ദുബായ്: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരണം 14 ആയി. മരിച്ചവരിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നു. മലപ്പുറം കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദിഖിന്റെ മക്കളായ ഇരട്ടസഹോദരങ്ങൾ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മിസ്നയുടെ മകൻ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ച മലയാളികൾ.

To advertise here,

 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. അഞ്ച് ട്രക്കുകളുൾപ്പെടെ 23 വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് ഫുജൈറ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.

ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ട്രക്ക് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയതായാണ് പ്രാഥമിക വിവരം. തുടർന്നുണ്ടായ കൂട്ടിയിടിയിൽ നിരവധി വാഹനങ്ങൾ തകർന്നു.

അപകടവിവരമറിഞ്ഞ് പോലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.