1100 ജീവനക്കാരെയും 580 ടാങ്കറുകളും വിന്യസിച്ചു

To advertise here,

ഷാർജ : അസ്ഥിര കാലാവസ്ഥയെ നേരിടാൻ 1100 ജീവനക്കാരെയും 580 ടാങ്കറുകളും വിന്യസിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 180 മൊബൈൽ പമ്പുകളും സജ്ജമാണ്. വെള്ളക്കെട്ടുകൾ തടയുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും ഒൻപത് പുതിയ പമ്പിങ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും മഴവെള്ള ഡ്രെയിനേജ് ശൃംഖല ശുചീകരിക്കുകയും ചെയ്തിട്ടുണ്ട്.

ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റ്, അൽ വഹ്ദ സ്ട്രീറ്റ്, ജമാൽ അബ്ദുൽ നാസ്സർ സ്ട്രീറ്റ്, അൽ ദൈദ് റോഡ് എന്നിവിടങ്ങളിലാണ് പുതിയ പമ്പിങ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. മണിക്കൂറിൽ 1200 ക്യൂബിക് മീറ്റർ വരെ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ള 70 മഴവെള്ള സംഭരണികളും തയ്യാറാക്കിയിട്ടുണ്ട്. മഴവെള്ളം നീക്കം ചെയ്യുന്നത് വേഗത്തിലാക്കുക, റോഡുകളിലും താമസപ്രദേശങ്ങളിലും വെള്ളപ്പൊക്കം തടയുക, സുഗമഗതാഗതം ഉറപ്പാക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് മുൻകരുതൽ നടപടികൾ ലക്ഷ്യമിടുന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ-ജനറൽ ഒബൈദ് സഈദ് അൽ തുനൈജി പറഞ്ഞു.

എല്ലാ പ്രദേശങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നതിന് എമിറേറ്റിനെ അഞ്ച് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അടിയന്തര സംഘങ്ങൾക്ക് വേഗത്തിൽ എത്തിച്ചേരാനാണ് പുതിയ ക്രമീകരണങ്ങൾ ലക്ഷ്യമിടുന്നത്. രക്ഷാസമിതി മേധാവികൾ, എൻജിനിയർമാർ, സൂപ്പർവൈസർമാർ എന്നിവരുൾപ്പെടെ 1100 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ടെക്‌നിക്കൽ സർവീസസ് മേധാവിയും മഴക്കെടുതികൾക്കായുള്ള ഉന്നതസമിതി ചെയർമാനുമായ ഡോ. ഖലീഫ ബിൻ ഹദ്ദ അൽ സുവൈദി പറഞ്ഞു. അൽ സുയൂഹ്, അൽ ബുലൈദ എന്നിവിടങ്ങളിലെ ഡ്രെയിനേജ് ശൃംഖലയുമായി പുതിയ പൈപ്പ്‌ലൈനുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. വെള്ളക്കെട്ടിന് സാധ്യതയുള്ള പ്രദേശങ്ങളിൽ അധിക വാട്ടർ ടാങ്കറുകളും പമ്പുകളും വിന്യസിച്ചിട്ടുണ്ട്. മഴയെത്തുടർന്ന് കുടുങ്ങിപോകുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

എമർജൻസി ഹോട്ട്‌ലൈൻ സേവനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും. മോശം കാലാവസ്ഥയെത്തുടർന്ന് മരങ്ങൾ വീഴുകയോ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അവ പരിഹരിക്കുന്നതിന് ഒട്ടേറെ യന്ത്രസാമഗ്രികളും ഉപകരണങ്ങളും സജ്ജമാണ്. മഴയുമായി ബന്ധപ്പെട്ട അടിയന്തരസാഹചര്യങ്ങൾ 993-ലൂടെ റിപ്പോർട്ട് ചെയ്യാമെന്നും അൽ സുവൈദി വിശദീകരിച്ചു.