ദുബായ് : യു.എ.ഇ. സർക്കാരിനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭരണസംവിധാനമാക്കി മാറ്റണമെന്ന് തന്റെ ടീം അംഗങ്ങളോട് ആഹ്വാനം ചെയ്ത് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വലിയ ലക്ഷ്യങ്ങളോടെയും പുതുക്കിയ വീര്യത്തോടെയുമാണ് പുതിയ ഗവൺമെന്റ് തുടക്കം കുറിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

To advertise here,

തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച സന്ദേശത്തിലാണ് പുതിയ സീസണിലെ ഗവൺമെന്റിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിരിക്കുന്നത്.

'ഓരോ സർക്കാരിന്റെയും ആരംഭത്തിൽ എന്റെ ടീം അംഗങ്ങളെ നേരിൽ കാണുകയും വരാനിരിക്കുന്ന കാലയളവിലെ പ്രവർത്തന ദിശകൾ വ്യക്തമാക്കുകയും ചെയ്തുകൊണ്ടാണ് ഞാൻ ജോലി ആരംഭിക്കുന്നത്.

ദൈവത്തിന്റെ അനുഗ്രഹത്തോടെ, പുതിയ വീര്യത്തോടും ശക്തമായ നിശ്ചയദാർഢ്യത്തോടും രാജ്യത്തിന് അനുയോജ്യമായ ആഗ്രഹങ്ങളോടും കൂടി നമ്മൾ ഒരു പുതിയ സീസൺ ആരംഭിക്കുകയാണ്,' ശൈഖ് മുഹമ്മദ് കുറിച്ചു.

തന്റെ ഔദ്യോഗിക സംഘത്തിന് വ്യക്തമായ ലക്ഷ്യം നൽകിക്കൊണ്ട്, 'യു.എ.ഇ. ഗവൺമെന്റ് ലോകത്തിലെ ഏറ്റവും മികച്ച ഗവൺമെന്റ് ആകണമെന്നാണ് എന്റെ ടീമിനോടുള്ള എന്റെ സന്ദേശം,' അദ്ദേഹം പറഞ്ഞു. 'നമ്മുടെ അടുത്ത ഘട്ടം ദൈവാനുഗ്രഹത്താൽ അതിലും മികച്ചതായിരിക്കും,' എന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.

ഫെഡറൽ ഗവൺമെന്റ് പ്രവർത്തനങ്ങളുടെ പുതിയ സീസൺ ആരംഭിക്കുന്ന വേളയിലാണ് ദുബായ് ഭരണാധികാരിയുടെ സന്ദേശം എത്തിയിരിക്കുന്നത്.

ഗവൺമെന്റ് സേവനങ്ങളുടെ വേഗം വർധിപ്പിക്കുക, നിർമിത ബുദ്ധി (എ.ഐ.), ഡിജിറ്റൽ പരിവർത്തനം എന്നിവ പൂർണമായി നടപ്പാക്കുക, രാജ്യത്തിന്റെ വികസന കുതിപ്പ് നിലനിർത്തുക എന്നിവയ്ക്ക് ശൈഖ് മുഹമ്മദ് അടുത്തിടെ വലിയ പ്രാധാന്യം നൽകിയിരുന്നു.

ഈ മാസമാദ്യം നടന്ന ക്യാബിനറ്റ് യോഗത്തിലും യു.എ.ഇ. ഒരിക്കലും 'നിശ്ചലമായി നിൽക്കില്ല' എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗവൺമെന്റ് സേവനങ്ങളിൽ എ.ഐ. അധിഷ്ഠിത മാറ്റങ്ങൾ കൊണ്ടുവരുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിലെ കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനുമുള്ള മുൻഗണനകൾ അന്നത്തെ യോഗത്തിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.