ദുബായ്: അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളെ തുടർന്ന് ദുബായിൽ സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. വെള്ളിയാഴ്ച രാവിലെ വിപണി തുറന്നപ്പോൾ വില വീണ്ടും താഴേക്ക് പതിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ദുബായിൽ ഗ്രാമിന് 40 ദിർഹത്തോളമാണ് കുറഞ്ഞത്.
ദുബായ് ജൂവലറി ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, വെള്ളിയാഴ്ച രാവിലെ വിപണി ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 513.75 ദിർഹമായിരുന്നു നിരക്ക്. വ്യാഴാഴ്ച വിപണി വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇത് 514.25 ദിർഹമായിരുന്നു. ആഗോള വിപണിയിലും സ്വർണ്ണവില കുറഞ്ഞു. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 4,261 ഡോളറിലേക്ക് താഴ്ന്നപ്പോൾ വെള്ളിയുടെ വില 0.2 ശതമാനം ഇടിഞ്ഞ് 63.40 ഡോളറിലെത്തി.
അമേരിക്കൻ ട്രഷറി ബോണ്ട് ഈൽഡുകൾ ഉയർന്നതും ഡോളർ കരുത്താർജ്ജിച്ചതുമാണ് സ്വർണ്ണവിലയെ പ്രധാനമായും സ്വാധീനിച്ചതെന്ന് സാക്‌സോ ബാങ്കിലെ കമ്മോഡിറ്റി സ്ട്രാറ്റജി വിഭാഗം മേധാവി ഒലെ ഹാൻസെൻ വ്യക്തമാക്കി. യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ സംബന്ധിച്ച് സ്വീകരിക്കുന്ന നിലപാടുകളും പണപ്പെരുപ്പ ഭീഷണിയുമാണ് ബോണ്ട് ഈൽഡുകൾ ഉയരാൻ കാരണം. പലിശ ലഭിക്കാത്ത നിക്ഷേപ മാർഗ്ഗമായ സ്വർണ്ണത്തിന് ബോണ്ട് ഈൽഡും ഡോളറും ഉയരുന്നത് തിരിച്ചടിയാകാറുണ്ട്.

എങ്കിലും നിക്ഷേപകർക്കിടയിൽ സ്വർണ്ണത്തിനുള്ള ആവശ്യകത ശക്തമായി തുടരുന്നുണ്ട്. സെപ്റ്റംബർ മാസത്തിൽ മാത്രം ആഗോള ഇ.ടി.എഫുകളിലെ സ്വർണ്ണ ശേഖരം 50 ടണ്ണോളം വർദ്ധിച്ചു. ചൈനയിൽ നിന്നുള്ള ആവശ്യകതയും സർവ്വകാല റെക്കോർഡിലാണ്. ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 1,000 ടണ്ണിലധികം സ്വർണ്ണമാണ് ചൈന ഇറക്കുമതി ചെയ്തത്. ഇത് 2025-ലെ മൊത്തം ഇറക്കുമതിയേക്കാൾ കൂടുതലാണ്. ഇറാൻ യുദ്ധത്തിന് ശേഷം യു.എസ് ബോണ്ട് വിപണിയിലുണ്ടായ പെട്ടെന്നുള്ള മാറ്റങ്ങളാണ് നിലവിൽ സ്വർണ്ണവിലയെ താത്കാലികമായി സമ്മർദ്ദത്തിലാക്കുന്നത്.

To advertise here,