അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നീ എമിറേറ്റുകളിലായി കോടികള്‍ ചെലവിട്ട് നിര്‍മ്മിക്കുന്ന അത്യാധുനിക ടൂറിസം പദ്ധതികള്‍

ദുബായ്: സുസ്ഥിരതയ്ക്കും പാരമ്പര്യത്തിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് യു.എ.ഇയിലെ വിനോദസഞ്ചാര മേഖലകളിൽ വൻ നിക്ഷേപം. അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ എന്നീ എമിറേറ്റുകളിലായി കോടികൾ ചെലവിട്ട് നിർമ്മിക്കുന്ന അത്യാധുനിക ടൂറിസം പദ്ധതികൾ പ്രഖ്യാപിക്കപ്പെടുകയും നിർമ്മാണ ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തതോടെ, ആഗോള സഞ്ചാരികളുടെ പ്രധാന കേന്ദ്രമെന്ന പദവി യു.എ.ഇ കൂടുതൽ ഊട്ടിയുറപ്പിച്ചു.
അബുദാബിയിലെ പ്രശസ്തമായ യാസ് ഐലന്റിൽ 170 കോടി യു.എസ് ഡോളർ ചെലവിൽ 'സ്ഫിയർ അബുദാബി' നിർമ്മിക്കുന്നതിനുള്ള പ്രഖ്യാപനം ഈ വർഷം മെയ് മാസത്തിൽ നടന്നിരുന്നു. അമേരിക്കയ്ക്ക് പുറത്ത് ആദ്യമായി സ്ഥാപിക്കപ്പെടുന്ന ഈ അത്യാധുനിക വിനോദ കേന്ദ്രം യാസ് മോളിനും സീവേൾഡിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരേസമയം 20,000 പേർക്ക് പ്രവേശിക്കാവുന്ന ഈ സമുച്ചയം ആഗോള സംഗീത പരിപാടികൾക്കും കായിക മാമാങ്കങ്ങൾക്കും കോൺഫറൻസുകൾക്കും വേദിയാകും.
ഇതിനുപുറമേ, 'അബുദാബി ടൂറിസം സ്ട്രാറ്റജി 2030' ന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യാസ് ഐലൻഡിന്റെ വികസനത്തിനായി 1,200 കോടിയിൽ അധികം ദിർഹത്തിന്റെ നിക്ഷേപമാണ് പ്രമുഖ വികസന കമ്പനിയായ 'മിറാൽ' പ്രഖ്യാപിച്ചിരിക്കുന്നത്. വിനോദ പാർക്കുകളുടെ നവീകരണവും പുതിയ ഇമ്മേഴ്സീവ് റൈഡുകളും ഇതിൽ ഉൾപ്പെടുന്നു.
ദുബായുടെ പ്രകൃതിഭംഗി ഉയർത്തിക്കാട്ടുന്ന പ്രകൃതി സൗഹൃദ വിനോദ കേന്ദ്രമായ 'അൽ ലയാൻ ഒയാസിസ്' പദ്ധതിക്ക് ഫെബ്രുവരിയിൽ അംഗീകാരം ലഭിച്ചു. പത്ത് ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിയിൽ 2.5 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള കൂറ്റൻ തടാകമുണ്ട്. നടപ്പാതകൾ, സൈക്ലിംഗ് ട്രാക്കുകൾ, ഔട്ട്ഡോർ സിനിമാ തിയേറ്റർ, 100 കാരവാനുകൾക്ക് ക്യാമ്പ് ചെയ്യാനുള്ള സൗകര്യം എന്നിവയും ഇവിടെ സജ്ജീകരിക്കും.
കൂടാതെ, ദുബായിലെ പ്രസിദ്ധമായ ഉം സുഖീം ബീച്ച് 50 കോടി ദിർഹം ചെലവിൽ അത്യാധുനിക വിനോദകേന്ദ്രമായി പുനർനിർമ്മിക്കാനുള്ള മാസ്റ്റർ പ്ലാനും ദുബായ് ഭരണകൂടം തയാറാക്കിയിട്ടുണ്ട്. ബീച്ചിന്റെ വാർഷിക സന്ദർശക ശേഷി 60 ലക്ഷമായി ഉയർത്തുന്ന ഈ പദ്ധതിയിൽ 38 മീറ്റർ ഉയരമുള്ള ഒബ്സർവേഷൻ ടവറും രണ്ട് കിലോമീറ്റർ നീളമുള്ള തീരദേശ സംരക്ഷണ ഭിത്തിയും ഉണ്ടാകും. കൃത്രിമബുദ്ധിയും സ്മാർട്ട് സാങ്കേതികവിദ്യകളും ഉപയോഗിച്ചായിരിക്കും ഇവിടുത്തെ സൗകര്യങ്ങൾ നിയന്ത്രിക്കുക.
ഷാർജയിലെ തീരദേശ നഗരമായ ഖോർഫക്കാനിൽ 70 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 'അബു അൽ കെയ്സാൻ മറൈൻ വില്ലേജ്' നിർമ്മാണത്തിന് ഈ വർഷം തറക്കല്ലിട്ടിരുന്നു. ഇസ്ലാമിക വാസ്തുവിദ്യയും പാരമ്പര്യ തനിമയും സമന്വയിപ്പിച്ച് പാറയിടുക്കുകൾക്കിടയിൽ നിർമ്മിക്കുന്ന ഈ കടലോര ഗ്രാമത്തിൽ പ്രകൃതിദത്ത തുറമുഖം, ബൊളിവാർഡ്, ബീച്ച്, പ്രകൃതിദത്ത ഹരിതമേഖലകൾ, മോസ്ക്, ഹോട്ടലുകൾ എന്നിവ ഉൾപ്പെടും. സമുദ്രജീവികൾക്കും പ്രകൃതിക്കും കോട്ടം തട്ടാത്ത രീതിയിലാണ് പദ്ധതിയുടെ രൂപകൽപ്പന.
ഇതിനുപുറമേ, 70 കോടി ദിർഹം ചെലവിൽ നിർമ്മിച്ച വിപുലമായ 'ഖോർഫക്കാൻ റിസോർട്ട്' പദ്ധതിയും ഈ വർഷം പ്രവർത്തനസജ്ജമായി. 573 പാർപ്പിട യൂണിറ്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഹരിത പാർക്കുകൾ, നീന്തൽക്കുളങ്ങൾ, സ്വകാര്യ ബീച്ച് എന്നിവ ഉൾപ്പെടുന്നതാണ് ഈ സമുച്ചയം.
റാസൽഖൈമയുടെ പാരമ്പര്യ പൈതൃകം നിലനിർത്തിക്കൊണ്ട് 'അൽ റാംസ് വാട്ടർഫ്രണ്ട്', 'അൽ റാംസ് ബൊളിവാർഡ്' എന്നിവയുടെ വികസന പ്രവർത്തനങ്ങൾക്കും തുടക്കമായിട്ടുണ്ട്. 2,000 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന വാട്ടർഫ്രണ്ടിൽ വിശാലമായ നടപ്പാതകൾ, സൈക്ലിംഗ്-ജോഗിംഗ് ട്രാക്കുകൾ, കമ്മ്യൂണിറ്റി പാർക്കുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ ഒരുക്കും. അന്താരാഷ്ട്ര തലത്തിൽ കൂടുതൽ സഞ്ചാരികളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതിന്റെ ഭാഗമായാണ് എമിറേറ്റുകളിലുടനീളം നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത്.
Published: 26 Sept 2026, 07:08 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented