ദുബായ്: ആഗോള ലഹരിമരുന്ന് വ്യാപനത്തെ പ്രതിരോധിക്കുന്നതിനും അന്താരാഷ്ട്ര കുറ്റവാളി ശൃംഖലകളെ തകർക്കുന്നതിനുമുള്ള നൂതന തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനായി നാഷണൽ ഡ്രഗ് എൻഫോഴ്സ്മെന്റ് അതോറിറ്റിയും ദുബായ് പോലീസ് ജനറൽ കമാൻഡിന് കീഴിലുള്ള ആന്റി-നാർക്കോട്ടിക്സ് ജനറൽ ഡിപ്പാർട്ട്മെന്റും വേൾഡ് പോലീസ് സമ്മിറ്റുമായി സഹകരിച്ച് നടത്തുന്ന അന്താരാഷ്ട്ര ആന്റി-നാർക്കോട്ടിക്സ് സമ്മേളനത്തിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. നവംബർ 16 മുതൽ 18 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന വേൾഡ് പോലീസ് ഉച്ചകോടിയുടെ രണ്ടാം ദിവസമായ ചൊവ്വാഴ്ച, നവംബർ 17-നാണ് ഈ സുപ്രധാന സമ്മേളനം അരങ്ങേറുന്നത്.
പ്രതിരോധം, ചികിത്സ, സുരക്ഷ, നിയമനിർമ്മാണം, ആരോഗ്യം എന്നീ അഞ്ച് പ്രധാന വീക്ഷണകോണുകളിലൂടെ ലഹരിമരുന്ന് പ്രശ്നങ്ങളെ സമ്മേളനം സമഗ്രമായി വിശകലനം ചെയ്യും. ഐക്യരാഷ്ട്രസഭയുടെ ലഹരിമരുന്ന്-കുറ്റകൃത്യ വിഭാഗം, യൂറോപ്യൻ യൂണിയൻ ഡ്രഗ്സ് ഏജൻസി എന്നിവയുടെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള പ്രമുഖ വിദഗ്ദ്ധരും ഗവേഷകരും ഇതിൽ പങ്കെടുക്കും.
അതിർത്തികടന്നുള്ള ലഹരി ഭീഷണികളെ നേരിടാൻ ഫലപ്രദമായ അന്താരാഷ്ട്ര പങ്കാളിത്തവും അനുഭവജ്ഞാനത്തിന്റെ കൈമാറ്റവും അനിവാര്യമാണെന്ന അതോറിറ്റി ചെയർമാൻ ശൈഖ് സായിദ് ബിൻ ഹമദ് ബിൻ ഹംദാൻ അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് നാഷണൽ ഡ്രഗ് എൻഫോഴ്സ്മെന്റ് അതോറിറ്റി (എൻ.ഡി.ഇ.എ) ഔദ്യോഗിക വക്താവ് മേജർ ഫഹദ് അബ്ദുള്ള ഹൈക്കൽ പറഞ്ഞു.
2025 ഓഗസ്റ്റ് മൂന്നിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുറപ്പെടുവിച്ച ഫെഡറൽ ഡിക്രി നിയമപ്രകാരം രൂപീകൃതമായ സ്വതന്ത്ര ഫെഡറൽ സ്ഥാപനമാണ് എൻ.ഡി.ഇ.എ. 2024-2031 ദേശീയ ലഹരിവിരുദ്ധ തന്ത്രം നടപ്പിലാക്കുന്നതിനും, കള്ളക്കടത്ത് ശൃംഖലകളെ തകർക്കുന്നതിനും, രാസവസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും, ലഹരിക്ക് അടിമപ്പെട്ടവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും നേതൃത്വം നൽകുന്നത് ഈ അതോറിറ്റിയാണ്. ദുബായ് പോലീസുമായുള്ള പങ്കാളിത്തവും ബോധവൽക്കരണ സന്ദേശങ്ങൾ വീടുകളിലേക്ക് എത്തിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്കും അദ്ദേഹം പ്രശംസിച്ചു.
യു.എ.ഇയിലെ ആരോഗ്യ-പ്രതിരോധ, നീതിന്യായ, വിദ്യാഭ്യാസ, സാംസ്കാരിക മന്ത്രാലയങ്ങൾ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, ഇറാദ സെന്റർ, നാഷണൽ റീഹാബിലിറ്റേഷൻ സെന്റർ, അൽ അമൽ ആശുപത്രി, പബ്ലിക് പ്രോസിക്യൂഷൻ, ദുബായ് കോടതികൾ, കെ.എച്ച്.ഡി.എ, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് സ്പോർട്സ് കൗൺസിൽ തുടങ്ങിയ ദേശീയ സ്ഥാപനങ്ങളും, ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസി, ഇന്റർനാഷണൽ നാർക്കോട്ടിക്സ് കൺട്രോൾ ബോർഡ്, ഈജിപ്ത്, ഖത്തർ, ജോർദാൻ, അമേരിക്ക എന്നിവിടങ്ങളിലെ പ്രമുഖ ഏജൻസികളും സമ്മേളനത്തിൽ പങ്കാളികളാകും.
Published: 12 Nov 2026, 07:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented