ഷാർജ : അൽ ദൈദിലേക്കുള്ള പ്രവേശന പാലത്തിന്റെയും അൽ ദൈദ് തടാകത്തിലെയും ലൈറ്റിങ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കിയതായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) അധികൃതർ അറിയിച്ചു. 117 അലങ്കാര ലൈറ്റിങ് തൂണുകളും ഊർജക്ഷമതയുള്ള 225 ഫ്ലഡ് ലൈറ്റുകളും 10,000 മീറ്റർ കോപ്പർ കേബിളുകളും സ്ഥാപിച്ചിട്ടുണ്ട്.

To advertise here,

ലൈറ്റിങ് ശൃംഖല മെച്ചപ്പെടുത്താനും അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തികൊണ്ട് സുരക്ഷയും ഊർജക്ഷമതയും ഉയർത്താനും നഗരത്തിലെ പ്രധാന വിനോദസഞ്ചാര, പ്രകൃതിദത്ത കേന്ദ്രങ്ങളുടെ ആകർഷണത്വം വർധിപ്പിക്കാനുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സേവയിലെ സെൻട്രൽ റീജൻ വകുപ്പ് മേധാവി എൻജിനിയർ ഖലീഫ അൽ തുനൈജി പറഞ്ഞു.

അൽ ദൈദിന്റെ നഗരപരിസ്ഥിതിയോടും പൈതൃകത്തോടും ചേർന്നുനിൽക്കുന്ന രൂപകല്പനകളിലാണ് ലൈറ്റിങ് തൂണുകൾ ഒരുക്കിയിട്ടുള്ളത്. കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം ഇവ വ്യക്തമായ കാഴ്ചയുമുറപ്പാക്കുന്നു. പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ കൂടുതൽ മനോഹരവും സുരക്ഷിതവുമായ അന്തരീക്ഷം സൃഷ്ടിക്കാനാകുമെന്നും അൽ തുനൈജി പറഞ്ഞു.