വിദ്യാനഗർ : ബാരിക്കാട്ടെ അഭയം ഡയാലിസിസ് സെന്റർ പൂട്ടുന്നതിന് ഹൈക്കോടതി ഉത്തരവ്. ആവശ്യമായ നിയമാനുമതികളും ചട്ടങ്ങളും പാലിക്കാതെയും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന രീതിയിലും പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഡയാലിസിസ് സെന്റർ പൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടത്.

To advertise here,

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും പ്രവർത്തനത്തിന് ആവശ്യമായ മറ്റ് നിയമപരമായ അനുമതികളും ലഭിക്കുന്നതുവരെ സ്ഥാപനത്തിന്റെ പ്രവർത്തനം പുനരാരംഭിക്കരുതെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഡയാലിസിസ് സെന്ററിൽനിന്നുള്ള മലിനവെജലം സമീപത്തെ പള്ളിക്കിണറിലും പരിസരത്തെ വീടുകളിലെ കിണറുകളിലും കലർന്ന് കുടിവെള്ളം മുട്ടിയത് സംബന്ധിച്ച് ‘മാതൃഭൂമി’ 2024 ഡിസംബർ ആറിന് വാർത്ത നൽകിയിരുന്നു. പിന്നീട് നാട്ടുകാർ ബി.എ. മുഹമ്മദ്കുഞ്ഞി ചെയർമാനും പി.ബി. കൃഷ്ണൻ കൺവീനറുമായി കർമ്മസമിതി രൂപവത്കരിച്ച് അനിശ്ചിതകാല സമരവും നടത്തിവരികയായിരുന്നു.

സമരത്തെത്തുടർന്ന് അധികൃതർ കണ്ണ് തുറന്നെങ്കിലും മലിനീകരണം തടയുന്നതിന് കാര്യക്ഷമമായ നടപടിയുണ്ടായില്ല. പിന്നീടാണ് കോടതിയെ സമീപിച്ചത്.

മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയുടെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി. സ്ഥാപനം ആവശ്യമായ എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും അതിന്റെ പ്രവർത്തനം പരിസ്ഥിതി മലിനീകരണത്തിന് കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയതായി കോടതി നിരീക്ഷിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം ഉടൻ പൂട്ടാനും ആവശ്യമായ എല്ലാ നിയമപരമായ അനുമതികളും നേടിയശേഷം മാത്രമേ പ്രവർത്തനം പുനരാരംഭിക്കാവൂ എന്നും കോടതി നിർദേശിച്ചു. നിയമപരമായ വ്യവസ്ഥകൾ പൂർണമായി പാലിക്കുന്നപക്ഷം പ്രവർത്തനം പുനരാരംഭിക്കുന്നതിന് തടസ്സമില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

അഭയം ചാരിറ്റബിൾ ട്രസ്റ്റിനും ഡയാലിസിസ് സെന്ററിന്റെ ചുമതലയുള്ളവർക്കുമെതിരേ അബ്ദുൽ സലാം, എ.എ. സമീർ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. സംസ്ഥാന സർക്കാർ, കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ മെഡിക്കൽ ഓഫീസർ, ചെങ്ങള ഗ്രാമപ്പഞ്ചായത്ത് തുടങ്ങിയവരാണ് കേസിലെ മറ്റ് എതിർകക്ഷികൾ.

2025-ൽ സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി 2026 നവംബർ 11-നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.