പൊളിച്ചുകളയരുതോ
കോഴഞ്ചേരി : ഗ്രാമപ്പഞ്ചായത്തിന്റെ പഴയ ശൗചാലയം കാടുകയറി നശിച്ചുതുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ടിലേറെയായി. 1979-ലെ ഭരണസമിതിയുടെ കാലത്ത് കോഴഞ്ചേരി വലിയ പാലത്തിന്റെ താഴെ ഇടതുവശത്തായാണ് ശൗചാലയം നിർമിച്ചത്. അക്കാലംമുതൽ കോഴഞ്ചേരിയിലെ വ്യാപാരികളും ജീവനക്കാരും ബസ്‌യാത്രികരും ബസ് ജീവനക്കാരും ചുമട്ടുതൊഴിലാളികളും ടെമ്പോ, ടാക്സി ഡ്രൈവർമാരുമെല്ലാം ഈ ശൗചാലയമാണ് ഉപയോഗിച്ചിരുന്നത്.
2005-ലെ പഞ്ചായത്ത് ഭരണസമതിയുടെകാലത്ത് സ്വകാര്യബസ്‌സ്റ്റാൻഡിൽ ഷോപ്പിങ് കോംപ്ലക്സ് നിർമിച്ചപ്പോൾ അതിൽ പുതിയ ശൗചാലയം വന്നതോടെ പഴയ ശൗചാലയം ഉപയോഗിക്കാതെയായി. ഇത് ഉപയോഗശൂന്യമായതിനെത്തുടർന്ന് ഇവിടം പൂർണമായി കാടുവളർന്ന് കെട്ടിടം കാണാൻകഴിയാത്ത അവസ്ഥയിലായി. ഈ കെട്ടിടത്തോടു ചേർന്നുള്ള പടിയിറങ്ങിവേണം പാലത്തിന് അടിഭാഗത്തെ കുളിക്കടവിലേക്ക് ഇറങ്ങാൻ. കോഴഞ്ചേരി പാലത്തിന്റെ നടപ്പാതയിലേക്ക് കയറേണ്ടതും ഇതിന് സമീപത്തുകൂടിയാണ്. ശൗചാലയത്തിനുള്ളിൽനിന്ന് സ്ഥിരമായി ഇഴജന്തുക്കളുടെ ശല്യം പടിക്കെട്ടിലും പാലത്തിന്റെ നടപ്പാതയിലും ഉണ്ടാകാറുണ്ടന്ന് നാട്ടുകാർ പറയുന്നു. രണ്ടുപതിറ്റാണ്ടിനുള്ളിൽ ഒരുപ്രാവശ്യംപോലും ഈ കെട്ടിടത്തിലെ കാട് നീക്കംചെയ്യാൻ അധികാരികൾ തയ്യാറായിട്ടില്ല.
മാരാമൺ കൺവെൻഷൻസമയത്ത് ആയിരങ്ങളാണ് ഈ നടപ്പാത ഉപയോഗിക്കുന്നതെന്ന കാര്യംപോലും അധികാരികൾ ശ്രദ്ധിച്ചിട്ടില്ല. ഏകദേശം മൂന്നുസെന്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശൗചാലയം പൊളിച്ചുനീക്കണമെന്ന് നാട്ടുകാരും സമീപത്തെ വ്യാപാരികളും ആവശ്യപ്പെടുന്നു. പഞ്ചായത്തിന്റെ പഴയ ശൗചാലയം കാടുകയറിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടന്നും, കെട്ടിടം പൊളിച്ചുനീക്കി ഇവിടെ രണ്ടുനിലയുള്ള കെട്ടിടം നിർമിച്ച് റീഡിങ് റൂമും കഫെറ്റീരിയയും നിർമിക്കാനുളള പദ്ധതി തയ്യാറാക്കുകയാണന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ അറിയിച്ചു.
Published: 26 Sept 2026, 01:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented