വടക്കടത്തുകാവ് : മണ്ണുമാന്തിയന്ത്രമെത്തി. റോഡിന്റെ അരിക് കെട്ടി. ഓട നിർമിച്ചു. സ്ലാബും ഇട്ടു. ഇത്രയൊക്കെ നടന്നതിന്റെ തെളിവുകൾ റോഡരികിലുണ്ട്. പക്ഷേ, റോഡുപണിമാത്രം ഇതുവരെ നടന്നിട്ടില്ല. പത്തുമാസംമുമ്പ് തുടങ്ങിയ നിർമാണം എങ്ങുമെത്താതെ കിടക്കുന്നതിനാൽ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ദുരിതയാത്ര തുടരുകയാണ്.

To advertise here,

പറക്കോട്–ഐവർകാല റോഡ് നിർമാണത്തിന്റെ ഭാഗമായുള്ള വടക്കടത്തുകാവ് മുതൽ കടമ്പനാട് നിലയ്ക്കൽ വരെയുള്ള ഭാഗമാണ് പണി പൂർത്തിയാകാതെ കിടക്കുന്നത്. 2025 നവംബറിൽ ആരംഭിച്ച നിർമാണം പത്തുമാസം പിന്നിട്ടിട്ടും പലഭാഗങ്ങളിലും പ്രാഥമിക ജോലികൾക്കപ്പുറം മുന്നോട്ടുപോയിട്ടില്ല. പലയിടത്തും റോഡിന്റെ അരിക് കെട്ടുകയും ഓട നിർമിക്കുകയും ചെയ്തെങ്കിലും ഇപ്പോൾ നിർമാണപ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല.

പറക്കോട് മുതൽ വടക്കടത്തുകാവ് വരെയുള്ള ഭാഗത്ത് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ റോഡ് നിർമാണം നേരത്തേ നടത്തിയിരുന്നു. വടക്കടത്തുകാവ് മുതൽ ചൂരക്കോട്–അന്തിച്ചിറ–മാഞ്ഞാലി വഴി നിലയ്ക്കൽ വരെയുള്ള ഭാഗമാണ് ഇനി നിർമിക്കേണ്ടത്.

ഈ ഭാഗത്ത് പണി പാതിവഴിയിൽ നിലച്ചതോടെ റോഡ് പലസ്ഥലങ്ങളിലും തകർന്നനിലയിലാണ്. വാഹനയാത്രികർ കുണ്ടും കുഴിയും താണ്ടിയാണ് യാത്രചെയ്യുന്നത്.

11 കോടി രൂപയാണ് പറക്കോട്–ഐവർകാല റോഡ് നിർമാണത്തിനായി അനുവദിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് 2025 ഒക്ടോബറിൽ നിർമാണോദ്ഘാടനവും നടത്തിയിരുന്നു.

ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും റോഡിന്റെ മുഴുവൻ ഭാഗത്തും നിർമാണം പൂർത്തിയാകാത്തതാണ് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കുന്നത്.

മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടുന്നതോടെ യാത്ര കൂടുതൽ ദുഷ്കരമാകുന്നു. റോഡുപണി ഉടൻ പൂർത്തിയാക്കി യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.