ദുബായ് : ദുബായ് നഗരത്തിന്റെ യാത്രാസംസ്‌കാരം തിരുത്തിക്കുറിച്ച ദുബായ് മെട്രോ പതിനേഴാം വാർഷികത്തിലേക്ക്. 2009 സെപ്റ്റംബർ ഒൻപത് രാത്രി ഒൻപത് മണി കഴിഞ്ഞ് ഒൻപത് മിനിറ്റും ഒൻപത് സെക്കൻഡും (09.09.09) ആയപ്പോഴായിരുന്നു ചരിത്ര നിമിഷത്തിന് ദുബായ് സാക്ഷ്യം വഹിച്ചത്.
വാഹനങ്ങളെ മാത്രം ആശ്രയിച്ചിരുന്ന ഒരു നഗരത്തിൽ മെട്രോ എത്രത്തോളം വിജയകരമാകുമെന്ന സംശയങ്ങളെ തുടക്കത്തിൽത്തന്നെ മാറ്റിയെഴുതിക്കൊണ്ടാണ് 28 ബില്യൻ ദിർഹം ചെലവിട്ടു നിർമിച്ച ഈ സംവിധാനം മുന്നേറിയത്.
ആദ്യ 48 മണിക്കൂറിനുള്ളിൽത്തന്നെ അന്ന് ദുബായിലെ ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന 1,10,000-ത്തിലധികം ആളുകളാണ് മെട്രോയിൽ സഞ്ചരിച്ചത്.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ബ്ലൂ ‘നോൽ’ കാർഡ് ഉപയോഗിച്ച് ആദ്യ ടിക്കറ്റെടുത്ത് മാൾ ഓഫ് ദ എമിറേറ്റ്‌സ് സ്റ്റേഷനിൽനിന്ന് നടത്തിയ ചരിത്രയാത്രയോടെയാണ് മെട്രോയുടെ പ്രയാണം ആരംഭിച്ചത്.
17 വർഷങ്ങൾക്കിപ്പുറം 2025-ൽ മാത്രം റെഡ്, ഗ്രീൻ ലൈനുകളിലായി 29.47 കോടി യാത്രക്കാരാണ് മെട്രോ ഉപയോഗിച്ചത്. 2026-ന്റെ ആദ്യ പകുതിയിൽ മാത്രം 13.65 കോടി ആളുകൾ യാത്ര ചെയ്തു.
യാത്രക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങളും വിനോദവും
: പൂർണമായും ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ഈ സംവിധാനം റാഷിദിയയിലെയും ജബൽ അലിയിലെയും ഓപ്പറേഷൻ കൺട്രോൾ സെന്ററുകൾ വഴിയാണ് നിയന്ത്രിക്കുന്നത്. എല്ലാ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ, 8,000-ത്തിലധികം വാഹനങ്ങൾ നിർത്തിയിടാനുള്ള ‘പാർക്ക് ആൻഡ് റൈഡ്’ സൗകര്യം, ഭിന്നശേഷിക്കാർക്കുള്ള സൗജന്യ യാത്രകൾ എന്നിവ ലഭ്യമാണ്.ബുർജുമാൻ സ്റ്റേഷനിൽ ആരംഭിച്ച ‘വർക്ക് കോ-വർക്കിങ് സ്പെയ്‌സ്, വർഷം തോറും നടക്കുന്ന ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ, സൽമാൻ ഖാന്റെ ‘ദബാംഗ്’ സിനിമയിലെ പാട്ട് ചിത്രീകരിച്ചത്, 2013-ൽ മെട്രോ കോച്ചിനുള്ളിൽ നടന്ന ബോളിവുഡ് ഫാഷൻ ഷോ എന്നിവയെല്ലാം മെട്രോയെ നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രം കൂടിയാക്കി മാറ്റുന്നു.
17 വർഷങ്ങൾ പിന്നിടുമ്പോഴും ദുബായുടെ ജനജീവിതത്തെയും ഭാവിയെയും പരസ്പരം ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണിയായി മെട്രോ ഇന്നും മുന്നേറുകയാണ്.
ചരിത്രനേട്ടങ്ങളും സവിശേഷതകളും
43 ലക്ഷത്തിലധികം സർവീസുകളിലായി 240 കോടിയിലധികം യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. 99.7 ശതമാനം സമയം പാലിച്ചാണ് മെട്രോയുടെ സർവീസുകൾ
വായു, ഭൂമി, അഗ്‌നി, ജലം എന്നീ നാല് പ്രകൃതി ഘടകങ്ങളിൽനിന്നാണ് മെട്രോ സ്റ്റേഷനുകളുടെ ഡിസൈൻ രൂപപ്പെടുത്തിയത്. മുത്തുച്ചിപ്പികളുടെ ആകൃതിയിലുള്ള മേൽക്കൂരകൾ ദുബായുടെ പാരമ്പര്യമായ മുത്തുവാരിയുള്ള ജീവിതശൈലിയെ അനുസ്മരിപ്പിക്കുന്നു
മെട്രോയുടെ അടുത്ത അധ്യായമായ ബ്ലൂ ലൈൻ പദ്ധതിക്ക് 56 ബില്യൻ ദിർഹം ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. 30 കിലോമീറ്റർ നീളമുള്ള ഈ പാതയിൽ 14 പുതിയ സ്റ്റേഷനുകൾ ഉൾപ്പെടും. ദുബായ് ക്രീക്കിന് കുറുകെയുള്ള 1.3 കിലോമീറ്റർ പാലവും 74 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായ ‘എമാർ പ്രോപ്പർട്ടീസ് സ്റ്റേഷനും’ ഇതിന്റെ ഭാഗമാണ്
34 ബില്യൻ ദിർഹം ചെലവിൽ പൂർണമായും ഭൂഗർഭപാതയായി നിർമിക്കുന്ന ഗോൾഡ് ലൈൻ 42 കിലോമീറ്റർ നീളത്തിലും 18 സ്റ്റേഷനുകളിലുമായി വരുന്നു. ഇത് 2032 സെപ്റ്റംബർ ഒൻപതിന് ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്
2026-ലെ കണക്കുകൾ പ്രകാരം 84 ലക്ഷം യാത്രക്കാരുമായി ബുർജുമാൻ ആണ് ഏറ്റവും തിരക്കേറിയ സ്റ്റേഷൻ. യൂണിയൻ (65 ലക്ഷം), അൽ റിഗ്ഗ (64 ലക്ഷം) എന്നിവ തൊട്ടുപിന്നിലുണ്ട്.
Published: 10 Sept 2026, 01:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented