അബുദാബി : വ്യാപാരികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ആശ്വാസമേകി ഇത്തിഹാദ് റെയിൽ ഫ്രൈറ്റും എ.ഡി. പോർട്സ് ഗ്രൂപ്പുംചേർന്ന് പുതിയ നേരിട്ടുള്ള ചരക്കുതീവണ്ടി സർവീസ് ആരംഭിച്ചു. ഫുജൈറ ടെർമിനലിൽനിന്ന് അബുദാബിയിലെ ഇൻഡസ്ട്രിയൽ സിറ്റി ഓഫ് അബുദാബിയിലേക്ക് (ഐ.സി.എ.ഡി.) ചരക്കുകൾ നേരിട്ടെത്തിക്കുന്നതാണ് ഈ പുതിയ റെയിൽ സേവനം.
തീരദേശ തുറമുഖങ്ങളെ അബുദാബിയിലെ വ്യാവസായിക ഹബ്ബുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര ചരക്കുനീക്കം കൂടുതൽ വേഗത്തിലാക്കാനും ലോജിസ്റ്റിക്സ് ചെലവുകൾ ഗണ്യമായി കുറയ്ക്കാനും സാധിക്കും. കപ്പൽ മാർഗം ഫുജൈറ ടെർമിനലിൽ എത്തുന്ന കൺടെയ്നറുകൾ ഇനിമുതൽ റോഡ് മാർഗം കൊണ്ടുപോകുന്നതിനുപകരം ഇത്തിഹാദ് റെയിൽ വഴി ഐ.സി.എ.ഡി.യിലെ ഇൻലാന്റ് കാർഗോ ഗേറ്റ്വേയിൽ നേരിട്ടെത്തിക്കും. ഫുജൈറയിൽ ഇറക്കുന്ന ചരക്കുകൾ ഐ.സി.എ.ഡി.യിൽ എത്തിച്ചശേഷം കസ്റ്റംസ് പരിശോധനകളും നിയമപരമായ നടപടികളും പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് അവരുടെ വെയർഹൗസുകളിലേക്ക് നേരിട്ടുമാറ്റാം.
അബുദാബിയിലെ ഇറക്കുമതിക്കാർക്കും കയറ്റുമതിക്കാർക്കും ഉത്പാദന കേന്ദ്രങ്ങൾക്കും ഈ പുതിയ സംവിധാനം വലിയനേട്ടമുണ്ടാക്കുമെന്ന് ഇത്തിഹാദ് റെയിൽ ഫ്രൈറ്റ് സി.ഇ.ഒ. ഉമർ അൽസെബീയും എ.ഡി. പോർട്സ് ഗ്രൂപ്പ് പോർട്സ് ക്ലസ്റ്റർ സി.ഇ.ഒ. സെയ്ഫ് അൽ മസ്രൂയിയും വ്യക്തമാക്കി.
ഫുജൈറയിൽനിന്ന് അബുദാബിയിലേക്കുള്ള ദീർഘദൂര ട്രക്ക് യാത്രകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും.
വലിയ അളവിലുള്ള ചരക്കുകൾ റെയിൽ മാർഗം കൊണ്ടുപോകുന്നതിലൂടെ ഹൈവേകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും സാധിക്കും. ജി.സി.സി., ഇന്ത്യ, ചെങ്കടൽ, കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര വ്യാപാര ഇടനാഴിയായി ഫുജൈറയെയും അബുദാബിയെയും മാറ്റാൻ ഈ പദ്ധതിക്ക് കഴിയും.
Published: 22 Sept 2026, 01:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented