തളങ്കര : തളങ്കരയിൽ കണ്ടക്ടറെ ബസിൽ കയറി മർദിച്ചതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് തളങ്കര-കാസർകോട് റൂട്ടിൽ ബസ് തൊഴിലാളികൾ മിന്നൽപ്പണിമുടക്ക് നടത്തി. വ്യാഴാഴ്ച രാവിലെ തളങ്കര മാലിക് ദീനാർ സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോഴാണ് സംഭവം. റാഹി ഡീലക്സ് ബസ് കണ്ടക്ടർ കല്ലക്കട്ട സ്വദേശി മുഹമ്മദ്‌ സാലിഹി (36) നാണ് മർദനമേറ്റത്. അദ്ദേഹത്തെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറാണ് ആക്രമിച്ചതെന്നും സ്ക്രൂഡ്രൈവർകൊണ്ട് കൈയ്ക്ക് കുത്തുകയും തല്ലുകയും ചെയ്തുമെന്നുമാണ് സ്വാലിഹ് പരാതിപ്പെട്ടത്.

To advertise here,

ബസ് ആളെയെടുത്തു പോകുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഇവിടെ സംഘർഷത്തിനു കാരണമാകുന്നതെന്ന് പോലീസ് പറയുന്നു. നേരത്തെയും ഇത്തരം അക്രമങ്ങൾ നടന്നിരുന്നു. അക്രമത്തെത്തുടർന്ന് കാസർകോട്-തളങ്കര റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയത് യാത്രക്കാരെ വലച്ചു.

അപ്രതീക്ഷിതമായ പണിമുടക്കിൽ വിദ്യാർഥികളും സർക്കാർ ജീവനക്കാരുമാണ് കൂടുതൽ ദുരിതത്തിലായത്. രാവിലെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി ബസുകളിൽ ഒാഫീസിലേക്ക് പോയിരുന്നവർക്ക് മറ്റു മാർഗങ്ങൾ തേടേണ്ടിവന്നു.