കാസർകോട് : അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലുൾപ്പെടുത്തി നവീകരണം നടത്തുന്ന കാസർകോട് റെയിൽവേ സ്റ്റേഷനിലെ നടപ്പാലം നിർമാണം ഇഴയുന്നു. പദ്ധതിപ്രകാരം നിർമാണം ആരംഭിച്ച് ഒരുവർഷം പിന്നിട്ടിട്ടും മേൽപ്പാലം പൂർത്തിയായിട്ടില്ല. ഒക്ടോബർ അവസാനത്തോടെ യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റോട്ട് ഉറപ്പുപറഞ്ഞ നടപ്പാലമാണ് നിർമാണത്തീയതി 15 വരെ നീട്ടിക്കിട്ടിയിട്ടും എങ്ങുമെത്താതെ നിൽക്കുന്നത്. നിർമാണക്കരാർ 30-ന് അവസാനിക്കാനിരിക്കെയാണിത്.
ഡി.ആർ.എമ്മിന്റെ സന്ദർശനത്തിനുശേഷം ആരംഭിച്ച കോൺക്രീറ്റിങ് ജോലികൾ വേഗത്തിൽ പൂർത്തിയായിരുന്നു. എന്നാൽ, അതോടെ പ്രവർത്തനങ്ങൾ വീണ്ടും ഇഴയാൻ തുടങ്ങിയെന്ന് പതിവുയാത്രക്കാർ പരാതിപ്പെടുന്നു.
സ്റ്റേഷനിലെ ഉപയോഗയോഗ്യമായ രണ്ടു നടപ്പാലങ്ങളിലൊന്ന് ഓഗസ്റ്റിൽ അറ്റകുറ്റപ്പണികൾക്കായി അടച്ചിരുന്നു. പുതിയ നടപ്പാലത്തിന്റെ നിർമാണം പൂർത്തിയാകാതെ അറ്റകുറ്റപ്പണികൾ ആരംഭിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. ഇതോടെ പ്ലാറ്റ്ഫോമുകൾ കടക്കാൻ യാത്രക്കാരുടെ ഏക ആശ്രയം തെക്കേയറ്റത്തെ നടപ്പാലമാണ്. തിരക്കുള്ള സമയത്ത് ഇതുവഴി കടക്കാനും അനുബന്ധ ലിഫ്റ്റുപയോഗിക്കാനും ക്യൂ നിൽക്കേണ്ട സ്ഥിതിയാണ്. മാസങ്ങളായി രണ്ടാം പ്ലാറ്റ്‌ഫോമിൽ വടക്കേയറ്റത്ത് വന്നിറങ്ങുന്ന യാത്രക്കാർക്ക് പ്രധാന കവാടം വഴി പുറത്തുകടക്കാനും തിരിച്ചും പ്ലാറ്റ്‌ഫോം ചുറ്റിവരേണ്ട സ്ഥിതിയാണ്. ഇതൊഴിവാക്കാൻ പാളം മുറിച്ചുകടക്കുന്ന യാത്രക്കാരുമേറെയുണ്ടെന്ന് റെയിൽവേ പോലീസ് സാക്ഷ്യപ്പെടുത്തുന്നു.
'അനധികൃതമായി പാളത്തിലിറങ്ങുന്നവരെ കണ്ടാൽ പോലീസ് തടയും. എന്നാൽ കണ്ണുവെട്ടിച്ച് കടക്കാൻ ശ്രമിക്കുന്നവരാണ് അധികവും. പുതിയ നടപ്പാലത്തിന്റെ നിർമാണം വൈകുമെങ്കിൽ അത്യാവശ്യം പരിഗണിച്ച്, അടച്ച പാലത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് അത് തുറന്നുതരണം'-യാത്രക്കാർ പറയുന്നു.
നിലവിൽ ഉപയോഗത്തിലുള്ള നടപ്പാലത്തോടനുബന്ധിച്ച എസ്കലേറ്ററിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായി. നിർമാണം പുരോഗമിക്കുന്ന നടപ്പാലത്തിനനുബന്ധമായി എസ്കലേറ്ററിന്റെ നിർമാണം ഒക്ടോബർ അവസാനം ആരംഭിച്ചു. ജനുവരി പകുതിയോടെ മാത്രമേ ഇതു പൂർത്തിയാകൂവെന്നാണ് കരാർ ജീവനക്കാർ പറയുന്നത്. പുതിയ നടപ്പാലത്തിന്റെ നിർമാണം അനിശ്ചിതമായി നീളുന്നതോടെ യാത്രക്കാരുടെ ബുദ്ധിമുട്ടും തുടരുകയാണ്.
Published: 13 Nov 2026, 04:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented