ദുബായ്: മലിനജലവും പെട്രോകെമിക്കൽ അവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള അപകടകരമായ മാലിന്യങ്ങൾ വിജനമായ പ്രദേശങ്ങളിൽ അനധികൃതമായി തള്ളിയ 18 പേർക്കെതിരെ കടുത്ത നിയമനടപടികളുമായി ദുബായ് പോലീസ്. ദുബായ് മുൻസിപ്പാലിറ്റിയുമായും ദുബായ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റിയുമായും സഹകരിച്ച് ദുബായ് പോലീസിലെ എൻവയോൺമെന്റൽ ക്രൈംസ് സെക്ഷൻ 2026-ന്റെ ആദ്യ പകുതിയിലാണ് ഈ പരിശോധനകളും നടപടികളും ശക്തമാക്കിയത്.
മാലിന്യങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ നടത്തിയ പതിവ് പരിശോധനകളിലാണ് ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയത്. നിയമവിരുദ്ധമായി മാലിന്യം തള്ളാൻ ഉപയോഗിച്ച 17 കൂറ്റൻ ടാങ്കറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. പെട്രോകെമിക്കൽ മാലിന്യങ്ങളും മലിനജലവും മറ്റ് രാസവസ്തുക്കളും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് അതോറിറ്റി അംഗീകരിച്ച കേന്ദ്രങ്ങളിൽ മാത്രമേ നിക്ഷേപിക്കാവൂ എന്ന് ദുബായ് പോലീസ് ആവർത്തിച്ച് വ്യക്തമാക്കി.
ഓഗസ്റ്റ് മാസത്തിൽ ദുബായ് മുൻസിപ്പാലിറ്റി നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുകയും മലിനജല ടാങ്കറുകളിൽ അപ്രതീക്ഷിത പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. മുൻസിപ്പാലിറ്റിയുടെ ഡിജിറ്റൽ സംവിധാനമായ 'റാസിദ്' ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി സംശയാസ്പദമായ വാഹന ചലനങ്ങളും അനധികൃതമായി വാഹനം നിർത്തുന്നതും തത്സമയം നിരീക്ഷിച്ചാണ് തട്ടിപ്പുകൾ കണ്ടെത്തിയത്. ജനറൽ പട്രോളിംഗ് സംഘങ്ങളുടെയും പൊതുജനങ്ങളിൽ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ഈ നടപടികൾ.
തുറസ്സായ സ്ഥലങ്ങളിലും നിരോധിത മേഖലകളിലും രാസമാലിന്യങ്ങളും മലിനജലവും ഒഴുക്കുന്നത് പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ഇതിനായി ദുബായ് മുൻസിപ്പാലിറ്റിയുടെ പ്രത്യേക സംഘങ്ങൾ 24 മണിക്കൂറും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവ നിരീക്ഷണം നടത്തുന്നുണ്ട്.
ലക്ഷം ദിർഹം വരെ പിഴയും 90 ദിവസത്തെ കണ്ടുകെട്ടലും
ദുബായ് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം തുറസ്സായ സ്ഥലങ്ങളിൽ ഇത്തരം മാലിന്യങ്ങൾ ഒഴുക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. നിയമലംഘനം നടത്തുന്ന ടാങ്കറുകൾ 90 ദിവസത്തേക്ക് അടിയന്തരമായി പിടിച്ചെടുക്കും. ഒരു വർഷത്തിനുള്ളിൽ കുറ്റം ആവർത്തിക്കുകയാണെങ്കിൽ പിഴത്തുക ഇരട്ടിയാകും.
ഇതിനുപുറമേ, സ്ഥാപനങ്ങളുടെ പെർമിറ്റുകൾ റദ്ദാക്കാനും പ്രവർത്തനങ്ങൾ ആറുമാസം വരെ നിർത്തിവെക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. പൊതുമുതലുകൾക്കോ പരിസ്ഥിതിക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ പൂർണ്ണ തുകയും, അതിനുപുറമേ 25 ശതമാനം അഡ്മിനിസ്‌ട്രേറ്റീവ് ചാർജും കുറ്റക്കാരിൽ നിന്ന് ഈടാക്കും. നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും മാലിന്യങ്ങൾ സുരക്ഷിതമായി മാത്രം സംസ്‌കരിക്കണമെന്നും എല്ലാ ടാങ്കർ ഉടമകളോടും കമ്പനികളോടും അധികൃതർ ആവശ്യപ്പെട്ടു.
Published: 26 Sept 2026, 07:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented