ദുബായ്: വിദേശ തൊഴിൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്പനി ഉടമയായ മലയാളി സംരംഭകയെ കേരളത്തിൽ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിശദീകരണവുമായി ദുബായ് ആസ്ഥാനമായ പ്രോജക്ട് മാനേജ്‌മെന്റ് സ്ഥാപനം. ഉടമ നിയമനടപടികൾ നേരിടുന്നുണ്ടെങ്കിലും ദുബായിലെയും അബുദാബിയിലെയും ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമില്ലെന്നും കസ്റ്റമർ സർവീസ് പ്രതിനിധി വ്യക്തമാക്കി.
പോളണ്ട്, അർമേനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയെന്ന പരാതികളിൽ, തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് തിരുവനന്തപുരം സ്വദേശിയായ സംരംഭകയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കോടതി ഇവർക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ, സംഭവത്തിൽ നിയമപരമായ അന്വേഷണങ്ങൾ മാത്രമാണ് നടക്കുന്നതെന്നും തെറ്റിദ്ധാരണ മൂലം ഉയർന്ന കേസുകളിൽ ഉടൻ തന്നെ ഇവർ കുറ്റവിമുക്തയാക്കപ്പെടുമെന്ന പ്രതീക്ഷയിലാണെന്നും ജീവനക്കാർ അറിയിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ സ്ഥാപനം കാനഡ ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറ്റവും വിസ സേവനങ്ങളും നൽകുന്നത് തുടരുമെന്ന് ജീവനക്കാർ വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്ത വിവരം അറിയാതെയാണ് ഇവർ ദുബായിൽ നിന്ന് നാട്ടിലേക്ക് യാത്ര ചെയ്തത്. തനിക്കെതിരെ കേസുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ അവർ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമായിരുന്നില്ലെന്നും സംഭവത്തിന് പിന്നാലെ കമ്പനി ജീവനക്കാരുടെ ഗ്രൂപ്പുകളിൽ ഉടമ സന്ദേശം അയച്ചിരുന്നതായും ജീവനക്കാർ കൂട്ടിച്ചേർത്തു. വ്യാജ പ്രചാരണങ്ങളിൽ ശ്രദ്ധിക്കാതെ തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാനേജ്മെന്റ് ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.

To advertise here,