കോഴിക്കോട്: ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകളോടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഷൂട്ടിങ് താരം വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എംപി. കോഴിക്കോട് തിരുവമ്പാടിയിലെ വീട്ടിലെത്തിയ പ്രിയങ്ക വിദർശയുടെ മാതാപിതാക്കളുമായി സംസാരിച്ചു. വിദർശയുടെ നേട്ടത്തിൽ സന്തോഷവും അഭിമാനവുമുണ്ടെന്നും പ്രിയങ്ക പ്രതികരിച്ചു.

To advertise here,

വീട്ടിലെത്തിയ വയനാട് എംപി വിദർശയുടെ മാതാപിതാക്കളോട് പരിശീലനത്തെ സംബന്ധിച്ച് ചോദിച്ചറിഞ്ഞു. ‘വിദർശയുടെ നേട്ടത്തിൽ സന്തോഷവും അഭിമാനവുമുണ്ട്. വയനാടിനും രാജ്യത്തിനും അങ്ങനെതന്നെയാണ്. നമ്മുടെ കുട്ടികൾ നല്ല കഴിവുള്ളവരാണ്. ശരിയായ പരിശീലനവും പിന്തുണയും കിട്ടിയാൽ അവർ വിജയത്തിലെത്തും. അന്താരാഷ്ട്ര വേദികളിൽ തിളങ്ങാനാകുമെന്നും’ പ്രിയങ്ക കൂട്ടിച്ചേർത്തു.

വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിലാണ് വിദർശയടങ്ങിയ സംഘം ശനിയാഴ്ച ഇന്ത്യക്കായി വെള്ളി മെഡൽ സ്വന്തമാക്കിയത്. തിലോത്തമ സെൻ, വിദർശ വിനോദ്, ആഷി ചൗക്‌സി എന്നിവരടങ്ങിയ ഇന്ത്യൻ സംഘമാണ് നേട്ടം കൈവരിച്ചത്. 20-ാം ഏഷ്യൻ ഗെയിംസിൽ വിദർശയുടെ രണ്ടാം മെഡൽ നേട്ടമാണിത്. നേരത്തേ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ എളവേണിൽ വാളറിവനും സോനം മസ്‌കറിനുമൊപ്പം വെള്ളി മെഡൽ കരസ്ഥമാക്കിയ ടീമിലെ അംഗമായിരുന്നു വിദർശ.

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ തമ്പലമണ്ണയിലാണ് വിദർശ ജനിച്ചു വളർന്നത്. തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്‌കൂളിലായിരുന്നു പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം. 2018-ൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ ബിരുദ പഠന കാലത്ത് എൻ.സി.സിയിലെ ഉദ്യോഗസ്ഥരാണ് വിദർശയിലെ 'ഷൂട്ടറെ' കണ്ടെത്തുന്നത്. കോഴിക്കോട് റൈഫിൾ ക്ലബ്ബിൽ അംഗത്വമെടുത്ത് പരിശീലനമാരംഭിച്ച വിദർശ, മികച്ച പരിശീലനത്തിനായി തിരുവനന്തപുരത്തും പിന്നീട് ഡൽഹിയിലുമെത്തി. ഹരിയാണ സ്വദേശി മനോജിന്റെ കീഴിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്.