ഷാർജ : എമിറേറ്റിൽ രണ്ട് പ്രധാന വൈദ്യുതി പ്രസരണപദ്ധതികൾകൂടി പൂർത്തിയാക്കിയതായി ഷാർജ ഇലക്‌ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) അധികൃതർ അറിയിച്ചു. നഗരവികസനത്തിന് അനുസൃതമായി വൈദ്യുതി ശൃംഖല വിപുലീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

To advertise here,

34 കോടിയിലേറെ ദിർഹം ചെലവിട്ടാണ് 220/132 കെ.വി. പദ്ധതികൾ പൂർത്തിയാക്കിയത്. നിലവിൽ 72.5 കോടി ദിർഹം ചെലവ് കണക്കാക്കുന്ന 13 പ്രധാന പദ്ധതികളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സുസ്ഥിരത, കാര്യക്ഷമത, വിശ്വാസ്യത എന്നിവ ഉറപ്പാക്കിയും ഉന്നത എൻജിനിയറിങ്, സാങ്കേതിക മാനദണ്ഡങ്ങൾ അനുസരിച്ചുമാണ് പദ്ധതികൾ നടപ്പാക്കുന്നത്.

യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശങ്ങൾക്ക് അനുസൃതമായും ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ മേൽനോട്ടത്തിലുമാണ് പദ്ധതികൾ നടപ്പാക്കുന്നതെന്ന് ‘സേവ’യിലെ പവർ ട്രാൻസ്മിഷൻ വകുപ്പ് മേധാവി എൻജിനിയർ ഹമദ് അൽ തുനൈജി പറഞ്ഞു. എമിറേറ്റിലുടനീളം വൈദ്യുത ശൃംഖല വികസിപ്പിക്കുന്നതിന് സേവ ചെയർമാൻ സഈദ് സുൽത്താൻ അൽ സുവൈദി, ഡയറക്ടർ ജനറൽ അബ്ദുല്ല അബ്ദുൾറഹ്‌മാൻ അൽ ഷംസി എന്നിവരുടെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. പുതിയ പാർപ്പിട, നിക്ഷേപ, വ്യാവസായിക മേഖലകളിൽ മികച്ച വൈദ്യുതി സേവനങ്ങൾ നൽകുക, വൈദ്യുതി വിതരണത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുക എന്നിവയാണ് പ്രധാനലക്ഷ്യങ്ങൾ.

സുരക്ഷ വർധിപ്പിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകളും നിയന്ത്രണ സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയാണ് പദ്ധതികളുടെ രൂപകല്പന തയ്യാറാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.