ദുബായ് : നഗരത്തിൽനിന്നു മാറിസ്ഥിതിചെയ്യുന്ന പുതിയ താമസമേഖലകളിലെ പ്രവാസികൾ നേരിട്ടിരുന്ന യാത്രാദുരിതങ്ങൾക്ക് ശാശ്വത പരിഹാരമാകും ദുബായിയുടെ സ്വപ്നഗതാഗത പദ്ധതിയായ ‘ഫോർത്ത് കോറിഡോർ’ എന്ന് വിദഗ്ധർ. ജോലിസ്ഥലങ്ങളിലേക്കും സ്കൂളുകളിലേക്കും നഗരമധ്യത്തിലേക്കും ദിനംപ്രതി മണിക്കൂറുകളോളം നീളുന്ന യാത്രകൾക്ക് ഇതോടെ അന്ത്യമാകുമെന്ന ആശ്വാസത്തിലാണ് ഡാമാക് ഹിൽസ് 2, ദ വാലി തുടങ്ങിയ മേഖലകളിലെ താമസക്കാർ.

To advertise here,

ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞയാഴ്ചയാണ് 80 കിലോമീറ്റർ നീളമുള്ള ഈ ബൃഹത്തായ റോഡുപദ്ധതിക്ക് അംഗീകാരംനൽകിയത്. ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നിവയ്ക്കുശേഷം എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാലാമത്തെ പ്രധാന ഹൈവേയായിരിക്കും ഇത്.

രണ്ടുഘട്ടങ്ങളായാണ് 12 വരികളുള്ള ഈ ദീർഘപാതയുടെ നിർമാണം പൂർത്തിയാക്കുന്നത്. ഷാർജയിലെ അൽ ഷനൂഫ് റോഡ് മുതൽ ദുബായ്-അൽ ഐൻ റോഡ് വരെയുള്ള 30 കിലോമീറ്റർ ദൂരമാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്നത്. 350 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ഈ ഘട്ടത്തിന് പുറേമ, അബുദാബിയിലെ അൽ ഫായ റോഡുവരെ നീളുന്ന 50 കിലോമീറ്ററാണ് രണ്ടാംഘട്ടത്തിൽ നിർമിക്കുക. ആകെ 72 പാലങ്ങളും 17 ടണലുകളും 45 ഡ്രെയ്‌നേജുകളും അടങ്ങുന്ന പദ്ധതിപൂർത്തിയാകുമ്പോൾ മണിക്കൂറിൽ 24,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ഈ പാതയ്ക്ക് സാധിക്കും.

നിലവിലുള്ള ഹൈവേകളെ ആശ്രയിക്കാതെ തന്നെ അബുദാബി, ഷാർജ, വടക്കൻ എമിറേറ്റുകൾ, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, ഇത്തിഹാദ് റെയിൽ എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ ഫോർത്ത് കോറിഡോർ വഴി സാധിക്കും. ഇത് മൊത്തത്തിലുള്ള യാത്രാസമയത്തിൽ 60 ശതമാനത്തോളം കുറവുവരുത്തും.

റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ മുന്നേറ്റം

നഗരമധ്യത്തിൽനിന്നുമാറി സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ പ്രോപ്പർട്ടികൾ സ്വന്തമാക്കിയ നിക്ഷേപകർക്ക് വൻനേട്ടമാണ് ഫോർത്ത് കോറിഡോർ പ്രഖ്യാപനം സമ്മാനിച്ചിരിക്കുന്നത്.

താമസ കേന്ദ്രങ്ങളിൽനിന്ന് അക്കാദമിക് സിറ്റി, ഷാർജ, അബുദാബി സർവകലാശാലകളിലേക്കുള്ള യാത്രാസമയം കുറയുന്നത് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും. ഗതാഗതസൗകര്യം മെച്ചപ്പെടുന്നതോടെ ഇത്തരം മേഖലകളിലെ വസ്തുവകകളുടെ മൂല്യത്തിലും വാടക നിരക്കുകളിലും വലിയ വർധനവുണ്ടാകുമെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

റോഡ്, വ്യോമ, റെയിൽ ശൃംഖലകളെ ഒറ്റ ഇടനാഴിയിലേക്ക് കോർത്തിണക്കുന്നതിലൂടെ ദീർഘവീക്ഷണത്തോടെയുള്ള ഗതാഗത ആസൂത്രണമാണ് ദുബായ് കാഴ്ചവെക്കുന്നതെന്ന് ആർതർ ഡി. ലിറ്റിൽ മിഡിൽ ഈസ്റ്റ് പ്രതിനിധി ജോസഫ് സലേം അഭിപ്രായപ്പെട്ടു. താത്കാലിക ഗതാഗത ക്കുരുക്കുകൾ അഴിക്കുന്നതിലുപരി, ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഭാവിയിലെ ജനസംഖ്യാ വർധനയും സാമ്പത്തികവളർച്ചയും മുന്നിൽകണ്ടാണ് ഈ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഫോർത്ത് കോറിഡോർ പൂർത്തിയാകുന്നതോടെ കൂടുതൽ പൊതുബസ് സർവീസുകളും മെട്രോ-ഇത്തിഹാദ് റെയിൽ സ്റ്റേഷനുകളിലേക്ക് ഫീഡർ ബസുകളും ആർ.ടി.എ. ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.