ആറുമാസത്തെ വ്യാപാരം 3,708 കോടി ദിർഹത്തിലെത്തി
ദുബായ് : ഹത്ത കസ്റ്റംസ് ക്രോസിങ് വഴിയുള്ള വ്യാപാരത്തിൽ വൻ കുതിച്ചുചാട്ടം. 2026-ന്റെ ആദ്യ പകുതിയിൽ അതിർത്തിവഴിയുള്ള മൊത്തം വ്യാപാരം 175 ശതമാനം വർധിച്ച് 3,708 കോടി ദിർഹം കൈവരിച്ചതായി ദുബായ് കസ്റ്റംസ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,348 കോടി ദിർഹമായിരുന്നു. മേഖലയിലെ സാമ്പത്തിക-വ്യാപാരപാതകളിൽ ഉണ്ടായ മാറ്റങ്ങളും ദുബായിയുടെ കരമാർഗമുള്ള ട്രാൻസിറ്റ് ശൃംഖലയുടെ വിപുലീകരണവുമാണ് ഈ ചരിത്ര വളർച്ചയ്ക്ക് കാരണമായത്. വ്യാപാരത്തിൽ മാത്രമായിരുന്നില്ല, അതിർത്തിവഴിയുള്ള ചരക്ക് വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണത്തിലും വൻ വർധനവ് രേഖപ്പെടുത്തി.
ഹത്ത അതിർത്തി കടന്നുപോയ ചരക്ക് നിറച്ച ലോറികളുടെ എണ്ണം 160.1 ശതമാനം വർധിച്ച് 1,08,811 ആയി ഉയർന്നു. കഴിഞ്ഞവർഷം ആദ്യ ആറുമാസത്തിൽ ഇത് 41,831 മാത്രമായിരുന്നു. ഈ കാലയളവിൽ 9,19,000-ത്തിലധികം ആളുകളും 3,22,000 ചെറുവാഹനങ്ങളും ഹത്ത വഴി യാത്രചെയ്തു. അതിർത്തി കടന്നുപോയ ബസുകളുടെ എണ്ണത്തിൽ 77.5 ശതമാനം വർധന രേഖപ്പെടുത്തി.
മേഖലയിലെ ഭൗമ-സാമ്പത്തിക മാറ്റങ്ങൾക്കിടയിലും വിതരണ ശൃംഖലകൾ തടസ്സമില്ലാതെ നിലനിർത്താൻ ദുബായ് കസ്റ്റംസ് നടപ്പിലാക്കിയ 'ഗ്രീൻ കോറിഡോർ' പദ്ധതി നിർണായക പങ്കുവഹിച്ചു. ഷിപ്പിങ് ചെലവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ ലോജിസ്റ്റിക്സ് കമ്പനികളെ ആകർഷിച്ച് മത്സരക്ഷമത വർധിപ്പിക്കാനും വ്യവസായങ്ങൾക്ക് കൂടുതൽ ബദൽ മാർഗങ്ങൾ നൽകാനും കസ്റ്റംസിന് സാധിച്ചതായി പോർട്‌സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷൻ ചെയർമാൻ അബ്ദുള്ള ബിൻ ദമിഥാൻ പറഞ്ഞു. അതിർത്തി കടക്കുന്ന ചരക്കുകളുടെ സുരക്ഷ ഉറപ്പാക്കാൻ 'ഷാഹിൻ' എന്ന സ്മാർട്ട് ഇലക്ട്രോണിക് സീൽ സംവിധാനം ഉപയോഗിച്ച് 7,870 ട്രക്കുകൾ നിരീക്ഷിച്ചു. ഇടപാടുകാർക്ക് അധിക ഫീസുകളില്ലാതെ തന്നെ ചരക്കുകൾ തത്സമയം ട്രാക്ക് ചെയ്യാനും സുരക്ഷ ഉറപ്പാക്കാനും ഈ സംവിധാനം സഹായിക്കുന്നുണ്ട്. ചരക്ക് നീക്കവും യാത്രാത്തിരക്കും വർധിച്ചതോടെ പരിശോധനകളും ദുബായ് കസ്റ്റംസ് കടുപ്പിച്ചു. 2026-ന്റെ ആദ്യപകുതിയിൽ നിയമവിരുദ്ധമായ ചരക്കുകൾ കടത്താൻ ശ്രമിച്ച 129 സംഭവങ്ങൾ ഹത്ത അതിർത്തിയിൽ കസ്റ്റംസ് ഇൻസ്പെക്‌ഷൻ വിഭാഗം പിടികൂടി. ദുബായ് ഇക്കണോമിക് അജൻഡ ഡി33-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, വിതരണ ശൃംഖലകളുടെ കൃത്യതയും സുസ്ഥിരതയും ഉറപ്പാക്കുന്ന മുൻകരുതൽ നടപടികളുമായി ദുബായ് കസ്റ്റംസ് മുന്നോട്ട് പോകുമെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള ബുസെനാദ് വ്യക്തമാക്കി.
Published: 10 Sept 2026, 01:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented