ഷാർജ : ദിബാ അൽ ഹിസ്ൻ, ഖോർഫക്കാൻ, ഖോർ കൽബ എന്നിവയെ ബന്ധിപ്പിക്കുന്ന ഷാർജയുടെ ചരിത്രപ്രസിദ്ധമായ തീരദേശ ശൃംഖല ഐക്യരാഷ്ട്രസഭയുടെ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടംനേടി. ‘കോസ്റ്റൽ ഫോർട്ടിഫൈഡ് നെറ്റ്‌വർക്ക് ഓഫ് സൗത്ത് ഈസ്റ്റേൺ അറേബ്യ’ എന്ന പേരിലാണ് ഈ മൂന്ന് പ്രദേശങ്ങളെയും സംയോജിപ്പിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തിലധികം വർഷത്തെ സമുദ്രവ്യാപാര ചരിത്രം, നാവിക പ്രതിരോധം, തീരദേശ ഭരണം എന്നിവയുടെ തെളിവുകൾ സംരക്ഷിക്കുന്ന പ്രദേശങ്ങളാണിതെന്ന് ഷാർജ ആർക്കിയോളജി അതോറിറ്റി വ്യക്തമാക്കി. ഈ പുതിയ കൂട്ടിച്ചേർക്കലോടെ യു.എ.ഇ.യിൽനിന്ന് യുനെസ്‌കോയുടെ താത്കാലിക പട്ടികയിലുള്ള ചരിത്ര പ്രാധാന്യമുള്ള സൈറ്റുകളുടെ എണ്ണം 16 ആയി ഉയർന്നു. ഇതിൽ ആറെണ്ണം ഷാർജയിലാണ്. ഭാവിയിൽ യുനെസ്‌കോയുടെ ഔദ്യോഗിക ലോക പൈതൃക പദവി ലഭിക്കുന്നതിനുള്ള നിർണായകമായ ആദ്യപടിയാണിത്.
മൂന്ന് ചരിത്രകേന്ദ്രങ്ങൾ, ഒരു സമുദ്രപാത
: ഷാർജ വേൾഡ് ഹെറിറ്റേജ് ഓഫീസ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ഒമാൻ കടലിലെ തന്ത്രപ്രധാനമായ ഒരു സമുദ്ര പാതയുടെ ഭാഗമാണ് ഈ മൂന്ന് പ്രദേശങ്ങളും. പശ്ചിമ ഇന്ത്യൻ മഹാസമുദ്രത്തിലെ വാണിജ്യ സമുദ്ര ശൃംഖലകളുമായി ഈ പ്രദേശങ്ങൾ പുലർത്തിയിരുന്ന ബന്ധവും ഇവയുടെ വളർച്ചയുമാണ് ഖനനങ്ങളിലൂടെ വ്യക്തമാകുന്നത്.
ദിബ അൽ ഹിസ്ൻ:
ഈ ശൃംഖലയുടെ വടക്കൻ അതിർത്തിയായ ദിബയിലെ ഖനനത്തിലൂടെ നവീന ശിലായുഗം മുതൽ 20-ാം നൂറ്റാണ്ട് വരെയുള്ള ജനവാസത്തിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
പുരാതന റോമിൽനിന്നും മെസൊപ്പൊട്ടേമിയയിൽനിന്നും ഇറക്കുമതി ചെയ്ത ലോഹക്കട്ടകൾ ഉരുക്കി പ്രാദേശികമായി ഉപയോഗിച്ചിരുന്ന ഗ്ലാസ് നിർമാണ ശാലകൾ, ഈന്തപ്പഴം സംസ്‌കരിക്കുന്ന 12 മദാബികൾ, മുത്തുച്ചിപ്പി സംസ്‌കരണ കേന്ദ്രങ്ങൾ, 19-ാം നൂറ്റാണ്ടിലെ മീൻ ഉപ്പിലിടുന്ന കേന്ദ്രം എന്നിവയുടെ അവശിഷ്ടങ്ങൾ ഇവിടെ കണ്ടെത്തി. അറേബ്യൻ ഉപദ്വീപിനെ പേർഷ്യ, ഇന്ത്യ, കിഴക്കൻ ആഫ്രിക്ക, മെഡിറ്ററേനിയൻ പ്രദേശങ്ങളുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന കേന്ദ്രമായിരുന്നു ഇത്.
ഖോർഫക്കാൻ :
ഹജർ മലനിരകളാൽ ചുറ്റപ്പെട്ട പ്രകൃതിദത്ത തുറമുഖമാണ് ഖോർഫക്കാന്റെ സവിശേഷത. 15, 16 നൂറ്റാണ്ടുകളിലെ കല്ലിൽ തീർത്ത വീടുകൾ, 155 മീറ്ററിലധികം നീളമുള്ള നഗരമതിൽ, കിഴക്ക്-പടിഞ്ഞാറൻ കോട്ടകൾ എന്നിവ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
പോർച്ചുഗീസ്, അറബ്, അൽ ഖാസിമി ഭരണകാലഘട്ടങ്ങളിലെ നാവിക പ്രതിരോധത്തിന്റെ തെളിവുകൾ ഈ കോട്ടകളിൽ ദൃശ്യമാണ്.
ഖോർ കൽബ:
കണ്ടൽക്കാടുകളും ചെറു ജലാശയങ്ങളും നിറഞ്ഞ കൽബ 1624-ൽ പോർച്ചുഗീസുകാരുടെ അധീനതയിലാകുന്നതിന് മുൻപ് ഹോർമുസ് സാമ്രാജ്യത്തിന് കീഴിലുള്ള കോട്ട കെട്ടിയ നഗരമായിരുന്നു.
പിന്നീട് പോർച്ചുഗീസ് ആധിപത്യം അവസാനിച്ചതോടെ അൽ ഖവാസിമുകളുടെ നാവിക മേഖലയുടെ ഭാഗമായി മാറിയ കൽബ, ഒമാൻ ഉൾക്കടലിലെ ചരക്ക് നീക്കത്തിനും പ്രതിരോധത്തിനും പ്രധാന പങ്കുവഹിച്ചു.
പൈതൃക സംരക്ഷണത്തിനുള്ള വലിയ ചുവടുവെപ്പ്
: ഉയർന്ന ശാസ്ത്രീയ നിലവാരത്തിൽ പൈതൃക സൈറ്റുകൾ പഠിക്കാനും സംരക്ഷിക്കാനുമുള്ള സുസ്ഥിരമായ ഒരു സംവിധാനം കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുനെസ്‌കോ ഗുഡ്‌വിൽ അംബാസഡറും ഫയാ വേൾഡ് ഹെറിറ്റേജ് പ്രോപ്പർട്ടി അംബാസഡറുമായ ശൈഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ഭാവിയിൽ അന്താരാഷ്ട്ര തലത്തിൽ ഔദ്യോഗിക നാമനിർദേശം സമർപ്പിക്കുന്നതിന് ആവശ്യമായ കൂടുതൽ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കുമായി അടുത്ത ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഷാർജ ആർക്കിയോളജി അതോറിറ്റി ഡയറക്ടർ ജനറൽ ഈസ യൂസഫ് വ്യക്തമാക്കി. തങ്ങളുടെ പുരാവസ്തു പൈതൃകങ്ങൾ രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും ഷാർജ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ തുടർച്ചയാണിത്.
2025 ജൂലായിൽ ഷാർജയിലെ ‘ഫയാ പാലിയോലാൻഡ്സ്‌കേപ്പ്’ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിരുന്നു. 2011-ൽ പട്ടികയിൽ കയറിയ അൽ ഐനിലെ സാംസ്‌കാരിക കേന്ദ്രങ്ങൾക്കുശേഷം ഈ പദവി ലഭിക്കുന്ന യു.എ.ഇ.യിലെ രണ്ടാമത്തെ ചരിത്രകേന്ദ്രമായിരുന്നു അത്.
Published: 10 Sept 2026, 01:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented