി നിലയ്ക്കും. ദിവസങ്ങൾ കഴിയണം തിരിച്ചെത്താൻ. മൊബൈൽ ടവറുകൾ ഓഫാകുന്നതോടെ പുറംലോകവുമായുളള ബന്ധവും മുറിയും. വെള്ളക്കെട്ടിൽ വീണുള്ള മരണം വേറെ. വെള്ളമിറങ്ങിക്കഴിഞ്ഞ് വീടുകൾ ശുചീകരിക്കലാണ് അടുത്തവെല്ലുവിളി. ചെളി കട്ടിയിൽ അടിഞ്ഞുകിടക്കും. ദുർഗന്ധം മാറണമെങ്കിൽ നാലുംഅഞ്ചും വട്ടം കഴുകണം. ചുവരുകളിലെ ചായം അടർന്നുപോകും. കബോഡുകളുടെ അടിഭാഗം നശിക്കും. ഓരോതവണയും ഇത് നന്നാക്കുന്നതിനുളള ചെലവ് താങ്ങാനാവില്ല. കരകൃഷി മുഴുവൻ നശിക്കും. ഇത്തവണ ഓണത്തിനായി ഒരുക്കിയ പച്ചക്കറികളെല്ലാം നഷ്ടമായി.